ഖത്വര്‍ ലോകകപ്പില്‍ മലയാളികള്‍ക്കെന്തു കാര്യം?

Reading Time: 3 minutes

നീയും ഞാനും നമ്മളായിത്തീരുന്നതിന്റെ ലോകാഘോഷമായ ലോകകപ്പ് ഫുട്‌ബോളിന് നവംബര്‍ 20ന് ഖത്വര്‍ അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ കൊടിയേറ്റമാവും. ആഫ്രിക്കന്‍ ഗായകന്‍ ഡേവിഡ് അഡ്‌ലേകെയും, അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ് കാര്‍ഡോണയും ഖത്വര്‍ ഗായികയായ അയ്ഷയും ഒന്നിച്ച്, കൂട്ടുചേരലിന്റെ മഹത്വമോതുന്ന റെഡ് വണ്‍ നിര്‍മിച്ച “ഹയ്യ ഹയ്യ’ എന്ന ഔദ്യോഗിക ഗാനത്തിന് വേദിയില്‍ സ്വരം പകരുന്നതോടെ ഔപചാരികമായി ആ മഹാകളിയാട്ടത്തിനാരംഭമാവും.
ഫിഫ വേള്‍ഡ് കപ്പ് എന്ന ലോകത്തെ ഏറ്റവും ആരാധകരുള്ള കായികമഹാമഹം ഖത്വര്‍ എന്ന മിഡിൽ ഈസ്റ്റ് അറബ് രാജ്യത്തിലേക്ക് എങ്ങനെ എത്തി? ആ ചോദ്യവും അതിന്റെ ഉത്തരവും പലരും പലവിധത്തില്‍ ഈ പത്ത് പന്ത്രണ്ട് കൊല്ലം കൊണ്ട് പറഞ്ഞു കഴിഞ്ഞതാണ്. ഖത്വറിന്റെ ലോകകപ്പ് നേടാനുള്ള ആഗ്രഹത്തിനൊപ്പം നിന്ന സിനഡിന്‍ സിഡാന്‍, പെപ് ഗ്വാര്‍ഡിയോള, അലക്‌സ് ഫെര്‍ഗ്യൂസണ്‍, റൊണാള്‍ഡ് ഡിബോയര്‍ എന്നീ ഇതിഹാസതുല്യരായവര്‍ പോലും ഫുട്‌ബോള്‍ലോകത്തിന് മുമ്പില്‍ അനധികൃത ധനസമ്പാദന ദുരയുള്ള നാലാം കിടക്കാരായി മുദ്രകുത്തപ്പെട്ടു. ഒടുക്കം സിഡാന്‍ മൗനം ഭഞ്ജിച്ചതോടെയാണ് പലരും വിമര്‍ശങ്ങളുടെ ഒച്ച കുറച്ചത്. മഹാമേള ഉറപ്പായതോടെ ഉണര്‍ന്ന ഖത്വര്‍ പിന്നീട് അഭൂതപൂര്‍വമായ സംഘാടനമികവോടെയാണ് സ്റ്റേഡിയങ്ങളും അനുബന്ധസൗകര്യങ്ങളും ഇക്കാലയളവിനുള്ളില്‍ തീര്‍ത്തത്. ഇതിന്റെയെല്ലാം നിര്‍മാണഘട്ടത്തിലെ ചെറുതും വലുതുമായ പിഴവുകളെയും പ്രശ്‌നങ്ങളെയും പര്‍വതീകരിച്ച് ഫുട്‌ബോള്‍ ലോകത്തിന് മുമ്പില്‍ ഈ ചെറിയരാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ക്ലാവു പിടിപ്പിക്കാന്‍ ശ്രമിച്ചവരെയെല്ലാം നിഷ്പ്രഭമാക്കി ഏറ്റവും മികച്ച മുന്നൊരുക്കത്തോടെയാണ് നവംബര്‍ 20ലെ സായാഹ്നത്തിനായി ഖത്വര്‍ നമ്മളെ കാത്തിരിക്കുന്നത്.
ഇതുവരെ ലോകകപ്പിന് ആതിഥേയരായവരില്‍ ഏറ്റവും ചെറിയ രാജ്യമായ ഖത്വര്‍, രാജ്യത്തെ നിലവിലുള്ള വ്യവസ്ഥാപിതനിയമങ്ങളില്‍ പലതിലും (വിശിഷ്യാ മദ്യസംബന്ധവും, വിഭിന്ന ലൈംഗികത സംബന്ധവും) ഈ ടൂര്‍ണമെന്റിനായി വിട്ടുവീഴ്ച ചെയ്യാനും, പുനര്‍വിചിന്തനത്തിന് വിധേയമാക്കാനും തയാറാവുന്നത് ഇതിന്റെ സമ്പൂർണവിജയം ലക്ഷ്യമിട്ടുള്ള നീക്കമാണ്. ലോകകപ്പ് മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരുന്നതോടൊപ്പം വളരുന്ന ടൂറിസവും ഇതരമേഖലകളുടെ ഉയിര്‍പ്പുമെല്ലാം ഖത്വറിന്റെ സമ്പദ്ഘടനയില്‍ 17 ബില്യണിന് മേലെ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനപ്പുറം അറബ് ലോകവും പാശ്ചാത്യഅച്ചുതണ്ടും തമ്മില്‍ ഉടലെടുക്കാന്‍ പോവുന്ന സാംസ്‌കാരിക-സാമൂഹിക ആദാനപ്രദാനങ്ങളും പ്രധാനമാണ്.
ഫുട്‌ബോളിനെ ഒരു രാഷ്ട്രീയവിനിമയ ഉപാധി കൂടിയായി മാറ്റാന്‍ ഈ ലോകകപ്പ് നടത്തിപ്പിലൂടെ ഖത്വറും അറബ് രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. സെപ് ബ്ലാറ്ററിന് ശേഷം ഫിഫ പ്രസിഡന്റ് സ്ഥാനത്തിനായി കരുനീക്കം നടത്താന്‍ വരെ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്ന ഖത്വറുകാരനായ മുഹമ്മദ് ബിന്‍ തമീം തയാറായി. 2022 ലോകകപ്പിനായി ശ്രമിച്ച ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അമേരിക്ക പോലുള്ള വമ്പന്‍മാരെ വെല്ലാന്‍ ലോബിയിങ് ഉള്‍പ്പെടെ നടത്തിയും സമ്മർദതന്ത്രങ്ങൾ പ്രയോഗിച്ചും ഖത്വറിലേക്ക് തന്നെ കൊണ്ടുവരാൻ സാധിച്ചത് ലോകം അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
ഖത്വര്‍ ലോകകപ്പ് ആ രാജ്യത്ത് സാംസ്‌കാരികമായും സാമ്പത്തികമായും വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന നാടാണ് അവരുമായി അത്രമേല്‍ ഇഴയടുപ്പത്തോടെ നില്‍ക്കുന്ന നമ്മുടെ കേരളം. 12 വര്‍ഷത്തോളമായി ലോകകപ്പ് അനുബന്ധമായി ഖത്വറില്‍ നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങളില്‍ അകവും പുറവും മലയാളിസാന്നിധ്യത്താല്‍ സമ്പന്നമാണ്. ഫിഫ വര്‍ക്‌ഫോഴ്‌സിന്റെ തലവന്‍ മലയാളിയായ വര്‍ഗീസ് ആണെന്നതും നമുക്ക് അഭിമാനിക്കാവുന്നതാണ്. ഈ ലോകകപ്പില്‍ മലയാളി സാന്നിധ്യം ഏറ്റവും പ്രകടമാവുന്നത് വിവിധവിഭാഗങ്ങളിലെ വളണ്ടിയര്‍മാരിലൂടെയാവും. മൊത്തം വളണ്ടിയര്‍മാരുടെ 30% വരുന്ന ഇന്ത്യന്‍ വളണ്ടിയേഴ്‌സില്‍ പകുതിയും മലയാളികളായതിനാല്‍ ഫുട്‌ബോള്‍ നഗരിയിലെത്തുന്ന ആരാധകരെ സ്വീകരിക്കുന്നതിലും പരിചരിക്കുന്നതിലും മലയാളികള്‍ മുമ്പിലുണ്ടാവും. വളണ്ടിയേഴ്‌സിനെ ഇന്റര്‍വ്യൂ നടത്തുന്നത് ഏകോപിപ്പിക്കുന്ന 500നടുത്ത് വരുന്ന പയനിയര്‍ വളണ്ടിയര്‍ ഗ്രൂപ്പില്‍ നൂറ്റിഅമ്പതോളം പേരും മലയാളികളാണ്. അക്ഷരാര്‍ഥത്തില്‍ ഈ പരിപാടിയുടെ സംഘാടകര്‍ തന്നെ മലയാളികളാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്ന് സാരം.
ലോകകപ്പിന്റെ ഭാഗമായി ഫിഫ പ്രൊഡക്റ്റ് ലൈസന്‍സീയും മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടും ബ്ലൂ സലൂണും നടത്തിയ അവരുടെ പല ഉല്‍പന്നങ്ങളുടെ ഡിസൈനിങ് മല്‍സരത്തില്‍ മൂന്ന് ഉല്‍പന്നങ്ങളുടെ ഡിസൈനിന് തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട്ടുകാരനായ ഫഹദ് ഈ ലോകകപ്പിന്റെ പിന്നണിയിലെ ഒരു പ്രസക്തവ്യക്തിത്വമാണ്. മടക്കാനാവുന്ന ബാഗ്, പ്രത്യേക മെഴുതിരികള്‍, ഷര്‍ട് കഫ് ലിങ്ക് എന്നിവയുടെ ഡിസൈനുകളാണ് ഫഹദിന്റേതായി തിരഞ്ഞെടുക്കപ്പെട്ടത്. ഫിഫയുടെ രാജ്യാന്തര ഫുട്‌ബോള്‍ ആരാധകകൂട്ടായ്മയുടെ ഭാഗമായ ഫഹദ് ഖത്വര്‍ 2022ന്റെ ഔദ്യോഗിക ആരാധകകൂട്ടത്തിന്റെ ലീഡര്‍ കൂടിയാണ്.
ആവേശത്തിന്റെ പന്തോളം ഖത്വറിലുയരുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള പലവിധ കലാ സാംസ്‌കാരിക – കമ്യൂണിറ്റി പരിപാടികളുടെ ഏകോപന ചുമതല വഹിക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ലീഡര്‍ കോഴിക്കോട് ചേന്ദമംഗല്ലൂര്‍ക്കാരനായ സഫീര്‍ റഹ്‌മാനാണ്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഖത്വറിലെത്തുന്ന ആരാധകര്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ സ്പർശമുള്ള കലാസാംസ്‌കാരികപരിപാടികളുടെ സംഘാടനം, ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ട എല്ലാ സഹായസഹകരണ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കല്‍ തുടങ്ങിയ പല തലത്തിലുള്ള ചുമതലകള്‍ ഈ കോഴിക്കോട്ടുകാരനായിരിക്കും നിർവഹിക്കുന്നത്.
ഖത്വര്‍ ലോകകപ്പിന്റെ ഒഫീഷ്യല്‍ വളണ്ടിയര്‍ ടീമിലെ പ്രധാനികളിലൊരാള്‍ ചാലക്കുടി സ്വദേശിയായ ഐവി പോള്‍ ആണ്. ഒരു രാജ്യത്ത് നിന്ന് മൂന്നോ നാലോ പേര്‍ക്ക് മാത്രം ലഭിക്കുന്ന ഒഫീഷ്യല്‍ യൂണിഫോം ലഭിച്ച ഐവി പോള്‍ ഈ ലോകകപ്പിന്റെ അക്രിഡിറ്റേഷന്‍ വിഭാഗത്തിന്റെ ടീം ലീഡര്‍ കൂടിയാണ്.
ഈ ലോകകപ്പിലെ 8 സ്റ്റേഡിയത്തിലെയും യൂറോപ്യന്‍ സ്റ്റാന്‍ഡേഡിനെ കവച്ചുവെക്കുന്ന ഇരിപ്പിടങ്ങളും ഇതരസൗകര്യങ്ങളും അനുബന്ധ സംവിധാനങ്ങളുമെല്ലാം ഒരുക്കിയിട്ടുള്ളത് മലയാളിയായ നിഷാദ് അസീം ഉടമസ്ഥനായിട്ടുള്ള കോസ്റ്റല്‍ ഖത്വര്‍ എന്ന സ്ഥാപനമാണ്.
മേല്‍പറഞ്ഞതിനപ്പുറം ഈ മഹാമേളയുടെ നടത്തിപ്പില്‍ ഇനിയും ആയിരക്കണക്കിന് മലയാളിസാന്നിധ്യങ്ങള്‍ ഉണ്ടാവും. ഇതുവരെ വിറ്റുപോയ 25ലക്ഷത്തിനടുത്ത് ടിക്കറ്റുകളുടെ വലിയൊരു പങ്കും മലയാളികളാവുമെന്നതും നമുക്ക് ഫുട്‌ബോള്‍ എന്ന മനോഹര കായിക ഇനത്തോടുള്ള അഭിനിവേശം വ്യക്തമാക്കുകയാണ്.
ലോകകായിക മാമാങ്കത്തിന്റെ ഭാഗമായി അരങ്ങേറുന്ന ഭൂഗോളത്തിന്റെ നാനാകോണുകളില്‍ നിന്നെത്തുന്ന മനുഷ്യരുടെ കലാ-സാംസ്‌കാരിക വിനിമയമേളയില്‍ എല്ലാ കണ്ണുകളും അതീവകൗതുകത്തോടെ കാണാന്‍ കാത്തിരിക്കുന്നത് ഒരു അറബി പായക്കപ്പലാണ്. അഞ്ചോ ആറോ ദശകങ്ങൾ മാത്രം പ്രായമുള്ള ജൈവഇന്ധന വ്യവസായ കാലത്തിനുമുമ്പ്, നൂറ്റാണ്ടുകളുടെ കടല്‍വ്യാപാരത്തിലൂടെ ഇന്നത്തെ ആഗോള സാമ്പത്തിക ശക്തിയായി മാറിയ ഈ കൊച്ചു അറബിരാജ്യം തങ്ങളുടെ ഗതകാല ഗരിമയിലേക്ക് വെള്ളിവെളിച്ചം വീശാന്‍ ലോകത്തിന് മുമ്പില്‍ കാഴ്ചവെക്കുന്ന അവരുടെ അഭിമാനസ്തംഭമായ പായക്കപ്പല്‍ നിര്‍മിക്കുന്നത് കോഴിക്കോട് ബേപ്പൂരിലാണ്. അറബികളും മലബാറികളും തമ്മിലുണ്ടായിരുന്ന നൂറ്റാണ്ടുകളുടെ വ്യാപാരബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ഈ നൗക നിലമ്പൂരിലെ തേക്കും ആലപ്പുഴയിലെ കയറും പൊന്നാനിയിലെ ആശാരികളുമെല്ലാം ചേര്‍ന്ന് ഒന്നാന്തരമൊരു ദൃശ്യവിരുന്നാകും.
ഖത്വര്‍ ലോകകപ്പ് 2022 അങ്ങനെ പലകാര്യങ്ങള്‍ കൊണ്ടും നമ്മള്‍ മലയാളികളുടേതാണ്. ഓരോ ലോകകപ്പ് അടുത്തെത്താറാവുമ്പോഴും തെരുവുകളിലും, അങ്ങാടികളിലും സാധ്യമാവുന്ന എല്ലാ ശബ്ദ-വർണസങ്കേതങ്ങളാലും ആഘോഷമാക്കുന്ന മലയാളികള്‍ ഖത്വര്‍ 2022-നെ സ്വന്തം ടൂര്‍ണമെന്റ് പോലെയാണ് ഉത്സവമാക്കാന്‍ പോവുന്നത്. നമ്മള്‍ മലയാളികള്‍ക്കിത് എല്ലാ അര്‍ഥത്തിലും ഏറ്റവും സവിശേഷമായ ലോകകപ്പ് തന്നെ. നമ്മുടെ മനതാരില്‍ പെരുമ്പറ കൊട്ടിത്തുടങ്ങിക്കഴിഞ്ഞു. ചുണ്ടുകള്‍ “ഹയ്യ ഹയ്യ’ മൂളിത്തുടങ്ങി, കിനാക്കളില്‍ കിക്കോഫ് വിസില്‍ മുഴങ്ങാറായി, ഇനി കാത്തിരിപ്പ് ഏതാനും ദിവസങ്ങള്‍ മാത്രം ■

Share this article

About ഫൈസല്‍ കൈപ്പത്തൊടി

faizalsb4u@gmail.com

View all posts by ഫൈസല്‍ കൈപ്പത്തൊടി →

Leave a Reply

Your email address will not be published. Required fields are marked *