ശെയ്ഖ് രിഫാഈ(റ): ആര്‍ദ്രതയുടെ അടരുകള്‍

Reading Time: 2 minutes

സഹായം ആവശ്യമുള്ളവരുണ്ടോ എന്നറിയാന്‍ വഴിയില്‍ കാത്തുനിന്ന
അധ്യാത്മിക വ്യക്തിത്വം. പൂച്ചയുടെ ഉറക്കത്തിന് തടസ്സം വരാതിരിക്കാന്‍
കുപ്പായത്തിന്റെ കൈ അറുത്തുമാറ്റിയ ശെയ്ഖ് രിഫാഈ(റ).

പൂട്ടിക്കിടക്കുന്ന വീട് കണ്ട് കയറിയതാണ്. അന്നേരം ആരുടെ വീടാണ് എന്നൊന്നും നോക്കാന്‍ തോന്നിയില്ല. കൂട്ടിവെച്ചിരിക്കുന്ന ധാന്യങ്ങള്‍ സഞ്ചിയിലാക്കി വീട്ടില്‍ കൊണ്ടുപോവണം. തന്റെ വരവും കാത്തിരിക്കുന്ന കുടുംബത്തിന് നല്‍കാന്‍ അതേ വഴിയുള്ളൂ. ധാന്യങ്ങള്‍ ശേഖരിക്കാന്‍ സഞ്ചി തുറന്നതേയുള്ളൂ. പിറകില്‍ കാല്‍പെരുമാറ്റം. ഉടമസ്ഥനാണോ? ആള്‍ മെല്ലെ തന്റെ മുതുകില്‍ തട്ടുന്നു. വീട്ടുകാരന്‍ തന്നെ! മോഷ്ടിക്കാന്‍ കയറിയ തന്നെ കൈയോടെ പിടികൂടിയിരിക്കുന്നു. ഇനിയെന്തു ചെയ്യും. പെലീസിലേല്‍പിച്ചാല്‍ തീര്‍ന്നു. നാട്ടുകാരറിഞ്ഞാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ കള്ളനാവും. എന്തു ചെയ്യണമെന്നറിയാതെ നിന്നു വിയര്‍ക്കുകയാണ്.
പിറകില്‍ വന്നയാള്‍ പറഞ്ഞു: “സുഹൃത്തേ ഈ ധാന്യങ്ങള്‍ എടുക്കേണ്ട. ഇത് വീട്ടില്‍ കൊണ്ടുപോയാല്‍ പിന്നെ പാകം ചെയ്യേണ്ടി വരില്ലേ. വറുത്തുവെച്ച ഗോതമ്പ് ഉണ്ടിവിടെ, അത് കൊണ്ടുപൊയ്ക്കോളൂ. വരൂ.. ഞാനെടുത്തു തരാം.’
അപ്പോഴാണ് കള്ളന്‍ വീട്ടുകാരനെ ശരിക്കും കണ്ടത്. തേജസാര്‍ന്ന മുഖം. സൗമ്യഭാവം. ശോഭയാര്‍ന്ന കണ്ണുകള്‍. സാധാരണക്കാരനല്ലെന്നു വ്യക്തം. അയാളോടൊപ്പം വീട്ടിലെ മറ്റൊരു മുറിയിലേക്ക് പോയി.
“നിങ്ങള്‍ സഞ്ചി കൊണ്ടുവന്നിട്ടുണ്ടോ?’ വീട്ടുകാരന്‍ വീണ്ടും ചോദിച്ചു. കൈയിലുള്ള സഞ്ചി അയാള്‍ക്കു നേരെ നീട്ടി. കള്ളനില്‍ നിന്ന് സഞ്ചി വാങ്ങുമ്പോള്‍ വിനയാന്വിതമായ മുഖഭാവം കള്ളന്‍ ശരിക്കും കണ്ടു. അയാള്‍ സഞ്ചി നിറയെ ഗോതമ്പ് നല്‍കി.
സഞ്ചി വാങ്ങി തിരിച്ചു നടക്കാനൊരുങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു: “നിങ്ങള്‍ തനിച്ച് പോവണ്ട, ഈ നാടത്ര ശരിയല്ല. ധാരാളം കള്ളന്മാരുണ്ട്. ഞാനും കൂടെ വരാം.’ വഴിയിലുടനീളം അയാള്‍ കൂട്ടായ് വന്നു.
കള്ളന്‍ വീട്ടിലേക്കെത്തി. അയാള്‍ സാധാരണക്കാരനല്ല! തീര്‍ച്ച. ആരാണയാള്‍? അന്വേഷിച്ചപ്പോഴാണറിഞ്ഞത് ശെയ്ഖ് രിഫാഈ(റ) ആയിരുന്നുവത്. താമസിച്ചില്ല. അയാള്‍ താന്‍ മോഷ്ടിക്കാന്‍ കയറിയ വീട്ടിലേക്ക് ഒന്നുകൂടെ വന്നു. ശെയ്ഖ് രിഫാഈയെ കണ്ടു. അവിടത്തെ ശിഷ്യത്വം സ്വീകരിച്ചു.
വിനയമായിരുന്നു ശെയ്ഖ് രിഫാഈയുടെ ജീവിതം. സര്‍വരോടും വിനയാന്വിതമായ ഈ ഇടപെടലുകള്‍ കണ്ടറിഞ്ഞാണ് പലരും അവിടുത്തെ ശിഷ്യത്വം സ്വീകരിച്ചത്. മനുഷ്യരോടും ഇതര ജീവജാലങ്ങളോടും കരുണാര്‍ദ്രമായി ഇടപെട്ട സംഭവങ്ങള്‍ മഹാന്റെ ചരിത്രത്തില്‍ ഉടനീളം കാണാനാവും. വെറുപ്പുളവാക്കുന്ന രോഗം പിടിച്ച നായയെ നാല്‍പത് നാള്‍ ശുശ്രൂഷിച്ചതും വസ്ത്രത്തില്‍ പൂച്ച ഉറങ്ങുന്ന കാരണത്താല്‍ വസ്ത്രം മുറിച്ച് പൂച്ചയുടെ ഉറക്കം നഷ്ടപ്പെടുത്താതെ നിസ്‌കാരത്തിന് പോയതും പ്രസിദ്ധമാണ്.
വൃദ്ധരെയും രോഗികളെയും പരിചരിക്കുന്നതില്‍ ശെയ്ഖ് വലിയ ആനന്ദം കണ്ടെത്തിയിരുന്നു. അവരുടെ വസ്ത്രം അലക്കുക, കുളിപ്പിക്കുക, നല്ല വസ്ത്രം ധരിപ്പിക്കുക, മുടി ചീകിക്കൊടുക്കുക തുടങ്ങി പലവിധ സേവനങ്ങളില്‍ നിരതനായിരുന്നു.
ഏകനായ അല്ലാഹുവിനെ ധ്യാനിക്കാതെ ഒരു നിമിഷം പോലും കടന്നുപോകാന്‍ ശെയ്ഖ് ഇഷ്ടപ്പെട്ടില്ല. സമ്പൂര്‍ണമായി നാഥനില്‍ സമര്‍പ്പിച്ച ആ ജീവിതം അനുഭവിച്ചവര്‍ക്കെല്ലാം അമൃതായിരുന്നു. മനുഷ്യസഹജമായ ഒരു ന്യൂനത പോലും സംഭവിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തന്റെ ശിഷ്യരോടൊരിക്കല്‍ ശെയ്ഖ് ചോദിച്ചു: “എനിക്കെന്തെങ്കിലും ന്യൂനതകളുണ്ടോ?’
ഉടനെ ശിഷ്യരില്‍ പെട്ട ഉമര്‍ ഫാറൂഖ് എഴുന്നേറ്റു പറഞ്ഞു: “അങ്ങയുടെ ഒരു ന്യൂനത എനിക്കറിയാം’.
“പറയൂ ഉമര്‍ എന്താണത്?’ ശെയ്ഖിന് ആകാംക്ഷയായി.
“ഞങ്ങളെല്ലാം അങ്ങയുടെ ശിഷ്യരായി എന്നതാണ് അങ്ങയുടെ ന്യൂനത.’
ശെയ്ഖ് കരയാന്‍ തുടങ്ങി. ശിഷ്യന്മാരും കരഞ്ഞു. ഏറെ നേരത്തെ കരച്ചിലിനു ശേഷം ശെയ്ഖ് പറഞ്ഞു: ‘വാഹനമാണ് നന്നാവേണ്ടത്. വാഹനം ലക്ഷ്യത്തിലെത്തിയാല്‍ യാത്രക്കാരും ലക്ഷ്യത്തിലെത്തും.’
ഹിജ്റ 512, ഇറാഖിലാണ് ശെയ്ഖ് ജനിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ പിതാവ് അലി ഇബ്നു അഹ്‌മദ് മരണപ്പെട്ടതിനെ തുടര്‍ന്ന് അമ്മാവനും പ്രമുഖ ആത്മീയ ജ്ഞാനിയുമായ ശെയ്ഖ് മന്‍സൂറിന്റെ സംരക്ഷണത്തിലാണ് വളരുന്നത്.
പഠനകാലം ആസ്വാദ്യകരമായിരുന്നു. ആവേശത്തോടെ, താല്പര്യത്തോടെയുള്ള പഠനരീതി. ഏഴാം വയസില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഒരു സമയവും നഷ്ടപ്പെടുത്താതെ പഠനത്തില്‍ മുഴുകി. ശരീഅത്, ത്വരീഖത് ജ്ഞാനശാഖകളില്‍ ഒരുപോലെ നിപുണനായ ശെയ്ഖ് രിഫാഈ പണ്ഡിതലോകത്ത് അബുല്‍ ഇല്‍മൈന്‍ (ഇരുജ്ഞാനങ്ങളുടെ പിതാവ്) എന്നാണ് അറിയപ്പെട്ടത്.
ശോഭിക്കുന്ന മുഖം, വിസ്തൃതമായ നെറ്റിത്തടം, പുഞ്ചിരി വിരിയുന്ന അധരങ്ങള്‍ അതായിരുന്നു രിഫാഈയുടെ പ്രകൃതം. ശാന്തനായിരുന്നു. മിക്കപ്പോഴും മൗനിയും. ദയയും കാരുണ്യവും വിനയവും നിറഞ്ഞ പെരുമാറ്റം. മനസില്‍ ആരെക്കുറിച്ചും വെറുപ്പോ തെറ്റായ ചിന്തകളോ ഇല്ല. പ്രവാചകചര്യ പൂര്‍ണമായും ജീവിതത്തില്‍ പകര്‍ത്തി. മുഴുസമയവും ആരാധനയില്‍ മുഴുകി. സഹജീവികളെ ആവോളം സ്നേഹിച്ചു. സഹായിച്ചു.
കുടുംബവുമുണ്ടായിരുന്നു ശെയ്ഖിന്. ആദ്യ ഭാര്യ ഖദീജ. ശെയ്ഖ് മന്‍സൂറിന്റെ സഹോദരന്‍ അബൂബക്കറിന്റെ മകള്‍. അവരില്‍ രണ്ട് പെണ്‍മക്കളുണ്ടായി. ഖദീജയുടെ വേര്‍പാടിനു ശേഷം അവരുടെ സഹോദരി ആബിദയെ വിവാഹം ചെയ്തു. അതില്‍ ഒരാണ്‍കുട്ടിയും പിറന്നു. രണ്ട് പെണ്‍മക്കളെയും വിവാഹം ചെയ്തത് ആത്മജ്ഞാനികളായ രണ്ട് മഹാപണ്ഡിതന്മാരാണ്.
ശെയ്ഖ് രിഫാഈയുടെ ജീവിതം തന്നെ പ്രബോധനമായിരുന്നു. ജ്ഞാനം തേടി നിരവധി പണ്ഡിതര്‍ അവരുടെ പര്‍ണശാലയിലെത്തി. ആവശ്യക്കാര്‍ക്ക് അറിവ് പാനം ചെയ്യാന്‍ ആവോളമുണ്ടായിരുന്നു ആ സദസില്‍. മതിയാവോളം കോരിക്കുടിച്ച് ഓരോ പണ്ഡിതനും നിര്‍വൃതി പൂണ്ടു. വരുന്നവരെയെല്ലാം ശെയ്ഖ് വേണ്ടവിധം പരിഗണിച്ചു. ആവശ്യമായ അറിവുകള്‍ പകര്‍ന്നു നല്‍കി.
ശെയ്ഖ് രിഫാഈയുടെ സമ്പത്ത് വഞ്ചനയിലൂടെ നേടിയെടുക്കാനെത്തിയ പലരും ശെയ്ഖിന്റെ പെരുമാറ്റത്തിലും സ്വഭാവമഹിമയിലും ആകൃഷ്ടരായി ശിഷ്യന്മാരായ സംഭവങ്ങളുണ്ട്. പാവങ്ങളെ പ്രത്യേകം പരിഗണിച്ചിരുന്നു. പണക്കാരുമായി മാത്രമുള്ള സമ്പര്‍ക്കം ഹൃദയകാഠിന്യത്തിനു കാരണമാകുമെന്ന് ശെയ്ഖ് പലപ്പോഴും ശിഷ്യരോടുണര്‍ത്തിയിരുന്നു.
ദരിദ്രരെയും വൃദ്ധരെയും രോഗികളെയും അന്വേഷിച്ചു കണ്ടെത്തി ശെയ്ഖ്. സഹായം ആവശ്യമുള്ളവരുണ്ടോ എന്നറിയാന്‍ വഴിയരികില്‍ കാത്തു നിന്ന സംഭവം ഇമാം ശഅ്റാനി ഉദ്ധരിക്കുന്നുണ്ട്. വിറകുകള്‍ ശേഖരിച്ച് വിധവകളുടെ വീട്ടിലെത്തിച്ചു. ചെള്ള് കൈയില്‍ വന്നിരുന്നപ്പോള്‍ ആവോളം ഭക്ഷണം കഴിച്ച് തിരിച്ചുപോകും വരെ അനങ്ങാതെ നിന്ന സംഭവം ത്വബഖാതുശ്ശാഫിഈയില്‍ പറയുന്നുണ്ട്.
നടന്നുപോകുമ്പോള്‍ വസ്ത്രത്തില്‍ വന്നിരുന്ന പക്ഷിക്ക് വിശ്രമിക്കാനായി, അത് പറന്നു പോകും വരെ നിഴലുള്ള ഭാഗത്തേക്ക് നീങ്ങിനിന്ന സംഭവം ത്വബഖാതുല്‍ കുബ്റയിലുണ്ട്. അശരണര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്നതില്‍ അത്യധികം സന്തോഷം കണ്ടെത്തിയ രിഫാഈ ശൈഖിന്റെ ജീവിതം തന്നെയാണ് അവരുടെ വലിയ പ്രബോധനം. ഉജ്വലമായ വാഗ്മിയായിരുന്നു ശെയ്ഖ്. പ്രഭാഷണങ്ങള്‍ കേട്ടാല്‍ മണിക്കൂറുകളോളം സദസ്സില്‍ ഇരുന്നുപോകുന്ന വശ്യത. ഹൃദയത്തിന്റെ ആഴികളിലേക്ക് ആഴ്ന്നിറങ്ങുന്ന ഭാഷ. ഒരു പ്രഭാഷണം കേട്ടാല്‍ ഇനിയും കേള്‍ക്കണമെന്ന പ്രതീതി. പ്രഭാഷണങ്ങള്‍ കേട്ടും പെരുമാറ്റത്തില്‍ ആകൃഷ്ടരായും സ്വഭാവമഹിമയിലും ധാരാളം പേര്‍ ഇസ്‌ലാമിലേക്കെത്തി. അറുപത്തിയാറാം വയസില്‍, ഒരു മാസക്കാലം രോഗബാധിതനായി, ഹിജ്റ 578 ല്‍ ജുമാദുല്‍ ഊല പന്ത്രണ്ടിനാണ് ശെയ്ഖ് രിഫാഈ(റ) നാഥന്റെ സവിധത്തിലേക്ക് മടങ്ങുന്നത് ■

Share this article

About എം കെ അന്‍വര്‍ ബുഖാരി

anvarkareparmb@gmail.com

View all posts by എം കെ അന്‍വര്‍ ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *