വീടാര്‍ത്തിയുടെ ഭാരങ്ങള്‍

Reading Time: 2 minutes

മലയാളികളുടെ വീടുകള്‍ കാണെക്കാണെ മാനം മുട്ടുകയാണ്.
വീട്ടിലെ താമസക്കാരുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവരികയും.
പൂട്ടിയിടാന്‍വേണ്ടി പണിതുയര്‍ത്തുന്ന വീടുകളുടെ എണ്ണവും പെരുകുന്നുണ്ട്.

പി സുരേന്ദ്രന്റെ “ജിനശലഭങ്ങളുടെ വീടി’നെപ്പറഞ്ഞുകൊണ്ട് തുടങ്ങാം. നമ്മുടെ ജീവിതയാഥാര്‍ഥ്യങ്ങളുടെ നേര്‍ക്ക് തിരിച്ചുവെച്ച കണ്ണാടി എന്ന് വിശേഷിപ്പിക്കാവുന്ന നോവല്‍. ബഷീറിന് ശേഷം പ്രകൃതിയെപ്രതി ഇത്രമേല്‍ ആകുലനായ മറ്റൊരു മലയാളി എഴുത്തുകാരനുണ്ടോ എന്ന് നമ്മെ ചിന്തിപ്പിക്കുമാറ് തന്റെ എഴുത്തിനെ പാരിസ്ഥിതികമാക്കിയ എഴുത്തുകാരനാണ് പി സുരേന്ദ്രന്‍. പാരിസ്ഥിതികമായ ആ എഴുത്തിന്റെ തുടര്‍ച്ചയിലാണ് അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറം “ജിനശലഭങ്ങളുടെ വീട്’ പിറക്കുന്നത്. നമ്മുടെ വീടുസങ്കല്‍പനങ്ങളെ കീഴ്‌മേല്‍ മറിക്കുന്നുണ്ട് ഈ കൃതി.
ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ അന്യനാട്ടില്‍ അധ്വാനിക്കുന്ന മലയാളിയുടെ സമ്പാദ്യത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് വീടിനു വേണ്ടിയാണ്. പണിതിട്ടും പണിതിട്ടും തീരാത്ത വീടുകള്‍. എത്ര മോടി പിടിപ്പിച്ചാലും നമ്മുടെ മനസ്സ് തൃപ്തമാകില്ല. നോവലില്‍ അതേകുറിച്ച് പറയുന്നുണ്ട്.
“”വീടുവെച്ചു കഴിഞ്ഞാലുള്ള പ്രശ്‌നം അതൊന്നുമായിരിക്കില്ല. മറ്റൊരു വീടിന്റെ രൂപം വന്നു മോഹിതരാക്കും. വീടിന്റെ ഭാഗങ്ങള്‍ പൊളിച്ചും കൂട്ടിച്ചേര്‍ത്തും ആയുസങ്ങനെ തീരും. ഇതാണ് വീടാര്‍ത്തി.” “ഭാരമേറിയ വീടുകളൊക്കെ കടങ്ങളാണ്, ആ കടം വീട്ടാനുള്ള പങ്കപ്പാടുകള്‍ മാത്രമാവും പിന്നെ ജീവിതം’ എന്നുമുണ്ട് നോവലില്‍.
ഈ കുറിപ്പ് നോവലിനെക്കുറിച്ചല്ല, നോവലിസ്റ്റിനെക്കുറിച്ചുമല്ല.പിന്നെയോ? നമ്മള്‍ മലയാളികളെക്കുറിച്ചാണ്. മലയാളികളുടെ എണ്ണിയാലൊടുങ്ങാത്ത, എടുത്താല്‍ പൊങ്ങാത്ത പൊങ്ങച്ചങ്ങളെക്കുറിച്ചാണ്. വീടാര്‍ത്തിയില്‍ നിന്ന് നമുക്ക് കുതറിമാറാന്‍ കഴിയുന്നില്ലല്ലോ എന്ന പരിദേവനമായി ഇത് വായിച്ചുപോവുക. മലയാളികളുടെ വീടുകള്‍ കാണെക്കാണെ മാനം മുട്ടുകയാണ്. വീട്ടിലെ താമസക്കാരുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവരികയും. പൂട്ടിയിടാന്‍വേണ്ടി പണിതുയര്‍ത്തുന്ന വീടുകളുടെ എണ്ണവും പെരുകുന്നുണ്ട്.
സുഹൃത്തുക്കളുമൊത്ത് ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ആള്‍താമസമില്ലാത്ത അനേകം വീടുകള്‍ കണ്ടു. കൊട്ടാരങ്ങള്‍ എന്ന് വിശേഷിപ്പിക്കാമോ എന്നറിയില്ല. വീട് എന്ന വാക്കിലേക്ക് ചുരുക്കാന്‍ കഴിയാത്ത എടുപ്പുകള്‍. ഇരുപതോ മുപ്പതോ പേരൊക്കെ വന്നാലും നിലത്തു കിടക്കേണ്ടിവരില്ല. “ആ വീടുകളിലൊന്നും ആളില്ല. കുടുംബസമേതം ഗള്‍ഫിലാണ്’. ഒപ്പമുണ്ടായിരുന്ന അന്നാട്ടുകാരനായ സുഹൃത്ത് പറഞ്ഞു. എന്നെങ്കിലും നാട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ അന്തിയുറങ്ങാന്‍ ഒരു വീട് വേണം. തിരിച്ചുവരാന്‍ വേണ്ടിയുള്ള പുറപ്പാടുകളാണല്ലോ മലയാളിയുടെ ഗള്‍ഫ് പ്രവാസം. “എപ്പോഴാണ് അവര്‍ നാട്ടില്‍ വരിക?’ സുഹൃത്തിനോട് ചോദിച്ചു. ‘അങ്ങനെ കൃത്യത ഒന്നുമില്ല. കുടുംബത്തില്‍ എന്തെങ്കിലും വിശേഷം ഉണ്ടാകുമ്പോള്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് വരും’. മക്കളുടെ പഠനം വിദേശത്ത്. അവിടെത്തന്നെ ജോലിയും ബിസിനസും. നാട്ടില്‍ വീട് കാക്കാന്‍ കാര്യസ്ഥനെ ഏര്‍പ്പാടാക്കും. അയാള്‍ക്ക് കാര്യമായ പണിയൊന്നുമില്ല. എങ്കിലും ശമ്പളം മുടങ്ങില്ല.
ഇക്കാലത്ത് ഒരു വീട്ടിലെ പരമാവധി അംഗങ്ങളുടെ എണ്ണം ആറോ ഏഴോ ആകും. അവര്‍ക്ക് താമസിക്കാന്‍ എന്തിനാണ് കൊട്ടാരങ്ങള്‍? വീട് നിര്‍മിക്കാന്‍ മാത്രമല്ല, അനന്തരം വന്നുചേരുന്ന വര്‍ക്കുകള്‍ക്ക് വേണ്ടി എത്ര ലക്ഷങ്ങള്‍ ചെലവിടേണ്ടിവരും? ഓരോരോരുത്തരുടെയും സാമൂഹികനില അനുസരിച്ചുള്ള വീടുകള്‍ വേണമെന്ന വാദത്തെ പിന്തുണയ്ക്കുന്നു. കൈയില്‍ കാശുള്ളവര്‍ അവര്‍ക്കിഷ്ടമുള്ള വിസ്തൃതിയില്‍ വീടുണ്ടാക്കുന്നതിന്ന് മറ്റുളവര്‍ക്കെന്താണ് എന്ന ചോദ്യം പക്ഷേ അത്ര നിഷ്‌കളങ്കമല്ല.
കുടുംബം ഒരു സാമൂഹികസ്ഥാപനമാണ്, വീട് സാമൂഹികമായ ഒരു അസറ്റും. സാമൂഹികമര്യാദകളും അച്ചടക്കവുമാണ് കുടുംബത്തെ നിലനിര്‍ത്തുന്നത്. ആ മര്യാദകള്‍ എന്തുകൊണ്ട് വീടിനെപ്രതിയുള്ള നമ്മുടെ വിഭാവനകളില്‍ പ്രതിഫലിക്കുന്നില്ല? നമ്മള്‍ മുറിച്ചെടുക്കുന്ന മരവും, നമ്മള്‍ അളന്നെടുക്കുന്ന ഭൂമിയും, നമ്മള്‍ കുഴിച്ചെടുക്കുന്ന വെള്ളവും നമ്മുടേത് മാത്രമല്ലെന്ന് തിരിച്ചറിയുക. അതൊക്കെയും സാമൂഹിക വിഭവങ്ങളാണ്. ആ വിഭവങ്ങളുടെമേല്‍ നമ്മള്‍ അധികാരപ്പെടുന്നത് താൽകാലികമായാണ്. അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുവോളം ഈ വക വിഭവങ്ങളുടെമേല്‍ നമുക്ക് ലഭിക്കുന്ന നിയന്ത്രണാധികാരത്തെ ദുരുപയോഗിക്കുന്നതിന്റെ സ്മാരകങ്ങളാണ് നടേ പരാമര്‍ശിച്ച വീടുകള്‍.
ചില ജനവിഭാഗങ്ങളെ ശ്രദ്ധിച്ചാലറിയാം, അവര്‍ വീടിനുവേണ്ടി വല്ലാതെ പണമിറക്കില്ല. ആര്‍ഭാടങ്ങളുടെ തൊങ്കലുകള്‍ ഉണ്ടാകില്ല. അന്തിയുറങ്ങാന്‍ ഒരിടം എന്നതിനപ്പുറത്തേക്ക് അവര്‍ വീടിനെ പരിഗണിക്കുന്നില്ല. പണം ഭൂമിയിലേക്കും കൃഷിയിലേക്കും കച്ചവടത്തിലേക്കും നീക്കിവെക്കുന്നു. ഭൂമിയെ എങ്ങനെ ഹരിതാഭമാക്കാമെന്ന് ആലോചിക്കുന്നു, മണ്ണിനോട് മല്ലിടുന്നു. അതില്‍ അവര്‍ പൊന്ന് വിളയിക്കുന്നു. ആദിവാസികളുടെ താമസയിടങ്ങള്‍ കണ്ടിട്ടില്ലേ? വീടുകള്‍ എന്നുവിളിക്കാന്‍ പോലും സാധിക്കാത്തത്ര ചെറുതും ലളിതവും. ആ കൂരകളില്‍ അവര്‍ വേവലാതികളില്ലാതെ, ഭാരങ്ങളില്ലാതെ ജീവിക്കുന്നു. നമ്മളോ? “ഭാരമേറിയ’ വീടുകള്‍ കെട്ടിയുയര്‍ത്തുന്നു. ആ വീടുകള്‍ കടമായി നമ്മെ പൊതിയുന്നു. പെരുമഴയിലും മേല്‍ക്കൂരയ്ക്ക് താഴെക്കിടന്ന് നമ്മള്‍ വിയര്‍ക്കുന്നു, പൊള്ളുന്നു. മനസ്സമാധാനം നഷ്ടപ്പെടുത്തി നമ്മള്‍ വീട് വെക്കുന്നു. ആ വീട് അസ്വസ്ഥതയായി രാപകലുകളില്‍ നമ്മെ വേട്ടയാടുന്നു.
ഒഴിഞ്ഞുകിടക്കുന്ന ഓരോ വീടും ഓരോ സ്മാരകമാണ്. നമ്മുടെ ധൂര്‍ത്തവിചാരങ്ങളുടെ/ ആസൂത്രണമില്ലായ്മയുടെ സ്മാരകം. വീട് ആവശ്യത്തിനാണ്, ആര്‍ഭാടത്തിനല്ല. ഒരാളുടെ അന്തസ്സ് അളക്കപ്പെടുന്നത് വീട്ടിലെ റൂമുകളുടെ എണ്ണപ്പെരുപ്പം കൊണ്ടല്ല. അതിനകത്ത് സജ്ജീകരിച്ച അനവധിയായ അതിശയങ്ങളുടെ പേരിലുമല്ല. നമ്മള്‍ സമൂഹത്തില്‍ എങ്ങനെ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചാണ്. ലാളിത്യം ഒരു മതപ്രമേയം കൂടിയാണ്. മുത്തുനബിയുടെയും അനുചരരുടെയും ജീവിതത്തിൽ അതു കാണാവുന്നതാണ്. ചരിത്രം കേൾക്കാൻ മാത്രമുള്ളതല്ല, പകർത്താൻ കൂടിയുള്ളതാണ്. ഒറ്റമുറി വീടിനകത്ത് കുടുംബമൊന്നാകെ പുലര്‍ന്നിരുന്ന കാലത്തേക്ക് തിരിച്ചുനടക്കേണ്ടതില്ല. കാലം മാറിയിട്ടുണ്ട്, മനുഷ്യന്റെ ആവശ്യങ്ങളും. ആ ആവശ്യങ്ങള്‍ സാമൂഹികമാണ് എന്ന് മനസിലാകാത്തതാണ് നമ്മില്‍ പലരുടെയും പ്രശ്‌നം. നമ്മള്‍ ആഗ്രഹിക്കുന്നതിലേക്ക് ആഗ്രഹിക്കുന്ന അര്‍ഹരായ അനേകം മനുഷ്യരുണ്ട് ചുറ്റിലും എന്ന ബോധ്യമാണ് സാമൂഹികത കൊണ്ട് ഇവിടെ അര്‍ഥമാക്കുന്നത്. ഈ ഭൂമി എന്റേത് മാത്രമല്ല, അയലത്തുകാരന്റേത് കൂടിയാണ്, നാട്ടിലെ എല്ലാവരുടേതുമാണ്. അവര്‍ക്കുകൂടി അവകാശപ്പെട്ട ഒന്നിനുമേല്‍, തനിക്ക് മതിയാകുന്നതിലും കൂടുതലായി അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സാമൂഹികദ്രോഹമാണ്. തിരിച്ചറിവുകള്‍ നല്ലതാണ്, ഇപ്പോഴും എപ്പോഴും.
ജിനശലഭങ്ങള്‍ ഉദ്ധരിച്ചാണ് തുടങ്ങിയത്. അങ്ങനെത്തന്നെ അവസാനിപ്പിക്കാം.
“ഒരു കാളവണ്ടിക്ക് വലിച്ചുകൊണ്ടുപോകാവുന്ന വീടിന്റെ കൗതുകത്തെ കുറിച്ച് അവള്‍ വാചാലയായി.
ഇഷ്ടമുള്ളിടത്തേക്ക് തെളിച്ചു കൊണ്ടുപോകാവുന്ന വീട്.
ദേശത്തെക്കുറിച്ചോ അതിര്‍ത്തിയെക്കുറിച്ചോ തര്‍ക്കിക്കാത്ത വീട്.
മണ്ണിലെ ഉടമസ്ഥാവകാശത്തെ കുറിച്ച് വ്യാകുലതയില്ലാത്ത വീട്.
ചിലപ്പോള്‍ കാറ്റിനു കാതോര്‍ത്തും ചിലപ്പോള്‍ വയലുകളുടെ മഹാവിസ്തൃതിയെ നോക്കി ധ്യാനിച്ചും
ചിലപ്പോള്‍ പര്‍വതങ്ങള്‍ക്കുമേല്‍ മേഘങ്ങളെത്തൊട്ടും ഒരു വീട്’ ■

Share this article

About എ എം നദീര്‍

View all posts by എ എം നദീര്‍ →

Leave a Reply

Your email address will not be published. Required fields are marked *