സച്ചിദാനന്ദന്‍ എന്ന ജ്ഞാനവിസ്മയം

Reading Time: 3 minutes

എഴുത്തുകാരുടെ കൃതികള്‍ മാത്രമല്ല, അവരുടെ ജീവിതവും സൗഹൃദവും നമ്മുടെ സാംസ്‌കാരിക പഠനത്തിന്റെ ഭാഗമാണിപ്പോള്‍. കാവ്യവഴിയില്‍ സൗഹൃദപ്പെട്ട
പ്രതിഭകളുടെ സര്‍ഗാത്മക ജീവിതം പകര്‍ത്തുകയാണ് ലേഖകന്‍.

അറിവിന്റെ സാകല്യത, നിരന്തരമായ സർഗ പ്രചോദനം, എപ്പോഴും ചലനാത്മകമായ മനസ്സ് എന്നിവ കൊണ്ട് വിസ്മയിപ്പിക്കുന്ന കവിയും ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യപ്രവര്‍ത്തകനും പ്രഭാഷകനുമാണ് സച്ചിദാനന്ദന്‍. ഇത്തരം വിശേഷണങ്ങള്‍ക്കകത്ത് അദ്ദേഹത്തെ തളക്കാനാവില്ല. ഇപ്പോള്‍ അദ്ദേഹം കേരള സാഹിത്യ അക്കാദമി പ്രസിഡന്റാണ്.
അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഒരു പ്രത്യേക ബിന്ദുവില്‍ സ്ഥാനപ്പെടുത്താന്‍ സാധ്യമല്ല. അറിവിന്റെയും സൗന്ദര്യനിര്‍മാണ ചാതുരിയുടെയും അറ്റമെത്താത്ത സമുദ്രം പോലെ അദ്ദേഹം നമ്മുടെ കാലത്ത് ജീവിക്കുന്നു. ചലിക്കുന്ന ഒരു വിജ്ഞാനകോശമെന്ന് അദ്ദേഹത്തിന്റെ അറിവിനെ പറ്റി നമുക്ക് പറയാം. എപ്പോഴും പ്രവര്‍ത്തനനിരതമായ സര്‍ഗാത്മകസാന്നിധ്യം എന്ന് അദ്ദേഹത്തിന്റെ പ്രതിഭയെ പറ്റി പറയാം. ചരിത്രം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, രാഷ്ട്രീയ സംഹിതകള്‍ എന്നിങ്ങനെ എല്ലാ ജ്ഞാനമേഖലകളിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. തന്റെ മൗലികമായ സർഗപ്രവൃത്തിയായ കവിത കൂടാതെ ചിത്രകല, സംഗീതം, നാടകം, സിനിമ എന്നിങ്ങനെയുള്ള സൗന്ദര്യരൂപങ്ങളിലും അവഗാഹമുണ്ട്. എപ്പോഴും ചലനാത്മകമായ, ഉണര്‍ന്നിരിക്കുന്ന, പ്രവര്‍ത്തനസജ്ജമായ അദ്ദേഹത്തിന്റെ പ്രതിഭ എത്ര വിസ്മയകരമാണ്.
ഇത്തരം ഒരസാധാരണ മനുുഷ്യനുമായ് നേരില്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ എനിക്ക് ചെറിയ പ്രായത്തിലേ ഭാഗ്യം സിദ്ധിച്ചു. അദ്ദേഹം കൊടുങ്ങല്ലൂര്‍ക്കാരനാണല്ലോ, എന്റെ ജന്മദേശവും കൊടുങ്ങല്ലൂര്‍ ആണ്. അദ്ദേഹം പഠിച്ചത് കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്‌കൂളില്‍ ആയിരുന്നു. ആദ്യം ജോലി ചെയ്തത് ഞാന്‍ പഠിച്ച ഗവ. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ സ്മാരക കോളേജില്‍ അധ്യാപകനായിട്ടായിരുന്നു. ഞാന്‍ പത്താംക്ലാസ് കഴിഞ്ഞ് വായനയിലേക്കും ചിന്തകളിലേക്കും തീവ്രമായി ഉന്മുഖനാകുന്ന കാലത്ത് തീവ്ര ഇടതുപക്ഷ സാഹിത്യരംഗത്തും, സാംസ്‌കാരിക രംഗത്തും സജീവമായ സാന്നിധ്യമായിരുന്നു. 80-കളില്‍ അദ്ദേഹത്തെ കാണുമ്പോഴും, അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കുമ്പോഴും തീവ്ര ഇടതുപക്ഷത്തിന്റെ ശക്തമായ വക്താവ് ആയിരുന്നു അദ്ദേഹം. ജനകീയ സാംസ്‌കാരികവേദിയുടെ കവിയരങ്ങില്‍ വെച്ചാണ് സച്ചിദാനന്ദനെ നേരില്‍ ആദ്യം കാണുന്നത്. കവിതകള്‍ വായിക്കുന്നതാകട്ടെ അന്നത്തെ സമാന്തര മാസികകളിലും ചില മുഖ്യ പ്രസിദ്ധീകരണങ്ങളിലും. ആ കവിതകളുമായി പരിചയിച്ചതോടെ അതിന്റെ ഭാവുകത്വം ഞരമ്പുകളില്‍ ലഹരിപോലെ പാഞ്ഞുനടന്നു. വിപ്ലവവീര്യവും അന്വേഷണത്വരയും തത്വചിന്താപരമായ തീക്ഷ്ണതയും കൊണ്ട് എന്നെ അദ്ദേഹത്തിന്റെ രചനകള്‍ വല്ലാതെ സ്വാധീനിച്ചു.
അടിയന്തിരാവസ്ഥക്കുശേഷം നക്സലൈറ്റ് പ്രസ്ഥാനം സാംസ്‌കാരികവേദി രൂപീകരിക്കുകയും അതിലൂടെ ജനങ്ങളുടെ മനസില്‍ വിപ്ലവവീര്യം പടര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. കവിയരങ്ങുകള്‍, തെരുവുനാടകങ്ങള്‍, ഫിലിം ഷോകള്‍ ഒക്കെ പുതിയ ഒരു ജനകീയോർജം ആവാഹിച്ച് അണിനിരന്നു. ആ കാലത്താണ് എന്നെ പോലുള്ളവര്‍ മൗലികമായ ചിന്തകളിലേക്കും സർഗരചനകളിലേക്കും തിരിയുന്നത്. അന്ന് എന്നെ സ്വാധീനിച്ചവരും ചിന്തയെ ചാൽവെട്ടി മുന്നോട്ടുകൊണ്ടുപോയവരും അടിയന്തിരാവസ്ഥയിലെ മിസ തടവ് കഴിഞ്ഞെത്തിയ നക്സലൈറ്റുകള്‍ ആയിരുന്നു. നക്സലൈറ്റു പ്രസ്ഥാനത്തിന്റെ സംസ്ഥാന ജോ.സെക്രട്ടറിയായിരുന്ന ടി.എന്‍. ജോയി(പിന്നീട് ഇദ്ദേഹം ഇസ്‌ലാം മതത്തില്‍ ചേര്‍ന്നു) കൊടുങ്ങല്ലൂരില്‍ ഒരു ലെന്‍ഡിങ്ങ് ലൈബ്രറി നടത്തിയിരുന്നു. ആ ലൈബ്രറിയില്‍ സച്ചിദാനന്ദന്‍ സന്ദര്‍ശകനായിരുന്നു. അങ്ങനെയും അദ്ദേഹവുമായി കൂടുതല്‍ ഇടപെടാന്‍ കഴിഞ്ഞു.
ചില സുഹൃത്തുക്കളുമായി അന്ന് അദ്ദേഹം താമസിച്ചിരുന്ന ഇരിങ്ങാലക്കുടയിലെ “ബോധി’ എന്ന വീട്ടില്‍ പോയിട്ടുണ്ട്. ചിലപ്പോള്‍ ഒറ്റയ്ക്കും പോയിട്ടുണ്ട്. ആ നേരങ്ങളില്‍ അദ്ദേഹം പുതിയതായെഴുതിയ കവിതകള്‍ വായിച്ചുകേള്‍പ്പിക്കുകയും അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ഒപ്പിട്ടുതരികയും ചെയ്യുമായിരുന്നു. ഒരിക്കല്‍ എ. അയ്യപ്പനും സെബാസ്റ്റ്യനുമായി “ബോധി’യില്‍ പോയി. എ അയ്യപ്പനുമായി അദ്ദേഹം ഏറെനേരം വര്‍ത്തമാനം പറഞ്ഞിരിക്കുകയും പോരുംനേരത്ത് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഒപ്പിട്ട് തരികയും ചെയ്തു.
ഒരിക്കല്‍ നിത്യചൈതന്യയതി ഇരിങ്ങാലക്കുടയില്‍ പ്രഭാഷണത്തിനായി എത്തിയപ്പോള്‍ അത് കേള്‍ക്കാന്‍ ഞാന്‍ പോയി. വിസ്മയം. കേള്‍വിക്കാരില്‍ ഒരാളായി സച്ചിദാനന്ദനും അവിടെയുണ്ടായിരുന്നു. പ്രഭാഷണശേഷം യതിക്ക് അദ്ദേഹം തന്റെ പുസ്തകങ്ങള്‍ ഒപ്പിട്ടുകൊടുക്കുന്നത് കണ്ടു. ഞാനന്ന് പലതരം ചിന്തകളില്‍ കുഴഞ്ഞ് ലേശം ഭ്രമാത്മകമായ അവസ്ഥയിലായിരുന്നു. അന്നത്തെ തീക്ഷ്ണസംവേദനക്ഷമതയുടെ ഭാഗമായി അദ്ദേഹവുമായി ഒരുതരം ആത്മബന്ധം ഉടലെടുത്തിരുന്നു. അദ്ദേഹം വീട്ടിലേക്ക് എന്നെയും കൊണ്ടുപോയി. ഒന്നര കിലോമീറ്റര്‍ നടന്നാണ് വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയപ്പോള്‍ സ്വീകരണമുറിയില്‍ ഇരുന്ന് അദ്ദേഹം പുതിയതായെഴുതിയ കവിതകള്‍ കേട്ടു. അദ്ദേഹത്തിന്റെ പത്നി അവിലും ചായയും തന്നു. പോന്നപ്പോള്‍ ചില പുസ്തകങ്ങള്‍ അദ്ദേഹം ഒപ്പിട്ടുതരികയും ചെയ്തു. അദ്ദേഹം അന്ന് നല്‍കിയ ആതിഥേയത്വം മധുരിക്കുന്ന ഓർമയായി ഇപ്പോഴും മനസ്സില്‍ അവശേഷിക്കുന്നു.
അദ്ദേഹവുമായി നിരവധി വര്‍ഷങ്ങള്‍ എനിക്ക് കത്തിടപാട് ഉണ്ടായിരുന്നു. സൈബര്‍ പൂര്‍വകാലത്ത് സച്ചിദാനന്ദന്‍ കേരളത്തിലെ യുവാക്കളുമായി കത്തുകളിലൂടെ നടത്തിയ സമ്പര്‍ക്കം അതിശയകരമാണ്. ഒരുപാട് നാള്‍ ഞാനദ്ദേഹത്തിന് കത്തെഴുതുകയും ഡല്‍ഹിയില്‍ ആയിരുന്നപ്പോള്‍ അവിടെ നിന്ന് മറുപടി അയക്കുകയും ചെയ്തിരുന്നു. ചില കത്തുകളില്‍ അന്നത്തെ എന്റെ ചിന്താപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പോംവഴികളും ചൂണ്ടിക്കാട്ടി. എന്റെ ആദ്യ കവിതാസമാഹാരമായ “വൈകുന്നേരം ഭൂമി പറഞ്ഞത്’ എന്ന പുസ്തകത്തിന് കുറിപ്പ് എഴുതി തന്നും രണ്ടാമത്തെ സമാഹാരമായ “ദൈവവും കളിപ്പന്തും’ എന്ന പുസ്തകത്തിന് പ്രൗഢമായ ഒരു അവതാരിക എഴുതിത്തന്നും അനുഗ്രഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുഖപത്രമായ ഇന്‍ഡ്യന്‍ ലിറ്ററേച്ചറില്‍ എന്റെ കവിതകള്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു.
മൂന്നാലു വര്‍ഷം മുമ്പ്, ഗോവന്‍ മലയാളികളുടെ ആഭിമുഖ്യത്തില്‍ പനാജിയില്‍ വെച്ച് നടന്ന പ്രോഗ്രാമില്‍ അദ്ദേഹവും ഞാനുമായിരുന്നു ക്ഷണിതാക്കള്‍. ആ പ്രോഗ്രാമില്‍ അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് ഒരു നീണ്ട പ്രബന്ധം അവതരിപ്പിക്കാനും എനിക്കായി. മൂന്നുമാസങ്ങള്‍ക്കു മുമ്പ് കേരള സാഹിത്യ അക്കാദമിയിലും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. ചില കവിയരങ്ങുകളിലും അദ്ദേഹവുമൊത്ത് കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മലയാളിയുടെ സാഹിത്യഭാവുകത്വത്തെ ഇത്രയ്ക്ക് സ്വാധീനിക്കുകയും അതിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുകയും ചെയ്ത മറ്റൊരാളെ കണ്ടെത്താന്‍ വിഷമമാണ്. 1965-ല്‍ പ്രസിദ്ധീകരിച്ച “ഗാനം’ എന്ന കവിത മുതല്‍ 57 വര്‍ഷം അദ്ദേഹം മലയാളസാഹിത്യത്തെയും വായനാലോകത്തെയും പുതുഭാവുകത്വം കൊണ്ടും, പുതുഭാഷാരീതികള്‍ കൊണ്ടും നവീകരിച്ചു. സാമൂഹ്യപരമായ ജാഗ്രത പുലര്‍ത്തിക്കൊണ്ട്, നമ്മുടെ കാലത്തെ എല്ലാ അനീതികള്‍ക്കെതിരെയും അദ്ദേഹം പ്രതികരിക്കുന്നു. അദ്ദേഹത്തിന് പ്രതിജ്ഞാബദ്ധത ഏതെങ്കിലും വിശ്വാസസംഹിതയോടല്ല. നീതി, സമത്വം, സ്നേഹം, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള മൂല്യങ്ങളോടാണ്. സമൂഹത്തെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവെക്കാത്ത എഴുത്തുകാരന് പ്രസക്തിയില്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു. സാമൂഹ്യപ്രതികരണത്തിന്റെ കവിതകള്‍ക്കൊപ്പം തികച്ചും സകാര്യമായ, ശുദ്ധ കവിതകളെന്ന് വിശേഷിപ്പിക്കാവുന്ന കവിതകളും അദ്ദേഹം എഴുതുന്നു. ലോക വിപ്ലവം തൊട്ട് കീറിയ പ്ലാസ്റ്റിക് കിറ്റുവരെ അദ്ദേഹത്തിന്റെ കവിതക്ക് പാത്രമായിട്ടുണ്ട്.
മലയാളത്തിലെ പൂര്‍വകവികളായ കുമാരനാശാന്‍, വൈലോപ്പിള്ളി, ഇടശ്ശേരി എന്നിങ്ങനെയുള്ളവരെക്കുറിച്ചും കേരള ധാന്യങ്ങളായ നെല്ല്, കുരുമുളക്, മഞ്ഞള്‍ എന്നിങ്ങനെയുള്ളതിനെക്കുറിച്ചും ഇന്‍ഡ്യന്‍ ഭക്തിപ്രസ്ഥാനനായകരായ കബീര്‍, അക്കമഹാദേവി, ബാസവണ്ണ, ബുള്ളഷാ എന്നിവരെ പറ്റിയുമൊക്കെ ഒരു പനോരമ പോലെ അദ്ദേഹം എഴുതി. അവസാനം കബീറിനെയും ബുള്ളഷായുടെയുമൊക്കെ കവിതകള്‍ ഭാഷാന്തരീകരിച്ച് ഓരോ പുസ്തകങ്ങളാക്കി. ഇപ്പോള്‍ കവിതക്ക് പുറമെ കഥകളും എഴുതുന്നു. കവിതയിലൂടെ ആവിഷ്‌കരിക്കാന്‍ കഴിയാത്തത് കഥയിലൂടെ സംവേദനം ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു. കൂടാതെ കുട്ടികളുടെ സാഹിത്യം, ഗസല്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നീ മേഖലകളിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഉണ്ട്.
ഒരു മലയാള കവിയായിരിക്കേ ഒരേ നേരം ഇന്ത്യന്‍ കവിയും ലോക കവിയും കൂടിയാണ് അദ്ദേഹം. ലോക കവിതയെ മലയാളത്തിലേക്ക് ആനയിക്കാനും അതിന്റെ ചക്രവാളത്തെ വികസിപ്പിക്കാനും അദ്ദേഹത്തിനായി. അതുപോലെ ഇന്ത്യയിലെ മിക്ക ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് കവിതകള്‍ ഭാഷാന്തരീകരിച്ചു. പതിനെട്ട് കവിതാ പരിഭാഷാ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇതെല്ലാം മലയാള കവിതയെ സമകാലീനകരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. അതുപോലെ അദ്ദേഹത്തിന്റെ കവിതകളും ഒരുപാട് വിദേശ ഭാഷകളിലേക്കും ഇന്ത്യന്‍ ഭാഷകളിലേക്കും ഭാഷാന്തരീകരിക്കപ്പെട്ടിട്ടുണ്ട്. വിദേശങ്ങളില്‍ ഏറ്റവും സുപരിചിതനായ ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാള്‍ സച്ചിദാനന്ദനാണ്.
ഴാക്ക് ദെറിദ, ഗുന്തര്‍ഗ്രാസ്, മാരിയോ വര്‍ഗാസ് യോസ, റ്റോമാസ് ട്രാന്‍സ്ട്രോമര്‍ എന്നിങ്ങനെയുള്ള അനേകം വിശ്വ എഴുത്തുകാരുമായി അദ്ദേഹം സൗഹൃദം പങ്കിട്ടിരുന്നു. നോബല്‍ സമ്മാനത്തിന് ഇദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു.
ഫാഷിസത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ മെയ് മറന്നുകൊണ്ടുള്ള പോരാട്ടത്തെ വിസ്മരിക്കാനാവില്ല. ഇപ്പോള്‍ ഭീഷണിയായിരിക്കുന്ന ഹൈന്ദവ ഫാഷിസത്തിനെതിരെ കവിതയിലൂടെയും പ്രസംഗത്തിലൂടെയും മറ്റു സാഹിത്യ സംഘാടനങ്ങളിലൂടെയും അദ്ദേഹം പ്രതിരോധിക്കുന്നു. രാജ്യത്തെ എല്ലാ ഫാഷിസ്റ്റു പ്രതിരോധ സമരങ്ങളുമായി കണ്ണിചേരുകയും ചെയ്യുന്നു. ഭയംകൊണ്ടോ സ്ഥാനലബ്ധികള്‍ക്കായുള്ള ആഗ്രഹം കൊണ്ടോ മറ്റു പല എഴുത്തുകാരെയും പോലെ അദ്ദേഹം നിശബ്ദനാകുന്നില്ല. ഫാഷിസത്തെ പ്രതിരോധിച്ച് വലിയ പുരസ്‌കാരങ്ങള്‍ അദ്ദേഹം തിരസ്‌കരിച്ചിട്ടുണ്ട്. ചങ്കൂറ്റത്തോടെ അധികാരത്തോട് സത്യം വിളിച്ചുപറയുന്ന ധീരനായ എഴുത്തുകാരനാണ് അദ്ദേഹം.
മലയാള സാഹിത്യത്തിന്റെ ചരിത്രഘട്ടങ്ങളില്‍ കേസരി ബാലകൃഷ്ണപിള്ള, സി ജെ തോമസ്, എം ഗോവിന്ദന്‍, എം എന്‍ വിജയന്‍ മുതലായവര്‍ അതിന്റെ ഭാവുകത്വത്തെ ഗതിമാറ്റിയൊഴുക്കുകയും പുതിയ ചിന്താപ്രവണതകളെ മലയാളിക്ക് പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സച്ചിദാനന്ദനെപ്പോലെ ഇത്രയ്ക്ക് ബഹുലതയും സമഗ്രതയും അവര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല എന്ന് ചിലര്‍ വാദിച്ചേക്കാം. അദ്ദേഹത്തിന്റെ ഈ സമഗ്രതാസ്വഭാവത്തിന് കാരണമായ വ്യക്തിത്വപ്രത്യേകത എന്താണെന്ന് കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹവുമായി നടത്തിയ ഒരു ദീര്‍ഘ ഇന്റര്‍വ്യൂവില്‍ ഞാന്‍ ചോദിക്കുകയുണ്ടായി. ചന്ദ്രിക ആഴ്ചപ്പതിപ്പിനുവേണ്ടി നടത്തിയതായിരുന്നു ആ ഇന്റര്‍വ്യൂ. അത് അദ്ദേഹത്തിന്റെ ബഹുരൂപി എന്ന കവിതാസമാഹാരത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു:
“ജീവിതത്തിന്റെ വിസ്മയാംശം നഷ്ടമായാല്‍ അത് ജീവിതവ്യമല്ലാതായിത്തീരുമെന്ന് ഞാന്‍ ഭയപ്പെടുന്നു. പ്രകൃതിയിലെ പ്രതിഭാസങ്ങളാകട്ടെ, കലയുടെ അനുഭൂതികളാകട്ടെ, അവയിലെ അപ്രതീക്ഷിതത്വത്തിന്റെ അംശത്തോടാണ് എന്റെ മനസ് ആദ്യം പ്രതികരിക്കുന്നത്. അറിയപ്പെട്ടതിനേക്കാള്‍ അറിയപ്പെടാത്തതിനോട്, പ്രവചിക്കപ്പെട്ടതിനേക്കാള്‍ പ്രവചിക്കപ്പെടാത്തതിനോട്, പരിചയപ്പെട്ടതിനേക്കാള്‍ പരിചയമില്ലാത്തതിനോട് ബര്‍തോള്‍ട് ബ്രെഹ്റ്റിന്റെ ശൈലി കടമെടുത്താല്‍ “നല്ല പഴയതിനേക്കാള്‍ നല്ലതല്ലാത്ത പുതിയതിനോട്’ ആഭിമുഖ്യമുള്ള മനസ്സ് എന്ന് പറയാം!’
അതേ, ജിജ്ഞാസയും പുതുമയും പുലര്‍ത്തുന്ന ധിഷണകൊണ്ട്, തന്റെ അദ്ഭുതകരമായ കഴിവുകള്‍കൊണ്ട് സച്ചിദാനന്ദന്‍ എന്ന അസാധാരണ പ്രതിഭാശാലി വായനക്കാരെ പ്രചോദിപ്പിക്കുകയും അവരുടെ പ്രതികരണശേഷിയെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു ■

Share this article

About പി എ നാസിമുദ്ദീന്‍

panazeem@gmail.com

View all posts by പി എ നാസിമുദ്ദീന്‍ →

Leave a Reply

Your email address will not be published. Required fields are marked *