നമുക്ക് ജീവിക്കാം നബിമാതൃകകളില്‍

Reading Time: 3 minutes

കുഞ്ഞുനാളിലെ താരാട്ടുപാട്ടുകള്‍ ഓര്‍ക്കുന്നുണ്ടോ? മുത്തുനബിയുടെ പ്രകീര്‍ത്തനങ്ങളായിരുന്നു അതില്‍ മിക്കതും. തൊട്ടില്‍ പ്രായം കഴിഞ്ഞാല്‍ പിന്നെ ചെറുകഥകളുണ്ടാകും. കേവലം നിര്‍മിത കഥകള്‍ക്കപ്പുറം ഗുണപാഠങ്ങള്‍ നിറഞ്ഞ മഹാന്മാരുടെ യഥാർഥ ജീവചരിത്രമായിരുന്നു അതിലേറെയും. യൂസുഫ് നബിയുടെ കുട്ടിക്കാലവും ഹാജറ ബീവിയുടെ ത്യാഗവും മുത്തുനബിയുടെ വ്യക്തിത്വവും മുഹ്്‌യുദ്ദീന്‍ ശൈഖിന്റെ സത്യസന്ധതയുമെല്ലാം അങ്ങനെയാണ് നമ്മുടെ ഉള്ളില്‍ നിറഞ്ഞത്. നബിമാ രുടെയും സ്വഹാബത്തിന്റെയും സൂഫിവര്യരുടെയും ജീവിതം പറഞ്ഞുതന്നത് നമ്മെ ഉണ്ണാനും ഉറക്കാനും വേണ്ടി മാത്രമല്ല, ഭാവിയില്‍ സത്യസന്ധരും സല്‍സ്വഭാവികളുമായിരിക്കാനാണ്. നല്ല മക്കളായി വളരണം നമ്മളെന്ന പ്രത്യാശ കൂടിയായിരുന്നു അതിന് പിന്നില്‍. അത്തരത്തില്‍ വിശുദ്ധ ജീവിതം നയിച്ച മാതൃകായോഗ്യരായിരുന്നു മുന്‍ഗാമികള്‍.
വിശുദ്ധ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മൂല്യവത്തായ ജീവിതരീതികളുടെയാകെ ഉറവിടം മുത്തുനബിയാണ്. ജനനം മുതല്‍ വഫാത്ത് വരെയുള്ള ആ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ഏതൊരാള്‍ക്കും വായിച്ചെടുക്കാന്‍ മാത്രം, അല്ലെങ്കില്‍ അതിനെക്കാള്‍ എത്രയോ കൂടുതല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. വ്യക്തി, കുടുംബ, സാമൂഹിക ജീവിതങ്ങളില്‍ നമ്മെ നയിക്കാന്‍ പ്രാപ്തിയുള്ള സമ്പൂര്‍ണ ജീവിതം നമുക്ക് മുമ്പിലുണ്ട് എന്ന് ചുരുക്കം. എല്ലാവരാലും അംഗീകരിക്കപ്പെട്ടിരുന്ന വ്യക്തിത്വം ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിറം മങ്ങാതെ നിന്നു എന്നതും ഏറെ പ്രധാനമാണ്.
അറിവായിരുന്നു മുത്തുനബിയുടെ ആയുധം. വിശുദ്ധ ഖുര്‍ആനാണ് അവിടുത്തെ സ്വഭാവമെന്ന് ബീവി ആയിശ പറയുന്നുണ്ട്. വിശ്വാസവും ആചാരവും മാത്രമല്ല അവിടുന്ന് പകര്‍ന്നുനല്‍കിയത്. മനുഷ്യ ജീവിതത്തിന്റെ മുഴുവന്‍ വശങ്ങളുമാണ്. അറിവ് പകര്‍ന്ന് സംസ്്കാരമുള്ള ഒരു ജനതയെ വാര്‍ത്തെടുത്തതാണ് മക്കയിലും മദീനയിലും കണ്ടത്. പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടുന്ന വിധം സംസ്‌കാര ശൂന്യമായിരുന്ന ഒരു കാലത്ത് സ്ത്രീകൾക്ക് സർവ സംരക്ഷണവും നല്‍കുന്നതോടൊപ്പം സ്വത്തവകാശം വരെ കല്‍പിച്ചു നല്‍കി തിരുദൂതർ(സ്വ). പ്രസ്തുത മൂല്യങ്ങള്‍ പഠിക്കാനും പകര്‍ത്താനും കൈമാറ്റം ചെയ്യാനും വേണ്ട പ്രോത്സാഹനം അനുചരര്‍ക്ക് നല്‍കുകയും അവരെ ലോകത്തിന്റെ നാനാദിക്കുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.അഹ്്‌ലുസ്സുഫയെന്ന വ്യവസ്ഥാപിത വിദ്യാഭ്യാസ സമ്പ്രദായം പോലും അന്നേ നിലവിലുണ്ടായിരുന്നു. അക്രമികള്‍ക്ക് മോചനദ്രവ്യമായി അധ്യാപനം നിശ്ചയിച്ച തീരുമാനത്തില്‍ നിന്ന് തന്നെ അറിവിന് നല്‍കിയ വില നമുക്ക് മനസിലാക്കാന്‍ സാധിക്കും.
തന്റെ ജനതയെ സംസ്‌കാരസമ്പന്നരാക്കുന്ന നബി മാതൃകയും നാം പഠിക്കേണ്ടതാണ്. വ്യഭിചാരത്തിന് സമ്മതം ചോദിച്ചുവന്ന യുവാവിനെ അതിന്റെ ഗൗരവം ബോധ്യപ്പെടുത്തിയത് “നിന്റെ ഉമ്മയെയോ സഹോദരിയെയോ മകളെയോ ഒരാള്‍ വ്യഭിചരിക്കുന്നത് നീ തൃപ്തിപ്പെടുമോ?’ എന്നൊരൊറ്റ ചോദ്യത്തിലൂടെയായിരുന്നു. ഒരിക്കല്‍ മുത്തുനബിയും സ്വഹാബത്തും പള്ളിയിലുണ്ടായിരിക്കേ ഗ്രാമീണനായ ഒരാള്‍ പള്ളിയില്‍ മൂത്രമൊഴിക്കുകയുണ്ടായി. ആരാധനാകർമങ്ങള്‍ക്കുവേണ്ടി പൂര്‍ണ ശുദ്ധിയോടെ പരിപാലിക്കുന്ന ഇടമാണ് അല്ലാഹുവിന്റെ ഭവനം. സ്വഭാവികമായും, സ്വഹാബത് അവരുടെ അനിഷ്ടം പ്രകടിപ്പിച്ചു. ഉടനെ, ഒച്ചയെടുക്കാതെ മാറിനില്‍ക്കാന്‍ അവരോട് ശക്തമായി തന്നെ മുത്തുനബി ആവശ്യപ്പെട്ടു. ശേഷം, അയാളെ വിളിച്ചുകൊണ്ട് പറഞ്ഞു: “മൂത്രമൊഴിക്കാനോ അശുദ്ധമാക്കോനോ പറ്റിയ ഇടമല്ലിത്, ദിക്‌റുകള്‍ ചൊല്ലാനും നിസ്‌കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനുമുള്ള സ്ഥലമാണ്’.
അറിവില്ലായ്മ കൊണ്ട് സംഭവിച്ച ഒരബദ്ധമാണതെന്ന് മനസിലാക്കി എത്ര മനോഹരമായാണ് മുത്തുനബി പ്രശ്‌നം പരിഹരിച്ചതെന്ന് നോക്കൂ. തിന്മ കണ്ടമാത്രയില്‍ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന സംസ്‌കരണ രീതി ശരിയല്ലെന്നും ആളും തരവും നോക്കി വേണം പ്രതികരിക്കാന്‍ എന്നും നമ്മെ പഠിപ്പിക്കുകയാണ് തിരുനബി. സന്താന പരിപാലനം, അധ്യാപനം തുടങ്ങി സംസ്‌കരണത്തിന്റെ, തിരുത്തലിന്റെ വഴിയില്‍ ഏറ്റവും കൃത്യമായ രീതിയാണ് ഇത്.
പ്രശ്‌നപരിഹാരത്തിലുള്ള ഈയൊരു വൈദഗ്ധ്യം നേരത്തെ മനസിലാക്കിയവരായിരുന്നു മക്ക നിവാസികള്‍. കഅ്ബയുടെ പുനര്‍നിര്‍മാണ വേളയില്‍ ഹജറുല്‍അസ്‌വദിന്റെ പേരിലുണ്ടായ തര്‍ക്കം തിരുനബി രമ്യമായി പരിഹരിച്ച സന്ദര്‍ഭമോര്‍ക്കുക. പരസ്പരം പോരടിക്കുന്ന പ്രമുഖ ഗോത്രങ്ങള്‍ക്കിടയില്‍ പക്ഷപാതിത്വം കാണിക്കാതെ തീരുമാനമെടുത്തത് ഒരു തുണിയില്‍ കല്ല് വെച്ച് എല്ലാവരെയും ഉള്‍പ്പെടുത്തി അതിന്റെ സ്ഥാപനം നടത്തിയായിരുന്നു.
സാമൂഹികജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള നിഷ്പക്ഷത, സത്യസന്ധത എന്നിവയെല്ലാം അവിശ്വാസികള്‍ പോലും അംഗീകരിച്ചതായിരുന്നു. അല്‍അമീന്‍ എന്ന സ്ഥാനപ്പേര് അന്നാട്ടുകാര്‍ മുത്തുനബിക്ക് നല്‍കിയതും വെറുതെയായിരുന്നില്ല. ഒപ്പം, വ്യക്തി ജീവിതത്തിലെ വിശുദ്ധിയും ഏറെ മനോഹരമാണ്. സ്‌നേഹവും കാരുണ്യവും നിറഞ്ഞൊഴുകുന്ന പ്രകൃതമായിരുന്നു അവിടുത്തേത്.
ആയിശ ബീവി പറയുന്ന ഹൃദയഹാരിയായ ഒരു സംഭവമുണ്ട്. അലി, ഫാത്തിമ ദമ്പതികളുടെ മക്കളായ ഹസന്‍, ഹുസൈന്‍ എന്നീ രണ്ട് പേരക്കുട്ടികളെയും മുത്തുനബി ചുംബിക്കുമ്പോള്‍ അഖ്‌റ ബിന്‍ യാബിസ് അത്തമീമി എന്ന വ്യക്തി അടുത്തുണ്ടായിരുന്നു. അപ്പോള്‍ “എനിക്ക് പത്ത് മക്കളുണ്ട്, ഒരാളെയും ഞാന്‍ ചുംബിച്ചിട്ടില്ല’ എന്നയാള്‍ പറഞ്ഞു. ഇതുകേട്ടതും അയാളെ ഒരു നോട്ടം നോക്കി മുത്തുനബി പറഞ്ഞു: “കരുണ കാണിക്കാത്തവര്‍ക്ക് കരുണ ലഭിക്കുകയും ഇല്ല’. കൊച്ചുകുട്ടികളെയും വൃദ്ധരെയും അനാഥരെയും വിധവകളെയും ഉള്‍പ്പെടെ കരുണ അര്‍ഹിക്കുന്ന എല്ലാവരെയും കാരുണ്യം വാരിക്കോരി സന്തോഷിപ്പിക്കുക മാത്രമല്ല, അതിന് ഉമ്മത്തിനെ ചുമതലപ്പെടുത്തുക കൂടി ചെയ്ത നേതാവാണ് മുത്തുനബി.
ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായാണ് മുത്തുനബിയുടെ നിയോഗം എന്നാണല്ലോ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. മൃഗങ്ങളെ അമിത ഭാരം എടുപ്പിക്കുന്നതും പട്ടിണിക്കിടുന്നതും ഉള്‍പ്പെടെ മനുഷ്യര്‍ ചെയ്യുന്ന ക്രൂരതകള്‍ മഹാപാപമാണെന്ന് പഠിപ്പിച്ച നേതാവ് കൂടിയാണ് നബി(സ്വ). മുന്‍കാലത്ത് നടന്ന രണ്ട് ചരിത്ര സംഭവങ്ങള്‍ അനുചരന്മാര്‍ക്ക് പറഞ്ഞു കൊടുക്കുന്നതുകാണാം. ഒന്ന്, പൂച്ചയെ പട്ടിണിക്കിട്ട് മരണത്തിന് വിട്ടുകൊടുത്ത ഒരു സ്ത്രീ നരകാവകാശിയായ കഥയാണ്. രണ്ട്, ദാഹിച്ചുവലഞ്ഞ് നനഞ്ഞ മണ്ണ് നക്കുന്ന നായക്ക് കിണറ്റിലിറങ്ങി വെള്ളം ലഭ്യമാക്കിയ വ്യക്തി സ്വര്‍ഗാവകാശിയായ കഥയാണ്. ആഹാരാവശ്യാര്‍ഥം മൃഗങ്ങളെ അറവ് നടത്തുമ്പോള്‍ പോലും ഒരുപാട് മര്യാദകള്‍ പാലിക്കണമെന്ന് മുത്തുനബി പറഞ്ഞിട്ടുണ്ട്.
ആരാധനകളുടെ ഭാഗമായിപോലും ആരെയും പ്രയാസപ്പെടുത്തരുതെന്നാണ് അവിടുത്തെ കാഴ്ചപ്പാട്. രാത്രി വൈകി ഇശാ നിസ്‌കാരത്തില്‍ വലിയ സൂറതുകള്‍ ഓതിയ മുആദി(റ)നോട് പുറകിലെ രോഗികളെയും വൃദ്ധരെയും ഓര്‍മപ്പെടുത്തി ശകാരിച്ച സംഭവം ഹദീസിലുണ്ട്. വീട്ടുകാര്യങ്ങളില്‍ സഹായിച്ചും കൂട്ടുകാരോട് തമാശകള്‍ പറഞ്ഞും “സാധാരണ’ ജീവിതം നയിച്ച ലോകനേതാവിനെയാണ് നമ്മള്‍ കാണേണ്ടത്. പുറമേയുള്ള ചെറിയ ഉത്തരവാദിത്വങ്ങള്‍ പോലും മാനസിക നില തെറ്റിക്കുന്ന, വ്യക്തിപരമായ ഉത്തരവാദിത്വങ്ങള്‍ മറപ്പിക്കുന്ന നമ്മുടെ അനുഭവത്തോട് ചേര്‍ത്തുനോക്കിയാല്‍ ഈ സാധാരണയിലെ അസാധാരണത്വം ബോധ്യമാകും. എല്ലാം അതിന്റെ പൂർണതയിൽ നിർവഹിച്ചുകൊണ്ടാണ് മുത്തുനബി ചരിത്രത്തിൽ വ്യതിരിക്തനാകുന്നത്.
സൗഹാർദത്തിന്റെ സന്ദേശം പകര്‍ന്ന് ഏവരെയും തുറന്ന മനസോടെ സ്വീകരിക്കാന്‍ തയാറായ നബിമാതൃക നമ്മുടെ മുമ്പിലുണ്ട്. അതാണ് നമ്മൾ പിൻപറ്റേണ്ടത്. നബിയും കുടുംബവും സ്‌നേഹ ജനങ്ങളും ശത്രുക്കളാല്‍ കൊടിയ പീഡനങ്ങള്‍ അനുഭവിക്കുന്നിടത്താണ് കാരുണ്യം അതിന്റെ മൂര്‍ത്തമായ രൂപത്തില്‍ കാണാന്‍ കഴിയുന്നത് എന്നതാണ് ഏറെ പ്രധാനം. നാടുവിട്ട് പോകാന്‍ നിര്‍ബന്ധിതരായതും ഒരു വലിയ ജനതയെ പുനര്‍നിർമാണം നടത്തേണ്ടി വന്നതും എത്തിയേടത്തും സ്വസ്ഥമായി ജീവിക്കാന്‍ സമ്മതിക്കാതെ വന്നതും ഒടുവില്‍ സ്വന്തം നാട്ടില്‍ വിജയത്തോടെ തിരിച്ചെത്തിയ നേരം ശത്രുക്കളെ ഒരു പ്രതികാരവും ചെയ്യാതെ സ്വതന്ത്രരാക്കിയതും വേറിട്ട നേതൃഗുണം കൊണ്ടാണ്. വിശ്വാസിഹൃദയങ്ങള്‍ക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയാത്ത ശത്രുവിന്റെ ധാര്‍ഷ്ട്യം ക്ഷമയോടെ നേരിട്ടതും അതുകൊണ്ടാണ്. ഉടമ്പടി പത്രത്തില്‍ “അല്ലാഹുവിന്റെ ദൂതര്‍ മുഹമ്മദ്’ എന്നത് മാറ്റി “അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്’ എന്നെഴുതാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പോലും വിനയത്തോടെ സമ്മതിച്ചതാണ് നബിമാതൃക. വിശ്വാസികള്‍ക്ക് ലഭിക്കാനുള്ള നന്മകള്‍ മാത്രമായിരുന്നു അവിടുത്തെ ലക്ഷ്യം.
നബിജീവിതം ഉത്തമമായ മാതൃകയാണെന്ന് ഖുര്‍ആന്‍ പറയുന്നു. വ്യക്തിജീവിതവും സാമൂഹികജീവിതവുമെല്ലാം നാം പകര്‍ത്തേണ്ടത് തിരുനബിയില്‍ നിന്നാണ്. മുത്തുനബി നേരിട്ട വിമര്‍ശനങ്ങളെയും അക്രമങ്ങളെയും അപേക്ഷിച്ച് ഇന്ന് നാം കേള്‍ക്കുന്ന വിമര്‍ശനങ്ങള്‍ വളരെ ചെറുതാണ്. തിരുനബിയോട് ആത്മാര്‍ഥമായി സ്‌നേഹമുള്ളവര്‍ക്ക് അവിടുത്തെ വിമര്‍ശനം അസഹനീയമായിരിക്കും എന്നതില്‍ സംശയമില്ല. അതിനെ പ്രതിരോധിക്കുകയും വേണം. പക്ഷേ, വിമര്‍ശകര്‍ ബഹുമാനിക്കുന്ന വസ്തുവിനെയോ വ്യക്തികളെയോ വിമര്‍ശിച്ചുകൊണ്ടല്ല അതുണ്ടാകേണ്ടത്. അതുപോലെത്തന്നെ, വിമര്‍ശനങ്ങളെ അക്രമങ്ങള്‍ കൊണ്ട് നേരിടുന്നതും ശരിയായ രീതിയല്ല. പകരം, യഥാർഥ നബിജീവിതം ജീവിച്ചുകാണിച്ചും അത് അറിയാത്തവര്‍ക്ക് എഴുതിയും പറഞ്ഞും അറിയിച്ചുകൊടുത്തുമാകണം. സ്‌നേഹവും സഹിഷ്ണുതയും ജീവിതമാക്കിയ മുത്തുനബിയുടെ അനുയായികളും അങ്ങനെയാകുന്നത് നബി സ്‌നേഹത്തിന്റെ മറ്റൊരു വശം ■

Share this article

About നജീബ് നൂറാനി താഴെക്കോട്

mastertkd2@gmail.com

View all posts by നജീബ് നൂറാനി താഴെക്കോട് →

Leave a Reply

Your email address will not be published. Required fields are marked *