വളപട്ടണത്തെ ഖിലാഫത്ത് സമരസാന്നിധ്യം

Reading Time: 5 minutes

രാജ്യവ്യാപകമായി 1920ല്‍ ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തും രൂപീകരിക്കപ്പെട്ടിരുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. കമ്മിറ്റിയെകുറിച്ചുള്ള കൃത്യമായ വിവരം (Source) ലേഖകന് ലഭിച്ചിട്ടില്ലെങ്കിലും വളപട്ടണത്ത് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ദേശീയവിദ്യാലയം അതിലേക്കുള്ള സൂചന നല്‍കുന്നുണ്ട്.
1837ല്‍ സ്ഥാപിതമായിരുന്ന വളപട്ടണം ബോര്‍ഡ് മാപ്പിള ഹയര്‍ എലിമെന്ററി സ്‌കൂളിലെ ഇംഗ്ലീഷില്‍ മാത്രമുള്ള വിദ്യാഭ്യാസത്തെ ബഹിഷ്‌കരിച്ചവരായിരുന്നു മദ്റസ മില്ലിയ്യ ഇസ്‌ലാമിയ്യ എന്ന പേരില്‍ ഒരു വിദ്യാലയം സ്ഥാപിച്ചത്. ഈ പേരിന്റെയും വിദ്യാലയത്തിന്റെയും പിന്നിലെ പ്രചോദനം 1920ല്‍ മൗലാനാ മുഹമ്മദലി ജൗഹറിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട ജാമിഅ മില്ലിയ ഇസ്‌ലാമിയ ആയിരുന്നു.
സി രാജഗോപാലാചാരി ഉദ്ഘാടനം നിർവഹിച്ച വിദ്യാലയം ഖിലാഫത്ത് സ്‌കൂള്‍ എന്ന പേരില്‍ വളര്‍ന്നു. അറബി ഭാഷക്ക് പുറമെ ഇംഗ്ലീഷ്, ഉര്‍ദു ഭാഷകള്‍ കൂടി ഇവിടെ പാഠ്യവിഷയങ്ങളാക്കിയിരുന്നു. മത പണ്ഡിതനായിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വളപട്ടണം പൊക്കിലകത്ത് പള്ളിയില്‍ തന്റെ ദര്‍സില്‍ നടപ്പിലാക്കിയിരുന്ന വിദ്യാഭ്യാസ സിലബസ് കെ പി കുഞ്ഞിരാമന്‍ നായര്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ഖിലാഫത്ത് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെയും സ്വാധീനിച്ചിരുന്നത്രെ.
1927ല്‍ സെന്‍ട്രല്‍ ഖിലാഫത്ത് കമ്മിറ്റി മാസം തോറും നല്‍കിപ്പോന്നിരുന്ന നൂറു രൂപ നിലച്ചതും സംഘാടകര്‍ക്കിടയിലെ അസ്വാരസ്യങ്ങളും മൂലം പ്രവര്‍ത്തനം നിലക്കുന്നത് വരെയും ഖിലാഫത്ത് സ്‌കൂള്‍ വളപട്ടണത്തെ വിദ്യാഭ്യാസ രംഗത്തു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിദേശ ഭാഷാ ബഹിഷ്‌കരണത്തിന്റെ ഭാഗമായി 1928ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പേരില്‍ വളപട്ടണം പുഴയരുവത്ത് പള്ളിക്കു സമീപമുള്ള എളയിടത്ത് പാണ്ടികശാലയില്‍ ബാവക്കാന്റവിട ഹുസ്സന്‍ കുട്ടി എന്നയാള്‍ പ്രത്യേകം മലയാളം സ്‌കൂള്‍ നടത്തിയിരുന്നത്രെ. അതൊടൊപ്പം വളപട്ടണത്തെ സുബുലുസ്സലാം മദ്റസ സ്ഥാപിക്കാന്‍ ടി പി കെ മുഹമ്മദ് കുഞ്ഞിക്ക് പ്രചോദനം നല്‍കിയതും ഖിലാഫത്ത് വിദ്യാലയമാണെന്ന് പറയപ്പെടുന്നു. പില്‍ക്കാലത്ത് പ്രദേശത്ത് ശക്തിപ്പെട്ട ദേശീയ പ്രസ്ഥാനവികാരത്തിന് അസ്ഥിവാരമിടുന്നതും ഇക്കാലത്താണ്. അഥവാ ഖിലാഫത്ത് പ്രസ്ഥാനം നാമാവശേഷമായിട്ടും വളപട്ടണത്ത് അതിന്റെ അലയൊലികള്‍ നിലനിന്നിരുന്നു എന്നര്‍ഥം.
സെന്‍ട്രല്‍ ഖിലാഫത്ത് കമ്മിറ്റിയുടെ സഹായം വളപട്ടണത്തെ ഖിലാഫത്ത് വിദ്യാലയത്തിന് ലഭിച്ചിരുന്നുവെന്നും മലബാറിലെ പല ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവിടെയുണ്ടായിരുന്നു എന്ന് മലബാര്‍ സമരപോരാളിയായിരുന്ന കെ കോയട്ടി മൗലവിയുടെ “മലബാര്‍ ലഹള’ എന്ന ഗ്രന്ഥത്തിലും പരാമര്‍ശിക്കുന്നുണ്ട്. മലബാര്‍ ഖിലാഫത്ത് സമിതി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി ഉത്സാഹിച്ചിരുന്നെന്നും എന്നാല്‍ പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളാല്‍ അത് നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഫലം കണ്ടില്ലെന്നും “മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്’ എന്ന ഗ്രന്ഥത്തില്‍ എം റഷീദ് എഴുതുന്നുണ്ട്.
1923 ഡിസംബര്‍ 27ന് കോക്കനാഡയില്‍ മൗലാനാ ഷൗക്കത്തലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനത്തില്‍ മലബാറില്‍ നിന്നുള്ള കെ പി കേശവമേനോന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയവരോടൊപ്പം വളപട്ടണം സ്വദേശി ഹുസൈന്‍ കുട്ടി എന്ന വ്യക്തിയെയും ഇ മൊയ്തു മൗലവി ഓര്‍മിക്കുന്നുണ്ട്. മലബാര്‍ സമരത്തിന് മുമ്പ് തളിപ്പറമ്പുള്ള ഖിലാഫത്ത് പ്രവര്‍ത്തകരെ നല്ല നടപ്പിനായി ശിക്ഷിച്ചതായി കെ മാധവന്‍ നായര്‍ തന്റെ “മലബാര്‍ കലാപം’ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ വളപട്ടണം സ്വദേശികളാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

മലബാര്‍ സമരവും കണ്ണൂര്‍ ജയിലും
മലബാര്‍ സമരത്തില്‍ വിവിധ കാലങ്ങളില്‍ ശിക്ഷിക്കപ്പെട്ട പോരാളികളെ പാര്‍പ്പിച്ചിരുന്നതിനാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെയും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. 1921 ഫെബ്രുവരി 16ന് മലബാര്‍ ജില്ലാ കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് തീരുമാനിച്ചിരുന്ന പൊതുയോഗം നിരോധിച്ചതിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട മൗലാനാ ഹസന്‍ യഅ്കൂബ് സാഹിബ്, കെ മാധവന്‍ നായര്‍, യു ഗോപാലൻ മേനോന്‍, പി മൊയ്തീന്‍ കോയ എന്നിവരെ 6 മാസം തടവുശിക്ഷക്കായി കണ്ണൂര്‍ ജയിലിലേക്കായിരുന്നു അയച്ചിരുന്നത്. ഇവര്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ 1921 ആഗസ്റ്റ്15ന് കണ്ണൂരിലും ആഗസ്റ്റ് 16ന് തലശ്ശേരിയിലും സ്വീകരണം നല്‍കിയതായി ചില ഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 26ന് 107-ാം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട പൊറ്റയില്‍ കുഞ്ഞഹമ്മദ്, പൊറ്റയില്‍ അബൂബക്കര്‍, വി പി ഹസ്സന്‍കുട്ടി, കല്ലറക്കല്‍ അഹമ്മദ് എന്നിവര്‍ക്കും തടവുശിക്ഷ നിശ്ചയിക്കപ്പെട്ടത് കണ്ണൂര്‍ ജയിലിലായിരുന്നു.
സമരം ശക്തിപ്പെട്ടതോടെ നിരവധി പേര്‍ ശിക്ഷിക്കപ്പെട്ട് ഇവിടെയെത്തി. കണ്ണൂര്‍ ജയിലില്‍ സൗകര്യങ്ങള്‍ പോരാതെ വന്നപ്പോഴാണ് മറ്റിടങ്ങളിലേക്ക് സമരക്കാരെ കൊണ്ടുപോവാന്‍ തുടങ്ങിയതെന്ന് കെ മാധവന്‍നായര്‍ എഴുതുന്നുണ്ട്. തടവുകാരുടെ ജയിലിലേക്കുള്ള യാത്രകളില്‍ വാഗന്‍ കൂട്ടക്കൊല മാത്രമാണ് ഒരുപക്ഷേ, ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ കണ്ണൂരടക്കമുള്ള മിക്ക ജയിലുകളിലേക്കുള്ള യാത്രകളും ദുരിതപൂര്‍ണമായിരുന്നു. തന്നെ കണ്ണൂരിലേക്ക് കൊണ്ടുപോയ തീവണ്ടിയില്‍ ഏതോ ഒരു പൊലീസ് സര്‍ജന്റ് ഒരു വാതില്‍ (ഒരു ദ്വാരം എന്നും കാണുന്നു) അല്‍പം തുറന്നുതന്നതിനാലാണ് ചിലര്‍ ശ്വാസംമുട്ടി മരിക്കാതിരുന്നത് എന്ന് കെ കേളപ്പന്‍ അനുഭവം പങ്കുവെക്കുന്നത് കാണാം. ഈ യാത്രകളിലും തുടര്‍ന്ന് ജയിലുകളിലും എത്ര ഭീകരമായാണ് തടവുകാര്‍ മര്‍ദിക്കപ്പെട്ടതെന്ന് അനുഭവസ്ഥര്‍ തന്നെ പിന്നീട് പറയുന്നത് കാണാം. പൊന്നാനിയിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണമേനോനെ പോലെയുള്ളവര്‍ വിഷപ്പനി പോലെയുള്ള രോഗങ്ങളാലും മരണപ്പെട്ടിരുന്നു.
തടവുകാര്‍ രക്ഷപ്പെടാനും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനും സാധ്യതയുള്ളതിനാല്‍ തുറന്ന വണ്ടികളില്‍ അവരെ കൊണ്ടുവരുന്നത് ശരിയല്ലെന്ന് തോന്നിയെന്നും ഒരിക്കല്‍ കോഴിക്കോട് നിന്ന് കണ്ണൂരിലേക്കുള്ള തടവുകാരുടെ ട്രെയിനിലെ മുഴുവന്‍ വാതിലുകളും അടക്കാന്‍ താന്‍ ആജ്ഞാപിച്ചതായും ഹിച്ച്‌കോക്ക് വാഗന്‍ ട്രാജഡി അന്വേഷണ കമ്മീഷന്‍ മുന്നാകെ നല്‍കിയ മൊഴിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
കണ്ണൂര്‍ ജയിലില്‍ അക്കാലത്ത് ഒരു മാപ്പിള ബ്ലോക്ക് തന്നെ നിലനിന്നിരുന്നു. കഠിന തടവിന് ശിക്ഷിക്കപ്പെട്ട മാപ്പിളമാരെയായിരുന്നു ഇവിടെയുള്ള മുറികളില്‍ കുത്തിനിറച്ചിരുന്നത്. ഇവര്‍ക്ക് പകല്‍ സമയങ്ങളില്‍ കയര്‍ നിര്‍മാണം പോലുള്ള ജോലികളും നല്‍കപ്പെട്ടിരുന്നു. താനൂരിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന താനൂര്‍ ഉമൈത്താനകത്ത് കുഞ്ഞിക്കാദറിനെ “ഭരണകൂടത്തിനെതിരെ കലാപം നടത്താന്‍ മാപ്പിളമാരെ പ്രേരിപ്പിച്ച കുറ്റത്തിന്’ 1922 ഫെബ്രു. 26ന് കണ്ണൂര്‍ ജയിലില്‍ വെച്ച് തൂക്കിക്കൊന്നിരുന്നു. രാജാവിനെതിരെ യുദ്ധത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് (waging war against the king) മലപ്പുറത്തെ ഖിലാഫത്ത് നേതാവായിരുന്ന വലിയ തങ്ങളകത്ത് സയ്യിദ് അഹ്മദ് എന്ന കുഞ്ഞിത്തങ്ങളുടെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പൂക്കോട്ടൂരിലുണ്ടായ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സമീപിച്ചതായി അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാരായണമേനോന്റെ റിപ്പോര്‍ട്ടിലും കുഞ്ഞിത്തങ്ങള്‍ ജനങ്ങളെ സമാധാനിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു എന്ന് അദ്ദേഹത്തിന്റെ കൂടെ പൂക്കോട്ടൂര്‍ പോയിരുന്ന വി കരുണാകരമേനോന്റെ മൊഴി ടോട്ടന്‍ഹാം മലബാര്‍ റിബല്യനിലും രേഖപ്പെടുത്തുന്നുണ്ട്.
ഇത്രമേല്‍ ജനസമ്മിതിയുള്ള ഒരു നേതാവിനെ അറസ്റ്റ് ചെയ്ത് കേസെടുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ധൈര്യമുണ്ടായിരുന്നില്ല. കുഞ്ഞിത്തങ്ങളെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഖിലാഫത്ത് പ്രവര്‍ത്തകര്‍ തങ്ങളെ മലപ്പുറത്ത് നിന്ന് പൂക്കോട്ടൂരിലേക്ക് കൊണ്ടുപോയത് ഹിച്ച്‌കോക്ക് “മലബാര്‍ റിബല്യണി’ല്‍ രേഖപ്പെടുത്തുന്നുണ്ട്. പൂക്കോട്ടൂര്‍ യുദ്ധമാരംഭിച്ചപ്പോള്‍ ജാമ്യത്തിനുവേണ്ടി കോഴിക്കോട് കലക്ടറുടെ മുമ്പില്‍ ഹാജരായ കുഞ്ഞിത്തങ്ങളെ ബ്രിട്ടീഷ് ഭരണകൂടം 1921 സെപ്തംബര്‍ 3ന് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ ജയിലിലടച്ചു. യുദ്ധക്കത്തി കൈവശം വെച്ചതിന്റെ പേരിലാണ് ആറുമാസത്തെ തടവിന് ആദ്യം ശിക്ഷിച്ചത്.
തങ്ങളെ ജയിലിലടച്ച വിവരമറിഞ്ഞ് കണ്ണൂരിലെ ജനങ്ങള്‍ തങ്ങളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ജയില്‍ സൂപ്രണ്ട് കുഞ്ഞാമു ജനങ്ങളുടെ ആവശ്യം കലക്ടറെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ണൂരിലെ ജനങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം തയാറായില്ല. രാജാവിനും ഗവണ്‍മെന്റിനും എതിരായി യുദ്ധം ചെയ്തതിന്റെ പേരില്‍ തങ്ങളെ വിചാരണ ചെയ്യാന്‍ അധികാരികള്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ വിചാരണ നടക്കുന്നതിന് മുമ്പേ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച്, കുഞ്ഞിത്തങ്ങള്‍ 1921 സെപ്തംബര്‍ 14ന് മരണപ്പെട്ടു. തങ്ങളുടെ വിയോഗ വിവരം ജയില്‍ സൂപ്രണ്ട് കുഞ്ഞാമു അറക്കല്‍ ബീവിയെ അറിയിച്ചു. തുടര്‍ന്ന് രാജകുടുംബത്തിന്റെ നേതൃത്വത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കണ്ണൂര്‍ മുഹമ്മദ് മൗലല്‍ ബുഖാരിയുടെ മഖാമിന് സമീപം സ്ഥിതിചെയ്യുന്ന കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
മൃതദേഹം ജയില്‍ സൂപ്രണ്ട് വിട്ടുകൊടുത്തത് ഒരു അസംബന്ധമായിട്ടാണ് കലക്ടര്‍ തോമസ് ഗവണ്‍മെന്റിനയച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. കുഞ്ഞിത്തങ്ങളുടെ മയ്യിത്ത് അറക്കല്‍ ബീവിക്ക് വിട്ടുകൊടുത്ത ജയില്‍ സൂപ്രണ്ട് കുഞ്ഞാമുവിനെ കലക്ടര്‍ തോമസ് സസ്‌പെന്‍ഡ് ചെയ്യുകയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ അറക്കല്‍ ബീവിയോട് വിശദീകരണം ആവശ്യപ്പെടണമെന്ന് ജയില്‍ ഐ ജി ആജ്ഞാപിക്കുകയും ചെയ്തു. “ലഹള’യില്‍ സജീവമായി പങ്കെടുക്കാത്ത മാപ്പിള പോലും “ലഹളക്കാരനെ’ വീരപുരുഷനായി ആദരിച്ചു ബഹുമാനിക്കുന്നതായി ഈ സംഭവത്തെക്കുറിച്ച് കലക്ടര്‍ തോമസ് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു. പൂക്കോട്ടൂരില്‍ പുരുഷവേഷത്തില്‍ ബ്രിട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടിയ സ്ത്രീയെയും ആവേശം പകര്‍ന്ന സ്ത്രീകളെയും കുട്ടികളെയും സൂചിപ്പിച്ച് അറക്കല്‍ ബീവിയുടെ ഈ നടപടി ആകസ്മികമല്ലെന്ന് കാണിക്കാനുള്ള ശ്രമവും ആ റിപ്പോര്‍ട്ടിലുണ്ട്.
എഫ് ബി ഇവാന്‍സ് 1921 സെപ്റ്റംബര്‍ 18ന് ഗവണ്‍മെന്റിനയച്ച റിപ്പോര്‍ട്ടില്‍ കുഞ്ഞിത്തങ്ങളെ കണ്ണൂര്‍ ജുമുഅത്ത് പള്ളിയില്‍ ഖബറടക്കാന്‍ അറക്കല്‍ ബീവി സമ്മതിച്ചത് ഒരു തമാശയാണെന്നും ഒരു തങ്ങളായതിനാലാണ് സംസ്‌കരിക്കാന്‍ സമ്മതിച്ചത് എന്നായിരിക്കും കലക്ടര്‍ തോമസിന് ലഭിക്കുന്ന വിശദീകരണമെന്നും പരിഹാസ രൂപേണേ പരാമര്‍ശിക്കുന്നുണ്ട്. കുഞ്ഞിത്തങ്ങളെ കുറിച്ച് ബീവിക്കും കൂട്ടര്‍ക്കും നന്നായി അറിയാമെന്നും മറ്റെവിടുത്തേക്കാളും കണ്ണൂരിലെ കല്ലറയായിരിക്കും അദ്ദേഹത്തിന് നല്ലതെന്നും ഭാവിയില്‍ അതൊരു തീർഥാടനകേന്ദ്രമായി മാറില്ലെന്ന് എന്താണുറപ്പെന്നും ഇവാന്‍സ് തുടരുന്നു. ബീവി തങ്ങളോടുള്ള കൂറ് പ്രകടിപ്പിക്കാന്‍ ലഭിച്ച മികച്ച അവസരം നഷ്ടപ്പെടുത്തിയെന്നും കുറഞ്ഞ മാപ്പിളമാരെ ഒഴിച്ചുനിര്‍ത്തിയാല്‍ മാപ്പിളമാരുടെ പൊതുനിലപാട് എന്താണെന്ന് ഈ സംഭവം സൂചിപ്പിക്കുന്നതായും അദ്ദേഹം പറയുന്നുണ്ട്.
ജയിലിലെത്തിയ മുതല്‍ കുഞ്ഞിത്തങ്ങള്‍ ഒന്നും കഴിച്ചിരുന്നില്ലെന്നും ജയില്‍ അധികൃതരും അക്കാര്യത്തില്‍ പരാജയപ്പെട്ടെന്നും കുഞ്ഞിത്തങ്ങളുടെ വഫാതിന് ശേഷം കുറേ കാലത്തേക്ക് തടവുകാരുടെ മൃതശരീരം നാട്ടുകാര്‍ക്ക് വിട്ടുനല്‍കിയിരുന്നില്ല എന്നും ഇ മൊയ്തു മൗലവി “എന്റെ കൂട്ടുകാരന്‍’ എന്ന ഗ്രന്ഥത്തില്‍ ഓര്‍മിക്കുന്നുണ്ട്.
ഈ സസ്‌പെന്‍ഷനെതിരെ കണ്ണൂര്‍ ജയിലില്‍ മാപ്പിള ബ്ലോക്കിലെ തടവുകാര്‍ ഒരു ദിവസം നോമ്പനുഷ്ഠിച്ചു കൊണ്ട് പ്രതിഷേധിച്ചതായി ടോട്ടന്‍ഹാം രേഖപ്പെടുത്തുന്നതായി കാണാം. 1921 ഡിസംബര്‍ 4ന് ശിക്ഷിക്കപ്പെട്ട നാൽപതോളം മാപ്പിളമാര്‍ ഭക്ഷണ സമയത്ത് ഒത്തുകൂടുകയും ഭക്ഷണ വിതരണകേന്ദ്രത്തിന് സമീപമുള്ള കാര്‍പ്പന്ററി പരിശീലന കേന്ദ്രത്തിന്റെ ഇരുമ്പ് ഫെന്‍സിങ് തകര്‍ത്ത് പരമാവധി ആയുധങ്ങള്‍ കൈക്കലാക്കുകയും പാറാവുകാരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വെടിവെപ്പിലും ഒമ്പതുപേരുടെ മരണത്തിലും ഗുരുതര പരിക്കുകളിലുമാണ് അവസാനിച്ചത്. സംഭവം സംബന്ധിച്ച് ജയില്‍ സൂപ്രണ്ട് 1924 ഡിസംബര്‍ 4ന് തലശ്ശേരി മജിസ്‌ട്രേറ്റിനയച്ച റിപ്പോര്‍ട്ട് ഇങ്ങനെയാണ്: “സെന്‍ട്രല്‍ ജയിലിലെ മാപ്പിളത്തടവുകാര്‍ വൈകുന്നേരം കലാപം നടത്തുകയും സൂപ്രണ്ട് വെടിവെപ്പിന് ഉത്തരവിടുകയും ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജയില്‍ ജീവനക്കാരില്‍ മൂന്ന് വാര്‍ഡന്മാര്‍ക്ക് നിസാര പരിക്കേറ്റതല്ലാതെ അത്യാഹിതങ്ങളില്ല.’
കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഖിലാഫത്ത്-നിസഹകരണപ്രസ്ഥാനങ്ങളുടെ കോട്ടയം താലൂക്കിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി എ മുഹമ്മദ് ഈ സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവിലുണ്ടായിരുന്നു. ഈ സംഭവത്തെ കുറിച്ച് തന്റെ ആത്മകഥയില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുമുണ്ട്. എ മുഹമ്മദിന് സ്ഥിരമായി ജയില്‍മുറിയില്‍ ഭക്ഷണമെത്തിച്ചിരുന്ന കുഞ്ഞഹമ്മദ് എന്ന വ്യക്തി പദ്ധതിയുടെ ഏകദേശരൂപം അദ്ദേഹവുമായി പങ്കുവെച്ചിരുന്നു. വെള്ളിയാഴ്ച നിസ്‌കാര ശേഷം അടുത്ത ബ്ലോക്കിലെ തടവുകാരും മാപ്പിള ബ്ലോക്കിലെ തടവുകാരും യോജിച്ച് പാറാവുകാരെ ആക്രമിച്ച് ജയില്‍ ചാടി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ചേരാനായിരുന്നു തടവുകാരുടെ തീരുമാനം. ഈ ശ്രമം വിജയിക്കുമെന്ന് കുഞ്ഞഹമ്മദിനും പരാജയപ്പെടുമെന്ന് തനിക്കും ഉറപ്പുണ്ടായതായി എ മുഹമ്മദ് എഴുതുന്നുണ്ട്. എല്ലാം തീരുമാനിച്ചുറപ്പിച്ച അവരെ താന്‍ തടഞ്ഞില്ലെന്നും എടുത്തുചാടി ഒന്നും ചെയ്യരുതെന്നും നന്നായി ആലോചിച്ചതിന് ശേഷം മാത്രമേ പദ്ധതിക്ക് ഇറങ്ങിത്തിരിക്കാവൂ എന്നും കുഞ്ഞഹമ്മദിനെ ഉപദേശിച്ചതായും അദ്ദേഹം തുടരുന്നു. എ മുഹമ്മദ് ജയില്‍മോചിതനായി ദിവസങ്ങള്‍ക്കകമാണ് തടവുകാരുടെ കലാപം നടക്കുന്നത്. ഈ സംഭവത്തിന്റെ വിവരണം ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളില്‍ നിന്നും ജയില്‍രേഖകളില്‍ നിന്നും മാത്രം ലഭ്യമായതിനാല്‍ ജയിലധികാരികള്‍ തടവുകാരില്‍ മറ്റു പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.
എന്തായാലും ഇതിന്റെ പേരില്‍ കറുത്തേടത്ത് മുഹമ്മദ്കുട്ടി, തളപ്പില്‍ കുഞ്ഞാലന്‍, മൂശാലിക്കല്‍ മൊയ്തീന്‍, ചെട്ടിയാന്‍ തൊടിയില്‍ കോയ, തേറച്ചേരി ബീരാന്‍കുട്ടി, ചെകിടി കുന്നുമല്‍ കുഞ്ഞാമ്മദ്, കരുന്തേടത്ത് മുഹമ്മദ്, പന്തലാന്‍ മൂസ, വടക്കേത്തൊടി താത്തല്‍ കുട്ടി, വെളുത്ത പറമ്പത്ത് ഇബ്റാഹിം, മുണ്ടക്കാടന്‍ അലവി, പണിയന്തോടി മൂസ, ഉണ്ണിപ്പറമ്പത്ത് മീത്തല്‍ പക്കറോടി, പത്താപങ്ങല്‍ കുഞ്ഞഹമ്മദ്, പത്താലിക്കന്റവിട പക്കീരാന്‍, കായക്കര ഉമ്മര്‍കുട്ടി, കാളിയ പറമ്പില്‍ അബ്ദുല്ല, വട്ടുപ്പറമ്പത്ത് അബ്ദു, പാലയുള്ള പറമ്പത്ത് കരീം, വടക്കേപ്പുറത്ത് സൂപ്പി, അടുറപറമ്പില്‍ സെയ്താലി, പവിട്ട പൊയില്‍ മൊയ്തീന്‍ കുട്ടി, ചീരി ആലിക്കുട്ടി, ആയില്യത്ത് കുഞ്ഞാലന്‍, പൊലയന്‍ ചൂലന്‍, പടിഞ്ഞാറേ പുരയില്‍ മൊയ്തീന്‍, കങ്കാണന്‍ വീട്ടില്‍ ഇമ്പിച്ചി, കുഴുമന്നി ബീരി, ചുടന പറമ്പത് കുഞ്ഞയമ്മദ് കുരിക്കള്‍, വാളിങ്കല്‍ അയമ്മദ്, ചെറുമ്മല കൊളങ്ങര ഉണ്ണീക്കന്‍ കുട്ടി, കല്ലേരി മൂസഹാജി, കല്ലിങ്ങല്‍ കുഞ്ഞഹമ്മദ്, പള്ളിയര കണ്ടോത്ത് ഖാദര്‍, വെള്ളാനത്ത് വളപ്പില്‍ പരീക്കുട്ടി, കല്ലിവളപ്പില്‍ മൂസ, കല്ലിവളപ്പില്‍ അബ്ദുള്‍റഹ്മാന്‍, കല്ലിവളപ്പില്‍ സെയ്ദാലി, കല്ലിവളപ്പില്‍ മൊയ്തുണ്ണി, കോളികുന്നത്ത് ബീരാന്‍, കറത്ത കടവത്ത് ഹൈന്ത്രൂസ് കുട്ടി എന്നീ നാൽപത്തി രണ്ടോളം പേര്‍ പ്രത്യേകം ശിക്ഷിക്കപ്പെട്ടിരുന്നു. ഇവരുടെ പേരുകള്‍ ജയില്‍രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കെ കേളപ്പന്‍, ഇ മൊയ്തു മൗലവി, ബാലകൃഷ്ണമേനോന്‍, തിരൂരങ്ങാടി ഖിലാഫത്ത് സെക്രട്ടറിമാരില്‍ ഒരാളായ കെ പി കുഞ്ഞിപ്പോക്കര്‍ ഹാജി, മേല്‍മുറി കള്ളാടി യൂസുഫ് തുടങ്ങിയ പ്രമുഖരും അല്ലാത്തവരും മലബാര്‍ സമരത്തെ തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.
1921ലും അതിനുമുമ്പും സമരബാധിത പ്രദേശങ്ങളിലേക്കുള്ള ബ്രിട്ടീഷ് സൈന്യത്തെ അയക്കുന്നതുമായി ബന്ധപ്പെട്ടും കണ്ണൂര്‍ അടയാളപ്പെടുന്നുണ്ട്. 1921 ഫെബ്രുവരിയിലെ തൃശൂര്‍ സംഘട്ടനത്തില്‍ വടക്കെ വീട്ടില്‍ മമ്മതിന്റെ നേതൃത്വത്തില്‍ ഒരു സംഘം പോയതിനെ തുടര്‍ന്ന് ആമു സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം കോട്ടയം, കുറുമ്പ്രനാട് താലൂക്കുകളിലെ വിവിധ സ്റ്റേഷനുകളിലെ ഇരുന്നൂറോളം പൊലിസുകാരെ മാപ്പിള താലൂക്കുകളിലേക്ക് സ്ഥലം മാറ്റിയതായും മെയ് മാസം അവസാനത്തോടെ ഇത് വര്‍ധിച്ചതായും എ കെ കോഡൂര്‍ പറയുന്നുണ്ട്. പിന്നീട് 1921 ഓഗസ്റ്റ് 19ന് ശേഷം സമരപ്രദേശങ്ങളിലേക്ക് നിരവധി സായുധ സംഘങ്ങള്‍ അയക്കപ്പെട്ടിട്ടുണ്ട്. സമരനേതാക്കളിലൊരാളായ കൊന്നാര മുഹമ്മദ് കോയ തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലായിരുന്നു ■

Share this article

About മുഹമ്മദ് സിറാജ് റഹ്മാൻ

sirajrahmanknr@gmail.com

View all posts by മുഹമ്മദ് സിറാജ് റഹ്മാൻ →

Leave a Reply

Your email address will not be published. Required fields are marked *