ലെക്കോട്ടില്‍ ചുരുട്ടിവെച്ച ഓര്‍മകള്‍

Reading Time: 2 minutes

മഹാമാരി വിതച്ച പ്രതിസന്ധികള്‍ ആഘോഷങ്ങളേയും ബാധിച്ചു. വിവാഹ സത്കാരങ്ങള്‍ നാമമാത്രമായൊതുങ്ങി. അകലം പാലിച്ച ഇവന്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിത്തുടങ്ങി.
ധൂര്‍ത്തും പത്രാസും കാണിക്കുന്നവര്‍ക്ക് താക്കീത് നല്‍കാന്‍ ഈയവസരം കാരണമായി.
വിവാഹം, മതം ശാസിക്കുന്ന പുണ്യകര്‍മവും ഒപ്പം വീട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കും അയലത്തുകാര്‍ക്കും ആഹ്ലാദ ദിനം കൂടിയാണ്. ചിന്തകള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തെ വിവാഹഘോഷത്തിലേക്ക് തിരിഞ്ഞു.
വിവാഹമുറപ്പിക്കാന്‍ കാരണവന്മാര്‍ വരും. “ആ കലണ്ടര്‍ ഒന്ന് ഇങ്ങെടുത്തേ..’ നഹ്‌സ് ഇല്ലാത്ത ദിനം നോക്കി വിവാഹമുറപ്പിക്കും. പിന്നെ വീട്ടില്‍ തിരക്കിന്റെ നാളുകളാണ്. പലഹാരങ്ങളുണ്ടാക്കാന്‍ അയലത്തെ സ്ത്രീകളെത്തും. അച്ചപ്പവും പൂരംവറുത്തതും ഉണ്ണിയപ്പവും വെളിച്ചെണ്ണയില്‍ വളയിട്ട കൈകളാല്‍ വന്നുമറിയും. പെണ്‍വീട്ടുകാര്‍ സ്വര്‍ണവും വസ്ത്രവുമെടുക്കാന്‍ ദൂരെ ഷോപിങിന് പോകും. സ്വര്‍ണ പണ്ടം കാണാന്‍ ഓരോ ഗ്യാങ്ങുകളായി നാലുപുറത്തെ സ്ത്രീകളെത്തും. ഉമ്മ എല്ലാവര്‍ക്കും പണ്ടപ്പെട്ടി തുറന്നു കാണിക്കും.
പുറത്ത് മുറ്റത്ത് അയലത്തെ ആണുങ്ങള്‍ കൂടി പന്തല്‍ പണി നടത്തും. മുളയും ഓലയും പല ഭാഗത്ത് നിന്ന് ഒപ്പിക്കും. ചുറ്റിലും മറക്കാന്‍ വീട്ടിലെ സാരി ഉപയോഗിക്കും. അയലത്തെ പ്രായം ചെന്ന സ്ത്രീകള്‍ നിരയായി ഇരുന്നു മുറത്തില്‍ നെയ്‌ച്ചോര്‍ അരി ചേറിക്കൊണ്ടിരിക്കും. കല്യാണത്തലേന്ന് ദൂരെ പോയി മൈലാഞ്ചിയില പറിച്ചു കൊണ്ടുവരും. അമ്മിയില്‍ അരച്ച് പുതുപെണ്ണിന് കൂട്ടുകാരികള്‍ ഇട്ട് കൊടുക്കും. എല്ലാവരും ഇരുന്നു പഴയ പാട്ടുകള്‍ കൊണ്ട് കൈക്കൊട്ടിപ്പാടും.
രാത്രിയില്‍ ട്യൂബ് ലൈറ്റ് കത്തിക്കും. മുമ്പാരത്ത് കമാനം സ്ഥാപിക്കും. തെര്‍മോകോളില്‍ വെല്‍ക്കം ബോര്‍ഡ് കുട്ടികള്‍ വെട്ടി ഒട്ടിക്കും. മാലബള്‍ബ് കൊണ്ട് അലങ്കരിക്കും. കസേരകള്‍ പന്തലില്‍ നിരത്തിയിടും. മേലെ പറമ്പിലിട്ട് പോത്തിനെയറുക്കും. തെങ്ങോലക്ക് മേല്‍ ചേമ്പില വിരിച്ചു അതില്‍ ഇറച്ചി വെട്ടിയിടും.
കുട്ടികള്‍ ആശ്ചര്യത്തോടെ നോക്കിനില്‍ക്കും. അപ്പുറത്ത് മുതിര്‍ന്നവര്‍ ട്യൂബ് ലൈറ്റ് വെളിച്ചത്തില്‍ പനങ്കുരു എറിഞ്ഞു കളിക്കും. പുലര്‍ച്ചെ വരെ ഉറക്കമൊഴിച്ച് ആഘോഷത്തില്‍ എല്ലാവരും പങ്കാളിയാവും.
കുറച്ചു പേര്‍ കസേര വരിക്കിട്ട് അതില്‍ കിടക്കും. രാവിലെ ദൂരെ സ്ഥലത്ത് ബൈക്കില്‍ പോയി മുല്ലപ്പൂവും ബൊക്കെയും വാങ്ങിക്കും.
കല്യാണ ദിവസം ഭക്ഷണം വിളമ്പാന്‍ അയലത്തെ എല്ലാവരും കൂട്ടായുണ്ടാവും. സത്കാരത്തിന് എത്തിയവര്‍ ചെമന്ന ലെക്കോടില്‍ പേര് എഴുതി നിശ്ചിത തുകയിട്ട് വീട്ടുകാരെ ഏല്‍പ്പിക്കും. വരനെ വിളിക്കാന്‍ ആവേശത്തില്‍ പോകും. കാറിന് പിന്നിലെ ഗ്ലാസില്‍ വധൂവരന്മാരുടെ പേര് എഴുതി ഒട്ടിക്കും.
മുതിര്‍ന്നവര്‍ ജീപ്പിന്റെ പിന്നില്‍ തൂങ്ങി സഞ്ചരിക്കും. വാഹന വ്യൂഹം വരിവരിയായി നീങ്ങും.
വരന്റെ വീട്ടില്‍ ചായയും പലഹാരവും കരുതും. വരന്‍ വധൂഗൃഹത്തിലെത്തിയാല്‍ ആങ്ങളപയ്യന്‍ കിണ്ടി വെള്ളത്തില്‍ വരന്റെ കാല്‍ കഴുകും. വരന്‍ പ്രത്യുപകാരമായി പണമടങ്ങിയ ലെക്കോട് കൈമാറും.
പന്തലില്‍ കട്ടിലില്‍ വെള്ള തുണി വിരിച്ചു നിക്കാഹിന് ഒരുങ്ങും. പിന്നീട് വരനും വധുവും ഒന്നിച്ചുപുറപ്പെടും. വീട്ടകത്ത് അമ്മായിമ്മയും അമ്മോശനും വധൂവരന്മാരും ഇരിക്കും. ക്യാമറയില്‍ ഫിലിമിട്ട് ഫോട്ടോയെടുക്കും. പുതിയാപ്പിളക്കും പുതുപെണ്ണിനും പാലും പഴവും കൈമാറും.
കല്യാണപ്പിറ്റേന്ന് പുതിയാപ്പിളയുടെ കൂടെ ചായസല്‍ക്കാരം നടക്കും. നാലുപുറത്തെ എല്ലാവരെയും വിളിക്കും. വൈകീട്ട് വധുവരന്മാരെ അവരുടെ വീട്ടിലേക്ക് കുടുംബക്കാര്‍ കൂടി പറഞ്ഞയക്കും. രണ്ട് ദിവസം കഴിഞ്ഞാല്‍ ആങ്ങളയും ഉപ്പയും ചെന്ന് സുഖവിവരങ്ങളന്വേഷിക്കും.
അളിയനും താത്തയും വിരുന്നു വരുമ്പോള്‍ ബേക്കറി വാങ്ങാന്‍ സൈക്കിളില്‍ വേഗത്തില്‍ കടയില്‍ പോകും. അവര്‍ മുമ്പാരത്ത് ഉണ്ടെങ്കില്‍ മറച്ചു വെച്ച് കൊണ്ടുവരണമെന്ന് ഉമ്മ നിര്‍ദേശിക്കും. അവരുടെ കൂടെ ചായ കുടിക്കാനിരുന്നാല്‍ അധികം കഴിക്കരുതെന്നും.
സന്തോഷങ്ങളും സന്താപങ്ങളും പരസ്പരം ഇഴകിച്ചേര്‍ന്ന് ഒരുമയുടെ സുപ്രകള്‍ വിരിച്ചിരുന്ന കാലം അന്യമായിരിക്കുന്നു. എന്റെ വീട്ടിലെ ആഘോഷം നിന്റെ വീട്ടിലെ ആഘോഷം പോലെയായിരുന്നു.
സത്കാരങ്ങളിലെ ധാരാളിത്തം നമ്മെയകറ്റിയെന്നു വേണം പറയാന്‍. വീട്ടിലെ വിവാഹ അനുബന്ധ പണികള്‍ക്ക് അയലത്തെ കൂട്ടായ്മയില്‍ വിരിഞ്ഞ മനപ്പൊരുത്തം ഇന്ന് ഇവന്റ് മാനേജ്‌മെന്റിന് മുന്നില്‍ ഇല്ലാതായിരിക്കുന്നു. സ്‌നേഹ കൈമാറ്റ പാചകങ്ങളും കൊടുക്കല്‍ വാങ്ങലുകളും കാറ്ററിങ് ടീമുകള്‍ കവര്‍ന്നെടുത്തിരിക്കുന്നു. മുറ്റത്തെ പന്തല്‍ ആഘോഷവും കുറിക്കല്യാണവും മണ്ഡപങ്ങളിലെ മഹാ സംഗമങ്ങള്‍ക്ക് മുന്നില്‍ മാഞ്ഞുപോകുന്നു.
ഭക്ഷണവും വസ്ത്രവും വിവാഹങ്ങളിലൂടെ മാത്രം ലഭിച്ചിരുന്ന കാലത്ത് നിന്ന് ആഴ്ചയില്‍ മുന്തിയ ഭക്ഷണവും വസ്ത്രവും വാങ്ങുന്നവരുടേതായി നമ്മുടെ ദേശം മാറിയിരിക്കുന്നു. വിവാഹക്കമ്പോളങ്ങള്‍ സ്ത്രീധനങ്ങളുടെയും പൊങ്ങച്ചത്തിന്റെയും വേദിയായി മാറി. വിവാഹ മോചനവും പീഡനവും ആത്മഹത്യയുമായി വിവാഹം വേഷം കെട്ടിയാടി. എന്നാലിന്ന് മനസറിഞ്ഞ് കൂടിയാടാൻ കഴിയാത്ത അവസ്ഥയും സംജാതമായി ■

Share this article

About നിസാര്‍ പുത്തന്‍പള്ളി

nizarputhanpally@gmail.com

View all posts by നിസാര്‍ പുത്തന്‍പള്ളി →

Leave a Reply

Your email address will not be published. Required fields are marked *