അരികുത്തലും പഞ്ചാരപ്പണവും

Reading Time: < 1 minutes

“ഇനി അടുത്താഴ്ചയേ സ്‌കൂളില്‍ വരുള്ളൂ എന്ന് ടീച്ചറോട് പറഞ്ഞേക്ക്.. ഇടവലം തന്നെയെല്ലേ. പന്തലിടലിനും അരി കുത്തല്‍നൊക്കെ പോവേണ്ടതാ..’ വെള്ളിയാഴ്ച സ്‌കൂളില്‍ പോവുമ്പോള്‍ ഉമ്മയുടെ ഓര്‍മപ്പെടുത്തല്‍ വലിയ സന്തോഷം നല്‍കി. കല്യാണ വീട് എന്റെ വീടിന്റെ തൊട്ടടുത്ത് തന്നയാണ്, പോരാത്തതിന് കളിക്കൂട്ടുക്കാരന്റെ വീടും.
കല്യാണം ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ആഘോഷമായിരുന്നു അന്ന്. ഒരാഴ്ച മുമ്പേ ആളുകള്‍ കല്യാണ വീട്ടിലേക്ക് എത്തിത്തുടങ്ങും. നാലഞ്ച് ദിവസം മുന്നേ നാട്ടുകാർ ചേർന്ന് പന്തലിടല്‍ നടക്കും. അയല്‍വാസികളും ബന്ധുക്കളുമായ യുവാക്കള്‍ ചേര്‍ന്ന് പരിസരങ്ങളില്‍ നിന്ന് കവുങ്ങുകളും മറ്റും മുറിച്ച് കൊണ്ടുവന്ന് പന്തലിന്റെ തൂണുകളും മറ്റും സ്ഥാപിക്കും. പ്രായമുള്ള ആളുകള്‍ മുറ്റത്തെ മുര്‍ക്കാന്‍ പെട്ടിയില്‍ നിന്ന് മുര്‍ക്കിച്ചുവപ്പിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. മുര്‍ക്കാന്‍ പെട്ടിയുടെ ഒപ്പം തന്നെ ബീഡികളും നിരത്തിവച്ചിട്ടുണ്ടാവും. പലരും പുകവലി പഠിച്ചതും പരീക്ഷിച്ചതും ഇത്തരത്തിലുള്ള അവസരങ്ങളിലൂടെയാണ്. കുട്ടികള്‍ വലിയ ആളുകളുടെ കണ്ണ് വെട്ടിച്ച് ബീഡി അടിച്ച് മാറ്റും.
പന്തലിന്റെ മേല്‍കൂരക്ക് തെങ്ങോല മെടഞ്ഞാണ് ഉപയോഗിച്ചിരുന്നത്. വര്‍ണക്കടലാസും മറ്റും ഉപയോഗിച്ച് പന്തലുകള്‍ അലങ്കരിക്കും. അതിന് നാട്ടില്‍ തന്നെയുള്ള ആളുകള്‍ എത്തും. അലങ്കാരങ്ങള്‍ക്ക് ഈന്തോലകളും പനയോലകളും വെച്ച് വേറെയും വിദ്യകളുണ്ടായിരുന്നു.
കല്യാണത്തിന് ഭക്ഷണം വിളമ്പാന്‍ കലവറ എന്ന് പേരുള്ള ഒരു പ്രത്യേക സ്ഥലമുണ്ടായിരുന്നു. ഓല കൊണ്ട് മറിച്ച് നിര്‍മിച്ചിരുന്ന ചെറിയയിടം. ഭക്ഷണം ഉണ്ടാക്കിയ ചെമ്പുകള്‍ അതിന്റെ അകത്ത് കൊണ്ടുവന്നായിരുന്നു ഭക്ഷം വിളമ്പിയിരുന്നത്. അതിന്റെ അകത്തേക്ക് മുതിര്‍ന്ന ആളുകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
പന്തലിടല്‍ കഴിഞ്ഞാല്‍ പിന്നെ നടക്കുന്ന ചടങ്ങ് അരി കുത്തലായിരുന്നു. കല്യാണത്തിന് ആവശ്യമായ അരി പെണ്ണുങ്ങള്‍ നെല്ലുകുത്തി ഉണ്ടാക്കിയിരുന്നു എന്ന് ഉമ്മമാര്‍ പറയാറുണ്ട്. അരി മുറത്തിലിട്ട് കുറേ പെണ്ണുങ്ങള്‍ ചേര്‍ന്ന് ചേറുന്ന രീതിയായിരുന്നു ഞങ്ങളുടെ ഓര്‍മയിലുള്ളത്. ഇപ്പോള്‍ അതുംഇല്ല. ആവശ്യമായ മുളകും മല്ലിയും മറ്റും അരച്ച് വെക്കുകയും ചെയ്യും. ആവശ്യമായ ചെമ്പുകളും പാത്രങ്ങളും അയല്‍വീടുകളില്‍ നിന്നും മറ്റും സംഘടിപ്പിച്ച് കൊണ്ടുവരുന്നത് യുവാക്കളുടെ ജോലിയായിരുന്നു. കത്തിക്കാനുള്ള വിറകുകള്‍ എത്തിക്കുന്ന ജോലി കുട്ടികള്‍ക്കും.
മൈലാഞ്ചി രാവ് പെട്രോ മാക്‌സിന്റെ വെളിച്ചത്തില്‍ പ്രകാശ പൂരിതമാവും. കല്യാണ ദിവസത്തിന് ആവശ്യമായ പച്ചക്കറികളും മറ്റും വെട്ടി ശരിയാക്കി വെക്കുന്നത് മൈലാഞ്ചി രാവിലായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കാന്‍ തട്ടാന്‍മാരുടെ അടുക്കല്‍ ചെന്ന് മാസങ്ങള്‍ക്ക് മുന്നേ ഓര്‍ഡര്‍ കൊടുക്കും. കല്യാണദിവസം വധൂവരന്‍മാരെ കുട ചൂടി കൊണ്ടുപോവുന്നതായിരുന്നു അന്നത്തെ മറ്റൊരു കൗതുകമുള്ള കാഴ്ച. വധുവരന്‍മാരെ മുന്നില്‍ നടത്തിച്ച് ആളുകള്‍ പിന്നില്‍ പാട്ടുപാടി അനുഗമിക്കും. രാത്രിയാണെങ്കില്‍ പെട്രോ മാക്‌സുമെടുത്തു ഒരാള്‍ നടക്കും. അതിന്റെ വെളിച്ചത്തില്‍ മറ്റ് ആളുകളും.
കല്യാണ സമയങ്ങളില്‍ ഒരുപാട് സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നു. പഞ്ചാര പണം, പുതിയാപ്പിള പണം എന്നൊക്കെയായിരുന്നു നാട്ടിന്‍പുറങ്ങളില്‍ അതിന് പറഞ്ഞിരുന്നത്. കല്യാണത്തിന് വരുന്ന പെണ്ണുങ്ങള്‍ കവറില്‍ നല്‍കുന്ന പണമാണ് പഞ്ചാര പണം. വധുവിന്റെ വീട്ടിലേക്ക് പോവുന്ന പുതിയാപ്പിളയുടെ സുഹൃത്തകള്‍ നല്‍കുന്ന പണം പുതിയാപ്പിള പണം. പണം നല്‍കിയവർ മാത്രമേ വധുവിന്റെ വീട്ടിലേക്ക് പോകാന്‍ പാടുള്ളൂ എന്ന ധാരണയും വ്യാപിച്ചു. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കല്യാണ വീട്ടുകാര്‍ക്ക് ഈ സഹായങ്ങള്‍ വലിയ ആശ്വാസമായിരുന്നു. ഒരുമയുടെ, സാഹോദര്യത്തിന്റെ, സൗഹൃദത്തിന്റെ അടയാളമായിരുന്നു അന്നത്തെ കല്യാണങ്ങൾ. ഇപ്പോഴത് എന്തിന്റെക്കെയോ അടയാളമാണ് ■

Share this article

About മഹ് മൂദ് ഇടത്തിൽ

mahamoodedathil786@gmail.com

View all posts by മഹ് മൂദ് ഇടത്തിൽ →

Leave a Reply

Your email address will not be published. Required fields are marked *