കുടിയേറ്റ മലയാളികള്‍ക്ക് തിരിച്ചുപോകാം

Reading Time: 5 minutes

പ്രവാസികളുടെ തിരിച്ചുപോക്ക്,
ഇനിയും സമയമുണ്ടല്ലോ എന്നു സമാധാനിക്കാവുന്ന
അകലെ അല്ല. തയാറെടുക്കാം.

അലി അക്ബര്‍
taaliakbar@gmail.com

‘ഗള്‍ഫിലേക്ക് കൂടെ വന്ന അബൂട്ടിയായിരുന്നില്ല അത്. ചുമലുകള്‍ ചുരുങ്ങിപ്പോവുകയും മുഖം കരുവാളിക്കുകയും ചെയ്തിരുന്നു. കലങ്ങിയ കണ്ണുകളില്‍ പഴയ പ്രസാദവും ഉത്സാഹവുമെല്ലാം വറ്റിപ്പോയിരിക്കുന്നു.
”ല്ലാം നേരെയാകുമെടാ. മ്മള് ജീവിതകാലം മുഴ്വേനും ഈ മരുഭൂമീല് കഴ്യാന്‍ പോക്ണില്ല. കൊറേ പണംണ്ടാക്കി വേഗം മടങ്ങിപ്പോണം. ന്നിട്ട് ഒരു വീടുവെച്ച് കല്യാണം കഴിച്ച് കുഞ്ഞുങ്ങളും കുടുംബോം ആയി നാട്ടില് കഴ്യാം. പുളിയും മുളകുമിട്ട മത്തി കൂട്ടി ചോറ് തിന്ന് പുഴക്കരേലെ കാറ്റുകൊണ്ട് പെരുന്നാളും ഓണോം ആഘോഷിച്ച് തിറയും ഉത്സവവും കണ്ട് അങ്ങനെ അങ്ങനെ…” രാമദാസത്രയും പറഞ്ഞത് അബൂട്ടിയോടായിരുന്നില്ല, അവനോടു തന്നെയായിരുന്നു.’
പ്രവാസം-എം മുകുന്ദന്‍

തിരിച്ചുപോകാന്‍ വെമ്പുന്ന ഓരോ പ്രവാസിയുടെയും മനസാണ് മുകുന്ദന്‍ തന്റെ നോവലില്‍ എഴുതിവെച്ചത്. മുകുന്ദന്റെയും ബെന്യാമിന്റെയും നോവലുകളില്‍നിന്ന് മലയാളികളുടെ പ്രവാസാനുഭവങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. എങ്കില്‍പോലും ഗള്‍ഫിലേക്കു കുടിയേറുന്നവരില്‍ നവപ്രവാസികളിലെ മഹാഭൂരിപക്ഷത്തിന്റെയും മനോഗദങ്ങള്‍ തന്നെയാണ് മുകുന്ദന്‍ പകര്‍ത്തിയത്. കാത്തുവെച്ചതോരോന്നും അപഹരിക്കപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യുകയും ചാകാന്‍ കിടക്കുന്നവര്‍ പോലും കൊണ്ടുവരുന്ന പെട്ടിയുടെ കനം ഉറ്റുനോക്കുകയും പെങ്ങന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കുംവേണ്ടി ഉരുകിത്തീര്‍ന്ന് നാടുപിടിക്കാന്‍ നോക്കുമ്പോഴേക്കും അബൂട്ടിയെപ്പോലെ ചുമലുകള്‍ ചുരുങ്ങുകയും മുഖം കരുവാളിക്കുകയും ചെയ്യുന്ന സൂക്കേടുകളുടെ ഒരുപാട് ഭാണ്ഡങ്ങള്‍ ശരീരത്തില്‍ പേറുകയാണ് പ്രവാസി. ഉരുകുന്ന വെയിലില്‍ കെട്ടിട നിര്‍മാണപ്പണിയെടുക്കുന്നവരുടെ മുഖം കരുവാളിക്കുകയായിരുന്നുവെങ്കില്‍ തണുത്തുവിറക്കുന്ന എ സി മുറിയില്‍ ചടഞ്ഞിരുന്ന് ജോലി ചെയ്യുന്നവരുടെ പള്ള വീര്‍ക്കുകയും ഷുഗറും കൊളസ്‌ട്രോളും പെരുകി മരുന്നുകളുടെ തോഴനാവുകയും ചെയ്യുന്നുണ്ട്.
അനുഭവങ്ങളുടെ ആണ്ടുകള്‍ പിന്നിടുമ്പോഴും നാട്ടിലേക്കു തിരിക്കുന്ന പ്രവാസിയുടെ കരുതല്‍ധനം ശൂന്യമാണ്. സമ്പാദ്യം മാത്രമല്ല, നാട്ടിലെത്തിയാല്‍ ഉപജീവനത്തിന് ആശ്രയിക്കാവുന്ന ഒന്നിനെപ്പറ്റിയും ഒന്നുമറിയാത്തവരാണ്, ആലോചിക്കാത്തവരാണ് നല്ലപങ്കും. നമ്മുടെ നാടല്ലേ എന്തെങ്കിലുമൊക്കെ ചെയ്യാമെന്ന അമിത ആത്മവിശ്വാസത്തിനപ്പുറം നീക്കിവെപ്പുകളില്ലാത്തവര്‍. അല്ലെങ്കില്‍ എന്ത് ആസൂത്രണം ചെയ്യാന്‍. ഗള്‍ഫില്‍ വന്നത് ആസൂത്രണത്തോടെയായിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ വന്നു, ഇത്രയുമെത്തി. തിരിച്ചുപോയാലും അങ്ങനെന്തെങ്കിലും സംഭവിക്കും എന്ന ആത്മബോധ്യങ്ങള്‍. അവസാനിപ്പിച്ചു മടങ്ങിയവര്‍ അധികം കാലം കഴിയും മുമ്പേ തിരിച്ചു വരുന്നത്, വരേണ്ടി വരുന്നത് അര്‍ഥത്തില്‍ അധികപേരുടെയും കണ്ണു തുറപ്പിച്ചിട്ടില്ല. സഊദി അറേബ്യയിലെ നിതാഖാത്, ഇതര ഗള്‍ഫ് നാടുകളിലെ സ്വദേശിവത്കരണ നയങ്ങള്‍, ഗള്‍ഫിനെയാകെ ബാധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം, ഇപ്പോഴിതാ കൊറോണ. ഇങ്ങനെ പ്രതിസന്ധിയുടെ ഘട്ടങ്ങള്‍ ഓരോന്നും കടന്നുപോകുമ്പോഴും ആയിരങ്ങള്‍ക്കാണ് നാട്ടിലേക്കു മടങ്ങേണ്ടി വരുന്നത്.
ഔദ്യോഗിക സര്‍വേ റിപ്പോര്‍ട്ടുകളെല്ലാം ഗള്‍ഫ് പ്രവാസികളുടെ തിരിച്ചുപോക്ക് സ്ഥിരീകരിക്കുന്നുണ്ട്. കൊറോണാനന്തര കാലത്ത് പ്രവാസികളുടെ മടക്കം വലിയ തോതില്‍ വര്‍ധിക്കുമെന്നുറപ്പ്. നാലോ അഞ്ചോ വര്‍ഷം കൊണ്ടാണ് അതിന്റെ ആഘാതം നമുക്ക് അറിയാനാവുക. ഗള്‍ഫ് ഒന്നാകെ അടച്ചുപൂട്ടപ്പെടുമെന്നോ തൊഴില്‍ സാഹചര്യം പാടേ ഇല്ലാതാകുമെന്നോ അല്ല. പുതിയ അവസരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. പുതിയ ആളുകള്‍ വരുകയും ചെയ്യും. പക്ഷേ പോക്കുവരവിന്റെ തോതില്‍ തിരിച്ചുപോക്ക് മുന്തിനില്‍ക്കും. കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം 2014വരെ ഗള്‍ഫിലേക്കുള്ള ചേക്കേറ്റം ഉയര്‍ച്ചയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കുത്തനെ താഴോട്ടാണ്. തിരിച്ചുപോകാന്‍ തയാറായി വന്നവരാണ് മുഴുവന്‍ ഗള്‍ഫ് മലയാളികളും. എങ്കില്‍പോലും സമയം നിശ്ചയിക്കുകയോ തയാറെടുക്കുയോ ചെയ്യാതെയിരുന്നവര്‍ക്കു മുന്നിലാണ് തൊഴില്‍നഷ്ട ഭീഷണി വന്നുനില്‍ക്കുന്നത്. സ്വയം തിരിച്ചുപോകാന്‍ തീരുമാനിക്കുന്നവരാകട്ടെ വേണ്ടത്ര ആസൂത്രണങ്ങളോ മുന്നൊരുക്കമോ നടത്തുന്നില്ല. സാഹചര്യങ്ങള്‍ കുടുസാവുകയും അന്തരീക്ഷം അസുഖകരമാവുകയും ചെയ്യുന്ന ഘട്ടത്തിലെങ്കിലും തിരിച്ചുപോവുക എന്നത് ഒരു ആസൂത്രിത പദ്ധതിയായി പ്രവാസി പരിഗണിക്കേണ്ടതുണ്ട്.

ഗള്‍ഫിലെ പ്രവാസികള്‍
കേരളത്തില്‍ നിന്നുള്ള പ്രവാസികളെ സംബന്ധിച്ച് ഏകദേശ ധാരണകള്‍ തരുന്നത് കേരള മൈഗ്രേഷന്‍ സര്‍വേയാണ്. സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) ആണ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ പ്രവാസികളെക്കുറിച്ച് പഠനം നടത്തുന്നത്. പോപ്പുലേഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ള സാംപിള്‍ / റാന്റം സര്‍വേ ആയതിനാല്‍ വിവരങ്ങള്‍ സൂക്ഷ്മമായിരിക്കില്ല. എന്നാല്‍ പൊതുസ്ഥിതി മനസിലാക്കാന്‍ സാധിക്കുന്നു. ഒടുവില്‍ 2018ലാണ് കേരള മൈഗ്രേഷന്‍ സര്‍വേ (കെഎംഎസ്) നടന്നത്. ഇതനുസരിച്ച് 21,21,887 പ്രവാസിമലയാളികളാണ് വിദേശ രാജ്യങ്ങളിലുള്ളത്. ഇതില്‍ 18,93,752 പേരും ഗള്‍ഫിലാണ്. അഥവാ 89.2 ശതമാനവും. 2016ല്‍ 20,35,446 പേര്‍ ഗള്‍ഫിലുണ്ടായിരുന്നു. 2018ലെത്തിയപ്പോള്‍ 141,694 പേരുടെ കുറവുണ്ടായി.
2014വരെ ഗള്‍ഫിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ഉയര്‍ന്നുകൊണ്ടേയിരുന്നപ്പോള്‍ 2015നു ശേഷം താഴേക്കു വരികയാണ്. രണ്ടു വര്‍ഷത്തിനിടെ ഒന്നരലക്ഷം പേരുടെ കുറവ് സര്‍വേ രേഖപ്പെടുത്തുമ്പോള്‍ ഫലത്തില്‍ ജോലി നഷ്ടപ്പെട്ടു തിരിച്ചുപോകേണ്ടി വന്നവര്‍ ഇതിന്റെ ഇരട്ടിയോളം വരും. ഈ സമയം പുതുതായി ജോലി തേടി അത്രയും പേര്‍ അങ്ങോട്ടു ചേക്കേറുകകൂടി ചെയ്തതു ഉള്‍പ്പെടുത്തിയാണ് ആകെ എണ്ണം കണക്കാക്കുന്നത്. ഗള്‍ഫ് മലയാളികളില്‍ 39.1% യുഎഇയിലും 23% പേര്‍ സഊദിയിലുമാണ്. ഒമാന്‍ 8.6, കുവൈത്ത് 6.0, ബഹ്‌റൈന്‍ 3.8, ഖത്വര്‍ 8.7 ശതമാനം വീതമാണ് സാന്നിധ്യം. സഊദിയില്‍ നടപ്പിലാക്കിയ നിതാഖാതാണ് കൂടുതലല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടത്തിനിടയാക്കിയത്. അഥവാ തിരികെ പോയവരില്‍ നല്ലപങ്കും സഊദിയില്‍നിന്നുള്ളവരാണ്. 2020ലെത്തുമ്പോള്‍ ജോലിനഷ്ടപ്പെട്ട് മടങ്ങിയവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടാകും. ഒപ്പം, പുതുതായി ജോലിതേടി ഗള്‍ഫിലേക്കു ചേക്കേറുന്നവര്‍ ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.
ഗള്‍ഫ് പ്രവാസികളുടെ കണക്കിലെ ചില വിവരങ്ങള്‍കൂടി നമ്മുടെ സാമൂഹിക, സാമ്പത്തിക വിശകലനങ്ങളില്‍ പ്രധാനമാണ്. 19.1% പ്രവാസികളും മലപ്പുറം ജില്ലിയില്‍നിന്നുള്ളവരാണ്. രണ്ടാംസ്ഥാനം കണ്ണൂരിനാണ് 11.8%. തൃശൂര്‍, കൊല്ലം ജില്ലകള്‍ 11.4%, 11.3% വീതവും. ബാക്കി ജില്ലകള്‍ പത്തു ശതമാനത്തില്‍ താഴെയാണ്. ഇടുക്കി, എറണാകുളം ജില്ലകളില്‍നിന്നാണ് ഏറ്റവും കുറവ്, 1.6%, 2.5%. ഗള്‍ഫിലുള്ള മതസമുദായങ്ങളില്‍ 41.7 ശതമാനവും മുസ്‌ലിംകള്‍ ആണ്. ഹിന്ദു 34.7, ക്രിസ്ത്യന്‍ 23.6 ശതമാനം വീതവും. അഥവാ ഗള്‍ഫ് പ്രവാസത്തിനു സംഭവിക്കുന്ന ആഘാതങ്ങള്‍ സാമൂഹിക വിഭാഗങ്ങളെ സ്വാധീനിക്കാന്‍ പോകുന്നത് ഈ അനുപാതത്തിലായിരിക്കുമെന്നര്‍ഥം. മറ്റൊന്ന്, പ്രായവും വിദ്യാഭ്യാസവുമാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന 46.4 ശതമാനവും 31നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. 16-30 പ്രായത്തിലുള്ളവര്‍ 25.3 ശതമാനവും. അഥവാ 71.7 ശതമാനം പ്രവാസികളും 16നും 45നും ഇടയിലുള്ളവരാണ്. 46നും 60നുമിടയില്‍ പ്രായത്തിലുള്ളവര്‍ 20.9 ശതമാനം മാത്രമാണ്. നമ്മുടെ നാടിന്റെ യുവത്വമാണ് പ്രവാസികളില്‍ സിംഹഭാഗവും. ദുര്‍ബലതകള്‍ നാടിന്റെ നാളെയെത്തന്നെ തൊടും. വ്യക്തിപരമായി ഒരുപാടുകാലം ഇനിയും ജോലി ചെയ്യേണ്ട വിഭാഗംകൂടിയാണിവരെന്നു ചുരുക്കം. ഗള്‍ഫ് മലയാളികളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം മാത്രമുള്ളവരാണ് കൂടുതല്‍, 37.8% ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഉള്ളവര്‍ 13.1% ഇരു വിഭാഗം കൂടി ചേര്‍ന്നാല്‍ 50% കടക്കും. ബിരുദവും അതിനു മുകളിലും വിദ്യാഭ്യാസമുള്ളവര്‍ 29.1% മാത്രമാണ്. തിരിച്ചെത്തുന്നവരില്‍ അടിസ്ഥാനവിദ്യാഭ്യാസം മാത്രമുള്ളവരാണ് കൂടുതല്‍ എന്ന് തൊഴില്‍ രാഹിത്യത്തിന്റെ ആഴം കൂട്ടും.

തൊഴില്‍ നഷ്ടവും മടക്കവും
ഗള്‍ഫ് തൊഴില്‍ നഷ്ടത്തിന്റെ സ്ഥിതി വിവരങ്ങള്‍ ആപേക്ഷികവും അപൂര്‍ണവുമാണ്. ഗള്‍ഫില്‍നിന്ന് നിരവധി പേര്‍ പല കാരണങ്ങളാല്‍ മടങ്ങുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ അടുത്തകാലത്തായി വര്‍ധിച്ചിട്ടുമുണ്ട്. സാമ്പത്തിക മാന്ദ്യവും സ്വദേശിവത്കരണവുമാണ് മടക്കത്തിന്റെ ആക്കം കൂട്ടിയത്. അതോടൊപ്പം പുതിയ കുറേ പേര്‍ക്ക് ഗള്‍ഫില്‍ തൊഴില്‍ ലഭിക്കുന്നുമുണ്ട്. സാമ്പത്തിക മാന്ദ്യം നേരിട്ട 2008-2010 കാലയളവില്‍ നിരവധി പേര്‍ക്ക് തിരിച്ചുപോരേണ്ടി വന്നു. 2008 മുതല്‍ 2013 വരെയുള്ള കാലയളവിലും മടങ്ങി വരുന്നവരില്‍ വര്‍ധനയുണ്ടായി. എന്നാല്‍ 2018ല്‍ ഇത് മുന്‍കാലങ്ങളെക്കാള്‍ അല്‍പം കുറഞ്ഞു. 2018ല്‍ അരലക്ഷം പേര്‍ തിരിച്ചുപോയെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. തിരിച്ചുപോകുന്നവരില്‍ ഭൂരിഭാഗവും (29.4%) അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെട്ടു വരുന്നവരാണ്. അസുഖത്തെത്തുടര്‍ന്ന് മടങ്ങുന്നവര്‍ 14.4%വും കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വരുന്നവര്‍ 11.8%വും ഉണ്ട്. ശമ്പളം കുറഞ്ഞതുമൂലം മടങ്ങുന്നവര്‍ 7.6% ആണ്. സ്വമേധയാ വിരമിക്കുന്നവര്‍ 7.2% വും. ഇതില്‍ കേരളത്തില്‍ ജോലി കണ്ടെത്തി മടങ്ങുന്നവര്‍ 7.3% ശതമാനം മാത്രമാണ്. അഥവാ ശേഷിക്കുന്ന ബഹുഭൂരിഭാഗവും പ്രവാസത്തില്‍ നിന്നു മടങ്ങുമ്പോള്‍ തൊഴിലോ സംരംഭമോ തുടങ്ങാന്‍ തയാറെടുത്തവരല്ല. അസുഖം വന്ന് മടങ്ങുന്നവരില്‍ 19.5%നും ശരീരവേദനയാണ് കാരണം. അപകടങ്ങള്‍ 12.4%, പ്രമേഹം 7.6%, അലര്‍ജി 9.3%, കിഡ്‌നി തകരാര്‍ 6.9% വീതവും ആണ്. കൊറോണാനന്തരം കൂടുതല്‍ പേര്‍ക്ക് ഗള്‍ഫില്‍ ജോലി നഷ്ടപ്പെടുമെന്നുതന്നെയാണ് രാഷ്ട്രീയ, സാമ്പത്തിക വിദഗ്ധരുടെ നിഗമനങ്ങള്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും തൊഴില്‍ രംഗത്ത് കടുത്ത നടപടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ കുറയുകയും ചെയ്യും. ഇതൊരു സ്ഥിരസ്വഭാവം അല്ലെങ്കില്‍ക്കൂടി തിരിച്ചുവരാന്‍ വര്‍ഷങ്ങളെടുക്കും.

പുനരധിവാസം
പ്രവാസജീവിതത്തില്‍നിന്ന് നാട്ടിലേക്കു മടങ്ങിയ ശേഷമുള്ള കരിയര്‍ സ്വയം കണ്ടെത്തുകയും ആസൂത്രണം ചെയ്യുകയും ആണ് വേണ്ടത്. ഏതുസമയത്തും മടങ്ങേണ്ടി വരും എന്ന ധാരണ അതിശക്തമായി പുലര്‍ത്തണം. എങ്കില്‍ അപ്രതീക്ഷിത മടക്കം എന്നത് പ്രസക്തമല്ലാതാകും. ഗള്‍ഫില്‍ വന്ന് നാലോ അഞ്ചോ വര്‍ഷത്തിനകം ഉണ്ടാകുന്ന തൊഴില്‍ നഷ്ടത്തെഒക്കെ മാത്രമേ അപ്രതീക്ഷിതം എന്നു വിലയിരുത്താന്‍പോലും സാധിക്കൂ. അഞ്ചു വര്‍ഷത്തിനുശേഷം സംഭവിക്കുന്ന ഏതുമടക്കവും പ്രവാസികള്‍ക്ക് പ്രീപ്ലാന്‍ഡ് ആകണം. അഥവാ ആസൂത്രണം കൈവശമുണ്ടായിരിക്കണമെന്നര്‍ഥം. പ്രവാസി പുനരധിവാസം എന്നത് ഓരോ പ്രവാസിയും സ്വയം നിര്‍വഹിക്കേണ്ടതാണ്. സര്‍ക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും മറ്റും പുനരധിവാസ പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ഭാവി പ്രതിസന്ധിയിലാക്കും. നമുക്കില്ലാത്ത ജാഗ്രത നമുക്കുവേണ്ടി അപരര്‍ ഉണ്ടാക്കണമെന്നു കരുതുന്നതില്‍ യുക്തിരാഹിത്യവുമുണ്ട്. സര്‍ക്കാര്‍ പക്ഷേ അതു നിര്‍വഹിക്കേണ്ടതല്ലേ എന്നു ചിന്തിക്കുന്നവരും വാദിക്കുന്നവരുമുണ്ട്. പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണവും അത് നാടിന്റെ സമ്പദ് വ്യവസ്ഥക്ക് കരുത്തു പകരുന്നതുമൊക്കെയാണ് അവകാശവാദങ്ങള്‍ക്ക് പിന്തുണയാകുന്ന ഘടകങ്ങള്‍. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ പാടേ അവഗണിക്കുന്നില്ല. സമീപകാലത്ത് പരിഗണന വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. ഓരോ ബജറ്റിലും പ്രവാസി പാക്കേജുകള്‍ക്കായി തുക നീക്കിവെക്കുന്നു. പക്ഷേ അവയെല്ലാം ആശ്വാസ പാക്കേജുകള്‍ മാത്രമാണ്. പലിശയധിഷ്ഠിതമായ വായ്പാ പദ്ധതികളാണ്.
ലക്ഷക്കണക്കിനു തൊഴില്‍ രഹിതരുടെ പുനരധിവാസത്തിന് ഫലപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത അവസ്ഥയെയാണ് സര്‍ക്കാറുകള്‍ നേരിടുന്നത്. നാട്ടില്‍ സര്‍ക്കാരിതര മേഖലയില്‍ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിനു പൗരന്‍മാര്‍ക്ക് ഒരു തരത്തിലുള്ള ആശ്വാസവും നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പതിറ്റാണ്ടുകളായി നല്‍കിവന്ന പെന്‍ഷന്‍ പോലും ഇപ്പോള്‍ കോണ്‍ട്രിബ്യൂട്ടറി സ്വഭാവത്തിലേക്കു മാറ്റി. അപ്പോഴാണ്, കൂടുതല്‍ വരുമാനം പ്രതീക്ഷിച്ച് (സമ്പാദിച്ചും) പുറംനാട് തിരഞ്ഞെടുത്തവരുടെ പുനരധിവാസ പ്രശ്‌നം സ്റ്റേറ്റിന്റെ മുന്നില്‍ വരുന്നത്. അതുകൊണ്ടു തന്നെ പ്രവാസികള്‍ ഒരു രാഷ്ട്രീയ പ്രശ്‌നമായി സര്‍ക്കാരുകള്‍ക്കു മുന്നിലുള്ളതിനാല്‍ ആശ്വാസ പാക്കേജുകളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെങ്കിലും നാട്ടിലേക്കു തിരിച്ചെത്തിയാല്‍ ചെയ്യേണ്ട ജോലി, കച്ചവടം, വ്യവസായം എന്നിവയും സാമൂഹിക ജീവിതം സംബന്ധിച്ചും പ്രവാസി തന്നെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തണം. അതിനു സഹായകുമാകുന്ന ചില ഉപായങ്ങള്‍ പരിശോധിക്കാം.

എക്‌സിറ്റ് പിരീഡ്
ഓരോരുത്തരും തീര്‍പ്പിലെത്തേണ്ടതില്‍ ഒന്നാമത്തേത്, തിരിച്ചു പോക്കിന്റെ സമയമാണ്. പ്രവാസികളില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങളായിരിക്കും. മുന്‍ഗണനാക്രമപ്രാകാരം ലക്ഷ്യപൂര്‍ത്തീകരണത്തിന്റെ ഘട്ടങ്ങള്‍ നിശ്ചയിക്കേണ്ടതുണ്ട്. ഈ ഘട്ടങ്ങളത്രയും അതിസൂക്ഷ്മമായ സാമ്പത്തിക വിനിയോഗം പാലിച്ചില്ലെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ താത്പര്യങ്ങള്‍ നിവര്‍ത്തിക്കാന്‍ സാധിക്കാതെ വരും. അഭിലാഷപൂര്‍ത്തീകരണങ്ങളുടെതാണ് പ്രവാസത്തിന്റെ രണ്ടാംപാദം. കുറേക്കൂടി സ്വസ്ഥവും ആശ്വാസകരവുമായ ഈ ഘട്ടത്തിന് കാലാവധി നിശ്ചയിച്ച് തിരിച്ചുപോക്ക് നിര്‍ണയിക്കാം. ഒന്നാംപാദവും രണ്ടാംപാദവും പിന്നിട്ടിട്ടും ഇവിടെയും അവിടെയും വലിയ കുഴപ്പങ്ങളൊന്നുമില്ല, ഗള്‍ഫില്‍ മോശമല്ലാത്ത ജോലിയും വരുമാനവും ഉണ്ട്. പിന്നെന്തിനു മടങ്ങിപ്പോകണമെന്നു ചിന്തിച്ചു തുടരുന്നവരുണ്ട്.
പ്രയോരിറ്റിപ്പട്ടികയിലെ ഒന്നാംപാദം പിന്നിട്ടു കഴിഞ്ഞാല്‍ അഥവാ അല്‍പം ശ്രമകരമായ ബാധ്യതാനിര്‍വഹണകാലത്തിനു ശേഷം നല്ല സമയത്തുതന്നെ പ്രവാസം മതിയെന്നു വെക്കുന്നവരുണ്ട്. നല്ല തീരുമാനമാണിത്. പക്ഷേ മുന്‍കരുതലുകളില്ലാതെ എടുത്തുചാടുന്നവര്‍ക്ക് അതേവേഗതയില്‍ തിരികെ വിമാനം പിടിക്കേണ്ടി വരും. രണ്ടാംഘട്ടം പിന്നിട്ടു നാട്ടില്‍പോകുന്നവര്‍ക്കും ആസൂത്രണമില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവവരും. ഈ വിഭാഗക്കാര്‍ക്ക് ഒന്നാംപാദത്തില്‍ തിരിച്ചു പോയവരേക്കാള്‍ ആഘാതം കനത്തതായിരിക്കും. കാരണം അഭിലാഷനിര്‍വഹണങ്ങളുടെ രണ്ടാംഘട്ടത്തില്‍ സ്വാഭാവികമായും വീടും വാഹനവും മറ്റു ആസ്തികളും ബാധ്യതകളും ഉണ്ടാകും. കരുതലില്ലാത്ത മടക്കം അവയുടെ മെയിന്റനന്‍സിനും നടത്തിപ്പിനും പ്രയാസങ്ങളുണ്ടാക്കും. ക്രമേണ ആസ്തികള്‍ വില്‍പന നടത്തേണ്ട സ്ഥിതിയുണ്ടാക്കും. ചുരുക്കത്തില്‍ തിരിച്ചുപോക്ക് എപ്പോഴാകാം എന്നതു സംബന്ധിച്ചുള്ള ദീര്‍ഘനിശ്ചയം പ്രവാസം കരുതലോടെയാകാന്‍ സഹായിക്കും. കരുതലില്ലാത്തവര്‍ സ്വാഭാവികമായ പരാജയത്തിലേക്കുവീഴും.
അതിസൂക്ഷ്മ കരുതല്‍
സമയം നിശ്ചയിച്ച് പ്രവാസം നയിക്കുന്ന ഓരോ ഘട്ടത്തിലും ഓരോ മാസവും ദിവസവും കൃത്യമായ വിനിയോഗ ആസൂത്രണം വേണ്ടതുണ്ട്. ഇത് വരുമാനം കൂടുതലുള്ളവരും അരിഷ്ടിച്ച് ജീവിക്കുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. അടിപതറുമ്പോള്‍ വലിയ ആഘാതങ്ങളുണ്ടാകുന്നത് വരുമാനവും സമ്പാദ്യവും കൂടുതലുള്ളവര്‍ക്കായിരിക്കും എന്ന് പ്രത്യേകം ഓര്‍ക്കണം. വളരെ അളന്നു മുറിച്ചുള്ള ജീവിതം വ്യവഹാരം അസാധ്യമാണെങ്കില്‍കൂടി അല്‍പം അയഞ്ഞതെങ്കിലും മിനിമം സുരക്ഷിതത്വം ലക്ഷ്യംവെച്ചുള്ള കരുതലാണ് വേണ്ടത്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുക, കുടുംബത്തിലെ അത്യാവശ്യ ചുമതലകള്‍ നിര്‍വഹിക്കുക, വീട് ഉള്‍പ്പെടെയുള്ള അനിവാര്യതകള്‍ പൂര്‍ത്തിയാക്കുക ഈ രീതിയില്‍ പ്രവാസികള്‍ തങ്ങളുടെ പ്രയോരിറ്റികള്‍ നിശ്ചയിക്കണം. ഏതു അത്യാവശ്യങ്ങള്‍ക്കൊപ്പവും പ്രവാസത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ചെറിയ സമ്പാദ്യം ശീലമാക്കിയാല്‍ അത് വലിയ ഫലം ചെയ്യും. വിശ്വാസ്യത ഉറപ്പു വരുത്താവുന്ന ചെറുകിട നിക്ഷേപ പദ്ധതികള്‍, കുറിപോലുള്ള പദ്ധതികള്‍, മാസത്തില്‍ നിശ്ചിത ഗ്രാം വീതം സ്വര്‍ണം സ്വന്തമാക്കല്‍, ബേങ്ക് ഡെപ്പോസിറ്റ് തുടങ്ങിയ മാര്‍ഗങ്ങളില്‍ വരുമാനത്തിന്റെ പത്തോ ഇരുപതോ ശതമാനം കരുതിവെക്കാന്‍ സന്നദ്ധമാകണം.
അവശ്യ നിര്‍വഹണങ്ങള്‍ കഴിഞ്ഞാല്‍ പ്രവാസികള്‍ മോടിപിടിപ്പിക്കലിലേക്കു (വീട്, വാഹനം…) കടക്കുന്നതിനു പകരം ചെറുതെങ്കിലും ഒരു ആസ്തി സ്വന്തമാക്കുന്നതിലാണ് ശ്രദ്ധവെക്കേണ്ടത്. ഭൂമിയോ സ്വര്‍ണമോ മറ്റെന്തെങ്കിലും സുരക്ഷിത സമ്പാദ്യം ഉറപ്പുവരുത്താനായാല്‍ മടക്കം എപ്പോള്‍ സംഭവിച്ചാലും ധൈര്യമായി നേരിടാന്‍ സാധിക്കും. കരുതിവെപ്പ് കുറച്ചുകൂടി ആസൂത്രിതമായാല്‍ ഒറ്റയ്‌ക്കോ സുഹൃത്തുക്കള്‍ ചേര്‍ന്നോ ചെറുകിട നിക്ഷേപപദ്ധതികള്‍, കൃഷി, വ്യവസായങ്ങള്‍ എന്നീ പദ്ധതികളും മികച്ച പദ്ധതികളില്‍ നിക്ഷേപവും ആകാം. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ ഈ മേഖലകളില്‍ ജോലിയും വരുമാനവും പ്രതീക്ഷിക്കാം. ചില പരീക്ഷണങ്ങള്‍ക്കെങ്കിലും അവസരമുണ്ടാകും. മടങ്ങി വരുന്നവരില്‍ പലരും ഉള്ള പണം ഉപയോഗിച്ച് ഫാന്‍സി, ഫൂട് വെയര്‍, മിനി സൂപ്പര്‍മാര്‍ക്കറ്റ്, റസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നു. ആസൂത്രണത്തിന്റെ അഭാവം കാരണം ഭൂരിഭാഗവും രണ്ടോ മൂന്നോ വര്‍ഷത്തിനകം അടച്ചുപൂട്ടേണ്ടി വരികയാണ്. ചിലരാകട്ടേ ഒരുതരം സംരംഭങ്ങള്‍ക്കും ശ്രമിക്കാതെ താരതമ്യേന നിക്ഷേപം കുറഞ്ഞ ഓട്ടോറിക്ഷ പോലുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുകയോ മറ്റു തൊഴിലെടുക്കുകയോ ചെയ്യുന്നു. അവസരം കിട്ടിയാല്‍ ഗള്‍ഫിലേക്കു തന്നെ തിരിച്ചുപോകണം എന്ന മനോഭാവം പുലര്‍ത്തുന്നവര്‍ ഇവിടെ സുസ്ഥിരമായ പദ്ധതികളില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. മടങ്ങിവന്ന് നാട്ടില്‍ സ്വയം തൊഴില്‍ സംരംഭങ്ങളെക്കുറിച്ച് ആലോചിക്കുന്നവര്‍ക്കുണ്ടാകേണ്ട ഉറപ്പ്, അവിടെ സ്ഥിരമായി നില്‍ക്കും എന്നാണ്.

ഗള്‍ഫല്ല നാട്
തിരിച്ചു പോകാന്‍ ആലോചിക്കുന്നവര്‍ സ്വന്തം മനസിനെ പാകപ്പെടുത്തേണ്ടത്, നാട് ഗള്‍ഫല്ല എന്നാണ്. ഗള്‍ഫിനെപ്പോലെ കേരളം വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഷോപിംഗ് മാളുകളും സൂപര്‍മാര്‍ക്കറ്റുകളും കണ്‍വെന്‍ഷന്‍ സെന്ററുകളും ഐ ടി പാര്‍ക്കുകളുമെല്ലാം ഉണ്ട്. പക്ഷേ നാട്ടിലെ സാമ്പത്തിക സാഹചര്യവും വേതന വ്യവസ്ഥയും ചെറുതാണ്. ഗള്‍ഫില്‍ 2500 ദിര്‍ഹം/റിയാല്‍ ശമ്പളം ശരാശരി മിനിമം ആണ്. ഈ തുക ഇവിടെ ഏകദേശം 50,000 രൂപയായി. 5000 ദിര്‍ഹം ശമ്പളം പറ്റുന്നവര്‍ക്ക് ഒരു ലക്ഷം രൂപയോടടുത്ത് വേതനം ലഭിക്കുന്നു. എന്നാല്‍ നാട്ടിലെ വേതനഘടന ഇതിന്റെ പകുതിയോളമേ വരൂ. ഗള്‍ഫിനെ അപേക്ഷിച്ച് നാട്ടില്‍ ചെലവു കുറവുണ്ട്. എങ്കില്‍ പോലും ഗള്‍ഫില്‍ താരതമ്യേന ചെറിയ ജോലി ചെയ്താല്‍ കിട്ടുന്ന വേതനം നാട്ടില്‍ കിട്ടണമെന്നില്ല. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുകയും അതിനോട് കൃത്യം പൊരുത്തപ്പെടാനുള്ള മനസ് രൂപപ്പെടുത്തുകയും ചെയ്താലേ നാട്ടില്‍ തുടരാന്‍ സാധിക്കൂ. അല്ലെങ്കില്‍ കനത്ത മാനസിക, സാമ്പത്തിക സമ്മര്‍ദം ഉണ്ടാക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യും. അതേസമയം നാട്ടില്‍ ലഭിക്കുന്ന വരുമാനത്തിനനുസരിച്ചുള്ള ജീവിതരീതികളും ചെലവുകളും ക്രമീകരിക്കാന്‍ സാധിച്ചാല്‍ മുന്നോട്ടുപോകാനാകും.

മടങ്ങാം പ്രതീക്ഷയോടെ
തയാറെടുപ്പുകള്‍പോലെ പ്രതീക്ഷകളും ശുഭാപ്തി വിശ്വാസവും കൊണ്ട് സന്തോഷത്തോടെ നാട്ടിലേക്കു മടങ്ങാനാകും. നാട്ടില്‍ അവസരങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. കൃഷിയും ചെറുകിട ഉത്പാദന വ്യവസായങ്ങളും സേവന സംരംഭങ്ങളുമായി വഴികള്‍ തുറന്നുകിടപ്പുണ്ട്. ആസൂത്രണവും അര്‍പ്പണബോധവുമുണ്ടെങ്കില്‍ തീര്‍ച്ചയായും വിജയിക്കാനാകും. ഇപ്പോഴും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചു കഴിയുന്ന കേരളത്തിന് സ്വയം പര്യാപ്തതയുമായ ശോഭന ഭാവി നിര്‍ണയിക്കേണ്ടതും നിര്‍വഹിക്കേണ്ടതും തിരിച്ചുപോകുന്ന പ്രവാസികളാണ്.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

One Comment on “കുടിയേറ്റ മലയാളികള്‍ക്ക് തിരിച്ചുപോകാം”

Leave a Reply

Your email address will not be published. Required fields are marked *