കൊറോണക്കൊപ്പം പടര്‍ത്തിയ മുസ്ലിം വിരുദ്ധ വൈറസുകള്‍

Reading Time: 8 minutes

ഇന്ത്യ എങ്ങനെയാണ് ഇസ്‌ലാമോ ഫോബിയയുടെ
വിളഭൂമി ഒരുക്കിയതെന്ന് പുതിയ സാഹചര്യങ്ങള്‍
അടിസ്ഥാനപ്പെടുത്തി നിരീക്ഷിക്കുന്നു.


രിതിക ജൈന്‍

വിവര്‍ത്തനം: എ.എം ലുഖ്മാന്‍ എടപ്പാള്‍

ഏപ്രില്‍ ആദ്യവാരത്തില്‍, ദക്ഷിണ ദല്‍ഹിയിലെ റിട്ടയര്‍ ചെയ്ത സുരക്ഷാ ഭടന്മാര്‍ക്കായി പണികഴിപ്പിച്ച സമൃദ്ധമായ ഡിഫന്‍സ് കോളനിയിലെ ഒരു കുടുംബത്തില്‍ മൂന്ന് അംഗങ്ങള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. അവര്‍ അതിന് തങ്ങളുടെ മുസ്‌ലിം സെക്യൂരിറ്റി ജീവനക്കാരനെ കുറ്റപ്പെടുത്തുകയും ചെയ്തു.
രണ്ടുദിവസം കഴിഞ്ഞ് ഏപ്രില്‍ എട്ടിന്, ആ കുടുംബം തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ 3.5 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഹോട്ട്‌സ്‌പോട്ട് ആയ നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്തതായി പോലീസിനോട് പരാതി നല്‍കി.
അതേ ദിവസം തന്നെ അവിടത്തെ താമസക്കാരിലേക്ക് മുസ്തഖീം എന്നുമാത്രം അറിയപ്പെട്ട ആ കാവല്‍ക്കാരന്‍ ഒളിവില്‍ പോയതായി സംശയം പ്രകടിപ്പിച്ച് പ്രാദേശിക പോലീസ് സ്റ്റേഷനില്‍ നിന്ന് വാട്‌സാപ്പ് സന്ദേശം അയച്ചു. സ്റ്റേഷന്‍ ഓഫീസറുടെ ഫോണില്‍ നിന്ന് ലഭിച്ച സന്ദേശത്തില്‍ ‘അതുകൊണ്ട് എല്ലാവരും അല്പം കൂടെ ജാഗ്രതയോടെ മാത്രമേ നിങ്ങളുടെ വേലക്കാരുമായും ഡ്രൈവര്‍മാരുമായും പാറാവുകാരുമായും ഇടപഴകാവൂ’ എന്ന് അറിയിച്ചു.
ഈ വാട്‌സാപ്പ് സന്ദേശത്തിന് ഒരാഴ്ച മുമ്പ്, അതായത് ഏപ്രില്‍ ഒന്നിന്, വിദഗ്ധരുടെ അഭിപ്രായപ്രകാരം രാജ്യത്ത് ആവശ്യത്തിന് ടെസ്റ്റുകള്‍ പോലും നടത്താതെ, കേവല ധാരണകളുടെ പുറത്ത് തബ്‌ലീഗ് സമ്മേളനം രാജ്യത്തെ പ്രധാന കോവിഡ് 19 വ്യാപന കേന്ദ്രമാണെന്ന വാദഗതിയുമായി ഗവണ്‍മെന്റ് മുന്നോട്ടുവന്നു.
പോസിറ്റീവ് കേസുകളുള്ള തബ്‌ലീഗ് കാരുടെ എണ്ണം വളരെ ഉയര്‍ന്നതായിരുന്നു. കാരണം അവിടെ പങ്കെടുത്ത 9000 ആളുകളെ പിന്തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. പക്ഷേ ഇതേ രീതി ശേഷം നടന്ന മറ്റു സാമൂഹിക ഒത്തുചേരല്‍ പരമ്പരകളില്‍ കണ്ടില്ല. രാജ്യവ്യാപകമായി മാര്‍ച്ച് 9നും 19നും ഇടയില്‍ ആയിരങ്ങള്‍ പങ്കെടുത്ത ചുരുങ്ങിയത് എട്ട് ക്ഷേത്ര ഉത്സവങ്ങള്‍ നടന്നു. അവസാനമായി ലോക്ക് ഡൗണ്‍ ലംഘിച്ച് ഇത്തരത്തിലുള്ള ഉത്സവം നടന്നത് ഏപ്രില്‍ 16 ന് കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ്. അവിടെയായിരുന്നു മാര്‍ച്ച് 10ന് ഇന്ത്യയിലെ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിക്കുന്നതും ഇപ്പോള്‍ ഹോട്ട്‌സ്‌പോട്ട് ആയി തുടരുന്നതും.
ഒറ്റദിവസംകൊണ്ട് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് 31ന് 12 മണിക്കൂറിനിടയില്‍ 17% ഉയര്‍ച്ച രേഖപ്പെടുത്തി (24 മണിക്കൂറിനിടെ 227 കേസുകള്‍). ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടിലെയും ന്യൂദല്‍ഹിയിലെയും 17, 24 മായി പുതിയ കേസുകള്‍ ഒറ്റദിവസംകൊണ്ട് വന്നപ്പോള്‍ മൊത്തം 1251 ആയി. ഏപ്രില്‍ 20ന് തബ്‌ലീഗ് കാരുടെ ടെസ്റ്റിന്റെ കണക്കുകള്‍കൂടെ ഉള്‍ക്കൊള്ളിച്ചപ്പോള്‍ 14,175 ആക്ടീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഏപ്രില്‍ എട്ടിന്, ഗവണ്‍മെന്റ് വൈറസ് വ്യാപനത്തെ തബ്‌ലീഗുമായി ബന്ധപ്പെടുത്തി ഏഴു ദിവസത്തിനുശേഷം, ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാം ഡയറക്ടര്‍ മൈക് റയാന്‍ സംഘടനയുടെ അതൃപ്തി രേഖപ്പെടുത്തി ‘ഇത് ശരിയായ രീതിയല്ല. കോവിഡ് 19 ആരുടെയും തെറ്റുകൊണ്ട് സംഭവിക്കുന്നതല്ല. ഓരോ കേസും ഓരോ വിക്റ്റിമാണ് അതുകൊണ്ട് മത, സാമുദായിക, വംശീയ തലങ്ങളിലൂടെ കേസുകളെ പ്രൊഫൈല്‍ ചെയ്യാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.’
പക്ഷേ പ്രൊഫൈലിങ് നടന്നു, പിന്നീട് വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കായിരുന്നു. ഗവണ്‍മെന്റിന്റെ മതാടിസ്ഥാനത്തിലുള്ള പ്രൊഫൈലിങ് ആരംഭിച്ചതിനുശേഷം ഗവണ്‍മെന്റ് അനുകൂല ടെലിവിഷന്‍ ചാനലുകളും സോഷ്യല്‍ മീഡിയയും ആ സമ്മേളനത്തില്‍ പങ്കെടുത്ത വരെയും മുസ്‌ലിം സമുദായത്തെ പൊതുവെയും മനഃപൂര്‍വം അസുഖം പടര്‍ത്തുന്നു എന്ന് കുറ്റപ്പെടുത്തി. മാര്‍ച്ച് 30 മുതല്‍ ഇരുപത്തി രണ്ട് ദിവസത്തിനകം ഗവണ്‍മെന്റ് മതമാനദണ്ഡത്തില്‍ ഉള്ള പ്രൊഫൈലിങ് എങ്ങനെ മുസ്‌ലിം ആരോഗ്യ പ്രവര്‍ത്തകരും രോഗികളുമടക്കം മുസ്‌ലിംകള്‍ക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ത്തി എന്നും അവരുടെ കച്ചവട സ്ഥാപനങ്ങളെ ഉപരോധിക്കുന്നു എന്നും ആര്‍ട്ടിക്കിള്‍ 14 ന്റെ ഫോറന്‍സിക് പഠനം വ്യക്തമാക്കുന്നുണ്ട്.
മീഡിയ സ്‌കാനര്‍ എന്ന വാര്‍ത്തകളുടെ സത്യാവസ്ഥ അന്വേഷിക്കുന്ന പ്ലാറ്റ്‌ഫോം ചുരുങ്ങിയത് മുസ്‌ലിംകള്‍ക്കെതിരെയുള്ള 69 വ്യാജ വീഡിയോകളും ഓണ്‍ലൈന്‍ ആക്ഷേപങ്ങളുടെ പിന്‍ബലത്തില്‍ അരങ്ങേറിയ ഇരുപത്തെട്ട് ആക്രമണങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് മൂന്നാമത്തെ ആഴ്ചക്ക് ശേഷം തെറ്റായ സന്ദേശങ്ങള്‍ കൂടുതല്‍ തുറന്നുകാട്ടപ്പെട്ടു എന്ന് മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജൊയോജീത് പാലും സംഘവും പറഞ്ഞു.
മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 12 വരെയുള്ള നിര്‍ണായകമായ ലോക്ക് ഡൗണിലേക്കുള്ള 30 ദിവസത്തെ കാലയളവില്‍ പ്രധാനമായും ലോക്ക്ഡൗണ്‍ സാധ്യതകളെ പറ്റിയും അണുബാധയെ പറ്റിയുമായിരുന്നു ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് എങ്ങനെ ക്രമേണ മുസ്‌ലിംകളിലേക്കും മതത്തിലേക്കുമത് പുരോഗമിച്ചുവെന്ന് പാലിന്റെ പഠനം വ്യക്തമാക്കുന്നുണ്ട്.
തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട ഈ സംഭവങ്ങള്‍ ഇപ്പോഴും ടോക്ക് പോയിന്റുകളായി രൂപപ്പെടുത്തുന്നുവെന്ന് ആള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റിന്റെ സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ പറയുന്നു. ‘ഒരു മഹാമാരിയില്‍ അതിന്റെ വ്യാപനത്തിനുള്ള മൂലകാരണം മനസിലാക്കല്‍ പ്രധാനപ്പെട്ടതാണ്. തബ്‌ലീഗ് സംഭവം ഒരു ഹോട്ട്‌സ്‌പോട്ട് ആയിരുന്നെങ്കിലും ഒരു സംഭവത്തെ വിശകലനം ചെയ്യുമ്പോള്‍ ഒരു പ്രത്യേക സമുദായത്തെ അധിക്ഷേപിക്കുന്നത് ആശങ്കാജനകമാണ്.
ഏപ്രില്‍ 19ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ഈ വിഷയത്തില്‍ സംസാരിച്ചു. അദ്ദേഹം ട്വീറ്റ് ചെയ്തു ‘കോവിഡ് ബാധിക്കുന്നത് മതവും വര്‍ഗവും വര്‍ണവും ഭാഷയും ജാതിയുമൊന്നും നോക്കിയിട്ടല്ല. അതുകൊണ്ട് നമ്മുടെ പ്രതികരണങ്ങളില്‍ സാഹോദര്യവും ഏകതയും മേളിക്കണം. നമ്മള്‍ ഒരുമിച്ചാണിതിനെ നേരിടുന്നത്.
നിര്‍ദാക്ഷിണ്യം ഇന്ത്യന്‍ മുസ്‌ലിംകളെ കോവിഡ് പരത്തുന്നവരായി അധിക്ഷേപ്പിച്ചും മാധ്യമങ്ങളിലൂടെ അവരെ തെറ്റായി ചിത്രീകരിച്ചും നടത്തുന്ന ഇസ്‌ലാംഭീതിയുടെ ക്യാംപയിനുകള്‍ക്കെതിരെ ഇന്ത്യയുടെ തന്നെ തന്ത്രപ്രധാന സഹകാരികള്‍ ആയ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് നേഷന്‍സ് എന്ന സംഘത്തിന്റെ വിമര്‍ശനം വന്ന ഉടനെയാണ് ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
മോദി ഗവണ്‍മെന്റും തല്‍പരകക്ഷികളും ചേര്‍ന്ന് തബ്‌ലീഗുകാരിലേക്ക് വിരല്‍ചൂണ്ടി ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നതിന്റെ 22 ദിവസത്തെ നമുക്ക് പരിശോധിക്കാം.
മാര്‍ച്ച് 29, അതിഥി തൊഴിലാളികളില്‍നിന്ന് ഉയര്‍ന്നുവന്ന കേസുകളിലേക്ക് ഫോക്കസ് മാറ്റുന്നു. മാര്‍ച്ച് 21 ഓടെ വിദേശത്തുനിന്ന് വന്ന മുഴുവന്‍ തബ് ലീഗ് പ്രവര്‍ത്തകരെയും തിരിച്ചറിഞ്ഞ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്ന് മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും അഭ്യന്തരമന്ത്രി സന്ദേശമയച്ചു. എയര്‍പോര്‍ട്ടുകളില്‍ കൃത്യമായ സ്‌ക്രീനിങ് നടത്താതെയാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത് എന്ന് ഏപ്രില്‍ 14ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും യഥാര്‍ഥത്തില്‍ അധികൃതരുടെ കൃത്യമായ അറിവോടുകൂടിയാണ് ഇവര്‍ രാജ്യത്ത് എത്തിയത്.
പെട്ടെന്നുള്ള 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ജോലിയും വീടും ഇല്ലാത്ത അതിഥി തൊഴിലാളികള്‍ സ്‌കൂട്ടറിലും സൈക്കിളിലും കാല്‍നടയുമായി എങ്ങനെ സ്വന്തം വീടണയാം എന്ന ഭീതിയില്‍ രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലൂടെ ഒഴുകുന്നതായിരുന്നു മാര്‍ച്ച് 29 വരെ മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പക്ഷേ, അന്ന് വൈകുന്നേരത്തോടെ കോവിഡ് ബാധിച്ചവരുടെ സംഖ്യ ഉയര്‍ന്നതായി വാര്‍ത്തകള്‍ വന്നു.
മാര്‍ച്ച് 30, ആദ്യത്തെ വ്യാജവാര്‍ത്ത പ്രചരിക്കുന്നു. നിസാമുദ്ദീന്‍ ഘടകത്തെ ആദ്യമേ കുറ്റപ്പെടുത്തിയില്ല. ഇതിന് പിന്നിലെ കുറ്റം കണ്ടെത്തുന്നത് വിലക്കിയ കേന്ദ്രം ഈ ഉയര്‍ച്ചക്കുള്ള യഥാര്‍ഥ കാരണം കൃത്യസമയത്ത് ഉത്തരവാദിത്വപ്പെട്ടവരോട് വിവരങ്ങള്‍ കൈമാറുന്നതിലുള്ള വീഴ്ചയും പൊതുജനങ്ങളുടെ പിന്തുണ ഇല്ലായ്മയുമായിരുന്നു എന്ന് പറഞ്ഞു.
എന്നാല്‍ മുഴുവന്‍ ഇന്ത്യന്‍ മുസ്‌ലിംകളെയും പ്രതിക്കൂട്ടിലാക്കി അവര്‍ മനഃപൂര്‍വം കൊറോണ വൈറസ് പരത്തുന്നു എന്ന രൂപത്തില്‍ പാത്രങ്ങള്‍ നക്കുന്ന വ്യാജ വീഡിയോകള്‍ കാണിച്ച് രാഷ്ട്രീയക്കാരും മാധ്യമ ഔട്ട്‌ലെറ്റുകളും ഒരുപാട് മുന്നോട്ട് പോയി.
അന്ന് വൈകുന്നേരം രണ്ട് ബിജെപി നേതാക്കള്‍ കോവിഡ് വ്യാപനത്തെ നിസാമുദ്ദീന്‍ മര്‍കസുമായി ബന്ധപ്പെടുത്തി. രാത്രി 9:20 ആകുമ്പോഴേക്കും ഗൗതം ഗംഭീര്‍ എന്ന കിഴക്കന്‍ ഡല്‍ഹി മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം നിസാമുദ്ദീനില്‍ ഒരുമിച്ചു കൂടിയ ജനങ്ങള്‍ എന്താണ് ആലോചിക്കുന്നതെന്ന് ചോദിച്ചു. ഒരു മണിക്കൂറിന്‌ശേഷം ബി. എല്‍ സന്തോഷ് എന്ന ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ മര്‍കസ് പുതിയ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചു.
പിന്നീട് മുഹമ്മദ് സഅദ് എന്ന ദല്‍ഹി മര്‍കസ് നേതാവിന്റെ സ്ഥിരീകരിക്കാത്ത ‘സാമൂഹിക അകലം പാലിക്കേണ്ട യാതൊരു ആവശ്യവുമില്ല, അത് ഞങ്ങളുടെ മതത്തില്‍ എവിടെയും പറഞ്ഞിട്ടുമില്ല’ എന്ന ഒരു ശബ്ദ സന്ദേശം മുഴുവന്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെയും പ്രചരിച്ചുകൊണ്ടിരുന്നു.
സഅദ് പറയാനുദ്ദേശിച്ചത് ആ സന്ദേശം സാധൂകരിക്കുന്നില്ല എന്ന് വയര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ടി വി ആ സന്ദേശം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അതിന്റെ ആധികാരികത മറച്ചുവെച്ചു.
മാര്‍ച്ച് 31, കൊറോണ ജിഹാദ് ഹാഷ്ടാഗ്, കൊറോണ ബോംബ് തുടങ്ങിയ പ്രയോഗങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ഉണ്ടായതിന് പിറ്റേന്ന് മുഴുവന്‍ ജമാഅത്തുകാരെയും അധിക്ഷേപിച്ച് ഒരുപാട് അപസ്വരങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അന്ന് അര്‍ധരാത്രി 12:34ന് സീനിയര്‍ ജേണലിസ്റ്റ് അഭിജിത് മജുംദാര്‍ ‘കൊറോണ ജിഹാദിന്റെ യാഥാര്‍ഥ്യം എന്തെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ ഗൗരവത്തില്‍ അന്വേഷിക്കണമെന്ന്’ അഭ്യര്‍ഥിച്ച് ട്വീറ്റ് ചെയ്തു.
സോഷ്യല്‍മീഡിയയിലും പുറത്തും ഏറ്റവുമധികം ട്രെന്‍ഡിംഗ് പ്രയോഗമായി കൊറോണ ജിഹാദ് മാറി. ഇക്വാലിറ്റി ലാബിനെ ഉദ്ധരിച്ച് ടൈം മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ‘കൊറോണ ജിഹാദ്’ എന്ന ഹാഷ് ടാഗോടെ മാര്‍ച്ച് 28 മുതല്‍ മൂന്നു ലക്ഷത്തിനടുത്ത് ട്വീറ്റുകള്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടു, ഇത് 165 മില്യന്‍ ജനങ്ങള്‍ കണ്ടിട്ടുണ്ടാകും’.
ഗവണ്‍മെന്റ് അനുകൂല മീഡിയ ഒന്നടങ്കം കൊറോണ ബോംബ്, സൂപ്പര്‍ സ്പ്രഡര്‍ മൗലാന, തീവ്രവാദി തുടങ്ങിയ പ്രയോഗങ്ങള്‍ ഉദാരമായി ഉപയോഗിച്ചു. അവതാരകര്‍ ജമാഅത്തുകാര്‍ മനഃപൂര്‍വ്വം വൈറസ് പരത്തുന്നു എന്ന് പെരുമ്പറയടിച്ചു.
മര്‍കസ് അധികൃതര്‍ ഗവണ്‍മെന്റിന്റെ ആസൂത്രണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ബിജെപി ദേശീയ വക്താവ് സംബിത്ത് പാട്ര ഇത് കുറ്റകരമായ അവഗണനയാണെന്നും ആം ആദ്മി പാര്‍ട്ടിയുടെ ആതിഷ് മര്‍ലേന ഭരണകര്‍ത്താക്കള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഈ സംഗമം മതിയായ നിരുത്തരവാദിത്വപരമായെന്നും സാമൂഹിക അകലം പാലിക്കേണ്ട ഉത്തരവ് മനഃപൂര്‍വം അവഗണിച്ച മൗലാന സഅദിനെതിരെ പോലീസ് എപ്പിഡമിക് ഡിസീസ് ആക്ട് 1897 പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്യണും ആവശ്യപ്പെട്ടു.
രണ്ടുദിവസം കഴിഞ്ഞ് ഏപ്രില്‍ ഒന്നിന്, ഗവണ്‍മെന്റ് വക്താവ് തബ്‌ലീഗ് ജമാഅത്ത് പരിപാടിയാണ് ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചത് എന്ന് തുറന്നു പറഞ്ഞു.
അന്ന് രാവിലെ അമിത് മാളവ്യ എന്ന ബിജെപി ഐടി സെല്‍ മേധാവി തബ്‌ലീഗ് സമ്മേളനം ഒരു ഇസ്‌ലാമിക ലഹളയായി കുറ്റപ്പെടുത്തി, കഴിഞ്ഞ ഡിസംബറില്‍ ഗവണ്‍മെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന സാമുദായിക പ്രശ്‌നങ്ങളോട് ഈ മഹാമാരിയെ ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്തു.
കൊറോണ ജിഹാദ്, കോവിഡ് 786, നിസാമുദ്ദീന്‍ ഇഡിയറ്റ്‌സ് തുടങ്ങിയ ഇസ്‌ലാംവിരുദ്ധ ഹാഷ് ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരുന്നു. അന്‍കിത സാക്ഷന ഒരു സൂഫി അനുഷ്ഠാന കര്‍മം എടുത്ത് കാണിച്ച് തുമ്മി കൊണ്ട് അണുബാധപരത്തുകയാണിവരെന്ന് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു. ഇത് ഇരുപത്തിനാലായിരത്തിലധികം പേര്‍ കാണുകയും ആയിരങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഫാക്ട് ചെക്കേഴ്‌സ് ഇത് വ്യാജ വാര്‍ത്തയാണ് എന്ന് പറഞ്ഞു. ട്വിറ്റര്‍ ചുരുങ്ങിയത് രണ്ടു പേരുടെ പോസ്റ്റുകള്‍ പിന്‍വലിക്കുകയും ഒരു എക്കൗണ്ട് പ്രവര്‍ത്തനക്ഷമം അല്ലാതാക്കുകയും ചെയ്തു.
തന്റെ മോശമായ പ്രസ്താവനകളിലൂടെ കഴിഞ്ഞ ഫെബ്രുവരിയില്‍ മുസ്‌ലിം വിരുദ്ധ കലാപത്തിലേക്ക് വഴിതെളിച്ച കപില്‍ മിശ്ര എന്ന ബിജെപി നേതാവ് ജമാഅത്തില്‍ പങ്കെടുത്ത അംഗങ്ങളെ തീവ്രവാദികളെപ്പോലെ പരിഗണിക്കണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുക്താര്‍ അബ്ബാസ് നഖ്‌വി തബ്‌ലീഗ് കാര്‍ ചെയ്ത ഒരു താലിബാനി കുറ്റമാണിതെന്നും പറഞ്ഞു.
മാര്‍ച്ച് 25നും ഏപ്രില്‍ രണ്ടിനുമിടയില്‍ റാം നവമി ആഘോഷങ്ങള്‍ നടത്താന്‍ യുപി ഗവണ്‍മെന്റ് ശാഠ്യം പിടിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്ത ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെ സാമുദായിക സ്പര്‍ധ പരത്തുന്നു എന്ന് പറഞ്ഞ് യു പി പോലീസ് കുറ്റംചുമത്തി.
ഏപ്രില്‍ 2, പഴയ വീഡിയോകള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങി. വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ വിനാശകര മാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പോലീസുകാര്‍ക്ക് നേരെ തുപ്പുന്നത് മുംബൈ മിററില്‍ ആദ്യമായി പ്രത്യക്ഷപ്പെടുകയും അയാള്‍ ജമാഅത്തില്‍ പങ്കെടുത്തു എന്ന് പറയുകയും ചെയ്തപ്പോള്‍ അത് വൈറല്‍ ആയി.
മുസ്‌ലിംകള്‍ ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരും ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളെ മാനിക്കാത്തവരുമാണെന്ന് കാണിക്കാന്‍ നൂറുകണക്കിന് വീഡിയോകള്‍ ടിക്‌ടോക് വഴി പ്രചരിപ്പിക്കുന്നു എന്ന് മുപ്പതിനായിരം വീഡിയോകള്‍ നിരീക്ഷിച്ചുകൊണ്ട് വോയേജര്‍ ഇന്‍ഫോ സെക് എന്ന ഡിജിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ലാബ് കണ്ടെത്തി. മതവികാരങ്ങളെ വ്രണപ്പെടുത്തി കൊറോണ വൈറസിനെതിരെ വ്യാജ പ്രചാരണം നടത്താനുള്ള ശ്രമമായിരുന്നു ഇതെന്ന് ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ 3, കൊറോണ വൈറസ് പടര്‍ത്താനാണെന്ന വ്യാജേന സൂറത്തിലെ ഒരു മുസ്‌ലിം പഴക്കച്ചവടക്കാരന്‍ തന്റെ ഉന്തുവണ്ടിയിലെ പഴങ്ങള്‍ അടുക്കി വെക്കുമ്പോള്‍ തള്ളവിരല്‍ നക്കുന്നതായ വീഡിയോ വൈറലായി. ഇത് 82,000 ആളുകള്‍ കണ്ടു. ഒരു ഹിന്ദുവിനെ കൊറോണ ജിഹാദ് എന്ന് പറഞ്ഞ് തള്ളിയിടുന്ന വീഡിയോ 2000 പേര്‍ പങ്കുവെച്ചു.
ഇന്ത്യ എഗൈന്‍സ്റ്റ് അര്‍ബന്‍ നക്‌സല്‍ എന്ന പേജില്‍ നിന്ന് എടുത്ത 2019 മെയ്‌ലെ മലേഷ്യന്‍ വീഡിയോ കാണിച്ച് നവീന്‍ ബീല്‍വാല്‍ എന്ന വ്യക്തി റസ്റ്റോറന്റുകളിലെ മുസ്‌ലിം ജോലിക്കാര്‍ ഭക്ഷണം വിളമ്പുമ്പോള്‍ അതില്‍ തുപ്പുന്നതായി പങ്കുവെച്ചു. 4,26812 വ്യൂവേഴ്‌സ് ലഭിച്ച വീഡിയോ ഫൈക്ക് ആണെന്ന് ഫേസ്ബുക്ക് താക്കീത് ചെയ്തിട്ടും അത് എടുത്തു കളഞ്ഞില്ല.
വായ് മൂടികെട്ടാതെ മാസ്‌ക് ധരിക്കുന്നതിനെതിരെ മുസലിംകള്‍ ചുമച്ച് പരിഹസിക്കുന്ന എയര്‍ടെല്‍ ടെലികോം കമ്പനി ഓപ്പറേറ്ററായ രാഹുല്‍ ഗദാരിയ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വ്യത്യസ്ത വീഡിയോകള്‍ക്ക് 1.1 മില്ല്യന്‍ വ്യൂവേഴ്‌സ് ലഭിക്കുകയും ചെയ്തു .
ഏപ്രില്‍ 4, ‘നികൃഷ്ടരായ തബ്‌ലീഗ്കാരെ വെടിവെച്ചു കൊല്ലണം. എന്തിനാണ് അവര്‍ക്ക് ശുശ്രൂഷ നല്‍കുന്നത്? പ്രത്യേക സെക്ഷന്‍ നിര്‍മിക്കുകയും അവരുടെ ശുശ്രൂഷ അവസാനിപ്പിക്കുകയും ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ നേതാവ് രാജ് താക്കറെ പ്രസ്താവിച്ചു. യുപിയിലെ ഗാസിയബാദ് ഗ്രാമത്തിലെ ആശുപത്രിയിലെത്തിയ ചില തബ്‌ലീഗ്കാര്‍ ഒരു വനിതാ സ്റ്റാഫിനോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തു എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നായിരുന്നു താക്കറെയുടെ ഈ പ്രസ്താവന. സാധാരണ തീവ്രവാദികള്‍ക്കെതിരെ പ്രയോഗിക്കറുള്ള നാഷനല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം ആറുപേര്‍ക്കെതിരെ യു.പി ഗവണ്‍മെന്റ് കേസെടുത്തു.
മൂന്ന് ദിവസത്തിനു ശേഷം, താക്കറെയുടെ വാദങ്ങളെ പിന്തുണച്ച് അവരെ വെടിവെച്ചാലും കുഴപ്പമില്ല എന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി കൂടിയായ കര്‍ണാടക ബിജെപി എംഎല്‍എ, എം.പി രേണുകാചാരിയ മുന്നോട്ടുവന്നു. ഹിന്ദി പത്രം അമര്‍ ഉജാല തബ്‌ലീഗ് ജമാഅത്ത് കാരെ പടിഞ്ഞാറന്‍ യു.പിയിലെ സഹാറന്‍ പൂര്‍ പട്ടണത്തില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവര്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ആവശ്യപ്പെടുകയും ആശുപത്രിയിലെ പൊതു ഇടത്തില്‍ മലമൂത്രവിസര്‍ജനം നടത്തുന്നതായും റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ സഹാറന്‍പൂര്‍ പോലീസ് ട്വീറ്റ് ചെയ്തത് അത്തരത്തിലുള്ള യാതൊരു സംഭവവും നടന്നിട്ടില്ല എന്നാണ്. അമര്‍ ഉജാല മീഡിയയുടെ വാദം കളവാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ഇസ്‌ലാമോഫോബിയ പരത്തുന്ന വീഡിയോകളുടെ വ്യാപനത്തെ തുടര്‍ന്ന് വ്യാജമായ പല വാര്‍ത്തകളും പ്രാദേശിക മാധ്യമങ്ങളില്‍ ഇടം പിടിച്ചു. സംസ്ഥാന പോലീസ് പല വാദങ്ങളെയും നിരാകരിച്ചു, ഗുജറാത്തില്‍ ഇവ പ്രചരിപ്പിച്ച പലരെയും അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 5, കേന്ദ്രം ആരോപണം തുടരുന്നു. മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ ആരംഭിക്കുന്നു. തബ്‌ലീഗ് മീറ്റിങ്ങിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കപെട്ടതിനു നാല് ദിവസത്തിനു ശേഷം മുസ്‌ലിംകള്‍ക്കെതിരായ ആക്രമണവും ആരോപണങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുമ്പോഴും കൊറോണ വ്യാപനത്തിന്റെ പേരില്‍ കേന്ദ്രം അവരെ കുറ്റപ്പെടുത്തല്‍ തുടരുകയായിരുന്നു.
ഇന്ത്യയില്‍ 4 ദിവസത്തിനകമാണ് ഇരട്ടി അണുബാധ രേഖപ്പെടുത്തുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ ലാവ് അഗര്‍വാള്‍ തന്റെ മീഡിയ ബ്രീഫിങില്‍ പറഞ്ഞത്, നിസാമുദ്ദീന്‍ പരിപാടിയും മറ്റു കേസുകളും ഉണ്ടായിരുന്നില്ലെങ്കിലും 7 ദിവസത്തിനകം ഇതെ സ്ഥിതിയില്‍ എത്തുമായിരുന്നു എന്നാണ്.
മുസ്‌ലിംകള്‍ക്കെതിരായ ഓണ്‍ലൈന്‍ ദുരുപയോഗം യഥാര്‍ഥ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. ഹിമാചല്‍പ്രദേശിലെ ഇറച്ചി വില്പനക്കാരനായ ദില്‍ഷാദ് കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയിട്ടും ക്വാറന്റൈന്‍ കഴിഞ്ഞ് സ്വന്തം ഗ്രാമത്തില്‍ എത്തിയപ്പോള്‍ അയല്‍വാസികളുടെ ശക്തമായ ഉപദ്രവത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു.
പഞ്ചാബില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന എണ്‍പതോളം പേരെ അവരുടെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കി. അതേ പ്രദേശത്തെതന്നെ പാല്‍വില്പനക്കാര്‍ക്ക് അയല്‍ പ്രദേശമായ ഹിമാചലിലേക്കുള്ള പ്രവേശം നിഷേധിക്കുകയും ചെയ്തു.
ഏപ്രില്‍ 6, പകര്‍ച്ചവ്യാധിയിലുള്ള മത വര്‍ഗീകരണത്തെ നിര്‍ത്തലാക്കാന്‍ വേണ്ടി മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെടുന്നു. തബ്‌ലീഗ് സംഭവത്തെ വര്‍ഗീയ ചുവയോടെ കണ്ട് ‘കൊറോണ ജിഹാദ്’ ‘കൊറോണ തീവ്രവാദം’ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ മുസ്‌ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രീംകോടതിയില്‍ പരാതി നല്‍കി.
ഗവണ്‍മെന്റിന്റെ കണക്കുകളില്‍നിന്നും വ്യക്തമാകുന്നത് കോവിഡിന്റെ വ്യാപനം ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നായിരുന്നു. ഇത് സൂചിപ്പികുന്നത് തബ്‌ലീഗ് സംഭവത്തെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യ ശ്രമിച്ചുവെന്നതാണ്.
മാര്‍ച്ച് 29നു വര്‍ധിച്ച കൊറോണ വൈറസ് വളര്‍ച്ചാ നിരക്ക് 2020 ഏപ്രില്‍ ആറോടെ മെച്ചപ്പെട്ടുവെന്ന് ബ്രൂക്കിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ മുന്‍ അംഗവുമായ ശമിക രവി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ ആക്റ്റീവായ കേസുകളുടെ വളര്‍ച്ച 6.6 ശതമാനം ആണ്. ഓരോ 11 ദിവസത്തിലും ഇത് ഇരട്ടിയാകുന്നു.’ അവര്‍ ട്വീറ്റ് ചെയ്തു. ഔദ്യോഗികമോ അനധികൃതമോ ആയ ഇസ്‌ലാമോഫോബിയയുടെ വേലിയേറ്റത്തെ ഇത് മന്ദഗതിയിലാക്കിയില്ല.
ഏപ്രില്‍ 7, മുംബൈയിലെ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍. ജമാഅത്ത് സംഗമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഡല്‍ഹി പോലീസിനോടുള്ള കെജ്‌രിവാളിന്റെ ആഹ്വാനത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞ് മുംബൈ പോലീസ് ഇതേ മാര്‍ഗം സ്വീകരിച്ചു. സെക്ഷന്‍ 269, 271 ഇന്ത്യന്‍ പീനല്‍ കോഡിന്റെ പ്രസക്തമായ മറ്റു ഭാഗങ്ങളും ചേര്‍ത്ത് 150 പേര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ഹിന്ദു കച്ചവടക്കാര്‍ക്ക് കടകള്‍ തുറക്കാന്‍ അനുവാദം നല്‍കുകയും മുസ്‌ലിം പഴക്കച്ചവടക്കാരെ കടകള്‍ അടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഗുണ്ടകളുടെ വീഡിയോ ഒരു ട്വിറ്റ്വര്‍ ഉപയോക്താവ് പോസ്റ്റ് ചെയ്തിരുന്നു.
കൊറോണാ വ്യാപനത്തിന്റെ പേരില്‍ കര്‍ണാടകയില്‍ രണ്ടു മുസ്‌ലിം പുരുഷന്മാരെ തല്ലുകയും മുട്ടുകുത്തി കോറോണ പരത്തുന്നതിന് ക്ഷമ ചോദിക്കാനും ആവശ്യപ്പെട്ട അതേ ദിവസം തന്നെ അന്വേഷണ ഏജന്‍സിയായ ഇക്വാലിറ്റി ലാബ്‌സ് കോവിഡിന്റെ പേരിലുള്ള ഇസ്‌ലാമോഫോബിക് വിദ്വേഷ പ്രചരണങ്ങളും വ്യാജ വിവരണങ്ങളും അതിവേഗം പ്രചരിപ്പിക്കുന്നത് തടയാനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡെഡ്‌റോസ് അതാനോം ഗബ്രിയേസസ് എന്നിവര്‍ക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു.
ഏപ്രില്‍ 8, അധിക്ഷേപം വര്‍ധിച്ചപ്പോള്‍ കേന്ദ്രം പിന്നോട്ട് വലിയുന്നു. മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ രാജ്യ വ്യാപകമായി സംസ്ഥാന പോലീസുകള്‍ ചില വ്യാജ വാര്‍ത്തകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ എട്ടിന് യുപിയിലെ നോയിഡയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷനര്‍ അവിടെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ തബ്‌ലീഗ് ബന്ധമുള്ളവരാണന്ന വാര്‍ത്ത പ്രചരിപ്പിച്ചതിന് വയര്‍ എജന്‍സി യുപി ബ്യൂറോ എഎന്‍ ഐ ക്ക് താക്കീത് നല്‍കി. ഈ ഉദ്ധരണി പിന്നീട് എടുത്തുമാറ്റി.
ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ ഉയര്‍ച്ചയും മുസ്‌ലിംകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളിലെ വര്‍ധനവും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉയര്‍ത്തിക്കാട്ടിയിരുന്നു. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ആയി ഇസ്‌ലാംവിരുദ്ധ വികാരങ്ങള്‍ കുത്തി നിറച്ചുകൊണ്ട് നിസാമുദ്ദീന്‍ ഘടകത്തെ കുറ്റപ്പെടുത്തിയത് ഒരാഴ്ചയ്ക്കുശേഷം അത്തരം ആരോപണങ്ങളില്‍ നിന്ന് കേന്ദ്രം പിന്മാറി. ചില പ്രദേശങ്ങളെയും വിഭാഗങ്ങളെയും തെറ്റായ ധാരണകളുടെ പുറത്ത് സോഷ്യല്‍മീഡിയയിലും അല്ലാത്ത ഇടങ്ങളിലും കുറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇത്തരം മുന്‍വിധികളെ തടയാനും നിയന്ത്രിക്കാനും വേണ്ടി ആരോഗ്യമന്ത്രാലയം ഒരു ഉപദേശക സമിതിയെ നിയോഗിച്ചു.
തബ്‌ലീഗ് സംഭവത്തെ തുടര്‍ന്നുള്ള കേസുകളെ ‘മര്‍കസ് മസ്ജിദ്’ കേസുകള്‍ എന്ന് വിശേഷിപ്പിച്ചതിനുപുറമേ മഹാമാരി കാലത്ത് ചില ‘സാമൂഹ്യവിരുദ്ധ ഘടകങ്ങള്‍’ സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്നുവെന്നും ദല്‍ഹി ഗവണ്‍മെന്റ് ശക്തമായി ആരോപിച്ചിരുന്നു.
ഏപ്രില്‍ 10, സാംപ്ലിംഗിലെ പക്ഷപാതിത്വവും മദ്‌റസ ഹോട്ട്‌സ്‌പോട്ടുകളും തബ്‌ലീഗ് അംഗങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഇന്ത്യയിലെ കൊറോണ വ്യാപനത്തിന് ഉത്തരവാദികള്‍ അവരാണ് എന്ന ധാരണ ശക്തമായി വളര്‍ന്നു. കൊറോണ കേസുകളിലെ പക്ഷപാതിത്തപരമായ സാംപ്ലിംഗ് നടപടികള്‍ എങ്ങെനെ വൈകാരിക റിപ്പോര്‍ടിംഗില്‍ കലാശിക്കുന്നുവെന്ന് സ്‌ക്രോള്‍ ലെ ഷൊഹൈബ് ഡാനിയേല്‍ വിശദീകരിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അവഗണിച്ച് ഏപ്രില്‍ 10ന് ഇന്ത്യാടുഡേ യിലെ രാഹുല്‍ കന്‍വാള്‍ ‘മദ്‌റസ ഹോട്ട്‌സ്‌പോട്ടുകള്‍’ എന്ന പേരില്‍ അന്വേഷണം നടത്തിയിരുന്നു. സാമൂഹിക അകലം പാലിക്കല്‍ കോവിഡ് പ്രതിരോധത്തിനുള്ള ഏകപോംവഴിയായി കരുതപ്പെട്ട സാഹചര്യത്തില്‍ മദ്‌റസകള്‍ ഒരുപാട് വിദ്യാര്‍ഥികളെ ഒളിപ്പിച്ചു താമസിപ്പിക്കുന്നു എന്ന ആരോപണമാണ് അവര്‍ ഇതില്‍ ഉന്നയിച്ചത്. നാലുമണിക്കൂര്‍ നേരത്തെയുള്ള നോട്ടീസിലൂടെ നടപ്പിലാക്കിയ ലോക്ക്‌സൗണ്‍ കാരണം മറ്റു ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് തിരിച്ചു വീട്ടിലെത്താന്‍ വഴിയുണ്ടായിരുന്നില്ല. 8 ദിവസത്തിനു ശേഷം ലക്‌നോവില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള രാജസ്ഥാനിലെ കോട്ടയിലേക്ക് അവിടെ കുടുങ്ങിയ 7500 അധികം വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ യുപി സര്‍ക്കാര്‍ 250 ബസുകള്‍ അയച്ചു.
ഏപ്രില്‍ 11, ഹിമാചല്‍പ്രദേശിലെ മണ്ട ജില്ലയില്‍ 9 കാശ്മീരി മുസ്‌ലിം തൊഴിലാളികളെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് നാലുപേര്‍ ആക്രമിച്ചിരുന്നു, ചിലരുടെ എല്ലുകള്‍ ഒടിയുകയും ചെയ്തു. മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള ഈ മനോവിഭ്രാന്തിയെക്കുറിച്ച് ഗ്രാമത്തലവനായ (സര്‍പഞ്ച്)രഞ്ജന ദേവി ഇതെല്ലാം ടിവി, വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയവ മുഖേനയുള്ള പ്രചാരമാണെന്ന് വേല ഝൗശി േനോട് അഭിപ്രായപ്പെട്ടിരുന്നു.’ ‘2019 നവംബര്‍ മുതല്‍ കാശ്മീരികള്‍ ഇവിടെ താമസിക്കുകയും ജോലി ചെയ്യുന്നുമുണ്ട്. അവര്‍ വൈറസ് വാഹകരാവാന്‍ തരമില്ല. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിരിക്കെ ഇവരെ പോയി അടിക്കാനും ആക്രമിക്കാനുമുള്ള കാരണം എനിക്ക് മനസിലാവുന്നില്ല’അവര്‍ കൂട്ടിചേര്‍ത്തു.
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഒരു ആശുപത്രിയില്‍ രോഗികളെ ഹിന്ദു-മുസ്‌ലിം അടിസ്ഥാനത്തില്‍ ‘ഇരു സമുദായത്തിന്റെയും സ്വസ്ഥത’ക്ക് വേണ്ടി വേര്‍തിരിച്ചാണ് പരിശോധിച്ചത്. എന്തിനുവേണ്ടിയാണ് ഈ വിഭജനം എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ‘ഗവണ്‍മെന്റിനോട് ചോദിക്കുക’ എന്നായിരുന്നു ഡോക്ടറുടെ മറുപടി. അതേ ദിവസം തന്നെ, യുഎസ് ഫെഡറല്‍ ബോഡി(യുഎസിഐആര്‍എഫ്) ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വിദ്വേഷ പ്രചരണത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഏപ്രില്‍ 18, 30 ശതമാനം കൊറോണ കേസുകളുടെയും ഉത്തരവാദികള്‍ തബ്‌ലീഗ് ജമാഅത്ത്. ഏപ്രില്‍ ആറോടു കൂടി തബ്‌ലീഗുമായി ബന്ധപ്പെടുത്തിയുള്ള കോവിഡ് കേസുകളുടെ വ്യാപനപ്രചരണം ആപേക്ഷികമായി കുറഞ്ഞിരുന്നു. അതോടൊപ്പം തന്നെ രോഗികളോടുള്ള മതാടിസ്ഥാനത്തിലുള്ള വര്‍ഗീകരണ ശ്രമങ്ങള്‍ പാടില്ലെന്നും ഗവണ്‍മെന്റ് താക്കീത് ചെയ്തിരുന്നു. എന്നാല്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷം കേന്ദ്ര ആരോഗ്യ മന്ത്രാലയം തന്നെ ഇന്ത്യയിലെ 29.8 ശതമാനം കേസുകളുടെയും ഉറവിടം തബ്‌ലീഗ് ജമാഅത്താണെന്ന് പുറത്തുവിട്ടു.
ഇതിനകംതന്നെ അതിയായി വിമര്‍ശിക്കപ്പെട്ട ഒരു സമൂഹത്തെ വീണ്ടും അപമാനിക്കാനുള്ള പുതിയ തലവാചകങ്ങള്‍ തരംഗമാവാന്‍ തുടങ്ങിരുന്നു. ‘ഇന്ത്യയിലെ കൊറോണ വ്യാപനത്തിന് 30% ഉത്തരവാദി തബ്‌ലീഗ്: ആരോഗ്യ മന്ത്രാലയം’ എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതാണിത്.
ബിജെപിയുടെ പഴയ ശത്രുക്കളായ മ്യാന്മറില്‍ നിന്നുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ തബ്‌ലീഗുമായി ബന്ധപ്പെട്ടവരാണ്, തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനങ്ങളോട് റോഹിങ്ക്യകളെ കരുതണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നാലാഴ്ചയായി രാജ്യം പൂര്‍ണമായും ലോക്ഡൗണിലാണ്, അടുത്തിടെ ബിജെപി അധികാരത്തിലേറിയ മധ്യപ്രദേശ് രോഗബാധിതരെ കൊണ്ട് ഏറെ പൊറുതിമുട്ടുന്ന ഒരു സംസ്സ്ഥാനമാണ്. ‘നിലവിലവിടെ ഒരു ആരോഗ്യമന്ത്രി പോലുമില്ല. ഇത്തരം വിഷയങ്ങളാണ് മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടത്, എന്നിട്ടും ഈ വിഷയം ആരെയും പ്രകോപിതരാക്കുന്നില്ലല്ലോ’ എന്ന് കോളമിസ്റ്റും ചലച്ചിത്ര നിര്‍മാതാവുമായ നതാഷ ബദ്ധ്വാര്‍ ആശ്ചര്യപ്പെടുന്നു.
ഏപ്രില്‍ 19, ശക്തമായ ആഗോള പ്രതിഷേധത്തെത്തുടര്‍ന്ന് മോദി പ്രതികരിക്കുന്നു. 21 ദിവസത്തെ നീണ്ട മുസ്‌ലിം വിദ്വേഷ പ്രചരണത്തിന് ശേഷം മോദി സമാധാനത്തിനായി ആഹ്വാനം നടത്തി. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഡയറക്ടര്‍ കെന്നത് റോത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് ഓപറേഷന്‍ ഇന്‍ഡിപെന്‍ഡന്‍സ്, ഹ്യൂമന്‍ റൈറ്റ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇസ്‌ലാം ഭീതിയുടെ നിന്ദ്യമായ ഇന്ത്യനവസ്ഥകളെ വിമര്‍ശിച്ചുള്ള പ്രസ്താവനകള്‍ വന്ന് മണിക്കൂറുകള്‍ക്കുശേഷം മോദിയുടെ ട്വീറ്റ് വന്നത്.
ഏപ്രില്‍ 16, നാം തുടക്കത്തില്‍ സൂചിപ്പിച്ച മുസ്തഖീം എന്ന സുരക്ഷാ ഉദ്യോഗസ്ഥന്റ ടെസ്റ്റ് നെഗറ്റീവ് ആയി. പിറ്റേന്ന് അദ്ദേഹത്തിന് ജോലി നല്‍കിയിരുന്ന കുടുംബത്തിലെ 80 വയസുള്ള ഒരാള്‍ കൊറോണാ വൈറസിന്റെ സങ്കീര്‍ണതക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്തു.
ആ സമയത്ത് നിസാമുദ്ദീനിലെ ഒരു പള്ളിയില്‍ അദ്ദേഹം പോയിരുന്നു എന്ന് സമ്മതിച്ചത് കൊണ്ട് അദ്ദേഹത്തെ ആ സംഭവവുമായി ബന്ധിപ്പിക്കാന്‍ ഇടയുണ്ടെങ്കിലും, അവരുടെ കുടുംബക്കാരന്‍ കൂടിയായ രോഹിത് അഗര്‍വാള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിച്ചു കൊണ്ട് സംസാരിച്ചത് ‘കാര്യങ്ങളെല്ലാം സംഭവിച്ചതിനു ശേഷം നമുക്ക് എന്ത് സാധ്യതകളെക്കുറിച്ചും സംസാരിക്കാം’ എന്നായിരുന്നു.
അണുബാധ ഏറ്റ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തിയത് എന്ന് പറഞ്ഞ് ഡെപ്യൂട്ടി പോലീസ് കമ്മീഷനര്‍ അതുല്‍ താക്കൂര്‍ തടിയെടുത്തു. ‘അദ്ദേഹത്തിന്റെ ടെസ്റ്റ് ഇപ്പോള്‍ നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്നതിനെക്കുറിച്ച് ഞങ്ങളുടെ പക്കല്‍ യാതൊരു വിവരവുമില്ല. അയാളിപ്പോള്‍ തന്റെ കുടുംബത്തോടൊപ്പം ക്വാറന്റൈനില്‍ കഴിയുകയാണ്. അദ്ദേഹത്തിനെതിരെ കര്‍ശനമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല.’
‘ദൗര്‍ഭാഗ്യകരമായ രീതിയിലാണ് കാര്യങ്ങള്‍ നടന്നതെന്ന്’ ഡിഫന്‍സ് കോളനി റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റായ മേജര്‍ രഞ്ജിത്ത് സിംഗ്(റിട്ടയര്‍ഡ്) പറഞ്ഞു. ‘അണുബാധയുടെ മൂലകാരണം ആരാണെന്നോ എന്താണെന്നോ വിധിയെഴുതാന്‍ ഞങ്ങള്‍ ആളല്ല.’
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാണിപ്പിക്കുന്നതായിരുന്നു എന്ന് മേജര്‍ തുറന്നുപറഞ്ഞു. ‘എടുത്തുചാടി ഓരോ നിഗമനങ്ങളില്‍ എത്തുന്നതിനുമുമ്പ് പോലീസിനും ഹോസ്പിറ്റല്‍ അധികൃതര്‍ക്കും കാര്യങ്ങള്‍ വിട്ടു കൊടുക്കേണ്ടിയിരുന്നു. അദ്ദേഹത്തെ താറടിച്ച നാമോരോരുത്തരും അദ്ദേഹത്തോട് നിര്‍ബന്ധമായും മാപ്പ് ചോദിക്കണം.

Share this article

About രിതിക ജൈന്‍

View all posts by രിതിക ജൈന്‍ →

Leave a Reply

Your email address will not be published. Required fields are marked *