നമ്മുടെ മുന്നിലെ പാഠമുദ്രകള്‍

Reading Time: 4 minutes

മനുഷ്യന്‍, ജീവിതം, ലക്ഷ്യം തുടങ്ങി യ
പ്രമേയങ്ങളെ/ പ്രശ്‌നങ്ങളെ ഖുര്‍ആന്‍
വെളിച്ചത്തില്‍ വായിക്കുന്നു

ഇ എം എ ആരിഫ് ബുഖാരി

പ്രപഞ്ചത്തില്‍ ആരാണ് മനുഷ്യന്‍? ഇവിടെ അവന്റെ ഇടം എന്താണ്? പ്രപഞ്ചത്തിനും അനേകമനേകം പ്രതിഭാസങ്ങള്‍ക്കും നേരെ മനുഷ്യന്റെ നിലപാട് എന്തായിരിക്കണം? ജീവിതത്തിന്റെ അര്‍ഥം അഥവാ ലക്ഷ്യം എന്താണ്? ഇതുവരെ വളര്‍ത്തിയെടുത്ത നാഗരികതയുടെ സാംസ്‌കാരിക മൂല്യം എത്രയുണ്ട്? ഇത്യാദി ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ നമുക്ക് ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. ഖുര്‍ആന്റെ വെളിച്ചത്തില്‍ ഇത്തരം ചോദ്യങ്ങളെ വിലയിരുത്താനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ്.
ഈ പ്രപഞ്ചമാസകലം ഒരൊറ്റ സ്രഷ്ടാവിന്റെ സൃഷ്ടികളാണ്, അതായത് എല്ലാത്തിനും മുകളില്‍ ഒരു സ്രഷ്ടാവുണ്ട് എന്നതാണ് ഖുര്‍ആന്‍ ബോധിപ്പിക്കുന്നത്. ഈയൊരു സത്യത്തെ ശാസനയില്‍ ഒതുക്കി നിര്‍ത്തുകയല്ല മറിച്ച് തെളിവുകളുടെ വെളിച്ചത്തില്‍ സ്ഥാപിക്കുകയാണ് ഖുര്‍ആന്‍. ബാഹ്യപ്രപഞ്ചത്തെയും മനുഷ്യശരീരത്തെയും ദൃഷ്ടാന്തങ്ങളുടെയും തെളിവുകളുടെയും അതിവിശാലമായ ഉറവിടമായിട്ടാണ് ഖുര്‍ആന്‍ കാണുന്നത്. ആ പ്രകൃതി നിയമങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അതിന്റെ സന്ദേശങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു. അതായത് ഖുര്‍ആന്‍ മാനവരാശിയെ ക്ഷണിക്കുന്ന ആത്യന്തിക യാഥാര്‍ഥ്യം, പ്രപഞ്ചത്തിലെ നിരവധിയനവധി പ്രതിഭാസങ്ങളും മനുഷ്യപ്രകൃതിയും ഏതൊരു പരമസത്യത്തെ അനാവരണം ചെയ്യുന്നവോ അതുതന്നെയാണ്. ഖുര്‍ആനിക ദര്‍ശനങ്ങളുടെയും പ്രപഞ്ചവ്യവസ്ഥയുടെയും ഐകഭാവത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു സമീപനമാണിത്.
‘അവര്‍ക്കു മീതെ ആകാശത്തിലേക്ക് അവര്‍ നോക്കുന്നില്ലേ? നാം അതിനെ എങ്ങനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തുവെന്ന്? അതില്‍ യാതൊരു ന്യൂനതയുമില്ല ഭൂമിയെ നാം വിശാലമാക്കുകയും മലകളെ ഉറപ്പിച്ചു നിറുത്തുകയും വിസ്മയകരമായ എല്ലാതരം സസ്യങ്ങളെയും മുളപ്പിക്കുകയും ചെയ്തു. അല്ലാഹുവിലേക്ക് മടങ്ങുന്ന എല്ലാ ദാസന്‍മാര്‍ക്കും ഉല്‍ബോധനവും ഉള്‍ക്കാഴ്ചയും കിട്ടുന്നതിന് വേണ്ടി. (ഖാഫ് 6, 7)
ഈ ഉള്‍ക്കാഴ്ചയും ഉല്‍ബോധനവുമാണ് പ്രാഥമിക പരിഗണനയര്‍ഹിക്കുന്നതെന്ന് ഖുര്‍ആന്‍ മറ്റൊരിടത്ത് സൂചിപ്പിക്കുന്നു. ‘നിങ്ങള്‍ കത്തിക്കുന്ന തീയെപ്പറ്റി ചിന്തിക്കുന്നില്ലേ? അതിനു വേണ്ട മരം മുളപ്പിച്ചത് നിങ്ങളാണോ അതല്ല നാം ആണോ? അതിനെ നാം ഒരു ഉല്‍ബോധനമാക്കിയിരിക്കുന്നു: ഒരു ജീവിതവിഭവവും’ (അല്‍വാഖിഅ: 71 – 73) ജീവിതവിഭവം എന്നതിനേക്കാള്‍ മുന്‍ഗണന ഉല്‍ബോധനത്തിന് നല്‍കിയത് തീര്‍ച്ചയായും ചിന്തയര്‍ഹിക്കുന്നുണ്ട്.
പ്രപഞ്ചവസ്തുക്കളില്‍ നിന്നും ആത്മീയ – വിശ്വാസ കാര്യങ്ങളിലേക്ക് ഈ വിധം വഴിവെട്ടുന്നത് ആധുനികയുക്തിക്ക് ഒരുപക്ഷേ അത്രക്കങ്ങ് ദഹിച്ചോളണമെന്നില്ല. ലോകത്തെയും വസ്തുക്കളെയും ഭൗതികമായ ചട്ടക്കൂടിനകത്ത് മാത്രം നോക്കിക്കാണുമ്പോള്‍ അതിനപ്പുറത്തേക്ക് കടക്കാന്‍ കഴിയുന്നതെങ്ങനെ? ആധുനിക പ്രബുദ്ധത ജ്ഞാനമാര്‍ഗമായി സ്വീകരിച്ചത് ശാസ്ത്രത്തെയാണ്.ശാസ്ത്രം മനുഷ്യന്റെ അന്വേഷണത്തെ വളര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതേ സമയം അത് നമ്മുടെ അന്വേഷണകൗതുകങ്ങള്‍ക്ക് മതില്‍ കെട്ടുകയും ചെയ്തിട്ടുണ്ട്. സൂക്ഷ്മവസ്തു ലോകത്ത് ഏറ്റവും ചെറിയ പാര്‍ട്ടിക്‌ളുകള്‍, കണമാണോ തരംഗമാണോ എന്ന് ഒരുറപ്പും നമുക്ക് ഇപ്പോഴില്ല. പ്രപഞ്ചത്തിന്റെ രൂപത്തെ പറ്റിയോ അതിനപ്പുറം എന്താണെന്നോ നിശ്ചയമില്ല. പ്രകൃതി, പ്രകൃതി നിയമം, പ്രത്യക്ഷപ്പെട്ടു, പരിണമിച്ചു, വികസിച്ചു, പ്രകൃതി നിര്‍ദ്ധരിച്ചു ഇങ്ങനെ പോകുന്ന സയന്‍സ് ഡിക്ഷ്ണറിയിലെ വാക്കുകള്‍ നോക്കൂ. പദാര്‍ഥലോകത്തിന്റെ അപ്പുറത്തേക്ക് പ്രവേശനം അനുവദിക്കാത്ത വിധം അതിവിദഗ്ധമായി ഈ വാക്കുകള്‍ മനുഷ്യചിന്തയെ പിടിച്ചുകെട്ടുന്നുണ്ട്. വളര്‍ന്നുവികസിക്കുന്ന എല്ലാ ശാഖകള്‍ക്കും ശാസ്ത്രത്തിന്റെ ഔദ്യോഗിക പദവി അനുവദിക്കാറില്ല. വ്യാജശാസ്ത്രമായി മാറ്റിനിറുത്തുകയും ചെയ്യുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതും മനുഷ്യചിന്തയെ പൊതിഞ്ഞു സൂക്ഷിക്കാനുള്ള വ്യഗ്രതയാണ്. ഭൗതിക വ്യവസ്ഥക്കിണങ്ങും വിധം തയാര്‍ ചെയ്യപ്പെടുന്ന ഫ്രെയിമുകള്‍ക്കകത്ത് ഒതുങ്ങേണ്ടി വരുന്നതിന്റെ പരിമിതിയാണത്. അറിവിനെ ഒരധികാരമായി മാറ്റിയെടുത്ത കാലത്തിന്റെയും പരിമിതിയാണിത്.
കാരണങ്ങളില്‍ നമ്മുടെ ചിന്ത ഒടുങ്ങുന്നതിനെപ്പറ്റി റമദാന്‍ ബൂത്വി നിരീക്ഷിച്ചത് ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. കൂട്ടിലിട്ട നായക്ക് കൃത്യമായ ഇടവേളകളില്‍ ഇറച്ചി കൊടുത്ത ആ കഥയാണ് അദ്ദേഹം പറയുന്നത്. പാവ്‌ലോവിന്റെ പരീക്ഷണം. ഇറച്ചി കൊടുക്കുമ്പോഴൊക്കെയും ഒരു ബെല്‍ മുഴക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പിന്നെപ്പിന്നെ ബെല്‍ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ നായയുടെ വായില്‍ വെള്ളമൂറാന്‍ തുടങ്ങി. ബെല്ലടിക്കുമ്പോള്‍ ഇറച്ചി കിട്ടും എന്നു നായ മനസിലാക്കിയാലോ? എന്നത് പോലെയാണ് പ്രകൃതിയെക്കുറിച്ചുള്ള സമകാലികാവബോധം. ഓരോന്നിന്റെയും പുറകില്‍ ഓരോന്ന് കാണുന്നത് കൊണ്ട് അത് കാരണമാണെന്നു പറയുകയും അതിനപ്പുറത്തേക്ക് പോവാതിരിക്കുകയും ചെയ്യുന്നു. ഇല ഇളകിയതിന്റെ കാരണം കാറ്റാണ്. മഴ പെയ്തതിന്റെ കാരണം ബാഷ്പീകരണമാണ്. കാറ്റടിച്ചതിന്റെ കാരണം വായുവിലെ താപീകരണമാണ്. ഭൂഗോളം ഇങ്ങനെ നിലനില്‍ക്കുന്നതിന്റെ കാരണം ഗ്രാവിറ്റിയാണ്. ഇപ്പറഞ്ഞ കാരണങ്ങള്‍ക്കൊക്കെയും വേണല്ലോ മറ്റുകാരണങ്ങെള്‍? കാറ്റടിച്ചതെങ്ങനെ? ബാഷ്പീകരണം നടന്നതെങ്ങനെ? വായു തപിച്ചതെങ്ങനെ? ഗ്രാവിറ്റി ഉണ്ടായതെങ്ങനെ? അതിന്റെ കാരണവും നാം ഈ പ്രകൃതിയില്‍ കണ്ടെത്തും. അങ്ങനെ എല്ലാം തികഞ്ഞ ഒരു പരിധി – എന്റിറ്റി-യാണ് പ്രകൃതി! യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ ഒന്നിനു പിറകെ ഒന്ന് സംഭവിക്കുന്നത് കാണുന്ന നമ്മള്‍ ഓരോന്നിന്റെയും കാരണം മറ്റേതാണെന്ന് കരുതുന്നു. പ്രത്യക്ഷാര്‍ഥത്തില്‍ പ്രകൃതി ഈ വിധത്തില്‍ കാര്യകാരണബന്ധത്തിനകത്താണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അതു കൊണ്ടു മാത്രം പ്രകൃതി സ്വയംപര്യാപ്തമാകുന്നില്ല എന്നതാണ് നേര്. ഈ കാണുന്ന പ്രപഞ്ചം ഈ വിധത്തില്‍ ക്രമാനുഗതമായി വികസിക്കുകയും നിലനില്‍ക്കുകയും ചെയ്യാനാവശ്യമായ ഒരു ബുദ്ധിയും ചിന്തയും പ്രകൃതിവസ്തുക്കളില്‍ ഒന്നില്‍പോലും നിലനില്‍ക്കുന്നില്ല. പുറത്തു നിന്നുള്ള ഒരു നിയന്ത്രണം പ്രപഞ്ചത്തിന് ആവശ്യമാണ്. പ്രകൃതിവസ്തുക്കളില്‍ നിന്ന് ദൈവികാസ്തിത്വത്തിന് ന്യായം കണ്ടെത്തുന്ന ഖുര്‍ആനിക സമീപനത്തെ കൃത്യമായി ഗ്രഹിക്കാന്‍ ഈ രീതിയിലുള്ള ചിന്തയുണ്ടായേ മതിയാവൂ.
നമുക്ക് വിഷയത്തിലേക്ക് പോകാം. അത് ഇതാണ്: നമ്മുടെ മുമ്പില്‍ വിരിഞ്ഞു നില്‍ക്കുന്ന ഈ പ്രപഞ്ചവും നമ്മള്‍ തന്നെയും അതിരറ്റ ഉല്‍ബോധനപാഠങ്ങളാകുന്നു. വിശുദ്ധ ഖുര്‍ആനിലെ ഒരു വചനത്തിന് ആയത്ത് എന്നാണ് പറയുന്നത്. അഥവാ പാഠമുദ്ര എന്നര്‍ഥം. അതെ പദം തന്നെയാണ് പ്രപഞ്ചവസ്തുക്കള്‍ക്കും ഖുര്‍ആന്‍ നല്‍കിയത്. ഖുര്‍ആനും പ്രാപഞ്ചിക പ്രതിഭാസങ്ങളും ഒരൊറ്റ സത്യത്തിലേക്കുള്ള ക്ഷണമായതുകൊണ്ടാണ് ഈ ചേര്‍ച്ചയെന്ന് നാം ഗ്രഹിക്കേണ്ടതാണ്. ഖുര്‍ആനില്‍ ഉള്ളതിനോട് വിയോജിക്കുന്ന ഒരു പ്രപഞ്ചമല്ല നമ്മുടേത് എന്നര്‍ഥം!
‘നബിയേ, പറയുക: നോക്കൂ, ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണ്?’ (ഖുര്‍ആന്‍ 10:101)
‘ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പില്‍, രാപ്പകലുകളുടെ ഇടവിട്ട മാറ്റങ്ങളില്‍ , ജനങ്ങള്‍ക്ക് ഉപകരിക്കുന്നവയുമായി കടലില്‍ സഞ്ചരിക്കുന്ന കപ്പലുകളില്‍, ആകാശത്ത് നിന്ന് അല്ലാഹു ഇറക്കുന്ന മഴയില്‍ – അങ്ങനെ ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം അവന്‍ അതുമൂലം ജീവിപ്പിച്ചു. എന്നിട്ട് അതില്‍ എല്ലാ ഇനം ജന്തുക്കളെയും വിതറുകയും ചെയ്തു – കാറ്റിന്റെ ദിശാവ്യതിയാനത്തില്‍, ആകാശത്തിനും ഭൂമിക്കുമിടയില്‍ തളച്ചിട്ട മേഘങ്ങളില്‍ എല്ലാം ബുദ്ധിയുള്ള ജനങ്ങള്‍ക്ക് തീര്‍ച്ചയായും ദൃഷ്ടാന്തങ്ങളുണ്ട്’ (ഖുര്‍ആന്‍ 2:164) പ്രകൃതി വസ്തുക്കളെ വസ്തുക്കള്‍ എന്ന നിലയിലോ അവയുടെ പ്രയോജനത്തിലോ അല്ല ഇവിടെ ഊന്നല്‍ എന്നത് ശ്രദ്ധേയമാണ്. മറിച്ച് വസ്തുക്കളുടെ സൃഷ്ടി വൈഭവവും അതിന്റെ നിര്‍മാണത്തിലെ യുക്തിഭദ്രതയും ശക്തിപ്രഭാവവും ആണ് ഉന്തിനില്‍ക്കുന്നത്. അത് പോലെ അവയില്‍ അടങ്ങിയിരിക്കുന്ന ഔദാര്യം, കാരുണ്യം, പരിലാളനയോടെയും സ്‌നേഹവായ്‌പോടെയുമുള്ള സംരക്ഷണം, പരിപാലനം എന്നിവയുമാണ് മുന്‍ഗണനയിലെത്തുന്നത്.
‘ഭൂമിയെ അവന്‍ സൃഷ്ടിജാലങ്ങള്‍ക്കായി സംവിധാനിച്ചു. അതില്‍ ധാരാളം പഴവര്‍ഗങ്ങളും പോളകമുള്ള ഈത്തപ്പനകളും ഉമിയുള്ള ധാന്യവും സുഗന്ധച്ചെടികളുമുണ്ട്’ (ഖുര്‍ആന്‍ 55:10 -12)
‘മനുഷ്യാ, നിന്നെ സൃഷ്ടിക്കുകയും ചൊവ്വാക്കുകയും ക്രമപ്പെടുത്തുകയും ചെയത – അവനിഛിക്കും വിധം നിന്നെ രൂപപ്പെടുത്തിയ – മാന്യനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ എന്താണ് നിന്നെ വഞ്ചിച്ചത്?’ (ഖുര്‍ആന്‍ 82:6-8)
‘നിങ്ങള്‍ക്ക് കരുണയേകിയവന്റെ സൃഷ്ടിയില്‍ പിഴവുകള്‍ കണ്ടെത്താനാവുകയില്ല.’ നിങ്ങള്‍ കണ്ണുകളയക്കൂ. പിഴവ് നിങ്ങള്‍ക്ക് കണ്ടെത്താനാകുന്നുണ്ടോ? വീണ്ടും വീണ്ടും കണ്ണയക്കും. ക്ഷീണിച്ചും നിരാശപ്പെട്ടും നിങ്ങളുടെ കണ്ണുകള്‍ നിങ്ങളിലേക്ക് തിരിച്ചു വരും’ (ഖുര്‍ആന്‍ 67:4, 5)
കാര്യകാരണബന്ധങ്ങളെ നിരാകരിച്ചു കൊണ്ടല്ല അല്ലാഹു ഈ പ്രപഞ്ചത്തെക്കുറിച്ച് സംസാരിക്കുന്നത്. മറിച്ച് അതിനെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ്. ‘അല്ലാഹു ആകാശത്ത് നിന്ന് മഴ വര്‍ഷിച്ചു നിര്‍ജീവമായിക്കിടന്ന ഭൂമിയെ അതുവഴി സജീവമാക്കി. നിശ്ചയം കേട്ടു മനസിലാകുന്ന ജനങ്ങള്‍ക്കതില്‍ പാഠങ്ങളുണ്ട്. മൃഗങ്ങളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ ഉദരഭാഗങ്ങളിലുള്ള ചാണകത്തിനും രക്തത്തിനുമിടയില്‍ നിന്ന് പാനം ചെയ്യുന്നവര്‍ക്ക് സുഖപ്രദവും ശുദ്ധവുമായ പാല്‍ നാം കുടിപ്പിക്കുന്നു. ഈന്തപ്പനയുടെയും മുന്തിരിയുടെയും ഫലങ്ങളില്‍ നിന്ന് ലഹരി പദാര്‍ഥവും ഭോജ്യവും നിങ്ങള്‍ ഉണ്ടാക്കുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട്. (ഖുര്‍ആന്‍ 16:65-67) മഴവര്‍ഷിക്കുന്നതും തന്നിമിത്തം ഭൂമി സജീവമാകുന്നതും ഭൂമിയിലെ വെള്ളവും ചെടിയും തിന്നും കുടിച്ചും ജീവജാലങ്ങള്‍ സമൃദ്ധമാക്കുന്നതുമെല്ലാം അല്ലാഹു നിശ്ചയിച്ചുവെച്ച വ്യവസ്ഥയാകുന്നു എന്നാണ് ഇത് കാണിക്കുന്നത്. കാര്യകാരണബന്ധങ്ങളിലൂടെ നിലനില്‍ക്കുന്ന ഈ പ്രപഞ്ച സംവിധാനം സ്വയം അടഞ്ഞ ഒന്നല്ല എന്നു നാം ഗ്രഹിക്കേണ്ടതുണ്ട്. മറിച്ചു ഇതിനു പിന്നിലെ യുക്തിഭദ്രനായ ഒരു സ്രഷ്ടാവിനെ അറിയിച്ചുതരുന്ന ഏറ്റവും ശക്തമായ തെളിവുകളാകുന്നു.
ദൈവത്തിനു എന്തുകൊണ്ട് സ്വയം വെളിപ്പെട്ടു കൂടാ എന്ന ചോദ്യം ഇവിടെ അപ്രസക്തമാണ്. കാരണം മനുഷ്യന്റെ ചിന്താപരമായ ഔന്നത്യവും ധൈഷണിക ഉയര്‍ച്ചയും മാനിക്കാത്ത ഒരു ചോദ്യമാണത്. നാം ഈ ലോകത്ത് കാര്യങ്ങര്‍ ഗ്രഹിക്കുന്നതും മനസിലാക്കുന്നതും തെളിവുകളിലൂടെയാണ്. ഭാഷയും ഭാവനയും വിവേചനശക്തിയും ബുദ്ധിയും കൊണ്ട് എന്തെല്ലാം വായിച്ചെടുക്കാന്‍ നമുക്ക് കഴിയുന്നുണ്ട്? സാഹിത്യമെടുത്തു നോക്കൂ. അതിലെ ഭാവനകള്‍, സിംബലുകള്‍ ഇവയെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും നമുക്ക് കഴിയുന്നുണ്ടല്ലോ. വലിയ വൈദഗ്ധ്യം ആവശ്യമായ ശാസ്ത്രീയ ഗവേഷണങ്ങളുടെയും കഥ ഇതു തന്നെയല്ലേ? അവശിഷ്ടങ്ങളില്‍ നിന്നും കാലടികളില്‍ നിന്നും വസ്തുതകള്‍ മനസിലാക്കിയെടുക്കാന്‍ ഋജുവായ ഒരു മനസ് മതി. ഏതു സാധാരണക്കാരനും അതു ചെയ്യാന്‍ കഴിയും. അതുകൊണ്ട് ദൈവം പ്രപഞ്ചത്തെയും അതിലെ അനേകമനേകം കാര്യകാരണബന്ധങ്ങളെയും സ്വന്തം അസ്തിത്വവും ഗുണവിശേഷങ്ങളും പ്രകടിപ്പിക്കാനുള്ള പാഠമുദ്രകളായും കുറിമാനങ്ങളായും നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചത്, നമ്മുടെത്തന്നെ ധൈഷണിക വ്യാപാരത്തിന്റെയും വിചാരശീലത്തിന്റെയും പ്രകൃതത്തിന് ഇണങ്ങുന്ന വിധത്തിലാണെന്നാണ് നാം ഗ്രഹിക്കേണ്ടത്. ശില്‍പി ശില്പമുണ്ടാക്കി സ്വയം വെളിപ്പെടുത്തും പോലെ, സാഹിത്യകൃതികളെഴുതി ഒരെഴുത്തുകാരന്‍ തന്നെ വെളിപ്പെടുത്തും പോലെ സര്‍ജ്ജനപ്രക്രിയയുടെ മഹിമയിലൂടെ ദൈവവും തന്നെ വെളിപ്പെടുത്തിയിരിക്കുന്നു! ഈ തെളിവുകളിലൂടെ തന്നിലേക്ക് വരാനാണ് ഖുര്‍ആനില്‍ അല്ലാഹു ക്ഷണിക്കുന്നത്.
നമുക്ക് മുകളില്‍ എല്ലാം നിയന്ത്രിക്കുന്ന ഒരുവനുണ്ടെന്ന ഈ പ്രകൃതി പാഠം ഏറ്റവും നന്നായി ഗ്രഹിക്കാന്‍ പറ്റിയ അവസരമാണിത്. ‘അല്ലാഹു നിനക്ക് വല്ല ക്ലേശവും വരുത്തുകയാണെങ്കില്‍, അതിനെ ദൂരീകരിക്കാന്‍ മറ്റൊരുവനുമില്ല. അവന്‍ വല്ല നന്‍മയും വരുത്തുകയാണെങ്കിലോ – അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാകുന്നു.’ (ഖുര്‍ആന്‍ 7:17)
‘തീര്‍ച്ചയായും ആറുനാള്‍ കൊണ്ട് ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ തന്നെയാണ് നിങ്ങളുടെ നാഥന്‍! രാത്രിയെ പകലിനാല്‍ പുതപ്പിക്കുന്നവന്‍. ക്ഷണവേഗം രാത്രി പകലിനെയും പകല്‍ രാത്രിയെയും പിന്തുടരുന്നു. സൂര്യന്‍, ചന്ദ്രന്‍, താരകങ്ങള്‍ ഇവയെല്ലാം അവന്റെ ആജ്ഞാനുസരിക്കുന്നവയാകുന്നു. അവന്റെയാണ് സൃഷ്ടി; അവന്റെയാണ് ശാസനയും.’ (ഖുര്‍ആന്‍ 7:54) എല്ലാ ഭൗതികപുളകങ്ങളുടെയും ഒത്ത നടുക്കിരുന്ന് ആലോചനയുള്ളവന്റെ ഉള്ളില്‍ തെളിയുന്നത് ഈ സത്യമാകാനേ തരമുള്ളൂ. മറ്റെന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കില്‍ അത് മറ്റു കാഴ്ചപ്പാടുകളുടെ ആന്ധ്യം നമ്മെ ബാധിക്കുന്നത് കൊണ്ടായിരിക്കും!.

Share this article

About ഇ എം എ ആരിഫ് ബുഖാരി

View all posts by ഇ എം എ ആരിഫ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *