നിര്‍മാണ കലയിലെ മുസ്‌ലിം മുദ്രകള്‍

Reading Time: 3 minutes

മുസ്‌ലിം വാസ്തുശില്‍പകലയുടെ
വരവും നിര്‍മാണ സൗന്ദര്യവും
സംബന്ധിച്ച ആലോചനകള്‍.

ജാബിര്‍ കാരേപറമ്പ്
jabirkrpmanjeri@gmail.com

അധ്യാത്മികതയും സൗന്ദര്യവും ഇഴചേര്‍ന്ന ആവിഷ്‌കാരമാണ് ഇസ്‌ലാമിക് ആര്‍ടിടെക്ചര്‍. മധ്യകാല മുസ്‌ലിം നാഗരികതയുടെ ഉള്‍തുടിപ്പുകള്‍ പേറി നില്‍ക്കുന്ന ഓരോ ഇസ്‌ലാമികസൗധവും സമ്പന്നമായ വാസ്തുവിദ്യാ പ്രതാപത്തിലേക്കാണ് നമ്മെ നയിക്കുന്നത്. പ്രാദേശിക ശൈലികളോടുള്ള അനുകരണാത്മക സമീപനവും മനുഷ്യമനസുകളെ ആത്മീയവത്കരിക്കുന്ന അമൂര്‍ത്തതയുമാണ് ഇസ്‌ലാമിക നിര്‍മാണകലയുടെ കാതല്‍. ഇസ്‌ലാമേതര നിര്‍മാണരീതികളില്‍ ഉപയോഗിച്ചിരുന്ന ജ്യോമെട്രിക് രൂപങ്ങള്‍ക്കും നേര്‍രേഖകള്‍ക്കും പകരം വളവുകളും കമാനാകൃതികളുമാണ് ഇസ്‌ലാമിക രീതിയില്‍ പരീക്ഷിക്കപ്പെട്ടത്. റോമിന്റെയും പേര്‍ഷ്യയുടെയും നിര്‍മാണ കലകളെ പുറകിലാക്കിക്കൊണ്ട് ഇസ്‌ലാം അറേബ്യയുടെ നിര്‍മാണാത്മക സ്വത്വം രൂപപ്പെടുത്തുകയും പുഷ്‌കലമാക്കുകയും ചെയ്തു. മധ്യകാലത്ത് നിര്‍മിക്കപ്പെട്ട ആരാധനാലയങ്ങളും ഭരണകൊട്ടാരങ്ങളും ശവകുടീരങ്ങളും വാസ്തുകലയുടെ ശൈലിവ്യതിയാനങ്ങളായി ഇന്നും കാണാന്‍ കഴിയും. സ്‌പെയിന്‍, പേര്‍ഷ്യ, ഇറാഖ്, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക നിര്‍മാണകല അതിന്റെ സൗന്ദര്യ ജാലകങ്ങള്‍ തുറന്നുവെക്കുന്നുണ്ട്.
ഇസ്‌ലാമിക വാസ്തു ശില്പകലാ പ്രഥമവും പ്രധാനവുമായ ശ്രദ്ധകേന്ദ്രീകരിച്ചത് പള്ളി നിര്‍മാണത്തിലാണ്. വാസ്തുകല കൂടുതല്‍ വികാസം നേടിയതും പള്ളി നിര്‍മാണം ഉപയോഗപ്പെടുത്തി തന്നെയാണ്. പ്രാദേശിക രീതികളെ ഇണക്കി ചേര്‍ത്തും സാംസ്‌കാരികാനുകരണത്തിലൂടെയും വിവിധ ദേശങ്ങളില്‍ വ്യത്യസ്തങ്ങളായ നിര്‍മാണരീതികള്‍ പിറവികൊണ്ടു. അലങ്കാരങ്ങളില്ലാത്ത കളിമണ്‍ കട്ടകള്‍ കൊണ്ടാണ് മുസ്‌ലിം ലോകത്തെ ആദ്യ മസ്ജിദ് നിര്‍മിക്കപ്പെടുന്നത്. പ്രാര്‍ഥനാ ദിശ നിര്‍ണയിക്കാനുള്ള മിഹ്‌റാബ്, ദൂരെ ദിക്കുകളിലേക്ക് വാങ്കൊലി പ്രസരിപ്പിക്കാനുള്ള മിനാരങ്ങള്‍, വെള്ളിയാഴ്ച ഖുതുബക്കുള്ള മിമ്പര്‍ തുടങ്ങിയവ പിന്നീടാണ് വാസ്തുകലയുടെ ഭാഗമാകുന്നത്. വ്യത്യസ്തരായ ഭരണാധികാരികളാല്‍ നടത്തിയ പിടിച്ചടക്കലുകളിലൂടെയാണ് വിവിധ നിര്‍മാണരീതികള്‍ ഇസ്‌ലാമിന്റെ കലാസാംസ്‌കാരിക ചരിത്രത്തോട് ചേര്‍ത്ത് അറിയപ്പെടാന്‍ കാരണമായത്.
ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് അനുസൃതമായി തന്നെ അതിന്റെ നിര്‍മാണ കലയും വളര്‍ന്നിരുന്നു. മുഹമ്മദ് നബി (സ്വ)യുടെ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട കളിമണ്ണ്, ഓല തുടങ്ങിയവ കൊണ്ടുള്ള പള്ളികളാണ് ഇസ്‌ലാമിക നിര്‍മാണ കലയുടെ മുന്‍മാതൃകകള്‍. എ ഡി 715ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഡമസ്‌കസ് മസ്ജിദ് ഇസ്‌ലാമിക നിര്‍മാണകല ഒരു നൂറ്റാണ്ടു കൊണ്ട് നേടിയെടുത്ത വളര്‍ച്ചയെ സാക്ഷ്യപ്പെടുത്തുന്നു. അവിടെയുള്ള മിമ്പര്‍, ഹൗള്, ബാങ്ക് വിളിക്കാനുള്ള സൗകര്യം എന്നിവ ഡമസ്‌കസ് മസ്ജിദിന്റെ പുതുമയുള്ള അവതരണമായിരുന്നു. ഇവിടെയുള്ള നിരനിരയായ തൂണുകള്‍ക്കു മുകളില്‍ നിര്‍മിക്കപ്പെട്ട താഴികക്കുടവും പുറത്തെ സ്ഫടിക മൊസൈക്കകളും ഒരാത്മീയ ലോകത്തേക്ക് നമ്മെ നയിക്കുന്നു. മുഹമ്മദ് അല്‍ അസദ് (the centre for study of the build environment -amman, Jordan) പറയുന്നു: പള്ളിയുടെ അകക്കാഴ്ച്ച തൂണുകളുടെ ഒരു കാട്ടില്‍ കയറിയത് പോലെ തോന്നിപ്പിക്കുന്നു. ഇത് സവിശേഷമായൊരു ആത്മീയചിന്ത വളര്‍ത്തുകയും ചെയ്യുന്നു.’ എട്ടാം നൂറ്റാണ്ടില്‍ കൊര്‍ദോവയില്‍ പണികഴിപ്പിച്ച പള്ളി സുല്‍ത്താന്‍ അബ്ദുറഹ്മാന്റെ കാര്‍മികത്വത്തിലായിരുന്നു. വിസിഗോത്ത് വംശജരുടെ നിര്‍മാണരീതി സ്വീകരിച്ചതിലൂടെ ഇസ്‌ലാമിക-സ്പാനിഷ്-റോമന്‍ സമന്വയമാണ് കൊര്‍ദോവ മസ്ജിദ് സാധ്യമാക്കിയത്. നല്ലതെന്തും സ്വീകരിക്കാനുള്ള കഴിവ് ഇസ്‌ലാമിക കലയുടെ പ്രത്യേകതയാണെന്ന് ബ്ലെയര്‍ നിരീക്ഷിക്കുന്നുണ്ട്. ഹിജ്‌റ 691ല്‍ നിര്‍മിക്കപ്പെട്ട ജെറുസലേമിലെ മസ്ജിദ് ഖുബ്ബ അല്‍ സഖറ (dome of the rock) ചര്‍ച്ച് ഓഫ് ഹോളി സപാല്‍ക്കര്‍ എന്ന ക്രിസ്ത്യന്‍ ദേവാലയത്തിന്റെ മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. അലങ്കാരത്തെക്കാള്‍ ഘടനക്ക് പ്രാധാന്യം നല്‍കിയ ഉസ്മാനിയ മസ്ജിദുകളും അല്‍ ഹംബ്ര കൊട്ടാരവും ഇസ്‌ലാമിക വാസ്തുവിദ്യയുടെ വികാസ തലത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്.
പശ്ചിമാഫ്രിക്കന്‍ നിര്‍മാണ കലയില്‍ നിര്‍മിക്കപ്പെട്ട ഡിജെന്നി മസ്ജിദ് ഇസ്‌ലാമിക വാസ്തുവിദ്യയുടെ മറ്റൊരു അനുകരണമാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട പള്ളി മണ്ണും വെള്ളവും സമം ചാലിച്ചുണ്ടാക്കിയതാണ്. ഇത് ഒട്ടനവധി കെടുതികളെ അതിജീവിക്കുകയും പലതവണ പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പൂര്‍ണമായും കളിമണ്ണുകൊണ്ട് നിര്‍മിക്കപ്പെട്ട ഈ സുന്ദര നിര്‍മിതി മസ്ജിദ് എങ്ങനെയായിരിക്കണമെന്ന നമ്മുടെ ധാരണയെ തിരുത്തുന്നതാണ്. പരന്ന മേല്‍ക്കൂരക്ക് കീഴിലുള്ള 99 തൂണുകള്‍ അല്ലാഹുവിന്റെ 99 നാമങ്ങളെ കുറിക്കുന്നു. ഇവിടെയുള്ള ഓരോ തൂണിനും മൂന്ന് നിലകളുടെ ഉയരമുണ്ട്. ഈ ഉയരം വിശ്വാസികളുടെ ആത്മീയ ചിന്തകളെ വളര്‍ത്തുന്നുവെന്ന് റൊഡെറിക് ജെ മെക്ലൂട്ടോഷ് നിരീക്ഷിക്കുന്നു.
ഇസ്‌ലാമിക ലോകത്തെ പൗരസ്ത്യ- പാശ്ചാത്യ സമന്വയ വാസ്തുകലയുടെ അതിമനോഹരമായ ആവിഷ്‌കാരമാണ് സ്‌പെയിനിലെ കോര്‍ദോവ പള്ളി. കൊത്തുപണികള്‍ കൊണ്ടും പെയിന്റിംങ് കൊണ്ടും നീണ്ടുനില്‍ക്കുന്ന തൂണുകളും മിഹ്‌റാബും മിനാരവുമെല്ലാം ഒരു കാലത്തെ സമ്പന്നമായ മുസ്‌ലിം വാസ്തുകലാ പൈതൃകത്തെ അടയാളപ്പെടുത്തുന്നു. ഉമവി ഭരണാധികാരി അബ്ദുറഹ്മാന്‍ ദാഖിലി എഡി 786ലാണ് കോര്‍ദോവ പള്ളി നിര്‍മിച്ചത്. എഡി 987ല്‍ അല്‍ മന്‍സൂര്‍ ഇബ്‌നു അബി ആമിറാണ് പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഗോമേദകം പതിച്ച വെണ്ണക്കല്ലുകളും ഗ്രാനൈറ്റുകളും ഉപയോഗിച്ച് നിര്‍മിച്ച പള്ളിയുടെ അകത്തളം യൂറോപ്പിന് പുതിയൊരു മാതൃക തന്നെ സമ്മാനിച്ചു. വെളുപ്പും ചുവപ്പും നിറങ്ങളില്‍ കുതിരലാട മാതൃകയില്‍ നിര്‍മിച്ച ആര്‍ച്ചുകളോടെ 850 തൂണുകളും പള്ളിയുടെ ഭദ്രതക്ക് മാറ്റേകുന്നു. 23,400 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നിര്‍മിച്ച പള്ളിയുടെ ഖുബ്ബ സ്വര്‍ണ പാളികളും നീല ഓടുകളും ഉപയോഗിച്ച് ഭംഗിയാക്കിയിരിക്കുന്നു. പള്ളിക്ക് വേണ്ടി മിനാരം പണിതത് ദാഖില്‍ രണ്ടാമനും ശേഷം ഭരണത്തിലേറിയ അല്‍ഹകമുമാണ്.
കോര്‍ദോവ പള്ളിയുടെ ചുമരുകളില്‍ ആലേഖനം ചെയ്യപ്പെട്ട ഖുര്‍ആനിക സൂക്തങ്ങള്‍ കാലിഗ്രഫിയുടെ ആകര്‍ഷകമായ ഭാവഭേദങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ്. മധ്യകാല യൂറോപ്പില്‍ ഇസ്‌ലാം നടത്തിയ നവോത്ഥാന മുന്നേറ്റങ്ങളുടെ ശ്രദ്ധേയമായ സ്മാരകം കൂടിയാണ് കോര്‍ദോവ മസ്ജിദ്. 1236ല്‍ ക്രിസ്ത്യന്‍ ഭരണാധികാരി ഫെര്‍ഡിനാന്‍ഡ് മൂന്നാമന്‍ ഈ പള്ളി പിടിച്ചെടുക്കുകയും ക്രിസ്ത്യന്‍ ദേവാലയമാക്കി മാറ്റുകയും ചെയ്തു.
ഇങ്ങനെ ചെയ്തതിലൂടെ ഇവിടുത്തെ സമ്പന്നമായ ഇസ്‌ലാമിക വാസ്തുകലയെ തങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതാനാണ് അവര്‍ ശ്രമം നടത്തിയത്. എഡി 961ല്‍ പണികഴിപ്പിച്ച മിനാരങ്ങളിലിപ്പോള്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനകള്‍ക്കുള്ള മണിനാദമാണ് മുഴങ്ങികൊണ്ടിരിക്കുന്നത്.
പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍ നിലകൊള്ളുന്ന ഫൈസല്‍ മോസ്‌ക് ഏഷ്യന്‍ രാജ്യങ്ങളിലും ഇസ്‌ലാമിക വാസ്തുവിദ്യ വെളിച്ചം വിതറിയിട്ടുണ്ടെന്ന വസ്തുതയിലേക്ക് നമ്മെ എത്തിക്കുന്നു. ലോകപ്രശസ്ത ആര്‍ക്കിടെക്ചര്‍മാരില്‍ നിന്നും തെരഞ്ഞെടുത്ത മാതൃകയാണ് ഇതിന്റെ നിര്‍മാണത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഇസ്‌ലാമാബാദ് എന്ന നഗരത്തിന്റെ നിര്‍മാണം തന്നെ ഈ പള്ളിയുടെ ചുവടുപിടിച്ചുണ്ടായതാണെന്നാണ് ചരിത്ര പണ്ഡിതന്മാരുടെ പക്ഷം. ഖുബ്ബയില്ലാത്ത പള്ളി എന്നതാണ് മറ്റു പാരമ്പര്യ മസ്ജിദുകളില്‍ നിന്ന് ഫൈസല്‍ മോസ്‌കിനെ വ്യത്യസ്തമാക്കുന്നത്. മുസ്‌ലിം വാസ്തുകലയുടെയും സര്‍ഗാവിഷ്‌കാരത്തിന്റെയും പ്രദര്‍ശനമാണ് ഫൈസല്‍ മോസ്‌ക്. മുസ്‌ലിം വാസ്തുകല എത്രത്തോളം ആധുനികതയെ പുണരുന്നു എന്നും ഇത് കാണിച്ചുതരുന്നുണ്ട്. ഈ മനോഹരമായ പള്ളിയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച കോണ്‍സ്റ്റാന്‍ഡിസ് ഡോക്ഡിയാസിസ് എന്ന ഗ്രീക്ക് ആര്‍ക്കിടെക്റ്റ് തന്നെയാണ് ഇസ്‌ലാമാബാദ് എന്ന നഗരവും രൂപകല്പന ചെയ്തത്.
മുഗള്‍ ഭരണ കാലഘട്ടത്തില്‍ ഇന്ത്യന്‍ നിര്‍മാണകല അതിന്റെ പാരമ്യത്തിലെത്തിയിരുന്നുവെന്ന്, ഇന്നും സമ്പന്നമായ ഇന്ത്യന്‍ പൈതൃക പാരമ്പര്യത്തെ ദ്യോതിപ്പിക്കുന്ന നിരവധി ചരിത്ര സൗധങ്ങള്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട്. കേരളത്തിലെ മിശ്കാല്‍ പള്ളിയും നിര്‍മാണ കലയുടെ പ്രാദേശികതയെ അടയാളപ്പെടുത്തുന്നു. അടിസ്ഥാനപരമായി നിര്‍മാണ കലകള്‍ വ്യത്യാസപ്പെട്ടിട്ടും ഒട്ടനേകം പരിഷ്‌കാരങ്ങള്‍ പലയിടത്തും വന്നിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ ഖുബ്ബ നിര്‍മിക്കപ്പെടുന്നത് ഉമവി ഖലീഫ അബ്ദുല്‍ മാലിക് 691ല്‍ നിര്‍മിച്ച ഡോം ഓഫ് ദി റോക്ക് എന്ന മസ്ജിദു ഖുബ്ബത്തുസ്സഖറയിലാണ്. തീര്‍ഥാടക സൗകര്യം എന്ന നിലക്കാണ് ഇത് നിര്‍മിക്കപ്പെട്ടതെങ്കിലും പിന്നീട് നിര്‍മിക്കപ്പെട്ട മസ്ജിദുകളിലെല്ലാം സ്വീകരിക്കപ്പെട്ടതോടെ ഖുബ്ബ ഇസ്‌ലാമിക കലയുടെ ഭാഗമായി മാറുകയായിരുന്നു. ഒരു ക്രിസ്ത്യന്‍ ദേവാലയത്തിന്റെ റോട്ടുണ്ടയാണ് ഇതിന് മാതൃകയായി സ്വീകരിച്ചിരുന്നത്. നിര്‍മാണരീതികള്‍ വ്യത്യസ്തമാണെങ്കിലും ദേശങ്ങള്‍ മാറിയാലും പള്ളികളുടെ അടിസ്ഥാനലക്ഷ്യം അല്ലാഹുവിനു മുമ്പിലുള്ള സാഷ്ടാംഗ നമസ്‌കാരം തന്നെയാണ്. പൊതുവേ പള്ളികളിലെല്ലാം കാണുന്ന വിശാലതയും വിസ്തൃതിയും ഇസ്‌ലാമിന്റെ സമഗ്രതയെയാണ് അടയാളപ്പെടുത്തുന്നത്. ഉയര്‍ന്നുനില്‍ക്കുന്ന മിനാരങ്ങള്‍ ദൈവികാസ്ഥിത്വത്തിന്റെ പ്രഭാവത്തെയും കാണിക്കുന്നു. പള്ളികളുടെ വര്‍ണശബളിമയും നിര്‍മാണ രീതികളുമാണ് മതത്തിനു പുറത്തുള്ളവര്‍ക്ക് സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളായെങ്കില്‍ ചരിത്ര വിന്യാസം, കാലപ്പഴക്കം, ഘടന എന്നിവയാണ് മുസ്‌ലിം ചരിത്രകാരന്മാര്‍ക്ക് സൗന്ദര്യത്തിന് അളവ് കോലുകളായത്. ഇസ്‌ലാമിക നിര്‍മാണകലയില്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നതാണ് നഗര നിര്‍മാണങ്ങള്‍. ശാസ്ത്രീയവും എക്കോ ഫ്രന്റ്‌ലിയുമായിരുന്നു മുസ്‌ലിം നാഗരികതിലെ നഗരസംവിധാനങ്ങള്‍. ഓരോ ഇസ്‌ലാമിക നഗരവും പകര്‍ന്നു നല്‍കുന്നത് നിര്‍മാണചാതുരി മാത്രമല്ല, ആത്മീയ സുഖാനുഭൂതി കൂടിയാണ്.
മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് സംസ്‌കാരി ഔന്നിത്യം കൈവരിച്ച മക്കയും മദീനയും തന്നെയാണ് ഇസ്‌ലാമിക ചരിത്രത്തിലെ നഗര നിര്‍മാണ വികസനത്തിന്റെ പ്രഥമമാതൃകകള്‍. ഇതേ രീതി അവലംബിച്ച് ലോകത്തിന്റെ പലയിടങ്ങളിലും മുസ്‌ലിംകളുടെ കാര്‍മികത്വത്തില്‍ നിരവധി നഗരങ്ങള്‍ ഉയര്‍ന്നുവന്നു. ലബനാനിലെ അന്‍ജാറില്‍ അമവികളും ബഗ്ദാദില്‍ അബ്ബാസികളും ഉയര്‍ത്തിക്കൊണ്ടുവന്ന നഗര സംവിധാനം ഈ മാതൃകകള്‍ മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു. ഇസ്‌ലമികനഗരങ്ങളില്‍ കാണപ്പെട്ടിരുന്ന ശാന്തതക്കും ആത്മീയാന്തരീക്ഷത്തിനും കാരണമായത് അതിന്റെ നിര്‍മാണ ശൈലി തന്നെയായിരുന്നു. പലനഗരത്തിന്റെയും മധ്യഭാഗത്ത് തന്നെയായിരുന്നു പള്ളികള്‍ ഉണ്ടായിരുന്നത്. ചില നഗരങ്ങളിലെ ആദ്യ നിര്‍മിതി തന്നെ പള്ളിയായിരുന്നു. ഇതുമായി ബണ്ഡപ്പെട്ടാണ് മറ്റു സൗധങ്ങളും ഔദ്യോഗിക കാര്യാലയങ്ങളും ഉയര്‍ന്നുവന്നത്.
മസ്ജിദുകളെ കേന്ദ്രീകരിച്ചുള്ള ഈ നഗര വികസനരീതി മുസ്‌ലിംകളെ പൂര്‍ണമായും ദൈവികസ്മരണകളിലേക്ക് നയിക്കാന്‍ പര്യാപ്തമായിരുന്നു. കൃത്യവും ശാസ്ത്രീയവുമായ ഗതാഗതസവിധാനവും അതിലുപരി നല്ല പരിസരവൃത്തിയും ഇസ്‌ലാമിക നഗരങ്ങള്‍ കാത്തുസൂക്ഷിച്ചു. പള്ളികളെ സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ കടപ്പെട്ടത് പോലെ നഗരങ്ങളും സംരക്ഷിക്കപ്പെട്ട് പോന്നു. കൃത്യമായ ദൂരപരിധിക്കിടയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ആവിശ്യമായിടത്ത് പൂന്തോപ്പുകള്‍ നിര്‍മിക്കുകയും ചെയ്തിരുന്ന ഈ നഗരങ്ങള്‍ വിശ്വാസിഹൃദയങ്ങളില്‍ സദാ കുളിരു കോരിയിട്ടു. ഇതോടെ പ്രകൃതിയും ഇസ്‌ലാമിക കലയുടെ ഭാഗമാവുകയായിരുന്നു.
പളളികള്‍ക്കു മുമ്പിലുള്ള ജലധാരകളും കെട്ടിടങ്ങളിലെ മുഖപ്പുകളും ഇസ്‌ലാമിക നഗരങ്ങള്‍ക്ക് അവാച്യമായ സൗന്ദര്യം സമ്മാനിക്കുന്നു. അഞ്ചു നേരങ്ങളിലും ഉയര്‍ന്ന് കേള്‍ക്കുന്ന ബാങ്കിന്റെ മാറ്റൊലി മുസ്‌ലിം മനസുകളിലും നഗരവാസികളിലും ആത്മീയാനന്ദം പകരുന്നു. അറേബ്യന്‍ നാഗരികതയില്‍ മാത്രമല്ല, ഇന്ത്യയില്‍ മുഗള്‍ഭരണകാലത്തും ഇത്തരം നഗരങ്ങള്‍ ഉയര്‍ന്നുവന്നു. ഔറംഗസീബിന്റെ ഔറംഗാബാദ് ഉദാഹരണം. ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തിലെ ശ്രദ്ധേയ അടയാളമായ ഫത്തേപൂര്‍ സിക്രി ഇസ്‌ലാമിക നഗരങ്ങളെ മാതൃകയാക്കി നിര്‍മിക്കപ്പെട്ടതാണ്. ചുരുക്കം, പള്ളികളായിരുന്നു ഇസ്‌ലാമിക നഗരങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് രേഖപ്പെടുത്താനാവാത്ത സൗന്ദര്യം സമ്മാനിച്ചതില്‍ പ്രധാന പങ്കുവഹിച്ചത്.

Share this article

About ജാബിര്‍ കാരേപറമ്പ്

View all posts by ജാബിര്‍ കാരേപറമ്പ് →

Leave a Reply

Your email address will not be published. Required fields are marked *