ഖുര്‍ആന്‍ പാഠവും പഠനവും

Reading Time: 3 minutes

ഉലൂമുല്‍ ഖുര്‍ആന്‍ എന്ന രീതിശാസ്ത്രം വഴി
മാത്രമേ ഖുര്‍ആന്‍ പഠനം ലക്ഷ്യം കാണൂ.
തിരുനബിയില്‍ നിന്നാണതിന്റെ സമാരംഭം

സഫ് വാന്‍ ബി.എം
safwanbnp@gmail.com

 

മനുഷ്യ ജീവിതത്തില്‍ ദൈവിക ഇടപെടല്‍ അനിവാര്യമാണ്. എന്നാല്‍ മാത്രമേ മാനുഷിക ജീവിതത്തിന് ഒരു വിശുദ്ധി കല്‍പിക്കാനാകൂ. മാത്രമല്ല, ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം പോലും നിവര്‍ത്തിക്കാനാകുന്നത് വിശിഷ്ടമായ ഇടപെടല്‍ മുഖേനയാണ്. അത്തരമൊരു ഇടപെടല്‍ മനുഷ്യാനുഭവ ചരിത്രം മുതല്‍ ഇന്നേവരെ സാധ്യമായ ഒന്നാണ്. നൂറ് എടുകള്‍, നാല് വേദ ഗ്രന്ഥങ്ങള്‍, ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തില്‍ പരം പ്രവാചകന്മാര്‍, എന്നിങ്ങനെയുള്ള മാധ്യമങ്ങളിലൂടെയാണ് സ്രഷ്ടാവ് തന്റെ വിശിഷ്ട സൃഷ്ടിയുടെ ജീവിതത്തെ നിര്‍വചിക്കുന്നതായ വിശുദ്ധഇടപെടല്‍ നടത്തിയത്.
വിശ്വപ്രവാചകനിലൂടെയാണ് ആ പ്രവാചകഇടപെടലിന് സമാപ്തി കുറിക്കുന്നത്. മനുഷ്യാരംഭ ഘട്ടത്തില്‍ തന്നെ, പ്രവചിതമായ വിശുദ്ധ ഗ്രന്ഥവും പ്രവാചകനും സമാപ്തി കുറിക്കുന്ന വിശിഷ്ട ഇടപെടല്‍ ലോകാവസാനം വരേക്കുമുള്ളതാണ്. അത് വിശുദ്ധ ഖുര്‍ആനും അതിന്റെ വാഹകനായ മുഹമ്മദ് നബിയുമാണ്. വിശുദ്ധ ജീവിതത്തിനാധാരമായി വര്‍ത്തിക്കുന്ന ഈ ഇടപെടലിന്റെ നാമമാണ് ഇസ്‌ലാം. അതിനെ പൂര്‍ണാര്‍ഥത്തില്‍ ഹൃദയാവരിക്കുമ്പോള്‍ മാത്രമേ മനുഷ്യന് തന്റെ വിശുദ്ധിയെ പോലും ആവിഷ്‌ക്കരിക്കാന്‍ കഴിയൂ. അതിന് ഖുര്‍ആനിക പഠനവും ആവിഷ്‌കാരവും അനിവാര്യമാണ്. വിശുദ്ധിയെ തേടിയുള്ള അന്വേഷണത്തില്‍ അനിവാര്യമായും അറിയേണ്ടത് ഖുര്‍ആനെയാണ്. വേണ്ടതു പോലെ തന്നെ അറിയല്‍ അനിവാര്യമാണ്.
ഖുര്‍ആന്റെ ആദ്യകാല അനുയായികളാണ് വേണ്ടതു പോലെ ഖുര്‍ആന്‍ ഗ്രഹിച്ചവര്‍, അവര്‍ക്ക് ഗ്രഹിക്കേണ്ട രൂപം തിരുനബി(സ്വ) വ്യക്തമാക്കി കൊടുത്തതാണ്. അത് പൂര്‍ണാര്‍ഥത്തില്‍ സ്വീകരിച്ച് അവര്‍ പിന്‍തലമുറക്ക് കൈമാറ്റം ചെയ്തു, അവര്‍ അവര്‍ക്കു ശേഷമുള്ളവര്‍ക്കും പകര്‍ന്നു നല്‍കി, അങ്ങനെ കാലാന്തരത്തില്‍ ഖുര്‍ആനിക വായനക്ക്, മുന്‍ തലമുറ പകര്‍ന്നു നല്‍കിയ രീതിശാസ്ത്രം ഉള്‍കൊള്ളിച്ചുള്ള ഒരു നിദാനതത്വം പണ്ഡിതര്‍ രൂപ കല്‍പന ചെയ്തു. ഈ പഠന മൗലിക തത്വങ്ങള്‍ക്ക് ഉലൂമുല്‍ ഖുര്‍ആന്‍ എന്നത്രെ വിശേഷിപ്പിക്കുന്നത്. ഒട്ടനവധി ജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത്തായ ജ്ഞാനശാഖയാണ് ഉലൂമുല്‍ ഖുര്‍ആന്‍. ആകയാല്‍ ഈ രീതി ശാസ്ത്രത്തിന്റെ തുടക്കം പ്രവാചകനിലാണെന്നു തന്നെ പറയാം. പില്‍കാലത്താണ് ഇത് ഒരു ക്രോഡീകൃത ജ്ഞാനശാഖയായി പരിവര്‍ത്തിച്ചതെന്നു മാത്രം. ഈ വിജ്ഞാന മാപിനി കൊണ്ടുള്ള അന്വേഷണത്തില്‍ മാത്രമേ ഖുര്‍ആനിന്റെ ആത്മാവറിയാന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം ഖുര്‍ആന്‍ മുഖേന തന്നെ പഠിതാവിന് ലക്ഷ്യം പിഴക്കുകയും ചെയ്യും. നേര്‍ മാര്‍ഗത്തിലല്ലാതെ ശാസ്ത്രം സ്വീകരിച്ചവര്‍ ഖുര്‍ആന്‍ മുഖേന തന്നെ വിശ്വാസ വ്യതിചലനത്തിലേക്ക് സഞ്ചരിക്കുമെന്നു ഖുര്‍ആന്‍ സുവ്യക്തമാക്കുന്നുണ്ട്.
ഈ അടിസ്ഥാന തത്വങ്ങള്‍ മനസിലാക്കിയവര്‍ക്ക് പ്രയാസം ബോധ്യമാകുന്ന ഒരു വസ്തുതയുണ്ട്. ഖുര്‍ആന്‍/ഇസ്‌ലാം/പ്രവാചക വിമര്‍ശകരെല്ലാം വഴിപിഴച്ച രീതിശാസ്ത്രത്താല്‍ വായിക്കുന്നവരാണെന്ന് എന്നത്രെ ഉപര്യുക്ത വസ്തുത. ഏതൊരു പ്രത്യയശാസ്ത്രത്തിനും / അത് വിശദീകരിക്കുന്ന ഗ്രന്ഥത്തിനും മൗലിക തത്വങ്ങള്‍ ഉണ്ടായിരിക്കെ ഇത്തരമെരു വിവരണം തീര്‍ത്തും വഞ്ചനാത്മകമല്ലേ എന്ന ചോദ്യം പ്രസക്തമായി തന്നെ കാണുന്നു. മിഥ്യയായ മൗലിക തത്വങ്ങളോ വ്യര്‍ഥ്യമായ സമീപനങ്ങളോ മനുഷ്യ പ്രകൃതത്തിനോ/ ബുദ്ധിക്കോ ഉള്‍കൊള്ളാന്‍ സാധ്യമല്ല. അപ്രകാരം തന്നെയാണ് ഇസ്‌ലാമിക സമീപന രീതി എന്ന യാഥാര്‍ഥ്യം ഈ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത്. മിഥ്യകളെ സത്യവത്കരിക്കാനുള്ള വഞ്ചനാത്മക അടിസ്ഥാനമല്ല. വസ്തുതകളെ സത്യമായി തന്നെ വായിക്കാനും ഗ്രഹിക്കാനുമുള്ള പ്രാഥമിക വഴിത്തിരിവാണ്.
ഖുര്‍ആന്‍ അവതീര്‍ണമായത് അറബി ഭാഷയിലാണ്. അതിനാല്‍ അറബി ഭാഷ പഠിതാവ് അനിവാര്യമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. കേവലം വ്യാകരണ ശാസ്ത്രം പഠിച്ച ഒരു വ്യക്തിക്ക് ഖുര്‍ആനിക പീനത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല. അതോടൊപ്പം അറബി സാഹിത്യവും പ്രയോഗ ശാസ്ത്രവുമുള്‍പ്പെടെ ഒട്ടനവധി വിജ്ഞാന ശാഖകളില്‍ അവഗാഹം അനിവാര്യമാണ്. എന്നാല്‍ ഖുര്‍ആനിക പഠനത്തിലേക്ക് പ്രവേശിക്കുള്ള ഒരു ഘട്ടം താണ്ടിയെന്നു പറയാം. അതിനു ശേഷമുള്ളത് ഖുര്‍ആനുമായി ബന്ധപ്പെട്ട സമുദ്ര സമാനമായ ജ്ഞാന മേഖലയാണ്. അവയെ സംക്ഷിപ്തമായി അറിയാന്‍ മൂന്ന് ഖണ്ഡങ്ങളിലായി വിഭജിക്കാം. ഒന്ന്, ഖുര്‍ആനിക ചരിത്രവും ജ്ഞാനങ്ങളും. രണ്ട്, അവതരണ ശൈലിയും രീതിശാസ്ത്രവും. മൂന്ന്, ഖുര്‍ആനിക പാഠങ്ങള്‍ എന്നിവയാണ് ഈ ഖണ്ഡങ്ങള്‍.
എന്താണ് ഖുര്‍ആന്‍, അതിന്റെ അവതരണ രീതി, അവതരിച്ച സ്ഥലം, ക്രോഡീകരണം, ലിപി, വ്യഖ്യാനം, മുഹ്കം, മുതശാബിഹ് എന്നീ സൂക്ത തരംതിരിവിന്റെ അര്‍ഥങ്ങള്‍ തുടങ്ങിയവയാണ് ഒന്നാം ഖണ്ഡത്തില്‍ ഉള്‍കൊള്ളുന്നത്. നമുക്ക് മുമ്പില്‍ രണ്ടു ചട്ടയിലായുള്ള ഖുര്‍ആനിന്റെ സവിശേഷത മുതല്‍, ഈ രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ത് വരെയുള്ള ഘട്ടങ്ങളും ഈ അധ്യായത്തില്‍ തന്നെ വിശ്രുതരായ പണ്ഡിതര്‍ വിവരിച്ചിട്ടുണ്ട്. അതില്‍ പ്രാഥമികമായും അറിയേണ്ടത് ഖുര്‍ആന്റെ നിര്‍വചനത്തെയാണ്. അഥവാ നാം ഖുര്‍ആനെന്ന് വിശേഷിപ്പിക്കുന്നവയുടേത് മാത്രമായ സവിശേഷതകളാണ്. അവ നാലെണ്ണമാണ്. ഒന്ന്, അമാനുഷികമായ വചനങ്ങള്‍. രണ്ട്, ജീബ്‌രീല്‍ മുഖേന അവതീര്‍ണമായവ. മൂന്ന്, പാരായണം ചെയ്യുമ്പോള്‍ പ്രതിഫലം ലഭിക്കുന്നവ. നാല്, മുതവാത്വിറായ പരമ്പരയിലൂടെ നമുക്ക് എത്തിച്ചേര്‍ന്നത്. ഇവ ഒരോന്നും വിവരണമര്‍ഹിക്കുന്നവയാണ്.

അമാനുഷിക വചനങ്ങള്‍
സാഹിത്യകാരന്മാരായിരുന്ന അറബികളെ വെല്ലുവിളിച്ച് അവതീര്‍ണമായ വചനങ്ങളാണ് അമാനുഷിക വചനങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്. വെല്ലുവിളി ഏറ്റെടുത്തവര്‍ ഖുര്‍ആനിക വചനത്തിനത്തിനു സമാനമായ ഒരു ചെറു സുക്തം പോലും ആവിഷ്‌ക്കരിക്കാന്‍ സാധിക്കാതെ നിലംപതിച്ചതാണ് ചരിത്രത്തിലുള്ളത്. അവര്‍ ഉയര്‍ത്തിയ വചനങ്ങള്‍ പോലും ഏറ്റുപിടിക്കാന്‍ സാഹിത്യകാരന്മാരായ അറബികള്‍ തയാറായില്ല. മറ്റു ഒട്ടനവധി അമാനുഷികതകള്‍ ഖുര്‍ആനിലുണ്ടെങ്കിലും, നിര്‍വചനത്തില്‍ പരിഗണിക്കുന്നത് ഭാഷാപരമായ അമാനുഷികതയാണ്.

ജിബ്‌രീല്‍ മുഖേന അവതീര്‍ണമായത്
തിരുനബിക്ക് വിവിധ രൂപത്തില്‍ ദൈവിക വെളിപാടുണ്ടായിട്ടുണ്ട്. സ്വപ്‌ന ദര്‍ശനം ഇതിനൊരു ഉദാഹരണം മാത്രം. ജീബ്‌രീല്‍ മാലാഖ മുഖേന അവതീര്‍ണമായ ദിവ്യവചനങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍. ഈ രൂപത്തിലല്ലാതെ അവതരിച്ച വെളിപാടുകള്‍ ദൈവിക വചനമാണെങ്കിലും അവ ഖുര്‍ആനല്ല. ഈ അവതരണത്തെ ചിലര്‍ നബിയുടെ തോന്നലുകളായും, രോഗാവസ്ഥയെന്നും ചിത്രീകരിക്കുന്നവരുണ്ട്. ഖുര്‍ആനിക അവതരണത്തിന്റെ പ്രാരംഭ ഘട്ടവും വഹ്‌യിനെ പറ്റിയുള്ള തിരുനബിയുടെ അനുഭവ വിവരണവും ഈ ധാരണയെ പൂര്‍ണമായും നിരാകരിക്കുന്നുണ്ട്. വഹ്‌യിന്റ പ്രാരംഭത്തെ പറ്റിയുള്ള വിവരണം തിരു ആക്ഷേപത്തിന്റെ വസ്തുതയെ കൃത്യമായി ബോധ്യപെടുത്തുന്നു. കൃത്യമായി തന്റെ കാതുകൊണ്ട് കേട്ട ശബ്ദമാണ് ഇഖ്‌റഅ് – എന്നത്. മൂന്ന് തവണ ഇത് ആവര്‍ത്തിച്ചു. പിന്നീട് കേള്‍ക്കുന്നത് തിരുനാമത്തില്‍ തുടങ്ങിയുള്ള ദൈവിക വചനങ്ങളാണ് -ഇഖ്‌റഅ് – ഇത് കേട്ട / കണ്ട തിരുനബി ഭയത്തോടെ, ഓടി ചെന്ന് പ്രിയ പത്‌നിയോട് പുതപ്പു പുതക്കാന്‍ ആവശ്യപ്പെടുന്നു. ഇത്തരം അനുഭവങ്ങള്‍ ഒരു മാനസികമായ തോന്നലിന്റെ ഭാഗമെന്ന് വിവരിക്കുന്നത് എന്തര്‍ഥത്തിലാണ്? മാത്രമല്ല പ്രവാചകന്‍ ഒരു കാര്യം പറഞ്ഞാല്‍, ചില സന്ദര്‍ഭങ്ങള്‍ അവ മാറ്റി പറയാറുമുണ്ടല്ലോ എന്ന വിമര്‍ശകരുടെ പ്രമാണം പോലും പൂര്‍ണമായും പ്രവാചകന്റെ വെളിപാടിന് പ്രമാണമാകുന്നുവെന്നതാണ് വസ്തുത. എന്തെന്നാല്‍ തിരുനബി ഗവേഷണം മുഖേനയാണ് ആ പറഞ്ഞത്. അവിടുന്ന് വീണ്ടും തിരുത്തി പറഞ്ഞത് വഹ്‌യ് മുഖേനയാണ്. പറഞ്ഞത് മാറ്റി പറയുന്നവനാണോ പ്രവാചകന്‍ എന്നു ചോദിക്കുന്നവര്‍ ഈ കാര്യം കൂടി മനസിലാക്കേണ്ടതുണ്ട്. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ വിമര്‍ശിക്കുന്ന ഒരു വലിയ വിഭാഗമാണല്ലോ, ജൂത- ക്രിസ്തീയ മതസ്ഥര്‍. അവരുടെ വേദ ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തിയതാണ് ആ പ്രവാചകന്റെ വരവ്. അതിന് വ്യക്തമായ സാക്ഷ്യമാണ് വറഖത്ബ്‌നുനൗഫല്‍. ഈ വേദപുരോഹിതന്‍ തിരുനബിക്ക് സംഭവിക്കാനിരിക്കുന്ന വലിയ ചരിത്ര സംഭവത്തെക്കുറിച്ച് ബോധ്യപ്പെടുത്തി, തന്റെ വിശ്വാസത്തെ കൂടി കൃത്യപ്പെടുത്തി. അത് വിശ്വ പ്രവാചകന്റെ ഹിജ്‌റയാണ്. അതു കൂടി വേദത്തിലുണ്ടെന്ന വറഖതിന്റെ വിസ്താരം പകല്‍ വെളിച്ചം പോലെ പുലര്‍ന്നിരിക്കെ, അവയെ കണ്ണടച്ച് ഇരുട്ടാക്കുന്നവരാണ് ഇവരെന്ന് പറയാതെ വയ്യ. തോറ – ബൈബിള്‍ വേദവാക്യങ്ങളെ അറബീകരിച്ച, ഹീബ്രു ഭാഷയില്‍ ആഴത്തില്‍ അറിവുള്ള ജ്ഞാനന്വേഷകനാണ് വറഖത്ത് ബ്‌നു നൗഫല്‍

അനിഷേധ്യമായ പരമ്പര
ജീബ്‌രീല്‍ മുഖേന, പ്രവാചകനില്‍ അവതരിച്ചു. അവിടുന്ന് അത് തന്റെ അനുചരന്മാര്‍ക്ക് കേള്‍പ്പിച്ചു. അവര്‍ പിന്‍ തലമുറക്കും കേള്‍പ്പിച്ചു. ഇന്ന് നമ്മിലേക്ക് എത്തിച്ചേരുന്നത് വരേക്കും ഒരു വലിയ നിവേദന ശൃംഖലയുണ്ട്. അതു തന്നെ മുത്വവാത്വിറായ പരമ്പരയാണ്. അഥവാ അസംഖ്യം ജനത അത് കേള്‍ക്കുകയും, അതേ പ്രകാരം അസംഖ്യം ജനതയെ കേള്‍പ്പിക്കുകയും ചെയ്തതാണ്. അങ്ങനെ ഈ കാലമത്രയും കൈമാറ്റം ചെയ്യപ്പെട്ടത് ഒരിക്കലും പിഴവോ/ കളവോ കൂടിക്കലരാത്ത വിധമാണ് എന്നര്‍ഥം. ഇത്തരം നിവേദന പരമ്പരയില്‍ കൈമാറ്റം ചെയ്യപെടുന്നവയെ ആണ് മുത്വവാത്വിര്‍ എന്ന സംജ്ഞ അര്‍ഥപ്പെടുത്തുന്നത്. ഖുര്‍ആനിലെ ഒരോ വചനവും അധ്യായവും ഇപ്രകാരമാണ്. തിരുനബി മുതല്‍ ഇന്നേക്ക് വരെ കൈമാറ്റം ചെയ്യപ്പെട്ടത്.

പാരായണം , പ്രതിഫലം
കേവലം പാരായണം പോലും ഒരു പ്രത്യേക ആരാധനയായി ഗണിക്കുന്നു എന്നത് വിശുദ്ധ ഖുര്‍ആനിന്റേതു മാത്രമായ മറ്റൊരു സവിശേഷതയാണ്.
ഈ നാലു സവിശേഷതകളാണ് ഹദീസുകള്‍, ഖുദ്‌സിയായ ഹദീസുകള്‍ എന്നിവയില്‍ നിന്ന് ഖുര്‍ആനിനെ പ്രത്യേകമാക്കുന്നത്. ഖുര്‍ആനിന്റെ നിര്‍വചനത്തില്‍ പണ്ഡിതര്‍ ഉപര്യുക്ത ചതുര്‍ ഉപാധികളും ഉള്‍കൊള്ളിച്ചാണ് നിര്‍വചിച്ചത്. ഈ വിശുദ്ധ ഇടപെടലിന്റെ പ്രാരംഭം മുതല്‍ ഇന്നേവരെയുള്ള കൈമാറ്റ രീതി മാനുഷിക ഇടപെടലുകള്‍ക്കോ പിഴവിനോ കളവിനോ സാധ്യതയില്ലാത്ത വിധം ഭദ്രമാണ്. ഇത് ബൗദ്ധിക മതകീയ ഖണ്ഡിത പ്രമാണങ്ങളാല്‍ സ്ഥിരപ്പെട്ട യാഥാര്‍ഥ്യമാണ്. ഇത്തരമൊരു കണിശമായ രീതിശാസ്ത്രത്തില്‍ കൈമാറ്റം ചെയ്യപ്പെട്ട വിശുദ്ധ ഗ്രന്ഥത്തെ മനുഷ്യനിര്‍മിതിയെന്ന വിധികല്‍പന തീര്‍ത്തും ബുദ്ധിശൂന്യമാണ്. ആകയാല്‍ ഖുര്‍ആനിക വചനത്തിലോ വാക്യത്തിലോ അധ്യായത്തിലോ വിമര്‍ശനത്തിന്റെയോ നിഷേധനത്തിന്റെയോ സ്വരം ഉയര്‍ത്താന്‍ പാടില്ല. അത്തരക്കാര്‍ക്ക് വിശുദ്ധ മതത്തില്‍ അംഗത്വമില്ല. എന്തെന്നാല്‍ യഥാര്‍ഥ്യത്തെ തമസ്‌ക്കരിച്ചവര്‍ക്ക് എങ്ങനെയാണ് വിശുദ്ധി കല്‍പ്പിക്കുക?.

Share this article

About സഫ് വാന്‍ ബി.എം

View all posts by സഫ് വാന്‍ ബി.എം →

Leave a Reply

Your email address will not be published. Required fields are marked *