നിഖാബ്, മാസ്‌ക് മുഖമറയുടെ രാഷ്ട്രീയം

Reading Time: 3 minutes

കാലങ്ങളായി മുസ്‌ലിം സ്ത്രീയുടെ മുഖാവരണം
പ്രശ്‌നവല്‍കരിച്ചവര്‍ മുഖംമൂടി ധരിക്കുമ്പോള്‍
നിങ്ങളെന്ത് പറയും?

കാതറിന്‍ ബുള്ളോക്
വിവര്‍ത്തനം: മുജ്തബ സി ടി കുമരംപുത്തൂര്‍

യു എസ് ടെലിവിഷനുകളിലെ ദീര്‍ഘകാലം ജനശ്രദ്ധയാകര്‍ഷിച്ച മെഡിക്കല്‍ ഡ്രാമയാണ് ‘ഗ്രെയ്‌സ് അനാട്ടമി’. ഇതില്‍ ഫെയ്‌സ് മാസ്‌ക്കുകള്‍, സര്‍ജിക്കല്‍ ക്യാപു കള്‍, ആശുപത്രി സ്‌ക്രബുകള്‍ തുടങ്ങിയ സര്‍വ സജ്ജീകരണങ്ങളോടെയും സദാസമയവും ഓപ്പറേഷന്‍ ടേബിളിനു ചുറ്റും ഒരുങ്ങി നില്‍ക്കുന്ന സര്‍ജന്‍മാരുടെയും നഴ്‌സുമാരുടെയും ദൃശ്യം. അവര്‍ പരസ്പരം ചിരിക്കുകയും സംസാരിക്കുകയും മെഡിക്കല്‍ സംബന്ധമായ അഭിപ്രായങ്ങള്‍ പങ്കെടുക്കുന്നതിനും ദൃശ്യങ്ങളില്‍ അഭിനേതാക്കളുടെ സൂക്ഷ്മതയും അതീവ ശ്രദ്ധയും അവരുടെ വൈകാരികതയുമെല്ലാം അവരുടെ കണ്ണുകള്‍ വഹിക്കുന്നുണ്ട്.
മുഖം മറക്കുന്നതിരെയുള്ള പൊതുവായ വാദങ്ങളിലൊന്ന് അവ ആശയവിനിമയത്തിന് തടസമാകുന്നു എന്നതാണ്. എന്നാല്‍ ഇത്തരം സീനുകള്‍ ഈ ആരോപണത്തോട് പരസ്പര വിരുദ്ധമാണ്.
കോവിഡ്19ന്റെ വ്യാപനത്തിന് എതിരെയുള്ള പോരാട്ടത്തെ സഹായിക്കാന്‍ ഇപ്പോള്‍ ഫേസ് മാസ്‌കുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നിഖാബിനെതിരെയുള്ള പൊതുവായ വിവേചനങ്ങള്‍ക്കെതിരെ പുതിയ രൂപത്തില്‍ നോക്കിക്കാണുന്നതിന് ഇത് കാരണമായിട്ടുണ്ട്. കോവിഡ് കാരണം ഇപ്പോള്‍ നിലവിലുള്ള ഈ സംസ്‌കാരം ഫ്രാന്‍സില്‍ 2011ലും ക്യുബെകില്‍ 2017ലും പ്രാബല്യത്തില്‍ വന്ന മുഖം മറക്കല്‍ നിരോധന നിയമത്തെക്കുറിച്ചു എന്നെ വളരെ ആശ്ചര്യപെടുത്തിയിട്ടുണ്ട്.

കനേഡിയക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും യുറോപ്യര്‍ക്കും സര്‍വവ്യാപിയായ മാസ്‌കുകള്‍ ഉപയോഗിക്കാനാവുമെങ്കില്‍ അവര്‍ക്ക് നിഖാബുകളും ഉപയോഗിക്കാനാവുമോ? ഇത് ധരിക്കുന്ന ചുരുക്കം ചില സ്ത്രീകളോടുള്ള പാശ്ചാത്യരാജ്യങ്ങളിലെ വിവേചനം അവസാനിക്കുമോ?

ഫെയ്‌സ് പൊളിറ്റിക്‌സ്
‘കനേഡിയന്‍ മുസ്‌ലിം വുമണ്‍ ആന്‍ഡ് വെയില്‍’ എന്ന ഗ്രന്ഥത്തിനുള്ള അന്വേഷണത്തില്‍ ഞാന്‍ പഠിച്ചതനുസരിച്ച് മുഖം മൂടിയോടുള്ള യൂറോപ്യന്‍ വെറുപ്പിന് ഒരു നീണ്ട കാലത്തെ ചരിത്രം തന്നെയുണ്ട്. സാമൂഹിക ഭീഷണിയുടെയും മുസ്‌ലിം സ്ത്രീയെ നിശബ്ദമാക്കുന്നതിന്റെയും പ്രതീകമായിട്ടാണ് നിഖാബ് കാണപ്പെടുന്നത്.
മേജ കാഫ് തന്റെ Western Representations of Muslim Women എന്ന ഗ്രന്ഥത്തില്‍ വെസ്റ്റേണ്‍ ഫിക്ഷനുകളിലെ മൂടുപടത്തെക്കുറിച്ചുള്ള ആദ്യഘട്ട ചര്‍ച്ചകളില്‍ ഡോന്‍ ക്വിക്‌സോട്ട് എന്ന പഴയ നോവലിനെ നിരീക്ഷിക്കുന്നുണ്ട്. നോവലിലെ ഒരു കഥാപാത്രമായ ‘ഡൊറോത്തിയ’ സത്രത്തിലേക്ക് പോകുന്ന ഒരു മുഖംമൂടിധാരിയായ സ്ത്രീയെക്കുറിച്ച് ചോദിക്കുന്നു: ഈ സ്ത്രീ ക്രിസ്ത്യാനി ആണോ അതോ മൂര്‍ ആണോ? മറുപടി: ‘അവളുടെ രൂപവും വസ്ത്രധാരണവും മൗനവും എല്ലാം കാണുമ്പോള്‍ അവള്‍ എന്താവരുതെന്ന് നാം ആശിക്കുന്നുവോ അത് തന്നെയാകുന്നു.’
ക്രമേണ, വ്യക്തികേന്ദ്രീകൃതമായ ലിബറലിസത്തിന്റെ വളര്‍ച്ചയും മുതലാളിത്തവും കണ്‍സ്യൂമറിസവും ഒരു പുതിയ ‘ഫെയ്‌സ് പൊളിറ്റിക്‌സ്’ ലേക്ക് നയിച്ചു. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ജെന്നി എഡ്കിന്‍സ്, മുഖത്തിന് ഈ പുതിയ അര്‍ഥകേന്ദ്രീകൃതമാക്കിയുള്ള രാഷ്ട്രീയ വളര്‍ച്ചയെക്കുറിച്ച് പഠിക്കുന്നുണ്ട്. മറ്റുള്ളവരുടെ അറിവില്‍ നിന്ന് ചിലത് മറച്ചു പിടിക്കുന്ന ഒരു ദുരൂഹമായ സാഹചര്യം ഈ പുതിയ ഫെയ്‌സ്- പൊളിറ്റിക്‌സില്‍ ഒളിഞ്ഞുകിടപ്പുണ്ട്.
അതേ സമയം, നാം വളര്‍ന്നുവരുന്നത് തന്നെ മുഖത്തെ പറ്റിയുള്ള വിഭിന്നമായ ധാരണകളും പേറിയാണ്. അഭിനേതാക്കള്‍ പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ മുഖം മിനുക്കും പോലെ തങ്ങളും മുഖത്തെ കാക്കണമെന്ന ധാരണകള്‍ സഹജമായി നമ്മില്‍ കുടിയേറുന്നുണ്ട്. മേക്കപ്പിട്ട് മുഖത്തിന് മേനി കൂട്ടാനും വിദ്യാഭ്യാസവും മനോദാര്‍ഢ്യവും സ്ഫുരിക്കുന്ന മുഖങ്ങളുമായി ലോകത്തെ നോക്കി കാണാനും നമ്മള്‍ പഠിക്കുന്നു. മാത്രമല്ല അവസരത്തിനൊത്ത് നമ്മുടെ യഥാര്‍ഥ വികാരങ്ങളെ മൂടിവെച്ച് മുഖത്ത് മറ്റുപലതും വാരിത്തേക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. ഇത്തരം കളങ്കപൂര്‍ണമായ മുഖം കൊണ്ടാണ് രക്ഷിതാക്കളെയും മറ്റു ആളുകളെയും പലപ്പോഴും നാം കൈയിലെടുക്കാറുള്ളത്.

നിഖാബ് വിരുദ്ധ മനോഭാവങ്ങള്‍
പ്രത്യേക ജനസമൂഹത്തിന്റെ ഭാഗമായതിനാല്‍ അവരെ ലാക്കാക്കി കൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ (ഹെയ്റ്റ് ക്രൈം) കാനഡയില്‍ ഇപ്പോഴും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഓന്‍ടാറിയോ, ക്യൂബെക്ക് മേഖലകളാണ് ഇതിന്റെ മുഖ്യ കേന്ദ്രങ്ങള്‍. ഓന്‍ടാറിയോയില്‍ മുസ്‌ലിം, ജൂത, കറുത്തവിഭാഗങ്ങള്‍ക്കെതിരെയാണ് ഈ അതിക്രമം കൂടുതല്‍ അരങ്ങേറുന്നതെങ്കില്‍ ക്യൂബെക്കിലെ ഇരകള്‍ മുസ്‌ലിംകള്‍ മാത്രമാണ്.
നിഖാബ് വിരുദ്ധ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പൊതു നേതാക്കളുടെ അഭിപ്രായങ്ങള്‍ ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ശക്തമായി പ്രതിഫലിച്ചിട്ടുണ്ട്. കാനഡയിലെ മുന്‍ പൗരത്വ, കുടിയേറ്റ മന്ത്രി ജേസര്‍ കെന്നി പൗരത്വ ചടങ്ങുകളില്‍ നിഖാബ് നിരോധനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. 2015ല്‍ അദ്ദേഹം നിഖാബ് ഒരു ഗോത്ര സാംസ്‌കാരിക സമ്പ്രദായമായിട്ടാണ് വിശേഷിപ്പിച്ചത്. അവിടങ്ങളില്‍ സ്ത്രീകളെ മനുഷ്യരായി അല്ല മറിച്ച് ഒരു സ്വത്ത് സൂക്ഷിക്കുന്നത് പോലെയാണ് അവര്‍ കാണുന്നത് എന്നും അദ്ദേഹം ആക്രോഷിച്ചിരുന്നു. അതേ വര്‍ഷം തന്നെ, മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പന്‍ നിഖാബ് സ്ത്രീവിരുദ്ധ സംസ്‌കാരത്തില്‍ വേരൂന്നിയ വസ്ത്രം ആണെന്നും അവരുടെ വ്യക്തിത്വം മറച്ചുവെക്കുന്ന കുറ്റമാണെന്നും പ്രസ്താവിച്ചിരുന്നു.
2018ലെ ആംഗ്‌സ് റീഡ് വോട്ടെടുപ്പില്‍ ഭൂരിഭാഗം കനേഡിയന്‍മാരും പൊതു ജീവനക്കാര്‍ക്ക് നിഖാബ് നിരോധിക്കുന്നതിന് പിന്തുണക്കുമെന്ന് കണ്ടെത്തിയിരുന്നു.

മെഡിക്കല്‍ മുഖാവരണങ്ങള്‍
സമീപകാലത്ത് ടെറന്റോ സ്റ്റാറിന്റെ ഒപേഡില്‍ വിന്‍ഡ്‌സര്‍ യൂനിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ഥിയായ താഷ സ്ട്രാന്‍ബെറി മോണ്‍ട്രിയല്‍ ആശുപത്രികളില്‍ ജനങ്ങളോട് സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി ചൂിക്കാട്ടിയിരുന്നു. സുരക്ഷാ ആവശ്യങ്ങള്‍ക്കായി തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താനും അവരുടെ മാസ്‌ക് മാറ്റിവെക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാതെ അവര്‍ മെഡിക്കല്‍ സ്റ്റാഫുകളും ആയി ഇടപഴകുകയും സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അതെ ആശുപത്രിയിലേക്ക് തന്നെ നിഖാബ് കാരിയായ ഒരു സ്ത്രീയുടെ പ്രവേശനം നിയമപ്രകാരം വിരുദ്ധവും അത് നീക്കാന്‍ നിര്‍ബന്ധിതരാക്കുന്നതുമാവുന്നു.
ഒരു പതിറ്റാു മുമ്പ്, യുഎസിലെ ഫിലോസഫി പ്രൊഫസറായ മാര്‍ത്ത നബസം ന്യൂയോര്‍ക്ക് ടൈംസുമായുള്ള ഒരു അഭിമുഖത്തില്‍ മുഖംമൂടി നിരോധനത്തിന്റെ കാപട്യത്തെക്കുറിച്ച് അതിശയകരമായി തുറന്നുകാട്ടിയിരുന്നു.
സുരക്ഷയാണ് പ്രശ്‌നമെങ്കില്‍ തണുപ്പിനെ അതിജീവിക്കാന്‍ മുഖം മൂടി കെട്ടി പൊതുഇടങ്ങളില്‍ ഇറങ്ങാന്‍ നമുക്കെന്തു കൊണ്ട് സാധിക്കുന്നു? ലിബറല്‍ ജനാധിപത്യ രാജ്യങ്ങളിലെ പൗരന്മാര്‍ തമ്മിലുള്ള പാരസ്പര്യത്തിനും ആശയവിനിമയത്തിനും അവരുടെ വൂളി സ്‌കാര്‍ഫുകള്‍ തടസം സൃഷ്ടിക്കുന്നതായി എന്തുകൊണ്ടാണ് കണക്കാകുന്നില്ല, അവര്‍ ചോദിക്കുന്നു. ‘ഇതിനെല്ലാം പുറമേ, ഡോക്ടര്‍മാര്‍, സര്‍ജന്‍സ്, ദന്ത വിദഗ്ധര്‍ ഫുട്‌ബോള്‍ കളിക്കാര്‍, സ്‌കൈറ്റേര്‍സ് തുടങ്ങി ഒരുപാട് വിശ്വസ്തരായ പ്രൊഫഷനലുകള്‍ എല്ലാ കാലാവസ്ഥയിലും അവരുടെ മുഖം മറക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നും അവരുടെ ആശങ്കയും ഭീതിയും ഉണ്ടാവാറില്ല. മറിച്ച്, ഒരു മുസ്‌ലിം ധരിക്കുമ്പോള്‍ മാത്രമാണ് അത് വലിയ പ്രശ്‌നമായി തീരുന്നത്.’ അവര്‍ പറഞ്ഞു.
കൊറോണ തടയാന് ഉപയോഗിക്കുന്ന ഒരു മാസ്‌കും നിഖാബും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? രണ്ടും ഒരു നിര്‍ദിഷ്ഠ ആവശ്യാര്‍ഥം ഒരു നിശ്ചിത സ്ഥലത്തു നിശ്ചിത സമയത്തേക്ക് മാത്രം ധരിക്കുന്ന വസ്ത്രങ്ങളാണ്. മുഴുസമയം ഒരിക്കലുമത് ഉപയോഗിക്കുന്നുമില്ല. ആവശ്യം നിര്‍വഹിച്ചാല്‍ മാസ്‌കും നിഖാബും അഴിച്ച് വെക്കുന്നു.
ചില വിശുദ്ധാഹ്വാനങ്ങള്‍ ചിലരെ നിഖാബ് ധരിക്കാന്‍ പ്രേരിപ്പിക്കുന്നു, ശക്തമായ ഒരു പകര്‍ച്ചവ്യാധി പലരെയും മാസ്‌കുകള്‍ ധരിക്കാനും പ്രേരിപ്പിക്കുന്നു. നാമെല്ലാവരും മാസ്‌ക് ധരിക്കാന്‍ തുടങ്ങിയാല്‍ അതിനര്‍ഥം നാം ഒരുതരം അടിച്ചമര്‍ത്തലിന് ഇരകളാക്കപ്പെട്ടു വെന്നാണോ? നാം ചിലര്‍ക്ക് വിധേയപ്പെട്ടുവെന്നാണോ? നമുക്കു പരസ്പരം ആശയ വിനിമയം നടത്താനാവില്ലെന്നാണോ? നാം ക്യൂബെക്കില്‍ ആണെങ്കില്‍ ഒരു ഡേകെയറില്‍ നമുക്കു ജോലി നഷ്ടപ്പെടുമോ? സര്‍ക്കാര്‍ ജോലി നിരസിക്കപ്പെടുമോ? ബസ്സില്‍ നമുക്ക് യാത്ര ചെയ്യല്‍ അനുവദനീയമാവില്ലേ?.

(ടൊറൊന്റോ സര്‍വകലാശാലയിലെ ഇസ്‌ലാമിക് പൊളിറ്റിക്‌സ് ലക്ചററാണ് ലേഖിക)

Share this article

About കാതറിന്‍ ബുള്ളോക്

View all posts by കാതറിന്‍ ബുള്ളോക് →

Leave a Reply

Your email address will not be published. Required fields are marked *