ഹലോ, ഇത് എന്റെ മൊബൈലാണോ?

Reading Time: 2 minutes

നാട്ടു കിനാവിന്റെയും പ്രവാസയിടവേളയുടെയും
വഴിമധ്യേ സ്തംബ്ധനായി നിന്ന
അല്‍പനേരം

ഷാനവാസ് ഹംസ

തുടരെ അവധി ദിവസങ്ങളായതിനാല്‍ റോഡിലും മറ്റും തിരക്ക് ഉണ്ടാകും. അതുകൊണ്ട് കുറച്ചു നേരത്തേ തന്നെ ഇറങ്ങിയിരുന്നു. പെട്ടിയൊക്കെ ഇന്നലെ തന്നെ സുഹൃത്തുക്കള്‍ കെട്ടി വെച്ചത് കൊണ്ട് ഒരുങ്ങിയാല്‍ മാത്രം മതി.
സാധാരണ ഞങ്ങള്‍ അല്‍ഖൂസിലെ സുഹൃത്തുക്കളുടെ വണ്ടിയിലാണ് എയര്‍പോര്‍ട്ടില്‍ പോകുക. സഹപ്രവര്‍ത്തകരുടെ ദുആയും കിട്ടുമല്ലോ. കമ്പനി വണ്ടികളില്‍ പോകുമ്പോള്‍ ഡ്രൈവര്‍മാരുടെ സൗകര്യത്തിന് വേണം റൂമില്‍ നിന്നും ഇറങ്ങാന്‍, ഇനി അദ്ദേഹത്തിന് വല്ല ജോലിയും ഉണ്ടെങ്കില്‍ നേരത്തെ തന്നെ എയര്‍പോര്‍ട്ടില്‍ തട്ടിയിട്ട് അയാള്‍ പോകുകയും ചെയ്യും.
ഡ്യൂട്ടി കഴിഞ്ഞ സമയമായതിനാല്‍ എന്നെ യാത്രയാക്കാന്‍ പെട്ടികെട്ടാന്‍ വന്ന ഹബീബുമാരും ഉണ്ടായിരുന്നു.
യാത്ര തുടങ്ങി. കൂടെ റാസിഖും റഹീമും എയര്‍പോര്‍ട്ടിലേക്ക് വരുന്നുണ്ട്. നാട്ടിലേക്ക് പോകുമ്പോള്‍ സാധാരണ പറയാറുള്ള തമാശകളൊക്കെ പറഞ്ഞ് വണ്ടി എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങി. കൂടുതല്‍ തിരക്കുണ്ടായിരുന്നു റോഡില്‍. ട്രാഫിക്കില്‍ കുറെ നേരം കുടുങ്ങിയെങ്കിലും കൃത്യസമയത്തു തന്നെ എത്താന്‍ സാധിച്ചു.
ഡിപാര്‍ചര്‍ ഏരിയയില്‍ യാത്രക്കാരെ ഇറക്കാന്‍ വാഹനങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്. ഉരുണ്ടുരുണ്ടു ഞങ്ങളുടെ വണ്ടിയുടെ ഊഴം എത്തി. കൂടുതല്‍ നേരം അവിടെ വണ്ടി നിര്‍ത്തിയാല്‍ വണ്ടിയുടെ നമ്പര്‍ പോലീസുകാരന്റെ പേപ്പറില്‍ പതിയുമെന്ന് അറിയുന്നത് കൊണ്ട് കൂട്ടുകാര്‍ പെട്ടെന്ന് തന്നെ ലഗേജ് ട്രോളിയില്‍ കയറ്റി തന്നു. ധൃതിയില്‍ ഞാനും ഇറങ്ങി. തിരക്കിനിടയില്‍ ആ ടൊയോട്ട മുന്നോട്ട് നീങ്ങുന്നതും നോക്കി തോളില്‍ കിടന്ന ബാഗെടുത്ത് ട്രോളിയില്‍ കിടത്തി.
ഏറെ നാളത്തെ പ്രവാസ ജീവിതത്തിനു ശേഷം പ്രിയപ്പെട്ടവരെ കാണാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ ഞാന്‍ ട്രോളി പതുക്കെ തള്ളി. മുന്‍പ് യാത്ര ചെയ്ത് കുറെ പരിചയമുണ്ടെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ നൂലാമാലകള്‍ കഴിഞ്ഞ് ഫ്‌ളൈറ്റില്‍ കയറുന്നത് വരെ ഒരാന്തലാണ്. പാസ്‌പോര്‍ട്ട് ബാഗില്‍ നിന്നും പുറത്തെടുത്തു. ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തത് കൊണ്ട് അത് മൊബൈലിലാണ്. ഫ്‌ളൈറ്റ് ടൈം, ടെര്‍മിനല്‍ ഒന്നും കൂടി കണ്‍ഫേം ആക്കാന്‍ വേണ്ടി മൊബൈല്‍ പോക്കറ്റില്‍ പരതി, ഒരു നിമിഷം സ്തബ്ധനായി. ധൃതിയില്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ മടിയിലിരുന്ന മൊബൈല്‍ താഴെ വീണുകാണും.
വണ്ടിയിറങ്ങിയ സ്ഥലത്ത് ചെന്നു. അവിടെയില്ല. ഒന്നുകില്‍ വണ്ടിയില്‍ വീണു, അല്ലെങ്കില്‍ ഇവിടെ വീണുകിടന്നത് ആരെങ്കിലും എടുത്തുകാണും! ഇനി എന്ത് ചെയ്യും? ടിക്കറ്റിന്റെ പിഎന്‍ആര്‍ നമ്പര്‍ പോലും ഓര്‍മയില്ല. ഫ്‌ളൈറ്റ് മിസ്സ് ആകും. നാട്ടില്‍ പോക്ക് മുടങ്ങും… മനസ് എന്തൊക്കെയോ മന്ത്രിച്ചു. ആരുടേയും നമ്പര്‍ മനഃപാഠമില്ല എന്നൊന്നും ഓര്‍ക്കാതെ ഞാന്‍ ഒരാളോട് ഫോണ്‍ തരുമോ എന്ന് ചോദിച്ചു. ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ അയാള്‍ ‘നോ’ പറഞ്ഞു. ലോകത്തിലെ വലിയ ക്രൂരന്‍! പ്രതീക്ഷയോടെ വേറെ ഒരു ഹിന്ദിക്കാരനോട് വിവരം പറഞ്ഞു. അയാള്‍ മൊബൈല്‍ നീട്ടി. പക്ഷേ ആരെ വിളിക്കും? നമ്പറില്ലല്ലോ. കണ്ണുകളില്‍ ഇരുട്ട് കയറി. പൊടുന്നനേ മനസില്‍ കുളിര്‍ത്തു, എന്റെ നമ്പറില്‍ തന്നെ വിളിച്ചു നോക്കാം…
നമ്പര്‍ ഡയല്‍ ചെയ്തു റിംഗ് ആകുന്നുണ്ട്. ആരും എടുക്കുന്നില്ല. നെഞ്ചിടിപ്പ് കൂടി. രണ്ടാമതും ഡയല്‍ ചെയ്തു. മറു തലക്കല്‍ റസാഖിന്റെ ഒരു ഹലോ. നല്ല തിരക്കാണ്, ഞങ്ങള്‍ വരാം. ഇറങ്ങിയിടത്ത് തന്നെ നില്‍ക്കൂ…
മഹാന്മാരെ സ്മരിച്ച് ദൂരെ നിന്നും വരുന്ന ഓരോ വണ്ടികളെയും നോക്കിനിന്നു. എല്ലാ വണ്ടികളും അതിലുള്ള ആള്‍ക്കാരും എന്നെയാണ് തിരയുന്നതെന്നും തോന്നി. ഒടുവില്‍ അവര്‍ വന്നു. കണ്ടു. ഒരിക്കല്‍കൂടി യാത്ര പറഞ്ഞ് ഞാന്‍ തിരിച്ചു നടന്നു.
ചെക്ക് ഇന്‍ കൗണ്ടറിലെത്തി. ബോര്‍ഡിംഗ് പാസ് കിട്ടി. വലിയ ചിറകുള്ള യന്ത്രപ്പക്ഷി മേഘങ്ങളേ കീറി മുറിച്ച് മാമലകള്‍ക്കപ്പുറമുള്ള മരതക പച്ചയിലേക്ക് പറനിറങ്ങുന്നതും സ്വപ്‌നം കണ്ട് സീറ്റിലിരുന്ന് പതിയെ കണ്ണുകളടച്ചു.

Share this article

About ഷാനവാസ് ഹംസ

View all posts by ഷാനവാസ് ഹംസ →

Leave a Reply

Your email address will not be published. Required fields are marked *