‘കിളി’ പോയി

Reading Time: < 1 minutes

‘കിളി’ ഇപ്പോള്‍ പഴയ കിളിയല്ല. കിളി വേറെ ലെവല്‍ ആണ്. കുഞ്ഞു പക്ഷി എന്ന അര്‍ഥത്തിലും ബസിലെ ക്ലീനറുടെ ചുരുക്കപ്പേരായും മാത്രം പ്രയോഗിച്ച് പോന്നിരുന്ന കിളിക്കൊപ്പം പോയി എന്ന വാക്കു കൂടി ചേരുന്നതോടെ പുതിയ കാലത്ത് ലഭിക്കുന്ന അര്‍ഥം കേട്ട് പഴമക്കാരാകെ ‘കിളി പോയി’ നില്‍പ്പാണ് !
സമനില തെറ്റി, എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി, അന്ധാളിച്ച് പോയി എന്നൊക്കെയാണ് കിളി പോയി എന്ന വാക്കിനര്‍ഥം. കൂട്ടിലടച്ചു വളര്‍ത്തുകയായിരുന്ന കിളി പറന്നു പോവുകയോ ബസിലെ കിളി പണിക്ക് വരാതാവുകയോ ചെയ്താല്‍ അത് നാലാളെ അറിയിക്കാന്‍ പുതിയ വാക്ക് കണ്ടു പിടിക്കേണ്ട അവസ്ഥയിലാണിപ്പോള്‍!
ശുഭപ്രതീക്ഷയോടെ പരീക്ഷാഹാളില്‍ എത്തിയിട്ട് ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യങ്ങള്‍ ക്വസ്റ്റ്യന്‍ പേപ്പറിലിരുന്ന് മുഖത്തേക്ക് നോക്കി പല്ലിളിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ പരീക്ഷാര്‍ഥിയെ സംബന്ധിച്ചെടത്തോളം കിളി പോകാന്‍ മതിയായ കാരണമാണ്.
സ്ഥലത്തെ പ്രധാന വില്ലനായും കൗണ്ടറുകളുടെ ആശാനായുമൊക്കെ വിലസുന്നവരെ അപ്രതീക്ഷിതമായി വന്ന് കയ്യൂക്ക് കൊണ്ടോ കൗണ്ടറടിച്ചോ വല്ല ചീള് പയ്യന്‍സും മലര്‍ത്തിയടിക്കുമ്പോള്‍ പ്രധാന വില്ലന്‍ കിളി പോയി മേലോട്ട് നോക്കി നില്‍കുന്നത് കാണാം.
നിയമ സഭയിലും പാര്‍ലിമെന്റിലുമൊക്കെ, സഭാംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും സബ്മിഷനുകള്‍ക്കും കൃത്യമായ വിശദീകരണം നല്‍കാനാകാതെ കിളി പോയി ബബ്ബബ്ബ അടിക്കുന്ന മന്ത്രിമാരെ പലപ്പോഴും നമ്മള്‍ കാണാറുള്ളതാണല്ലോ.
ചമ്മലിന്റെയും പരിഹാസത്തിന്റെയും ഘട്ടത്തില്‍ മാത്രമല്ല, അദ്ഭുതം കൊണ്ടും കിളി പോകുന്ന അവസ്ഥ വന്നു ചേരാറുണ്ട്.
കുഞ്ഞു കുട്ടികളുടെ ചില സ്റ്റേജ് പെര്‍ഫൊമന്‍സുകള്‍ മുതിര്‍ന്നവരെപ്പോലും അതിശയിപ്പിക്കും വിധം ഗംഭീരമാകുമ്പോള്‍, ഇതെങ്ങിനെ സാധിക്കുന്നുവെന്നറി യാതെ, വിധി നിര്‍ണയത്തിനിരിക്കുന്ന ജഡ്ജസ് പോലും വാപൊളിച്ചോണ്ടിരുന്നു പോകാറുണ്ട് ചിലപ്പോള്‍. ആ ഇരിപ്പും കിളി പോയ ഇരിപ്പാണ്.
ഏത് വാക്കാണ് അടുത്തതായി കൈകാര്യം ചെയ്യേണ്ടതെന്നറിയാതെ, ഈ പംക്തി ചെയ്തു തുടങ്ങിയത് മുതല്‍ ഓരോ മാസവും കിളി പോയി അന്ധം വിട്ട് നില്‍ക്കാറുള്ളത് മറച്ചുവെക്കുന്നതെന്തിന്?.

Share this article

About അബ്ദുല്ല വടകര

enpee_sa@yahoo.com

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *