തേപ്പ്

Reading Time: < 1 minutes

അലക്കി മടക്കി വെച്ച ഡ്രെസ്സെടുത്ത് ചുളിവ് നിവര്‍ത്താനായി ഇസ്തിരിയിടുന്നതിനും കെട്ടിപ്പൊക്കിയ ചുവരുകള്‍ സിമന്റിട്ട് പാകപ്പെടുത്തുന്നതിനുമൊക്കെയാണല്ലോ പരമ്പരാഗതമായി ‘തേക്കുക’ എന്ന് പറഞ്ഞു പോരുന്നത്. ന്യൂജന്‍ പദ നിര്‍മാണശാലയില്‍ കയറിയിറങ്ങിയതോടെ തേക്കുക, തേപ്പ് എന്നീ പദങ്ങള്‍ക്ക് അസാമാന്യ രൂപമാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ആവശ്യം കഴിഞ്ഞപ്പോള്‍ വലിച്ചെറിഞ്ഞു, പറ്റിച്ചു എന്നൊക്കെ നാലാളോട് പറയുന്നതിന് ഒരു പഞ്ചു കിട്ടണമെങ്കില്‍, അവനെന്നെ ‘തേച്ചിട്ടു’ പോയി എന്നങ്ങു പറഞ്ഞാല്‍ മതി. ആ പറ്റിപ്പ് എന്തുമാത്രം ഭീകരമായിരുന്നെന്ന് കേള്‍ക്കുന്നവര്‍ ഊഹിച്ചുകൊള്ളും.
പ്രേമം നടിച്ച് കൂടെ കൂടി കുറേ കാലം കൊണ്ടുനടന്ന ശേഷം, മെച്ചപ്പെട്ട മറ്റൊരു കൂട്ട് കിട്ടിയ പയ്യനോ പെണ്ണോ എന്തെങ്കിലും ന്യായം പറഞ്ഞു ആദ്യ കാമുകനെ/ കാമുകിയെ ഉപേക്ഷിച്ച് പോകുന്നേടത്താണ് തേച്ചിട്ട് പോവുക എന്ന പ്രയോഗം പെര്‍ഫക്റ്റ് ഫിറ്റായി ഉപയോഗിച്ചുകാണുന്നത്. കറങ്ങി നടന്ന കാലത്തിനിടയില്‍ കാലിയായ പോക്കറ്റും പൊത്തിപ്പിടിച്ച് കരയുന്ന പയ്യന്മാരെത്ര?!
പരിചയമില്ലാത്ത നാട്ടില്‍ ചെന്ന് ഓട്ടോയിലോ ടാക്‌സിയിലോ ഒക്കെ കയറിയാല്‍, ഡ്രൈവര്‍ നല്ലവനല്ലെങ്കില്‍ തേപ്പിനു ഇരയാവാന്‍ സാധ്യതയുണ്ട്. നടന്ന് ചെല്ലാവുന്ന ദൂരത്തേക്ക് ഒന്ന് ചുറ്റി വളഞ്ഞു ചെന്ന് കൂടുതല്‍ കാഷ് വാങ്ങിയാണ് ‘വരത്തനെ’ ചില ഡ്രൈവര്‍മാര്‍ തേക്കുക.
കടയിലെ കാഷ് കൗണ്ടറില്‍ ഇരിക്കുന്നവരും കടയില്‍ നിന്ന് കാഷ് ഇങ്ങോട്ട് വാങ്ങുന്നവരും വലിയ നോട്ടുകള്‍ക്ക് ചില്ലറ കൊടുക്കുന്നവരുമൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ തേപ്പിനിരയാവും. കീറിയതും പഴകിയതും എടുക്കാത്തതുമായ നോട്ടിന്റെ കൂടെ ഒരു പുഞ്ചിരിയും കൂടി തന്ന് യാത്രയാക്കുമ്പോള്‍ ഇയാള്‍ നമ്മെ തേക്കുന്നത് മനസിലാവുകയേ ഇല്ല. അങ്ങനെ കിട്ടിയ ഏറ്റവും വലിയ നോട്ട് തന്നെ പോക്കറ്റിലുള്ള അഹങ്കാരത്തില്‍, മെച്ചപ്പെട്ട റസ്റ്ററന്റില്‍ കയറി മൂക്ക് മുട്ടെ തിന്ന് ഈ നോട്ട് കാഷ്യര്‍ക്ക് നേരെ നീട്ടുമ്പോഴേ മറ്റേ കാഷ്യര്‍ തേച്ച കാര്യം ബോധ്യമാകൂ.
ചാനല്‍ ചര്‍ച്ചകളിലൊക്കെ സ്ഥിരം കത്തിക്കയറുന്ന മൂക്കില്ലാ രജ്യത്തെ മുറിമൂക്കന്‍ രാജാക്കന്മാര്‍ പതിവ് കാഴ്ചകളാണല്ലോ. വല്ലപ്പോഴുമൊരിക്കല്‍ അറിവിന്റെ അസ്‌ക്യതയുള്ളവരുടെ മുമ്പില്‍ അബദ്ധത്തില്‍ ഇക്കൂട്ടല്‍ ചെന്ന് പെട്ടാല്‍ ഉടുമുണ്ടില്‍ മൂത്രമൊഴിക്കുന്ന അവസ്ഥയിലായിപ്പോകാറുണ്ട്. ചോദിക്കുന്നതിനൊന്നും മറുപടിയുണ്ടാകില്ലെന്ന് മാത്രമല്ല, വെപ്രാളപ്പെട്ട് വെള്ളം കുടിക്കുന്നത് കൂടി കാണാം. അത്തരത്തില്‍ നിഷ്പ്രഭമാക്കുന്നതിനെ തേച്ചൊട്ടിക്കുക എന്നാണ് പറയുക!
എത്ര തേപ്പ് കിട്ടിയാലും പഠിക്കാത്തവരുമുണ്ട്. വഴിയോരക്കച്ചവടക്കാരുടെ വാഴ്ത്താരിയിലും വന്‍കിട കോര്‍പറേറ്റുകളുടെ പരസ്യങ്ങളിലും വീണ്, ഒറ്റമൂലിയും സൗന്ദര്യ വര്‍ധക വസ്തുക്കളും വാങ്ങിക്കൂട്ടുന്നവര്‍, പണമിരട്ടിപ്പ് വാഗ്ദാനങ്ങളില്‍ കുടുങ്ങി മാറി മാറി നിക്ഷേപിക്കുന്നവര്‍ തുടങ്ങിയവരൊക്കെ, തേപ്പ് വ്യവസായമാക്കിയവര്‍ക്ക് ഇരകളാകാന്‍ പാകത്തില്‍ നിന്ന് കൊടുക്കുന്നവരാണ്.

Share this article

About അബ്ദുല്ല വടകര

enpee_sa@yahoo.com

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *