ഉപ്പളയിലെ ഉര്‍ദു വര്‍ത്തമാനങ്ങള്‍

Reading Time: 2 minutes

കേരളത്തിലെ ഉര്‍ദു ഗ്രാമം എന്നാണ് കാസര്‍കോഡ് ജില്ലയിലെ ഉപ്പള എന്ന പ്രദേശം അറിയപ്പെടുന്നത്. കാസര്‍കോട് നഗരത്തില്‍ നിന്ന് ഏകദേശം 22 കിലോമീറ്റര്‍ വടക്കുമാറി നാഷനല്‍ ഹൈവേയോട് ചേര്‍ന്നുനില്‍ക്കുന്ന ഈ പ്രദേശത്ത് ചെന്നാല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെത്തിയ പ്രതീതി അനുഭവപ്പെടും. സാംസ്‌കാരികമായ മുഴുവന്‍ മേഖലകളിലും ഉത്തരേന്ത്യന്‍ മുസ്‌ലിം ജീവിതശൈലി തോന്നിപ്പിക്കും. ഉര്‍ദുവാണ് സംസാര ഭാഷ. താടി നീട്ടിവളര്‍ത്തിയ പുരുഷന്മാരും മൂക്കുകുത്തിയ സ്ത്രീകളുമാണ് ഇവിടെ ഭൂരിപക്ഷം. വീട്ടു മതിലുകളിലും പൊതുയിടങ്ങളിലും തൂങ്ങിനില്‍ക്കുന്ന ബോര്‍ഡുകള്‍ ഉര്‍ദുവില്‍. കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷത്തിന്റെ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി കര്‍മശാസ്ത്രത്തില്‍ ഹനഫി മദ്ഹബാണ് ഇവര്‍ തുടര്‍ന്നുപോരുന്നത്. ഏകദേശം നാലായിരത്തോളം വരുന്ന ഹനഫി കുടുംബങ്ങള്‍ ഇവിടെ കഴിയുന്നു.

ചരിത്ര പശ്ചാത്തലം
മലബാറിലെ മലയാളികളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളും തമ്മിലുള്ള വ്യവഹാരങ്ങളുടെ ഫലമായി പഴയ കാലം മുതല്‍ തന്നെ ഉറുദു ഭാഷ കേരളത്തിലും സ്വാധീനം ചെലുത്തിയിരുന്നു. മൈസൂര്‍ സുല്‍ത്താന്മാരുടെ ഇടപെടലുകളും മലയാളികളുടെ ഉറുദു ബന്ധത്തെ ദൃഢപ്പെടുത്തി. ഉര്‍ദുഭാഷയില്‍ നിപുണനായ ഹൈദര്‍ പതിനെട്ടാം നൂറ്റാണ്ടില്‍ മലബാര്‍ കീഴടക്കിയതോടെ മലബാറിലെ ഭരണഭാഷ എന്നപോലെ ഉര്‍ദു ഉപയോഗിക്കപ്പെട്ടു. മൈസൂര്‍ സുല്‍ത്താന്മാരുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ഉറുദുഭാഷയിലായിരുന്നു സംസാരിച്ചിരുന്നത്. അത്തരം ഉദ്യോഗസ്ഥരില്‍ പലരും കേരളത്തിലെ കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍ഗോഡ്, ഉപ്പള തുടങ്ങിയ പ്രദേശങ്ങളിലെത്തി സ്ഥിര താമസമാക്കുകയുണ്ടായി. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഉര്‍ദു സംസാരിക്കുന്ന അനവധിയാളുകള്‍ മൈസൂര്‍ സുല്‍ത്താന്മാരുടെ നിര്‍ദേശപ്രകാരം ഇവിടെ എത്തിയിരുന്നു. അതിന്റെ ഫലമായി പല മേഖലകളിലും പ്രധാന സംസാര ഭാഷ തന്നെയായി ഉര്‍ദു മാറി.
അന്ന് ഏറ്റവും കൂടുതലായി ഉര്‍ദു ജനവിഭാഗം താമസിച്ചിരുന്നത് ഉപ്പളയിലായിരുന്നു. അവര്‍ ഇവിടെ സ്‌കൂളുകളും മദ്‌റസകളും പള്ളികളും നിര്‍മിച്ചു. കൂട്ടായ്മകള്‍ക്ക് രൂപംനല്‍കി.
തുര്‍ക്കി സുല്‍ത്വാന്‍ ഈജിപ്ഷ്യന്‍ ഗവര്‍ണര്‍ സുലൈമാന്‍ പാഷയുടെ കീഴില്‍ 70 സൈനിക വ്യൂഹങ്ങളിലായി 700 ഓളം പടയാളികളെ കേരളത്തിലേക്ക് അയച്ചിരുന്നു. പോര്‍ച്ചുഗീസ് അധിനിവേശത്തെ തടയുക എന്ന ലക്ഷ്യത്തിലായിരുന്നു ഇത്. ഇങ്ങനെ നിരവധി തുര്‍ക്കി പടയാളികള്‍ കേരളത്തിലെത്തിച്ചേര്‍ന്നു. ശക്തമായ നാവിക ഭടന്മാരായിരുന്നു അവരില്‍ ഏറെയും.
തുര്‍ക്കിയില്‍ നിന്ന് വന്നവരുടെ പിന്മുറക്കാരാണ് എന്ന അനുമാനത്തില്‍ കാസര്‍കോഡിലെ ഉര്‍ദു സംസാരിക്കുന്ന ഹനഫി വിഭാഗത്തെ പലരും തുര്‍ക്കന്മാര്‍ എന്നാണ് വിളിക്കാറുള്ളത്. പുരുഷന്മാരുടെ പേരിനൊപ്പം സാഹിബ് എന്ന് ചേര്‍ത്തു വിളിക്കാറുള്ളതിനാല്‍ ‘സാഹിബന്‍മാര്‍’ എന്നും വിളിക്കപ്പെടുന്നു. ടിപ്പു സുല്‍ത്താന്റെ പടയാളികള്‍ മലബാറിലെത്തിയപ്പോഴും തന്റെ അധീനതയിലുള്ള പ്രദേശങ്ങളെ നിയന്ത്രിക്കാന്‍ സമര്‍ഥരായ ‘തുര്‍ക്കന്‍’ പോരാളികളെ നിയോഗിച്ചിരുന്നു. ഇവരെ തുടര്‍ന്ന് ധാരാളം ‘തുര്‍ക്കന്‍മാര്‍’ ഇവിടെ കുടുംബസമേതം താമസമുറപ്പിച്ചു.

നാവിക പാരമ്പര്യം
തുര്‍ക്കിക്ക് നാവിക രംഗത്ത് ശക്തമായ മേല്‍ക്കോയ്മ ഉണ്ടായിരുന്ന കാലത്താണ് തുര്‍ക്കിയില്‍ നിന്നുള്ള നാവിക പടയാളികള്‍ കേരളത്തിലെത്തുന്നത്. തങ്ങളുടെ നാവിക പാരമ്പര്യം അവര്‍ കൈമോശം വരാതെ കാത്തുസൂക്ഷിച്ചു. അതുകൊണ്ടു തന്നെ ഉപ്പളയിലെ ഉര്‍ദുഗ്രാമത്തില്‍ താമസിക്കുന്ന ഹനഫി വിഭാഗത്തിലെ നല്ലൊരു ശതമാനം ആളുകളും കപ്പല്‍ തൊഴിലാളികളാണ്. ശക്തമായ നാവിക പാരമ്പര്യവും കപ്പല്‍ തൊഴിലാളികളുടെ സാന്നിധ്യവുമുള്ള ഗ്രാമം ലോകത്ത് അപൂര്‍വമായിരിക്കും. പ്രദേശത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തായി ഒരു കിലോമീറ്റര്‍ അകലത്ത് കടലുള്ളതിനാല്‍ മത്സ്യബന്ധന മേഖലയിലും അധ്വാനശീലരായ പ്രദേശവാസികള്‍ സജീവമാണ്. മുള്ളന്‍ മത്സ്യങ്ങള്‍ ലഭിച്ചിരുന്ന സ്ഥലം എന്നര്‍ഥം വരുന്ന ‘കുറിച്ചിപ്പള്ള’ എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെട്ടിരുന്നു.
ഭക്ഷണരീതിയിലും കാസര്‍കോഡിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു ശൈലിയാണ് ഉപ്പളയിലെ ഈ സമൂഹത്തിനുള്ളത്. മട്ടനോടാണ് അവര്‍ക്ക് കൂടുതല്‍ കമ്പം. കാസര്‍കോഡിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നേര്‍ച്ചകളില്‍ നെയ്‌ച്ചോറും ബീഫും അടങ്ങിയ പൊതിച്ചോറാണെങ്കില്‍ ഉപ്പള നിവാസികള്‍ക്ക് ആട്ടുമാംസമാണ് അതിലും പ്രിയം. ഉത്തരേന്ത്യന്‍ ശൈലിയിലുള്ള രുചിക്കൂട്ടുകളാണ് ഇവിടെ തീന്‍മേശയില്‍ കാണാനാവുക.
ഉപ്പളയില്‍ സ്ഥിതിചെയ്യുന്ന അഹ്‌ലെ സുന്നത്ത് ജാമിഅ മസ്ജിദാണ് മേഖലയിലെ ഹനഫികളുടെ മത-വൈജ്ഞാനിക സാംസ്‌കാരിക കേന്ദ്രമായി നിലകൊള്ളുന്നത്. മതപഠന ക്ലാസുകള്‍, ആത്മീയ മജ്ലിസുകള്‍, മറ്റു കൂടിച്ചേരലുകള്‍ എന്നിവ ഇവിടെയാണ് നടക്കാറുള്ളത്. മറ്റു മസ്ജിദുകളും സ്ഥാപനങ്ങളും ജാമിഅ മസ്ജിദിന് കീഴിലായി പ്രവര്‍ത്തിക്കുന്നു. മത-സാംസ്‌കാരിക സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പണ്ഡിതന്മാരെ കൂടി ക്ഷണിച്ച് വരത്തും. ഉപരിപഠനത്തിനു വേണ്ടിയും കൂടുതലായി ഇവര്‍ ആശ്രയിക്കുന്നത് ഉത്തരേന്ത്യന്‍ സ്ഥാപനങ്ങളെയാണ്.
ഒന്നാം ക്ലാസ് മുതല്‍ ഉര്‍ദു പഠനം ആരംഭിക്കുന്ന കേരളത്തിലെ ഏക വിദ്യാലയം ഉപ്പളയിലെ ഗവണ്‍മെന്റ് ഹിന്ദുസ്ഥാനി യുപി സ്‌കൂളാണ്. മത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് സ്ഥാപിക്കപ്പെട്ട വിദ്യാലയങ്ങളിലൊന്ന് 1890 ല്‍ ഹിന്ദുസ്ഥാനി എയ്ഡഡ് എല്‍ പി സ്‌കൂളായി മാറി. ഹനഫീ പള്ളി കമ്മിറ്റിക്കായിരുന്നു സ്‌കൂള്‍ നടത്തിപ്പ് ചുമതല.1968ല്‍ ഈ വിദ്യാഭ്യാസ സ്ഥാപനം ഗവണ്‍മെന്റിന് കൈമാറി. തുടര്‍ന്ന് ഇത് ഗവണ്‍മെന്റ് ഹിന്ദുസ്ഥാനി സ്‌കൂളായി. ഉര്‍ദു ഭാഷ മീഡിയമായി പ്രവര്‍ത്തിക്കുന്ന വേറെ സ്‌കൂളുകള്‍ ഒന്നും കേരളത്തില്‍ ഇല്ലാത്തതിനാല്‍ പാഠപുസ്തകം തയാറാക്കല്‍, സിലബസ് ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, അധ്യാപക നിയമനം, തുടര്‍പഠനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഈ സ്‌കൂള്‍ കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പ്രയാസം സൃഷ്ടിച്ചു. ഇത് പരിഹരിക്കാന്‍ സ്‌കൂള്‍ കന്നഡ മീഡിയത്തിലാക്കി മാറ്റി. പിന്നീട് മലയാളം മീഡിയം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഹനഫികളുടെ ഉറുദു പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതല്‍ തന്നെ ഉര്‍ദു പഠനം നടത്താനുള്ള അവസരം നിലനിര്‍ത്തുകയുണ്ടായി. 1968ലാണ് അപ്പര്‍ പ്രൈമറി തലത്തിലേക്ക് സ്‌കൂള്‍ ഉയര്‍ത്തപ്പെട്ടത്.
മലയാളം, കന്നട, തുളു, ബ്യാരി, മറാത്ത, കൊങ്കിണി തുടങ്ങിയ ഏഴിലധികം ഭാഷകള്‍ ഉപ്പളയില്‍ വിവിധഭാഗങ്ങളിലായി സംസാരഭാഷ എന്ന നിലക്ക് ഉപയോഗിക്കപ്പെടുന്നു. കാസര്‍കോഡ് ജില്ലയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാറുള്ള സപ്തഭാഷ സംഗമഭൂമി എന്ന തലവാചകം എല്ലാ അര്‍ഥത്തിലും യോജിക്കുന്നത് ഈ പ്രദേശത്തിനാണെന്ന് പറയാനാവും. ഉപ്പള നഗരത്തിലെത്തുന്നവര്‍ക്ക് ഈ ഭാഷാവൈവിധ്യം ബോധ്യപ്പെടും.

Share this article

About സഈദ് ഹിമമി

View all posts by സഈദ് ഹിമമി →

Leave a Reply

Your email address will not be published. Required fields are marked *