ഓത്തു പള്ളീലന്നു ഞങ്ങള്‍ പോയിരുന്ന കാലം..

Reading Time: 2 minutes

വാര്‍ഷിക പരീക്ഷ അടുത്തു. രാവിലെ ഏഴുമണി മുതല്‍ ഒമ്പതരവരെ തുടര്‍ന്ന ക്ലാസ്. പാഠഭാഗങ്ങള്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. കൂടെ റിവിഷനും വേണം. അഞ്ചാംക്ലാസില്‍ പൊതു പരീക്ഷയാണല്ലോ. അങ്ങനെയാണ് രാത്രിമദ്റസ തുടങ്ങാന്‍ ഉസ്താദ് തീരുമാനിച്ചത്. എനിക്ക് സന്തോഷമായി. തങ്ങളേക്കാള്‍ മുതിര്‍ന്ന അയല്‍വീട്ടിലെ കുട്ടികള്‍ കൂട്ടമായി വൈകുന്നേരം മദ്റസയില്‍ പോകുന്നത് കാണുമ്പോള്‍ ആഗ്രഹിച്ചതായിരുന്നു. അന്ന് പഠനത്തേക്കാളേറെ പ്രാധാന്യം നിലാവെളിച്ചത്തില്‍ കാണുന്ന ആകാശത്തെയും കോടാനുകോടി നക്ഷത്രത്തിളക്കവും വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന വഴിയോരക്കാഴ്ചകളും രാത്രി മദ്റസയില്‍ ഉണ്ടാകാറുള്ള പുളിയും മാങ്ങയും തീറ്റയുടെ രസങ്ങളുമായിരുന്നിരിക്കണം. മുഹമ്മദ്ക്കാന്റെ കടയില്‍നിന്നും മെഴുകുതിരി വാങ്ങി നിസ്‌കാരക്കുപ്പായം പുസ്തക സഞ്ചിയിലാക്കി കൊണ്ടുപോകുന്ന കുട്ടികളെ നോക്കി നില്‍ക്കാറുള്ളതാണല്ലോ.
ഹഫ്സത്തും ഫൗസിയയും വന്നു. സാജിയും ഞാനും ഒരുങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഒരുക്കിത്തുടങ്ങിയ മാങ്ങയും പുളിയും കുടംപുളിയിലയും പുസ്തക കവറില്‍ ഇടാന്‍ മറന്നിട്ടില്ലല്ലോ എന്ന് ഒന്നുകൂടെ ഉറപ്പിച്ചു. ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട്. വീട്ടുകാരോട് പറഞ്ഞിറങ്ങി മുറ്റത്ത് എത്തിയപ്പോഴാണ് ഓര്‍ത്തത്, കരന്റു പോകുമ്പോള്‍ കത്തിക്കാന്‍ മെഴുകുതിരി. കൂടെ മിഠായിക്കുംകൂടി ചേര്‍ത്തുവാങ്ങണം. സാജി കൊണ്ടുവന്നിരുന്ന കുടംപുളിയുടെ ഇലയും ഉപ്പുംകൂട്ടി വൈകിട്ട് സ്‌കൂള്‍ ഇന്റര്‍വെല്‍ സമയത്ത് എല്ലാവരുംകൂടി തിന്നതാണ്. ഫൗസിയ കൊണ്ടുവന്നിരുന്നത് കണ്ണിമാങ്ങകളായിരുന്നു. ഞാന്‍ ഉമ്മാന്റെ അടുത്തേക്ക് തിരിഞ്ഞോടി. ചോദ്യഭാവത്തില്‍ പുരികമുയര്‍ത്തിയ ഉമ്മയോട് മെഴുകുതിരിയും മിഠായിയും വാങ്ങാന്‍ പൈസ ചോദിച്ചു. ഉമ്മ രണ്ടുരൂപ തന്നു. ഞങ്ങള്‍ നിസ്‌കാരക്കുപ്പായമെടുക്കാന്‍ മറന്നിരുന്നില്ല. മഗ്രിബ് നിസ്‌കാരം കഴിഞ്ഞുപോകുമ്പോഴേക്ക് നന്നായി ഇരുട്ടും. അവിടെയെത്തുമ്പോള്‍ സമയം വൈകും. ഇശാ നിസ്‌കാരം വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ്.
വഴിയില്‍നിന്നും ധാരാളം കൂട്ടുകാരെ കിട്ടി. മെയിന്റോഡ് ക്രോസ് ചെയ്യാന്‍ മുതിര്‍ന്നവരില്‍ചിലര്‍ സഹായിച്ചു. അങ്ങാടി തിരക്കേറിയതായിരുന്നു. വൈകുന്നേരത്തെ മീന്‍കച്ചവടം തകൃതിയായി നടക്കുന്നു. നിലത്ത് തുണിവിരിച്ച് തൈലമോ മരുന്നോ വില്‍ക്കുന്ന ആള്‍ തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു. അയാള്‍ക്കുചുറ്റും കുറേയാളുകള്‍ വട്ടംകൂടി നില്‍ക്കുന്നു. കോഴിക്കോട് പോകുന്ന ബസ് നിര്‍ത്തുന്ന സ്റ്റോപ്പില്‍ ഒന്നുരണ്ടുപേര്‍ കാത്തുനില്‍ക്കുന്നു. മൂന്നാം ക്ലാസ്വരെ ഞാന്‍ അവരെ അസൂയയോടെയാണ് കണ്ടത്. ദീര്‍ഘദൂരം യാത്ര ചെയ്യാനും കടല്‍ത്തീരമുള്ള കോഴിക്കോടിനെ കാണാനും ഏറെ ആഗ്രഹിച്ചതാണ്. അനിയനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ വാശിപിടിച്ച് ഞാനും പോയി. അതു മഴക്കാലം തുടങ്ങിയ നേരത്താണ്, സ്റ്റാന്‍ഡില്‍നിന്നും ഓട്ടോറിക്ഷയിലാണ് ബീച്ചിലേക്ക് പോയത്. കടലിനടുത്തെത്തിയപ്പോള്‍ മഴ തോര്‍ന്നിരുന്നു. ഉമ്മാന്റെ കുടകൂടി എന്റെ കൈയില്‍തന്നു. ഞാന്‍ ആര്‍ത്ത് കരയുന്ന തിരകളെ അദ്ഭുതത്തോടെ നോക്കി, ഇരമ്പിവരുന്ന തിരകള്‍ തീരത്തെ മണലിലേക്ക് പതഞ്ഞുപതഞ്ഞ് അലിയുന്നതു കണ്ടപ്പോള്‍ എന്ത് സന്തോഷമായിരുന്നു. മുഷിഞ്ഞവസ്ത്രം ധരിച്ച ഒരു പയ്യന്റെ കൈയില്‍നിന്നും വലിയുപ്പ കടലവാങ്ങി തന്നു. കടലയുടെ തൊലി കളഞ്ഞ് വായിലേക്കിട്ടു കൊണ്ട് കടലിന്റെ അങ്ങേയറ്റത്ത് പൊട്ടുപോലെ കാണുന്ന ബോട്ട് നോക്കി നില്‍ക്കാന്‍ നല്ല രസമായിരുന്നു. എനിക്ക് തിരകളെ തൊടാന്‍ കൊതിയുണ്ടായിരുന്നു. പക്ഷേ, ഉമ്മ അതിനരികെ പോകാന്‍ സമ്മതിക്കുന്നില്ല. കടല്‍ വെള്ളത്തിന് ഉപ്പുരസമാണെന്ന് വിജയന്‍മാഷ് പറഞ്ഞിട്ടുണ്ട്. ഞാനൊന്ന് നോക്കട്ടെ ഉമ്മയോട് കെഞ്ചി പറഞ്ഞുനോക്കി. വേണ്ടെന്ന് പറഞ്ഞു ഉമ്മ കണ്ണുരുട്ടി. ഞാന്‍ കൈ പിടിച്ചോളാം, വലിയുപ്പ സഹായത്തിനെത്തി. അങ്ങനെ വലിയുപ്പയുടെ കൈ പിടിച്ച് കുനിഞ്ഞുനിന്ന് കടല്‍വെള്ളം കൈക്കുമ്പിളിലെടുക്കാന്‍ ഞാന്‍ ഉമ്മാന്റെയും എന്റെയും കുട താഴെവെച്ചു. കൈയിലെടുത്ത മണല്‍ വെള്ളം രുചിച്ചുനോക്കി. പൊടുന്നനെ വലിയൊരു തിരവന്ന് ഞങ്ങളുടെ കുടകള്‍ എടുത്തോണ്ട് പോയി. മറ്റെവിടേക്കോ ശ്രദ്ധിച്ചുനിന്ന വലിയുപ്പയുടെ കൈവിടുവിച്ച് ഞാന്‍ ഒലിച്ചുപോകുന്ന കുടകള്‍ക്ക് പിറകെ ഓടി. കുടകള്‍ എന്റെ കൈയരികത്തുനിന്നും വളരെ ദൂരെയെത്തിയിരുന്നു. അടുത്ത തിര വളരെ നേര്‍ത്തതിനാലാകാം കുടകള്‍ തിരികെ കൊണ്ടു വന്നിരുന്നില്ല. എനിക്ക് തലചുറ്റിത്തുടങ്ങി. കുഞ്ഞിനെ എടുത്തുനിന്ന ഉമ്മ ഉറക്കെ കരഞ്ഞതുകൊണ്ട് വലിയുപ്പ പുറകെവന്ന് എന്നെ പിടിച്ചുനിര്‍ത്തിയിട്ടു പറഞ്ഞു. സാരമില്ല, അതുപോട്ടെ, നമുക്ക് പുതിയത് വാങ്ങാം.
സോറി, ബസ്സ്റ്റോപ്പ് കണ്ടപ്പോള്‍ മദ്റസ മറന്നു പലതും ഓര്‍ത്തുപോയി. അങ്ങാടിയിലെ ചീനിമരം നിറയെ പൂത്തിരിക്കുന്നു. പോക്കറ്റ് റോഡിലേക്ക് കടക്കുന്ന വഴി കൊഴിഞ്ഞുവീണ പൂവിതളിനാല്‍ വലിയൊരു പൂമെത്തതന്നെ ഒരുക്കിയിട്ടുണ്ട്. ഞാന്‍ മുകളിലേക്കുനോക്കി, ചീനിമരങ്ങള്‍ നിറയെ പക്ഷിക്കൂടുകളാണ്. ആ കൂടുകളില്‍ പറക്കമുറ്റാത്ത ധാരാളം പക്ഷിക്കുഞ്ഞുങ്ങളുണ്ടാകും. അവയ്ക്ക് തീറ്റ തേടിപ്പോയ അവരുടെ മാതാപിതാക്കള്‍ ഇപ്പോള്‍ തിരികെ എത്തിയിട്ടുണ്ടാകാം. അവരുടെ വഴിക്കാഴ്ചകളിലെ രസങ്ങള്‍ കുട്ടികളുമായി പങ്കുവെക്കുകയായിരിക്കും. ഏത് ഭാഷയിലാകും അവര്‍ പരസ്പരം സംസാരിക്കുന്നതാവോ. അങ്ങനെ പലതും ഓര്‍ത്തുകൊണ്ടാണ് ഞാന്‍ നടന്നത്.
രാവിലെ എപ്പോഴും വൈകാറാണ് പതിവ്. തങ്ങളുസ്താദ് പോയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഫാത്തിഹ ഓതിയിട്ടുണ്ടാകും, ഉസ്താദ് പോയാല്‍ ഇടവഴിയില്‍ കുറേനേരം അത്തറുമണം പരന്നുകിടക്കും. എന്റെ ഉമ്മാനെ പഠിപ്പിച്ച ഉസ്താദാണ്. അന്നത്തെ ഓര്‍മകള്‍ ഉമ്മ പറയുന്നത് കേള്‍ക്കാന്‍ എന്തു രസമായിരുന്നെന്നോ.
ആലി കാക്കാന്റെ ചായപ്പീടികയില്‍ നല്ല തിരക്കുണ്ട്. സമാവറില്‍ ചൂടുവെള്ളം എടുത്ത് ചായപ്പൊടിയിട്ട അരിപ്പയിലൂടെ പാലും പഞ്ചാരയുമിട്ട ഗ്ലാസ്സിലേക്ക് പകര്‍ന്നുനീട്ടി ഒഴിക്കുന്നത് കാണാന്‍ ഞാന്‍ നേരമറിയാതെ നോക്കി നില്‍ക്കാറുണ്ട്. ആലിക്കാക്ക വിദഗ്ധനായ ചായക്കാരനാണ്. അപ്പുകുട്ടേട്ടന്‍ കുനിഞ്ഞിരുന്ന് ഉമിത്തീയിലേക്ക് ഊതുകയാണ്. സ്‌കൂളില്ലാത്ത ഞായറാഴ്ച ദിവസങ്ങളില്‍ സ്വര്‍ണനിറമുള്ള തീ ചീളുകള്‍ കാണാന്‍ കുറേനേരം നില്‍ക്കും.
അപ്പുണ്ണിയേട്ടന്‍ തയ്യല്‍ജോലി തീര്‍ത്ത് നിരപ്പലകയിടാന്‍ തുടങ്ങി. കൂടെ കമ്യുണിസ്റ്റുകാരായ ചങ്ങാതികള്‍ അന്നത്തെ അവസാന ചര്‍ച്ചയിലാണ്. മറ്റുപാര്‍ട്ടിക്കാരുംകൂടി ഉണ്ടെങ്കില്‍ അപ്പുണ്ണിയേട്ടന്റെ കടയില്‍നിന്നും അങ്ങാടിയിലേക്ക് ബഹളം കേള്‍ക്കാം. മദ്റസയില്‍ എത്തിയപാടെ ബാങ്ക് കൊടുത്തു. ഞങ്ങള്‍ നിസ്‌കരിക്കാന്‍ നിരന്നുനിന്നു. ജമാഅത്ത് നിസ്‌കാരം കഴിഞ്ഞയുടന്‍ ഉസ്താദ് വന്നു. പാഠഭാഗങ്ങള്‍ എടുത്തുകൊണ്ടിരിക്കേ കരന്റുപോയി. പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നാണ്, ഉറപുളിയുടെയും മിഠായിയുടെയും പൊതി അഴിക്കുന്ന ശബ്ദമുണ്ടായി. എല്ലാ ഡസ്‌കിനു മുകളിലും മെഴുകുതിരികള്‍ മിന്നിനിന്നു. വര്‍ത്തമാനങ്ങള്‍ കൂടുമ്പോള്‍ ഉസ്താദ് വടികൊണ്ട് മേശയിലടിച്ചു.
ഒമ്പത് മണിക്ക് മദ്റസവിട്ടു. പപ്പായ തണ്ടില്‍ മണ്ണെണ്ണ നിറച്ച് കത്തിച്ച് ആണ്‍കുട്ടികള്‍ മുന്നില്‍നടന്നു. ചിലരുടെ വീട്ടില്‍നിന്നും മുതിര്‍ന്ന ആങ്ങളമാരോ ഉപ്പയോ ടോര്‍ച്ച് മിന്നിച്ച് കാത്തുനില്‍പ്പുണ്ട്. ഇരുട്ടില്‍ ഓലച്ചൂട്ടും വീശി നടക്കുന്നവരുമുണ്ട്. മുകളിലേക്കു നോക്കിയപ്പോള്‍ ഉമ്മ പൂണ്ടുതരുന്ന തേങ്ങാപ്പൂളിന്റെ ചേലിലുള്ള അമ്പിളിക്കീറു ഞങ്ങളുടെകൂടെ വീടുവരെ വരുന്നതായിരുന്നു അന്നത്തെ വലിയ രസങ്ങളിലൊന്ന്.

Share this article

About ജുവൈരിയ സലാം

juvairiyasalam6@gmail.com

View all posts by ജുവൈരിയ സലാം →

Leave a Reply

Your email address will not be published. Required fields are marked *