മച്ചാനേ.. ഇവന്‍ എന്റെ ചങ്ക് ബ്രോ!

Reading Time: < 1 minutes

സൗഹൃദത്തിന്റെ സ്വഭാവം, തീവ്രത, ഇഴയടുപ്പം തുടങ്ങിയവക്കനുസരിച്ച്, സന്ദര്‍ഭം പൊലെ ഉപയോഗിച്ചിരുന്ന വാക്കുകളായ കൂട്ടുകാരന്‍, ചങ്ങാതി, സുഹൃത്ത് തുടങ്ങിയവക്ക് പുതിയ തലമുറ ‘ദയാവധം’ വിധിച്ചു കഴിഞ്ഞു. അവയുടെ സ്ഥാനത്ത് ഇപ്പോള്‍ കളം നിറഞ്ഞാടുന്നത് മച്ചാന്‍, ചങ്ക്, ബ്രോ തുടങ്ങിയ വാക്കുകളാണ്.
ഇണ പിരിയാത്ത കൂട്ടുകാരുടെ ഒരു സംഘത്തെയോ അല്ലെങ്കില്‍ അങ്ങനെയുള്ള രണ്ടു പേരെയോ ചൂണ്ടിക്കാണിച്ച് അവര്‍ ‘ചങ്ക്‌സ്’ ആണ് എന്നാണ് ഇപ്പോള്‍ പ്രയോഗം. അപരന്റെ പോക്കറ്റില്‍ നിന്ന് പൈസ എടുത്ത് സ്വന്തം പൊലെ കൈകാര്യം ചെയ്യുക, ഷര്‍ട്ടും മുണ്ടും മാത്രമല്ല കുളിക്കാനുള്ള തോര്‍ത്ത് പോലും പരസ്പരം മാറി ഉപയോഗിക്കുക തുടങ്ങിയവക്കൊന്നും പരസ്പരം സമ്മതം വേണ്ടാത്തത്ര ആഴത്തിലുള്ള സൗഹൃദമാണ് ചങ്ക്‌സിനിടയില്‍ ഉണ്ടാവുക. കല്യാണത്തിന് പുതിയാപ്പിളയുടെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് സ്വയം നിര്‍വഹിക്കുന്ന വടക്കേ മലബാറിലെ ‘ഒക്ക ചങ്ങായി’മാരൊക്ക ഈ ചങ്ക്സ് എന്ന ഗണത്തിലാണ് പെടുക. മാനംമര്യാദക്കുള്ള ചങ്ക്സാണെങ്കില്‍ ആ ബന്ധം വളര്‍ന്നു രണ്ടു വീടുകള്‍ക്കും കുടുംബങ്ങള്‍ക്കുമിടയിലുള്ള ഉറച്ച ബന്ധമായും അത് വളരും!
സുഹൃത്ത് എന്ന അര്‍ഥത്തില്‍ ആരെയും കയറി വിളിക്കാവുന്ന ഒരു പ്രയോഗമാണിപ്പോള്‍ ‘ബ്രോ’ എന്നത്. ബ്രോ ആവാന്‍ ആഴത്തിലുള്ള സ്‌നേഹബന്ധമുണ്ടാകണമെന്നില്ല. വേണമെങ്കില്‍ അല്പം ഔപചാരികത ഒളിപ്പിച്ച് കടത്താനുള്ള ‘പൊട്ടന്‍ഷ്യലു’മുണ്ട് ബ്രോ എന്ന ആ പ്രയോഗത്തിന്. എന്നാല്‍ മേല്‍ പറഞ്ഞ ചങ്കിന്റെ കൂടെ ബ്രോ കൂടി ചേര്‍ത്ത് ‘ചങ്ക് ബ്രോ’ എന്ന് വിളിച്ചാല്‍ കിട്ടുന്ന ഒരു ഫീലുണ്ടല്ലോ, അത് ഒന്നൊന്നരയാണ്! സ്‌നേഹിച്ചവര്‍ക്ക് വേണ്ടി ചങ്ക് പറിച്ചു നല്‍കുക എന്നൊക്കെ സാധാരണ ബഡായി പറയാറുണ്ടല്ലോ. അതില്‍ നിന്നായിരിക്കാം അതിതീവ്ര സ്‌നേഹത്തിന് ചങ്കെന്ന ചുരുക്കപ്പേര് വന്നത്. brother എന്ന ഇംഗ്ലീഷ് വാക്ക് ചുരുങ്ങിയാണ് ‘മലയാളത്തിലെ’ ബ്രോ ഉണ്ടായിരിക്കുന്നത്!
പൊതുവായ സൗഹൃദം സൂചിപ്പിക്കാനായി ആരെയും കയറി വിളിക്കാവുന്ന വാക്കുകളാണല്ലോ ചങ്ങാതി, കൂട്ടുകാരന്‍ എന്നൊക്കെ. അവക്ക് പകരം മച്ചാനാണ് ഇപ്പോള്‍ ട്രെന്‍ഡ്. ബ്രോയില്‍ ഒളിപ്പിച്ച് വെച്ച ഔപചാരികതയോ ചങ്കിലെ ഇഴയടുപ്പമോ മച്ചാനില്‍ കിട്ടില്ലെന്ന് മാത്രം.
ജനകീയരായ ഉദ്യോഗസ്ഥരെ വാത്സല്യത്തോടെ ബ്രോ എന്ന് സംബോധന ചെയ്യുന്ന പുതിയ ഒരു രീതിയും വികസിച്ചുവന്നിട്ടുണ്ട്. കൂടുതലും കലക്ടര്‍മാരിലാണ് ബ്രോസ് ഉള്ളത്. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ കസേരയിലിരുന്ന് കറങ്ങി ഓര്‍ഡര്‍ പുറപ്പെടുവിക്കുന്നതിന് പകരം ദുരിതാശ്വാസ സാധനങ്ങള്‍ മറ്റുള്ളവരോടൊപ്പം ചുമന്ന് കാമ്പുകളി ലെത്തിക്കുക, ദുരന്ത സ്ഥലത്ത് വന്ന് മരം നീക്കിയിടുക തുടങ്ങിയ പരിപാടികളിലേര്‍പ്പെടുന്ന എതു കലക്ടര്‍ക്കും ‘കലക്ടര്‍ ബ്രോ’ ആകാം.
brotherനെ നടുവെ പിളര്‍ത്തി bro ആക്കിയതു പോലെ, സഹോദരനെ മുറിച്ച് ‘സഹോ’ എന്ന് വിളിക്കുന്ന രീതിയും അപൂര്‍വമായെങ്കിലും നിലവിലുണ്ട്!.

Share this article

About അബ്ദുല്ല വടകര

enpee_sa@yahoo.com

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *