തലപ്പാറ തങ്ങള്‍ നിഷ്ഠയുടെ വിസ്മയം

Reading Time: < 1 minutes

കറുത്ത തൊപ്പിയണിഞ്ഞ് തോളില്‍ ഒരു വര്‍ണഷാള്‍ ധരിച്ച് വേദികളില്‍ ഒന്നാം നിരയിലിരിക്കുന്നു. തിളങ്ങുന്ന മുഖത്ത് കുറ്റിത്താടി മാത്രം. ചിലപ്പോള്‍ ദുആ നേതൃത്വം വഹിക്കുന്നു.
തലപ്പാറ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മകളിലുള്ള ചിത്രമിതാണ്. പക്ഷേ അടുത്തിടപഴകിയവര്‍ക്ക് തങ്ങള്‍ മറ്റു പലതുമാണ്. ആത്മീയത മുറ്റി നില്‍ക്കുന്ന ജീവിതം, നിറഞ്ഞ സ്‌നേഹം വിളമ്പിക്കൊടുക്കുന്നയാള്‍, കൃത്യതയുള്ള സംഘാടകന്‍, നല്ല സഹയാത്രികന്‍, കൈയഴിഞ്ഞ ദാനശീലന്‍, ഉത്തരവാദിത്വമുള്ള കുടുംബനാഥന്‍, അങ്ങനെ പലതും.
മലപ്പുറം ജില്ലയിലെ തലപ്പാറയിലാണ് വീട്. പേരും പെരുമയമുള്ള കുടുംബമാണ് തങ്ങളുടേത്. പണ്ഡിതന്മാരും പ്രസ്ഥാന നേതാക്കന്മാരും സ്വൂഫികളുമാണ് കുടുംബം നിറയേ.
നാട്ടില്‍ ഇസ്‌ലാമിക ചലനങ്ങളുടെ സാന്നിധ്യവും സംഘാടകനുമായിരുന്നു തങ്ങള്‍. അല്ലാഹു ഔദാര്യമായി നല്‍കിയ ധനശേഷി ഇസ്‌ലാമിക, പ്രാസ്ഥാനിക ചലനങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചു. ലോകത്തിന്റെ നാനാദിക്കിലുള്ള മഹാരഥന്മാരെ സിയാറത്ത് ചെയ്യുന്നതില്‍ തങ്ങള്‍ ഏറെ താത്പര്യം പുലര്‍ത്തി. നിരവധി മുസ്‌ലിം രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് സിയാറതുകള്‍ നിര്‍വഹിച്ചു. അജ്മീരും നാഗൂരും വര്‍ഷത്തിലൊരു തവണ സിയാറത്ത് ചെയ്യുമായിരുന്നു. യാത്രകളിലൊക്കെ ഫഖീറന്മാര്‍ക്ക് കൊടുക്കാന്‍ പ്രത്യേകം കാശ് കരുതിയിരുന്നു. വീട്ടിലെത്തുന്നവര്‍ക്കും ഹദ്‌യ പതിവാക്കി. മക്കളെ നേരത്തേ തന്നെ ഹജ്ജ് കര്‍മങ്ങള്‍ക്ക് കൂടെക്കൂട്ടി.
പുലര്‍ച്ചെ 4 മണിയോടെ തങ്ങളുടെ ദിവസം ആരംഭിക്കുന്നു. പതിവ് പ്രാര്‍ഥനകളും ദിക്‌റുകളും ചൊല്ലി ദീര്‍ഘനേരം ആരാധന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നവരാണ് തങ്ങള്‍. കൂടെ ഭാര്യയുമുണ്ടാകും. സുബ്ഹ് നിസ്‌കാരത്തിന് ശേഷം വീണ്ടും നീണ്ട ചൊല്ലിപ്പറച്ചിലുകള്‍ തുടരുന്നു. പിന്നീട് ചികിത്സകരുടെയും സന്ദര്‍ശകരുടെയും സമയമാണ്. പ്രതീക്ഷ നിറഞ്ഞ വാക്കുകള്‍ കൊണ്ട് തങ്ങള്‍ എല്ലാവരേയും ആശ്വസിപ്പിക്കും. പറയാനുള്ളവരെ കേള്‍ക്കും. സംഘടനാ പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും ധൈര്യവുമായിരുന്നു തങ്ങള്‍. നിര്‍ധനര്‍ക്ക് പലപ്പോഴും ധാരാളം നല്‍കുമായിരുന്നു. പലരുടേയും ശമ്പളക്കമ്മി തങ്ങള്‍ തന്നെ പരിഹരിച്ചു.
തങ്ങളുടെ ആശിര്‍വാദത്തിനും ആശ്രയത്തിനും തലപ്പാറ തറവാട്ടിലെത്തുന്നവര്‍ക്ക് വലിയ വിടവാണ് തങ്ങളുടെ വിയോഗം.
ഖുറാസാനില്‍ നിന്നാണ് തുറാബ് തങ്ങള്‍കുടുംബം മലബാറിലെത്തിയത്. ഹസനുത്തുറാബാണ് മലബാറിലെ ആദ്യകണ്ണി. അവരുടെ പെരുമയും പോരിശയും ഉയര്‍ത്തിയ സന്താന പരമ്പരയാണ് തലപ്പാറ തങ്ങളുടെ കുടുംബം.

Share this article

Leave a Reply

Your email address will not be published. Required fields are marked *