ബേക്കല്‍ ഉസ്താദ് അറിവിന്റെ കര്‍മയോഗി

Reading Time: < 1 minutes

ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാരുടെ ഉപ്പ മുഹമ്മദ്, ഉമ്മ ഖദീജ. നോക്കൂ, മുത്തുനബിയെ അനുസ്മരിപ്പിക്കുന്ന കുടുംബം. പേരില്‍ മാത്രമല്ല പൊരുളിലും തിരുനബിയെ അടയാളപ്പെടുത്തുന്നവരാണ് ആ കുടുംബം. പിതാവ് നല്ല ഭക്തനാണ്. വിജ്ഞാനത്തോട് അതീവ തത്പരനായിരുന്നു. മകന്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ തന്നെയാണ് അതിന്റെ തെളിവ്.
കര്‍ണാടകയിലെ മഞ്ഞനാടിയില്‍ 1949 ഫെബ്രുവരിയിലാണ് ഉസ്താദിന്റെ ജനനം. 1962ല്‍ 13-ാം വയസില്‍ അറിവ് തേടി പുറപ്പെട്ടു. അതു വരെ നാട്ടിലെ ഓത്തുപള്ളിയില്‍ പ്രാഥമിക ജ്ഞാനം നേടി. കര്‍ണാടകയിലെ തന്നെ കിന്യയിലാണ് ആദ്യത്തെ പഠനം. അവിടെ നിന്ന് 1964 ല്‍ മലയാള ദേശമായ കുമ്പോലിലെത്തി. അത് വലിയൊരു വഴിത്തിരിവായിരുന്നു. സാദാത്തുക്കളുടെ സാന്നിധ്യമുള്ള മണ്ണാണ് കുമ്പോല്‍. അറിവും അലിവും നിറഞ്ഞ സാത്വികനാണ് അപ്പോള്‍ കുമ്പോലിലെ മുദര്‍രിസ്; ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍. ചെലവുകുടി സമ്പ്രദായമായിരുന്നു അന്നവിടെ. എല്ലായിടത്തും അങ്ങനെ തന്നെയായിരുന്നു.
കുമ്പോലിലെ പ്രധാന സയ്യിദ് തറവാട്ടിലാണ് തങ്ങള്‍ക്ക് ചെലവുണ്ടായിരുന്നത്. ഇബ്‌റാഹീം മുസ്‌ലിയാരുടെ ചിട്ടയും ശീലവും കണ്ടായിരിക്കണം രണ്ടു നേരത്തെ ഭക്ഷണം അതേ തറവാട്ടില്‍ നിന്ന് തന്നെ കിട്ടി. പോരാത്തതിന് നല്ല ആശീര്‍വാദവും കൊടുത്തു. അതിന്റെ ഫലമാണ് ജീവിതത്തിലുണ്ടായ എല്ലാ നേട്ടങ്ങളുമെന്ന് ബേക്കല്‍ ഉസ്താദ് അയവിറക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം 67ല്‍ ആലമ്പാടി ഉസ്താദിന്റെ ശിഷ്യത്വം തേടി അങ്ങോട്ട് ചെന്നു. വലിയ സൂഫിവര്യന്‍ കൂടിയാണ് ആലമ്പാടി ഉസ്താദ്. പിന്നീട് 68ലാണ് ഉള്ളാളത്തെത്തുന്നത്. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളാണ് അവിടെ പ്രധാന മുദര്‍രിസ്. ആശ്ചര്യഭരിതമായ ദര്‍സ്. നന്നായി പഠിക്കാനുള്ള അവസരം. അതുപയോഗപ്പെടുത്തിയ ബേക്കല്‍ ഉസ്താദ് തങ്ങളുടെ പ്രധാന ശിഷ്യനായി മാറി. 1972ല്‍ ദയൂബന്തിലെത്തി. ഒരു വര്‍ഷത്തെ പഠനം കഴിഞ്ഞ് ബാഖവി സനദ് നേടി നാട്ടില്‍ തിരിച്ചെത്തി.
73ല്‍ വിവാഹം. 74ല്‍ ആദ്യത്തെ ഹജ്ജ് നിര്‍വഹിച്ചു. 1976 ല്‍ കാസര്‍കോട് ബേക്കല്‍ പള്ളിയില്‍ സേവനത്തിനെത്തിയ ഉസ്താദ് 40 വര്‍ഷം അവിടെ തന്നെ തുടര്‍ന്നു. അവിടെ അത്രയും സ്വീകാര്യനായ ഗുരുവായിരുന്നു അദ്ദേഹം. ബേക്കല്‍ എന്ന പേര് അങ്ങനെ കിട്ടിയതാണ്. അക്കാലത്ത് സംഘടനയിലും പ്രവര്‍ത്തിച്ചു. ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളാണ് സംഘടനാ വഴികാട്ടി. സമസ്ത കേരള കേന്ദ്ര മുശാവറ അംഗം, അഞ്ഞൂറ് മഹല്ല് അടങ്ങുന്ന ഉടുപ്പി സംയുക്ത ഖാസി, ചിക്മംഗളൂരു സംയുക്ത ഖാസി, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ്, സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്ള്‍, ആലിക്കുഞ്ഞി ഉസ്താദിന്റെ ശിഷ്യരായ പണ്ഡിതര്‍ക്ക് ദര്‍സ് നേതൃത്വം, അറിവും ആത്മാര്‍ഥതയും അര്‍പ്പണവും നിറഞ്ഞതായിരുന്നു ആ ജീവതം. കര്‍മശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ മേഖലയില്‍ അതീവ നിപുണനായിരുന്ന ഉസ്താദ് താജുല്‍ ഫുഖഹാഅ് എന്ന അപരനാമത്തില്‍ പരക്കെ അറിയപ്പെട്ടു. 2020 സെപ്റ്റംബര്‍ 24ന് ആ ജ്ഞാനദീപമണഞ്ഞു.

Share this article

Leave a Reply

Your email address will not be published. Required fields are marked *