ഷെയ്ഖ് സാഇദും മീസാന്‍ കല്ലുകളും

Reading Time: 2 minutes

ഈ മേയ് രണ്ടിന് 45 വര്‍ഷങ്ങള്‍ തികയുന്നു ആ ദിവസത്തിന്. ഖബറക്കം കഴിഞ്ഞ് ചീരണിയുമായി എരമംഗലം പള്ളിക്കലേക്ക് ഉസ്മാന്‍ക്ക എന്നേയും കൂടി കൊണ്ടുപോയി. ഖത്തപ്പെര കെട്ടി മീസാന്‍ കല്ലിന് സമീപം ഒരു ബെഞ്ചിട്ട് ഓതുന്നുണ്ട് രണ്ട് മെയ്‌ല്യാക്കുട്ടികള്‍. കാട്ടപ്പയും തൂവാക്കൊടിച്ചികളും അപരിചിതത്വത്തോടെ തുറിച്ചു നോക്കി.
പള്ളിക്കാട്ടില്‍ അഹങ്കാരത്തോടെ അലറി വിളിച്ച് ഒച്ചപ്പാടുണ്ടാക്കുന്ന ഒരു കരിമ്പനയുണ്ടായിരുന്നു അന്ന്. അതിന്റെ താഴെ രണ്ട് മീസാന്‍ കല്ലും. വിറക്കുന്ന കൈകള്‍ മുറുക്കി പിടിച്ച് വായിച്ചു നോക്കി.
‘ചെറ്റാറയില്‍ മൊയ്ദുണ്ണി
1975 മെയ് 1′
എഴുതിയത് വായിച്ച് ഞാന്‍ ഏങ്ങിയേങ്ങിക്കരഞ്ഞു. ഇക്കാക്ക അന്ന് ഒന്‍പതു വയസുള്ള എന്നെ ചേര്‍ത്ത് പിടിച്ചിട്ട് പറഞ്ഞു. ‘ഇനി കരഞ്ഞിട്ട് കാര്യമില്ല. നമ്മുടെ ഉപ്പ മരിച്ചു. മരണം എല്ലാവര്‍ക്കും ഉള്ളതാണ്. ‘നീയും മരിക്കും. ഞാനും മരിക്കും. ഏല്ലാവരും മരിക്കും.’ യാസീനിലെ മുബീനിന്റെ തെല്ലത്തിരുന്ന് മെയ്‌ല്യാക്കുട്ടികള്‍ എത്തിച്ച് നോക്കി. കരിമ്പനകള്‍ ഒച്ചപ്പെട്ടു. ഉണ്ണീന്‍ കുട്ടി മുസ് ല്യാര്‍ വന്നു ദുആ ഇരന്നു. ചീര്‌നിയും പാലൊഴിച്ച പഞ്ചാരച്ചായയും കൊടുത്ത് കരിമ്പനകളുടെ താഴെയുള്ള മീസാന്‍ കല്ലുകള്‍ക്ക് അദ്ദേഹത്തെ വിട്ടുകൊടുത്ത് മൂക്ക് പിഴിഞ്ഞ് ഞങ്ങള്‍ തിരിച്ചുപോന്നു.
ഇന്നും ഏത് മീസാന്‍ കല്ല് കണ്ടാലും എനിക്ക് കരച്ചില്‍ വരും. ഹൃദയദ്രവീകരണ ശക്തിയുള്ള ഏത് ദേസ്‌തേവ്‌സ്‌കിയാണ് മീസാന്‍ കല്ലില്‍ പേരെഴുതി വെയ്ക്കുന്നത്. എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തുന്ന കരിങ്കല്‍ കാവ്യങ്ങളാണ് മീസാന്‍ കല്ലുകളും അവയിലെ പേരുകളും. കോഴിക്കോട് പോയി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഖബറും മീസാന്‍ കല്ലും കണ്ടപ്പോഴും ചിറയിന്‍കീഴില്‍ അബ്ദുല്‍ ഖാദര്‍ എന്ന പ്രേം നസീറിന്റെ മീസാന്‍കല്ല് കണ്ടപ്പോഴും ഒപ്പം പഠിച്ചിരുന്ന ബാങ്കിലെ യൂസ്ഫ്ക്കയുടെ അബ്ദുവിന്റെ മീസാന്‍ കല്ല് കണ്ടപ്പോഴും പിന്നെ രണ്ട് മൂന്ന് ദിവസങ്ങള്‍ ഉറങ്ങിയിട്ട് തന്നെയില്ല. 1975 മെയ് രണ്ടിന് ശേഷമാണ് ഈ സൂക്കേട് എനിക്ക് തുടങ്ങിയത്.
1975 മെയ് ഒന്നിന് ഒരു വ്യാഴാഴ്ചയാണ് ഉപ്പ മരിച്ചത്. വിശ്രമമില്ലാത്ത അലച്ചിലും സാഹസികമായ യാത്രകളും അനിശ്ചിതത്വങ്ങളും മാനസിക സമ്മര്‍ദങ്ങളും ഭീതികളും മരണാഭിമുഖമായ അപകടങ്ങളും കൊണ്ട് മുറിവ് പറ്റിയതുമായിരുന്നു ആ ജീവിതം.
1940കളിലെ രണ്ടാം ലോകമഹയുദ്ധത്തിന്റെ കേളി കൊട്ടുണരുമ്പോള്‍ തെക്കെയില്‍ അബൂബക്കറിന്റേയും ചെറ്റാറയില്‍ ഫാത്തിമയുടേയും സീമന്തപുത്രനായി 1921ല്‍ ജനിച്ച അദ്ദേഹം തന്റെ ഇറങ്ങിപ്പോക്കുകള്‍ തുടങ്ങിയിരുന്നു.
ബര്‍മയിലെ റങ്കൂണില്‍ ബ്രിട്ടീഷ് മിലിറ്ററിയിലെ ജവാനായിരുന്നു അദ്ദേഹമെന്ന് ഒരു തുരുമ്പിച്ച ഇരുമ്പ് പെട്ടി പഴയ പെരയിലിരുന്ന് വിളിച്ചുപറയാറുണ്ട്. അദ്ദേഹം പറഞ്ഞിരുന്ന ചില പട്ടാളക്കഥകളും ഒഴിഞ്ഞ് മാറിപ്പോയ വെടിയുണ്ടകളും നെടുംപുറത്തെ ഒരു അടയാളത്തെപ്പറ്റിയുമൊക്കെ ഉമ്മയും പറയാറുണ്ട്. 1940കള്‍ക്ക് ഇടയിലെപ്പോഴോ മൊള നുള്ളിപ്പറമ്പിലേക്ക് തെക്കെയില്‍ അബൂബക്കറിന്റെ പേരില്‍ ചെറ്റാറയില്‍ മൊയ്ദീന് ചില വസ്ത്രങ്ങള്‍ പാര്‍സലായി വന്നിരുന്നത്രേ! വല്ല്യുമ്മയും പെങ്ങമ്മാരും വാവിട്ട് നിലവിളിച്ചു. ഓതിക്കലൊക്കെ നിശ്ചയിച്ചു. അവിടുന്ന് നാലാം ദിവസം ഹയാത്തോടെ അദ്ദേഹം ഹാജരായ കഥ നഫീസ അമ്മായി പറഞ്ഞ് ഞങ്ങളും കേട്ടിട്ടുണ്ട്.
തറവാടിന്റെ മുക്കിലിരുന്ന് വിഷണ്ണരായ പട്ടാള ക്യാംപിലെ മൂന്നു നാലു സ്റ്റൗവുകളും ഇടക്ക് തീപിടിച്ച് നിലവിളിക്കാറുണ്ട്. ഇടക്ക് വലിയ കുളത്ത് ബണ്ടലടിച്ച് ഇരിക്കുന്ന കൊമ്പന്‍ മീശ വെച്ച പട്ടാളക്കാരുടെയിടയിലായിരുന്ന അദ്ദേഹവും കൊമ്പന്‍ മീശ പിരിച്ച് സൊറക്കുന്നത് ഞാനും കണ്ടിട്ടുണ്ട്.
മീശക്കാരന്‍ മൊയ്ദുണ്ണി എന്ന പേരും അദ്ദേഹത്തിന് നാട്ടിലുണ്ട്. രണ്ടാം ലോക മഹായുദ്ധത്തോടെ പട്ടാള ജീവിതമുപേക്ഷിച്ച് പാക്കിസ്ഥാനിലെത്തിയ അദ്ദേഹം നടന്നും ഇരുന്നും കിട്ടിയ കാരവനുകളിലൊക്കെ കയറിപ്പറ്റി 1943ല്‍ അന്നത്തെ ട്യൂഷ്യല്‍ സ്റ്റേറ്റിലുമെത്തി. തുടര്‍ന്ന് തിരിച്ചുവരവുകളും പോക്കുകളും ഒക്കെ ലോഞ്ചില്‍ തന്നെയായിരുന്നു.
കേരളം ജന്മിത്വത്തോടേറ്റുമുട്ടി നിലവിളിക്കുമ്പോള്‍ അദ്ദേഹം യുഎഇലെ വിവിധ എമിറേറ്റുകളില്‍ ചോപ്പട കെട്ടി താമസിച്ച് അറബികള്‍ക്ക് ഭക്ഷണം വെച്ച് കൊടുക്കുന്ന ഒന്നാംതരം അറബി കുക്കായി മാറിയിരുന്നു.
1950കളില്‍ അബൂദാബിയില്‍ ആദ്യമായി ഹോട്ടലിന് ഒരു ലൈസന്‍സ് കിട്ടിയത് ചെറ്റാറയില്‍ മൊയ്ദീന്റെ താജ്മഹല്‍ ഹോട്ടലിന് ആയിരുന്നെന്ന് ഇപ്പോള്‍ ഏകദേശം തൊണ്ണൂറ് വയസുള്ള അവ്വല്‍ മലബാരിയും പറയുന്നു. മാധ്യമം ആഴ്ചപ്പതിപ്പില്‍ 2018ല്‍ അവ്വല്‍ മലബാരിയുടെ അഭിമുഖം വായിച്ച് ഞങ്ങള്‍ ഇപ്പോള്‍ മമ്പാട് എംഇഎസ്സിന് സമീപം താമസിക്കുന്ന അദ്ദേഹത്തെ കാണാന്‍ ഉപ്പാടെ ഒരു പഴയ ചില്ലിട്ട ഫോട്ടോയുമെടുത്ത് പോയിരുന്നു.
ചന്തിയില്‍ ആനപ്പുറത്തിരുന്ന തഴമ്പിന്റെ കഥകള്‍ കേട്ട് ഞങ്ങള്‍ തരിച്ചിരുന്നു. അവിശ്വസനീയമായിരുന്നു ആ അബൂ ഷനബിയന്‍ കഥകള്‍.
ഷെയ്ഖ് സാഹിദുമായി ചെറ്റാറയില്‍ മൊയ്ദീനുള്ള അടുപ്പവും സ്‌നേഹവും സമൂസ വിരുന്നും ബിരിയാണി വെച്ച് ഷെയ്ഖ് സാഹിദിന്റെ വീട്ടില്‍ പോകുന്നതും വൈകുന്നേരം വരെ അവര്‍ തമ്മിലിരുന്ന് ചെസ് കളിക്കുന്നതും അവ്വല്‍ മലബാരി ഓര്‍ത്തെടുത്ത് കണ്ണീര്‍ വാര്‍ത്തു.
മൊയ്ദീന്‍കയെ കാണുമ്പോഴേക്കും യാ.. അബൂ ഷനബ് എന്ന് പറഞ്ഞ് ഷെയ്ഖ് സാഇദ് തന്റ ഖന്തൂറയുടെ ഉള്ളിലേക്ക് മൊയ്ദീന്‍ക്കയെ പിടിച്ചു ചേര്‍ക്കും. തൊണ്ണൂറ് വയസോടടുക്കുന്ന അവ്വല്‍ മലബാരിയോട് ചേര്‍ന്ന് നിന്ന് കുറെയേറെ ഫോട്ടോകളെടുത്തു.ആ വിറക്കുന്ന സന്ധി ബന്ധങ്ങളില്‍ നിന്ന് ഓര്‍മകള്‍ പൂത്തിറങ്ങി. അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമ എരമംഗലം കൊട്ടകയില്‍ തറ ടിക്കറ്റിലിരുന്ന് കണ്ട പോലെ. ഞങ്ങള്‍ പകലിന്റെ വെള്ളിവെളിച്ചത്തിലേക്ക് ചൂടും വേവുമെടുത്ത് മൂടു തട്ടി ഇറങ്ങി. ആരും വിശ്വസിക്കാന്‍ സാധ്യതയില്ലാത്ത ഈ പൊട്ടന്‍ തെയ്യക്കഥ ആരോടും പറയാതെ അടക്കിപ്പിടിച്ച് വെച്ചു.
1950കളുടെ ആദിയില്‍ ആയിരുന്നു ഇവയൊക്കെ. ഷെയ്ഖ് സാഇദ് അന്ന് പ്രസിഡന്റ് ആയിട്ടില്ല. അദ്ദേഹത്തിന്റെ സഹോദരന്‍ ഷെയ്ഖ് അബൂത്തിന്റെ ബ്രിട്ടീഷ് അധീന കോളനിഭരണമായിരുന്നു അന്ന് ട്രൂഷ്യല്‍ സ്റ്റേറ്റില്‍. പിന്നീട് പെട്രോളിയത്തിന്റെ ഖനനം തുടങ്ങുകയും ഇദ്ദേഹത്തിന്റെ കൊള്ളരുതായ്മയും കെടുകാര്യസ്ഥതയും ഷെയ്ഖ് സായിദ് ചോദ്യം ചെയ്യുകയും ചെയ്തു. ബ്രിട്ടീഷ് ഒത്താശയോടെ ഷെയ്ഖ് സാഇദ് ഭരണത്തിലേറി.
പെട്രോധനത്തില്‍ നിന്നു കിട്ടുന്ന വരുമാനം ദേശസാല്‍കരിക്കുകയും ചെയ്തു. വിവിധ എമിറേറ്റ്‌സുകളുടെ ഏകീകരണത്തോടെ 1971 ലാണ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് നിലവില്‍ വരുന്നത് 1955നും 1960നും ഇടയിലായിരുന്നിരിക്കണം ഈ ഷെയ്ഖ് സാഇദ് ചെറ്റാറയില്‍ മൊയ്ദീന്‍ സമാഗമങ്ങള്‍. അന്ന് ലോഞ്ച് വഴിയോ കപ്പല്‍ വഴിയോ നുഴഞ്ഞ് കയറിയോ ഒക്കെ ആയിരിക്കണം പേര്‍ഷ്യക്കാരന്‍ മൊയ്ദുണ്ണിയും തന്റെ കഠിന കഠോരമായ പേര്‍ഷ്യന്‍ പാത പണിഞ്ഞത്.

Share this article

About ഷൗഖത്ത് അലി ഖാന്‍

shoukath.alighan@gmail.com

View all posts by ഷൗഖത്ത് അലി ഖാന്‍ →

Leave a Reply

Your email address will not be published. Required fields are marked *