കറുത്തമ്മയുടെ വിചാരങ്ങള്‍

Reading Time: 2 minutes

സദാചാരം പേടിപ്പിക്കുന്ന ഒരു ശബ്ദമാണിപ്പോള്‍. സദാചാരബോധം ജീവിതത്തിന്റെ അനിവാര്യമാണുതാനും. ഭാര്യാഭര്‍തൃ ഇഴയടുപ്പത്തില്‍ സംശയങ്ങളുടെ ഇടയാട്ടമുണ്ടാകുന്നത് പലപ്പോഴും സദാചാരത്തെ ചൊല്ലിയാണ്. ഇണകള്‍ തമ്മില്‍ കറയും മറയുമില്ലാതെ ഇടപഴകുന്ന കൃത്യമാണ് ലൈംഗികത. പക്ഷേ സദാചാര സംബന്ധമായ സന്ദേഹങ്ങള്‍ ഈ തുറസിനെ താറുമാറാക്കുന്നു. ഇസ്‌ലാമിക ജീവിത ചട്ടക്കൂട് ദാമ്പത്യവല്ലരിയെ വാടാതെ കരുതാനുള്ള മാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കുന്നു. ഓരോരുത്തരോടും എത്രയളവില്‍ എന്തു തൂക്കത്തില്‍ വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കണമെന്ന് പറയുന്നുണ്ട്.
ഒരു നൂറ്റാണ്ടുകാലത്തെ കേരളീയ ചരിത്രത്തില്‍ മിക്ക മനുഷ്യരുടേയും ഉപജീവനം കൃഷിയും മത്സ്യബന്ധനവുമാണെന്ന് കാണാം. കേരളത്തിന്റെ ഒരതിര് മുഴുക്കെയും കടലിനോട് ചേര്‍ന്നാണല്ലോ. മത്സ്യ ബന്ധനത്തിന് ഇത് ഏറെ സഹായിച്ചിട്ടുണ്ട്. നിര്‍ധനരായ കുടുംബങ്ങളാണ് കടലോരവാസികള്‍. സമ്പന്നരുടെ വേലക്കാരായാണ് ഈ തീരവാസികള്‍ കഴിഞ്ഞിരുന്നത്. പലരും അവരുടെ ശേഷിയും സൗന്ദര്യവും ചൂഷണം ചെയ്യുന്ന രീതി നേരത്തേ മുതലേ പതിവായിരുന്നു. ജന്മികളായിരുന്നു അതില്‍ മുന്നില്‍. പ്രതിരോധിക്കാനും പ്രതിഷേധിക്കാനുമുള്ള ശേഷി ഇരകള്‍ക്ക് നന്നേ കുറവായിരുന്നു. നിവൃത്തികേടുകൊണ്ട് ഇരയായി കഴിയുകയായിരുന്നു പലരും. ചില മലയാള സാഹിത്യ ആഖ്യാനങ്ങളില്‍ ഇത്തരം ധാരാളം അനുഭവങ്ങള്‍ വന്നിട്ടുണ്ട്.
തകഴിയുടെ ചെമ്മീന്‍ അതിലൊന്നാണ്. ചെമ്മീനില്‍ കറുത്തമ്മയുടെ കാമുകനാണ് പരീകുട്ടി. ഒരു മുക്കുവനാണ് കറുത്തമ്മയെ കല്യാണം കഴിക്കുന്നത്. ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ പൂര്‍വകാമുകന്‍ പരീകുട്ടി, കറുത്തമ്മയുടെ അടുത്തേക്ക് ദാഹത്തോടെ വരാറുണ്ടായിരുന്നു. അപ്പോഴെക്കെയും കറുത്തമ്മ പ്രതിരോധിച്ച് നിന്നു. പിന്നീടൊരിക്കല്‍ നടുക്കടലില്‍ കണവന്‍ വലിയൊരു മത്സ്യത്തെ വരുതിയിലാക്കുന്നതിനിടക്ക് കടലില്‍ പതിച്ച് മരിച്ചുപോകുന്ന രംഗമുണ്ട് നോവലില്‍. മുക്കുവപ്പെണ്ണ് പിഴക്കുന്നതിന്റെ ഭാഗമായാണ് കണവന്‍ മരിച്ചതെന്നാണ് കഥാന്ത്യം പറയുന്നത്. സദാചാര ബോധത്തെപ്രതി വായിക്കാവുന്ന ഒരു കഥാംശമാണിത്. തൊഴില്‍തേടി പുറപ്പെട്ടുപോകുന്ന ജീവിതപങ്കാളിയെ മനസില്‍ കണ്ടും പ്രാര്‍ഥിച്ചും വീട്ടില്‍ കഴിയുന്ന ഇണയാണ് നമ്മുടെ കുടുംബ സാമൂഹിക ബോധങ്ങളില്‍ കാലങ്ങളായുള്ളത്. വൃത്തികേടുകള്‍ ഒളിച്ചുകടത്താനുള്ള ഇടവേളയല്ല അതെന്ന് എല്ലാ മനുഷ്യദര്‍ശനങ്ങളും പറയുന്നുണ്ട്.
ഇണകളുടെ അപചലനം കാരണം തുണകള്‍ക്ക് ജീവന്‍ വരെ നഷ്ടപ്പെടുമെന്ന വിശ്വാസമാണ് ഈ ചെമ്മീന്‍കഥ പങ്കുവെക്കുന്നത്. പങ്കാളിയുടെ പ്രാര്‍ഥനയും പരിശുദ്ധിയും കാരണമാണ് ഭര്‍ത്താവ് വീടുകളില്‍ തിരികെയെത്തുന്നത് എന്ന ഒരു സങ്കല്‍പം തന്നെയുണ്ട്. ഇതെല്ലാമാണ് കഥയുടെ സാരം. പട്ടിണിയോ പരവശമോ പ്രണയമോ ഒന്നും ജീവിതശുദ്ധി കെടുത്താനുള്ള കാരണമാകരുത്.
പതിവ്രത എന്ന സങ്കല്‍പം സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്. തന്റെ പതിയെ തന്നെ എല്ലായ്‌പ്പോഴും വ്രതമായി സ്വീകരിക്കുക.
രണ്ടാമത്തേത്, ‘പണ്ടൊരു മുക്കുവന്‍
മുത്തിനു പോയി
പടിഞ്ഞാറന്‍ കാറ്റത്ത്
മുങ്ങിപ്പോയി
അരയത്തിപ്പെണ്ണ്
തപസിരുന്നു
അവനെ കടലമ്മ കൊണ്ടുവന്നു.
‘പണ്ടൊരു മുക്കുവന്‍
മുത്തിന് പോയി
പടിഞ്ഞാറന്‍ കാറ്റത്ത്
മുങ്ങിപ്പോയി
മുക്കുവപ്പെണ്ണ് പിഴച്ചുപോയി
അവനെ കടലമ്മ കൊണ്ടുപോയി.’
അനേകം ബന്ധശ്രംഖലകളുടെ മാതാവാണല്ലോ ദാമ്പത്യബന്ധം. വംശാവലിയുടെ അടിസ്ഥാനമായ ഈ ബന്ധത്തില്‍ ലൈംഗിക അച്ചടക്കരാഹിത്യത്തിന്റെ കറ തേക്കരുത്. ശുദ്ധമായ ജലാശയത്തില്‍ വിഷം കലര്‍ത്തുന്നത് പോലെയാണത്. ഒേരാ അണുവിലും വിഷം കേറി നശിക്കുന്നത് പോലെ കുടുംബവൃക്ഷത്തെ അത് കാര്‍ന്നുതിന്നും. തലമുറകളിലേക്ക് ആ അപശ്രുതി പരന്നൊഴുകും. ദൈവേഛയുടെ ലംഘനം കുടി ആയതിനാല്‍ ദൈവകൃപ കിട്ടാതിരിക്കാനും കാരണമാകും. അത് കൊണ്ടാണ് ഇത്രയും ജാഗ്രതയും കരുതലും ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്.
പാരമ്പര്യമില്ലാത്തവന്‍ എന്നത് വലിയ അധിക്ഷേപമാണ്. തിരുനബിക്കെതിരെ ഒരാള്‍ ഇങ്ങനെ ആക്ഷേപിച്ചു. പക്ഷേ ഖുര്‍ആനിലൂടെ തന്നെ നബിയെ അല്ലാഹു ആശ്വസിപ്പിച്ചു. ആക്ഷേപകനെ അസ്ത്രപഞ്ജരനാക്കി. ലോകത്തെല്ലായിടത്തും തിരുനബിപരമ്പര വ്യാപിച്ചു. സമാനമില്ലാത്ത വംശാവലിയായി അതറിയപ്പെട്ടു. ലോകം അത്യാദരവുകളോടെ അവരെ ആശ്ലേഷിച്ചു.
വംശപരമ്പര കലര്‍പ്പില്ലാത്ത വിശ്വാസത്തിലാവുന്നതുപോലെ ജീവിതശുദ്ധി പാലിക്കുന്നവരുമാകണം. അത് മഹത്വമാണ്. ആ പരമ്പരക്കാണ് പേരും പോരിശയുമുള്ളത്. വംശാവലിയിലൂടെ പ്രവഹിക്കുന്ന പാരമ്പര്യഗുണങ്ങളുണ്ട്. വലിയ ദൈവാനുഗ്രഹമാണത്. മുറിഞ്ഞുപോയ കണ്ണികള്‍ക്കത് ലഭിക്കില്ല. സദാചാരത്തെപ്രതി ആലോചിക്കുമ്പോള്‍ ഇതുകൂടി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു

Share this article

About ഇ വി അബ്ദുറഹ്മാന്‍

evrahman@gmail.com

View all posts by ഇ വി അബ്ദുറഹ്മാന്‍ →

Leave a Reply

Your email address will not be published. Required fields are marked *