മുസോളിനിയുടെ ഇറ്റലിയെ മോഡിയുടെ ഇന്ത്യയിലിരുന്ന് വായിക്കുമ്പോള്‍

Reading Time: 3 minutes

ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധിപേരുടെ ജീവചരിത്രങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. കനേഡിയന്‍ പണ്ഡിതനായ ഫാബിയോ ഫെര്‍ണാ ഡോ റിസി എഴുതിയ ബെനെഡിറ്റോ ക്രോസ് ആന്‍ഡ് ഇറ്റാലിയന്‍ ഫാഷിസം എന്ന പുസ്തകമാണ് അടുത്തിടെ വായിച്ചത്. ഒരു വലിയ തത്വചിന്തകന്റെ ജീവിതം കടന്നുപോയ കാലത്തിലൂടെയാണ് പുസ്തകം നീങ്ങുന്നത്.
റിസിയുടെ പുസ്തകം വായിച്ചപ്പോള്‍ 1920കളിലെ ഇറ്റലിയും 2020ലെ ഇന്ത്യയും തമ്മിലുള്ള വിചിത്രമായ ചില സാമ്യതകള്‍ എനിക്ക് കണ്ടെത്താനായി. നേതാവിന്റെ സ്തുതിപാഠകരായ എഴുത്തുകാരും പ്രചാരകരും തയാറാക്കിയ കാല്പനിക കഥകളാണ് ബെനീറ്റോ മുസോളിനിയെ പോലെ ഇന്ത്യയില്‍ നരേന്ദ്രമോദിക്കും ഉള്ളത്. ഈ പ്രചാരകര്‍ ഫാഷിസത്തിന്റെ നേതാവിനെ ‘വിശ്വസ്തനായ വ്യക്തി’, പ്രൊവിഡന്‍സ്മാന്‍ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.
1925 ഡിസംബറില്‍ ഇറ്റാലിയന്‍ സ്റ്റേറ്റ് ഒരു പുതിയ നിയമം പാസാക്കുകയുണ്ടായി. മാധ്യമങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും സാരമായി ബാധിക്കുന്ന തരത്തിലായിരുന്നു ആ നിയമം. നിയമത്തിന്റെ പരിണതഫലമായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട പത്രങ്ങള്‍ ഓരോന്നായി ഫാഷിസ്റ്റ് നിയന്ത്രണത്തിലായി. ചില മാധ്യമ ഉടമകള്‍ സാമ്പത്തിക, രാഷ്ട്രീയ കാരണങ്ങളാല്‍ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായി. മുഴുവന്‍ ലിബറല്‍ എഡിറ്റര്‍മാരെയും രാജിവെപ്പിക്കുകയും ഭരണകൂടം തങ്ങളോട് അനുഭാവം പുലര്‍ത്തുന്ന വരെ പ്രതിഷ്ഠിക്കുകയും ചെയ്തു.

നിയമങ്ങളോടുള്ള ആദരപ്രകടനം
ഭരണകക്ഷിയുടെയും മുസോളിനിയുടെയും പ്രത്യയശാസ്ത്രത്തെ ബെനെഡിറ്റോ ക്രോസ് വിശേഷിപ്പിച്ചത് ‘അവര്‍ ഒരേ സമയം തന്നെ അധികാരത്തോട് വിചിത്രമായ രീതിയില്‍ വശ്യത പുലര്‍ത്തുകയും രാഷ്ട്രീയ ലാഭം കൊയ്യുകയും ചെയ്യുന്നു, നിയമങ്ങളോട് അനുഭാവം പുലര്‍ത്തുമ്പോള്‍ തന്നെ അവയെ പരസ്യമായി ലംഘിക്കുകയും ചെയ്യുന്നു. അത്യാധുനിക ആശയങ്ങളുടെ കൂടെ തന്നെ വളരെ പഴഞ്ചനായ ആശയങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. നിലവിലുള്ള സംസ്‌കാരങ്ങളോട് വെറുപ്പ് പുലര്‍ത്തുകയും പുതിയ രീതിയിലുള്ള ഒരു സംസ്‌കാരം രൂപപ്പെടുകയും ചെയ്യുന്നു.’
ഇക്കാര്യത്തില്‍ 1920കളിലെ ഇറ്റാലിയന്‍ സ്റ്റേറ്റ് ഇന്ന് മോദിയുടെ ഭരണകൂടത്തോട് ശ്രദ്ധേയമായ സാമ്യത പുലര്‍ത്തുന്നുണ്ട്. അവര്‍ ഭരണഘടനയെക്കുറിച്ച് ബഹുമാനപൂര്‍വം സംസാരിക്കുകയും അതേസമയം തന്നെ അതിന്റെ ആത്മാവിനെയും സത്തയെയും നഗ്‌നമായി ലംഘിക്കുകയും ചെയ്യുന്നു. ആധുനിക ശാസ്ത്രത്തോടുള്ള അവഹേളനം പ്രകടിപ്പിച്ച് പുരാതന ജ്ഞാനങ്ങളെ ഉയര്‍ത്തിക്കാട്ടുകയും അതുമുഖേന പ്രാചീന സംസ്‌കാരങ്ങളെ സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
മിക്ക സ്വതന്ത്ര ചിന്താഗതിക്കാരായ ബുദ്ധിജീവികള്‍ക്കും നാട് വിടേണ്ടി വന്നപ്പോള്‍ ബെനഡിറ്റോ ക്രോസ് സ്വന്തം നാട്ടില്‍ തുടരുകയും ഫാഷിസത്തിനെതിരെ ഭൗതികവും ധാര്‍മികവുമായ എതിര്‍പ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ പറയുന്നതുപോലെ ‘മുസോളിനിയോടുള്ള താത്പര്യം പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹത്തിന്റെ അധികാരത്തോട് വിധേയരാവുകയുംചെയ്യാന്‍ വേണ്ടി പുതിയ തലമുറകളെ ഉത്തേജിപ്പിക്കാനായി അവര്‍ സമൂഹമാധ്യമങ്ങളും വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും ഉപയോഗിച്ചു. ‘വിശ്വസിക്കുക, അനുസരിക്കുക, യുദ്ധം ചെയ്യുക’ എന്നതായിരുന്നു അവരുടെ തത്വം. ക്രോസ് ഇതിന് വിപരീതമായി ഒരുകൂട്ടം ലിബറല്‍ മൂല്യങ്ങള്‍ക്കായി വാദിക്കുകയും ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന നിലയില്‍ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിനും അന്തസിനും വേണ്ടി സംസാരിച്ചുകൊണ്ടേയിരുന്നു.
റിസിയുടെ പുസ്തകം കൂടുതല്‍ വായിച്ചപ്പോള്‍ ഇങ്ങനെ ഒരു പരാമര്‍ശം എനിക്ക് കാണാനായി. ‘1926 അവസാനത്തോടെ ലിബറല്‍ ഇറ്റലി മരിച്ചു. മുസോളിനി തന്റെ അധികാരം ശക്തിപ്പെടുത്തുകയും തന്റെ സ്വേച്ഛാധിപത്യത്തിന് തുടര്‍ച്ചയായി നിയമപരമായ സാധുതകള്‍ സൃഷ്ടിക്കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ നിരോധിക്കപ്പെടുകയും മാധ്യമ സ്വാതന്ത്ര്യം വിലക്കുകയും ചെയ്തു. പ്രതിപക്ഷം നിരായുധരാവുകയും പാര്‍ലമെന്റ് സാവധാനം ദുര്‍ബലമായി തീരുകയും ചെയ്തു. 1927 ആയപ്പോഴേക്കും രാഷ്ട്രീയമായ നടപടികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കല്‍ അസാധ്യമാവുകയായിരുന്നു. വ്യക്തിപരമായ കത്തിടപാടുകളിലൂടെയും പൊതുസ്ഥലങ്ങളിലുമുള്ള ഭരണകൂട വിമര്‍ശനങ്ങള്‍ പ്രകടിപ്പിക്കല്‍ അപകടാവസ്ഥയിലായി. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചാല്‍ സിവില്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമായിരുന്നു.
‘ആഭ്യന്തരമന്ത്രാലയത്തിലെ ശക്തവും സജ്ജവുമായ ഒരു പോലീസ് ഡിവിഷന് പുറമേ പോലീസ് മേധാവിയുടെ നേരിട്ടുള്ള ഉത്തരവാദിത്വത്തില്‍ OVRA എന്ന് വിളിക്കപ്പെടുന്ന പുതിയതും കാര്യക്ഷമവുമായ രഹസ്യപോലീസ് സംഘടന സൃഷ്ടിക്കപ്പെട്ടു. ഫാഷിസ്റ്റ് വിരുദ്ധ മനോഭാവത്തെ അടിച്ചമര്‍ത്താനും ഭരണകൂടഭിന്നതയുള്ളവരെ നിയന്ത്രിക്കാനുമായിരുന്നു ഇത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ രാജ്യത്തിനകത്തും വിദേശത്തുമായി ഫാഷിസ്റ്റ് നേതാക്കളടക്കം ഒരു ലക്ഷത്തിലധികം ആളുകളുടെ ഫയലുകള്‍ ശേഖരിക്കുകയും പ്രത്യേകം ഏജന്റുമാരെയും ചാരന്മാരെയും ഇന്‍ഫോമര്‍മാരെയും ചേര്‍ത്ത് ഒരു വെബ് നിര്‍മിക്കുകയും ചെയ്തു.’
റിസിയുടെ പുസ്തകത്തില്‍ നിന്ന് ഈ വാക്കുകള്‍ പകര്‍ത്തി എടുക്കുമ്പോഴാണ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് അമ്പതിനായിരം കോടി തല്‍സമയനിരീക്ഷണം(real time surveillance) എന്ന പേരിലുള്ള ധനസഹായം ആവശ്യപ്പെടുന്നത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള പണം കേന്ദ്രം നിഷേധിക്കുന്ന പ്രത്യേക സാഹചര്യത്തിലാണിത്. സ്വതന്ത്ര ചിന്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാജ കേസുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ആഭ്യന്തരമന്ത്രാലയം ഇതിനകം തന്നെ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്നുണ്ട്.
1929ലെ ഇറ്റാലിയന്‍ പാര്‍ലമെന്റിനെക്കുറിച്ച് റിസി ഇങ്ങനെ വിവരിച്ചു. ‘പാര്‍ലമെന്റ് കേവലം സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കുള്ള റബ്ബര്‍സ്റ്റാമ്പായി മാറി. പ്രതിപക്ഷത്തില്‍ നിന്ന് അവശേഷിക്കുന്ന ചുരുക്കം ചില ആളുകളുടെ പ്രസംഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും പൊതുയിടങ്ങളില്‍ നിന്ന് അവര്‍ക്ക് നേരെ ആക്രോശങ്ങള്‍ ഉയരുകയും ചെയ്തു.’
ഫെര്‍ണാഡോ റിസിയുടെ പുസ്തകം ഒരു രാജ്യത്തെ ഒരാളിലേക്ക് കേന്ദ്രീകരിക്കുന്ന ശൈലിയാണ് സ്വീകരിക്കുന്നത്. മറിച്ച് മറ്റു രാജ്യത്തെ സര്‍വാധിപതിയെ ഇതിനോട് താരതമ്യം ചെയ്തിട്ടുള്ളരീതി സ്വീകിച്ചിട്ടില്ല.
‘ഇറ്റാലിയന്‍ ഫാഷിസം വലിയ രീതിയിലുള്ള ആധിപത്യം കാണിക്കുന്ന ഭരണക്രമത്തെ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. എന്നിരുന്നാലും ഇതിന് കൂടുതല്‍ കാലം പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല.’ ഇറ്റലിയിലെ ഫാഷിസം ഹിറ്റ്‌ലറുടെ ജര്‍മനിയിലെ അത്രത്തോളം അപകടകാരിയായിരുന്നില്ല എന്നാണ് ഈ വാക്കുകള്‍ കൊണ്ട് അദ്ദേഹം അര്‍ഥമാക്കുന്നത്.
റിസീ തയാറാക്കിയ ബെനഡിറ്റോ ക്രോസിന്റെ ജീവചരിത്രം വായിച്ചതിനുശേഷം ഡേവിഡ് ഗില്‍മറിന്റെ പ്രശസ്തമായ ‘ദി പര്‍സ്യൂട്ട് ഓഫ് ഇറ്റലിയി’ലേക്കാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇറ്റലിയുടെ തുടക്കം മുതലുള്ള ചരിത്രത്തെ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. ഈ പുസ്തകത്തിന്റെ 400 പേജുകളില്‍ മുപ്പതും മുസോളിനി അധികാരത്തിലിരുന്ന വര്‍ഷങ്ങളെ പറ്റിയാണ് ചര്‍ച്ചചെയ്യുന്നത്. ഇറ്റലിയെക്കുറിച്ച് അന്ന് ഗില്‍മര്‍ പറഞ്ഞതില്‍ പല സംഭവങ്ങള്‍ക്കും ഞാനിപ്പോള്‍ എന്റെ സ്വന്തം രാജ്യത്ത് സാക്ഷ്യം വഹിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ഈ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ‘1930കളില്‍ ഈ ഭരണക്രമം കൂടുതല്‍ പ്രൗഢി കാണിക്കാന്‍ തുടങ്ങി. കൂടുതല്‍ പരേഡുകളും യൂനിഫോംകാരികളും പ്രത്യക്ഷപ്പെട്ടു, കൂടുതല്‍ നിയന്ത്രണങ്ങളും ഭീഷണിപ്പെടുത്തലുകളും ആക്രോശങ്ങളും ഉയര്‍ന്നു, ബാല്‍ക്കണികളില്‍ കയറി വലിയ ജനസഞ്ചയത്തെ അഭിസംബോധന ചെയ്യാനും തുടങ്ങി. തന്റെ പ്രസംഗം കേള്‍ക്കാനെത്തുന്ന അനുയായികള്‍ ‘ഡ്യുസ്..ഡ്യൂസ്'(നേതാവ് എന്നര്‍ഥം) എന്നിങ്ങനെ ഉറക്കെ മുദ്രാവാക്യം വിളിക്കുമായിരുന്നു. ഇതേ ശൈലിയാണ് മോദിയിലും നമുക്ക് കാണാനാവുന്നത്. പ്രത്യേകിച്ച് 2019ലെ രണ്ടാം വരവിന് ശേഷം തന്റെ ഓരോ പ്രഖ്യാപനത്തിനും പിന്താങ്ങുന്ന ‘മോദി.. മോദി..’ എന്നിങ്ങനെ ഉറക്കെ ഹര്‍ഷാരവം മുഴക്കുന്നത് നമുക്ക് കാണാനാവുന്നുണ്ട്.
എങ്ങനെയാണ് ഇറ്റാലിയന്‍ ഡെമഗോഗ് (വാചക കസര്‍ത്തുകള്‍ കൊണ്ട് ജനങ്ങളെ ആകര്‍ഷിക്കുന്ന വ്യക്തി) ജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ സ്വാധീനം നേടിയത്? ഗില്‍മറിന്റെ ഉത്തരം ഇതാണ്. ‘ഇറ്റലിയിലെ ലിബറല്‍ രാഷ്ട്രീയനേതാക്കളും യുദ്ധകൂട്ടാളികളും കൂടി ഒറ്റുകൊടുത്ത് ഇറ്റാലിയന്‍ ജനതയെ വഞ്ചിച്ചു എന്ന് വിശ്വസിക്കുന്ന ഒരുപാട് തലമുറകളുടെ രക്ഷകനായി മുസോളിനി സ്വയം അവരോധിച്ചു. ഈ ‘വികൃതമാക്കപ്പെട്ട സമാധാനത്തെ’ തിരിച്ചുപിടിക്കാനെന്ന വ്യാജേന അദ്ദേഹം നന്നായി കളത്തിലിറങ്ങിക്കളിച്ചു.’
ഇതേ രൂപത്തില്‍ തന്നെയാണ് മോദിയും ഇന്ത്യയില്‍ ചെയ്തത്. ഇന്ത്യയിലും വിദേശത്തുമെല്ലാം ഹിന്ദുക്കള്‍ പ്രബലരും അതിശക്തരുമായിരുന്നുവെന്നും ആ സുവര്‍ണ കാലത്തിന്റെ അപ്രമാദിത്വം നഷ്ടപ്പെടുത്തിയത് ബ്രിട്ടീഷുകാരും മുസ്‌ലിം ഭരണാധികാരികളും ആണെന്ന് പരത്തുകയും കോണ്‍ഗ്രസ് രാഷ്ട്രീയം ഹിന്ദുക്കളെയും ഇന്ത്യയെയും അഴിമതിയില്‍ മുക്കി അടിച്ചമര്‍ത്തുകയായിരുന്നുവെന്നും വരുത്തിത്തീര്‍ത്തുള്ള കുപ്രചാരണങ്ങളില്‍ മോദി വന്‍വിജയം കണ്ടു.
1920കളിലെ ഇറ്റലിയെക്കുറിച്ചുള്ള ഈ പുസ്തകം 2020ലെ മോദിയുടെ ഇന്ത്യയിലിരുന്നു വായിക്കുമ്പോള്‍ നിരവധി സാമ്യതകള്‍ കണ്ട് ഞാന്‍ നിരാശനായി. എന്നാല്‍ മറുവശത്ത് ചില വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് എനിക്ക് ആശ്വസിക്കാന്‍ ആവുകയും ചെയ്തു. മുസോളിനിയുടെ ഇറ്റലിയില്‍ നിന്നും വ്യത്യസ്തമായി മോദിയുടെ ഇന്ത്യയില്‍ ബിജെപിക്ക് മറ്റു പാര്‍ട്ടികളില്‍ നിന്ന് ശക്തമായ രാഷ്ട്രീയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു പ്രധാന പ്രതിപക്ഷ പാര്‍ട്ടി കേന്ദ്രത്തില്‍ പരിതാപകരമായിരുന്നിട്ടും രാജ്യത്തിലെ അര ഡസനോളം സംസ്ഥാനങ്ങളില്‍ ഇപ്പോഴും അതിശക്തമായി തന്നെ അവര്‍ നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങളെ ഗവണ്‍മെന്റ് ദുര്‍ബലപ്പെടുത്തിയെങ്കിലും അവ പൂര്‍ണമായും തകര്‍ന്നിട്ടില്ല.
മുസോളിനിയുടെ ഇറ്റലിയില്‍ ഭരണകൂടത്തിനെതിരെ ശബ്ദിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ക്കെതിരെ നില്‍ക്കാനും ക്രോസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ റിപബ്ലിക്കിന്റെ സ്ഥാപന തത്വങ്ങള്‍ക്കും അതിന്റെ മൂല്യങ്ങള്‍ക്കും വേണ്ടി ധൈര്യമായി ശബ്ദിക്കുന്ന ധാരാളം എഴുത്തുകാരും ബുദ്ധിജീവികളും മോദിയുടെ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട് എന്നത് ശ്രദ്ധേയമാണ്.
മുസോളിനി തന്റെ ഭരണം എങ്ങനെ ശക്തിപ്പെടുത്തി എന്ന് വിവരിച്ചതിനുശേഷം ‘ദി പെര്‍സ്യൂട്ട് ഓഫ് ഇറ്റലി’ എന്ന പുസ്തകത്തില്‍ ഗിള്‍മര്‍ ഇങ്ങനെ വിവരിക്കുന്നു. ‘രാജ്യത്തെ അഭിവൃദ്ധി കൊണ്ടുവരുന്നതില്‍ കനത്ത പരാജയമായിരുന്നതുകൊണ്ടുതന്നെ ഫാഷിസത്തോടുള്ള ആഭിമുഖ്യം പിന്നീട് ദുര്‍ബലമായിത്തീര്‍ന്നു. തങ്ങള്‍ വളരെ നല്ല രൂപത്തില്‍ ഭരിക്കപ്പെടുന്നുണ്ടെന്ന ധാരണയില്‍ ഇറ്റാലിയന്‍ ജനത കബളിപ്പിക്കപ്പെട്ടു.’
ജോലിയും ക്ഷേമവും നല്‍കുന്നതില്‍ മുസോളിനി പരാജയപ്പെട്ടു. അപ്രകാരം തന്നെ ഉദാരവത്കരനാനന്തരം മൂന്ന് ദശകങ്ങളിലായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൈവരിച്ച പുരോഗതിയുടെ ഭൂരിഭാഗവും മോദി തന്റെ മോശവും അപ്രായോഗികവുമായ നയങ്ങള്‍ കൊണ്ട് സാമ്പത്തിക മേഖലക്ക് കനത്ത നാശം സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ന് ദശലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ നരേന്ദ്രമോദിയെ തീവ്രമായി പിന്തുടരുന്നുണ്ട്. മുസോളിനിയെ ഭ്രാന്തമായി പിന്തുടര്‍ന്ന ദശലക്ഷക്കണക്കിന് ആളുകളുടെ അതേ വിധി തന്നെയാവും നമുക്കും വരാനിരിക്കുന്നത്. ഇറ്റാലിയന്‍ സ്വേച്ഛാധിപതി പരാജയപ്പെടുകയും അധികാരം തകര്‍ന്നു വീഴുകയും ചെയ്തപ്പോള്‍ ക്രോസ് പറഞ്ഞു. ‘ഇക്കാലത്തിനുള്ളില്‍ അവര്‍ സൃഷ്ടിച്ചെടുത്ത വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെയും അധാര്‍മിക പ്രവണതകളുടെയും സ്വാധീനം ഇനിയും ഏറെ കാലം നമ്മെ വേട്ടയാടുമെന്നത് തീര്‍ച്ചയാണ്.’
ബെനിറ്റോ മുസോളിനിയും അദ്ദേഹത്തിന്റെ ഫാഷിസ്റ്റുകളും ഇറ്റലിയെ എന്നെന്നേക്കുമായി ഭരിക്കുമെന്നാണ് കരുതിയത്. നരേന്ദ്ര മോദിയും ബിജെപിയും സമാനമായി തന്നെ ചിന്തിക്കുന്നു. ശാശ്വത ഭരണത്തിനായുള്ള ഇത്തരം മനക്കോട്ടകള്‍ ഒരിക്കലും ഫലവത്താകില്ല. ഇപ്പോഴത്തെ ഭരണകൂടം അധികാരത്തിലിരിക്കുന്ന കാലത്തോളം അത് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, ധാര്‍മിക മേഖലകളില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മുസോളിനിയുടെയും പാര്‍ട്ടിയുടെയും ദുര്‍ഭരണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറാന്‍ ഇറ്റലി വീണ്ടും പതിറ്റാണ്ടുകളെടുത്തു. മോദിയുടെയും ബിജെപിയുടെയും നശീകരണത്തില്‍ നിന്ന് കരകയറാന്‍ നമ്മുടെ ഇന്ത്യയും കൂടുതല്‍ കാലമെടുക്കും.
അവലംബം: scroll in

Share this article

About രാമചന്ദ്രഗുഹ, വിവര്‍ത്തനം: മുജ്തബ സി.ടി കുമരംപുത്തൂര്‍

View all posts by രാമചന്ദ്രഗുഹ, വിവര്‍ത്തനം: മുജ്തബ സി.ടി കുമരംപുത്തൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *