പ്രതീക്ഷയുള്ള രാഷ്ട്ര ഭാവനകള്‍

Reading Time: 3 minutes

മതേതര ഇടങ്ങളെ ശക്തിപ്പെടുത്തിയാലേ ഇന്ത്യന്‍ ബഹുത്വം നിലനില്‍ക്കുകയുള്ളൂ. അതിനായി ബഹുഭാഷണങ്ങളെയും സാമൂഹികതയിലെ കൊടുക്കല്‍ വാങ്ങലുകളെയും കണ്ടെടുത്ത് പുനഃപ്രകാശിപ്പിക്കേണ്ടതുണ്ട്. അപരനെ ഇരയായിക്കാണുന്ന ബ്രാഹ്മണിക്കല്‍ കാഴ്ചപ്പാടിനെ എതിരിടാന്‍ ഭക്തിപ്രസ്ഥാനം, സൂഫിസം, നാടോടി കലകള്‍, കീഴാളകൂട്ടുകെട്ട് എന്നിവയിലൊക്കെ നിറഞ്ഞുനില്‍ക്കുന്ന മാനുഷികത വീണ്ടെടുത്തേ പറ്റൂ. മനുഷ്യനെ സമഭാവനയോടെ കാണുന്നിടത്തേ ജീവിതം പച്ച പിടിക്കൂ. അതിനാണിപ്പോള്‍ ലഹളകളിലൂടെ അകലം വന്നിരിക്കുന്നത്. ഓരോ ലഹളയും നിരപരാധികളുടെ ചോര കൊണ്ട് തെരുവ് ചുവപ്പിക്കുന്നു. തൊഴിലിടം നഷ്ടപ്പെട്ടവര്‍, വീട് കത്തിച്ചാമ്പലായവര്‍, നാട് വിട്ടുപോയവര്‍, കുഞ്ഞുങ്ങള്‍, അമ്മമാര്‍, വൃദ്ധദമ്പതികള്‍ എന്നിങ്ങനെ നിറഞ്ഞു നില്‍ക്കുന്നയിടമാണ് കലാപബാധിത പ്രദേശങ്ങള്‍. ഇതായിരുന്നില്ല നമ്മുടെ ഇന്ത്യ, ഇതായിക്കൂടാ ജനാധിപത്യ പ്രബുദ്ധത. സ്വാതന്ത്ര്യം നേടിയകാലത്ത് നടന്ന വിഭജനത്തിന്റെ ഗതികേടും അരക്ഷിതാവസ്ഥയും ജനജീവിതത്തിലെ ബുദ്ധിമുട്ടും നമ്മള്‍ക്കറിയാം. അതുകൊണ്ട് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ പൗരന്മാര്‍ക്കും ബഹുസ്വരത നിലനിര്‍ത്താന്‍ ബാധ്യതയുണ്ട്. മാറ്റിനിര്‍ത്തുമ്പോഴല്ല, അടുപ്പിച്ചു നില്‍ക്കുമ്പോഴാണ് ഒരാള്‍ക്ക് മറ്റൊരാളെ സ്‌നേഹിക്കാനാകുക. സ്‌നേഹത്തിന്റെ ഭാഷ ഇരുണ്ടതായിക്കൂടാ. എസ് ഹരീഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞതുപോലെ ‘ഇന്നത്തെ ഇന്ത്യയില്‍ ചരിത്രമെന്ന് പൊതുസമൂഹം ധരിച്ചിരിക്കുന്ന പല കാര്യങ്ങളും അസംബന്ധമാണ്. അതായത് ബോളിവുഡില്‍ കാണിക്കുന്ന സിനിമകളിലെയും ബാഹുബലി പോലുള്ള മറ്റു സിനിമകളിലെയും ചരിത്രം യാഥാര്‍ഥ്യമാണെന്ന് കരുതുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇവിടെയുണ്ട്. ഇതുപോലെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ചരിത്രവുമുണ്ട്. ഇന്ത്യ എന്നു പറഞ്ഞാല്‍ എല്ലാം തികഞ്ഞ ഒരു രാജ്യമായിരുന്നു എന്നും ബ്രിട്ടീഷുകാര്‍ ഇവിടെയുള്ളതെല്ലാം കടത്തിക്കൊണ്ടു പോയതാണ് എന്നും ലോകത്തു നടക്കുന്ന ശാസ്ത്ര കണ്ടുപിടുത്തങ്ങളെല്ലാം താളിയോലകളില്‍ ഉണ്ടായിരുന്നുവെന്നും കരുതുന്ന വലിയൊരു വിഭാഗമുണ്ട് ഇവിടെ. അതുകൊണ്ട് നമ്മള്‍ നിരന്തരം ചരിത്രത്തെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കണം.’
ആധുനിക മതേതര ജനാധിപത്യ സമൂഹത്തിനായുള്ള നിരവധി സമരങ്ങള്‍, സമുദായ പരിഷ്‌കരണങ്ങള്‍ തുടങ്ങിയവയുടെ ബൃഹത്തായ പൈതൃകം ഇന്ത്യക്കുണ്ട്. അതില്‍ ബ്രാഹ്മണ്യത്തിന്റെ തീവ്രതയെ അപ്രസക്തമാക്കിയ നവോത്ഥാനത്തെ കാണാതിരുന്നുകൂടാ. ബഹുസ്വര കീഴാള ഉള്ളടക്കമാണ് ഭക്തിപ്രസ്ഥാനം- സൂഫിസം നിറവേറ്റിയത്. അനാചാരത്തിന്റെ തിരിച്ചുവരവ്, അധികാരവും ജാതിയുമായുള്ള കൂട്ടുകെട്ട് ജനാധിപത്യ സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല. എല്ലാ പൗരന്മാരും ചേര്‍ന്ന ഐക്യനിരയാണ് കെട്ടിപ്പടുക്കേണ്ടത്. ഒരു രാമായണം മാത്രമല്ല എ കെ രാമാനുജന്റെ ‘മുന്നൂറു രാമായണങ്ങള്‍’ എന്ന പ്രബന്ധവും മലബാറിലെ അറബി മലയാളം ചുവടുപിടിച്ചെഴുതിയ ‘മാപ്പിള രാമായണ’വും ഉണ്ടെന്ന് ഭയമില്ലാതെ പറയാന്‍ കഴിയണം. ടാഗോറിനെ പോലെ അല്ലാമാ ഇഖ്ബാലും ചര്‍ച്ച ചെയ്യപ്പെടണം. ജനാധിപത്യത്തിന്റെ പ്രവര്‍ത്തനക്ഷ മത ജനശക്തിയിലൂടെ തന്നെയാണ് കരുത്താര്‍ജിക്കുക.
സച്ചിദാനന്ദന്‍ എഴുതിയതു പോലെ ‘കവിത മൃതിയുടെ വായിലിരുന്നു പാടുന്നു. യുദ്ധക്കളങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. അവശിഷ്ടങ്ങളില്‍ നിന്ന് അതിജീവിക്കുന്നവരോട് സംസാരിക്കുന്നു. ഇന്ത്യയിലും നാം അതിജീവിച്ചു, വിഭജനമെന്ന മഹാദുരന്തത്തെ, ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും വര്‍ഗത്തിന്റെയും ലിംഗത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരില്‍ നടന്ന കൂട്ടക്കൊലകളെ, വിഭിന്നാവതാരങ്ങളെടുത്ത പീഡനത്തെ, വര്‍ഗീയ വിദ്വേഷത്തെ, പരിസ്ഥിതി വിനാശത്തെ, രാഷ്ട്രീയ ദര്‍ശനത്തിന്റെ മരണത്തെ.
കഴിഞ്ഞ അമ്പതു വര്‍ഷത്തെ ഇന്ത്യന്‍ കവിത ഇവയെ അതിജീവിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. ഈ സൂക്ഷ്മ ചരിത്രത്തെ ഓരോ ദുരന്തത്തിന്റെയും പ്രതിസന്ധിയുടെയും സൂക്ഷ്മ മാനുഷിക ഭാവങ്ങളെ, അവയുടെ മുഴുവന്‍ തീക്ഷ്ണതയോടും കൂടി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരാജയങ്ങള്‍ മാത്രമല്ല, ചെറിയ വിജയങ്ങളും.
ഇന്ത്യയുടെ ഏറ്റവും വലിയ വിചാര വിപ്ലവവും ഭാവുകത്വ വിപ്ലവവുമായിരുന്നു ഭക്തിപ്രസ്ഥാനം. തൊഴിലാളികള്‍, അസ്പൃശ്യരെന്നു സമുദായം വിധിച്ചവര്‍, സ്ത്രീകള്‍, ന്യൂനപക്ഷ മുസ്‌ലിംകള്‍.. ഏതെങ്കിലും രീതിയില്‍ പ്രാന്തവത്കരിക്കപ്പെട്ടവരായിരുന്നു പ്രസ്ഥാനത്തിന്റെ മുഖ്യകവികളെല്ലാം. നെയ്ത്തുകാരനായ കബീര്‍, ചെറിയ ധാന്യക്കച്ചവടക്കാരനായ തുക്കാറാം, തയ്യല്‍ക്കാരനായിരുന്ന നാമദേവന്‍, കുംഭക്കാരനായിരുന്ന ഗോറ, ഇഷ്ടികപ്പണിക്കാരനായിരുന്ന ചൊക്കാമേള, മീരയെയും ആണ്ടാളിനെയും അക്കമഹാദേവിയെയും പോലെ സ്ത്രീകളെന്ന നിലയില്‍ പീഡനമനുഭവിച്ചവര്‍, ബാബാഫരീദ്, ബുള്ളേഷാ, ഷാ അബ്ദുള്‍ലത്തീഫ് ഇങ്ങനെയുള്ള മുസ് ലിം മിസ്റ്റിക്കുകള്‍. അവരെല്ലാം തന്നെ രാജപ്രഭുത്വത്തെയും ധനപ്രമത്തതയെയും ബാഹ്യാചാരങ്ങളെയും ചാതുര്‍വര്‍ണ്യത്തെയും ജാതിവ്യവസ്ഥയെയും നിരാകരിച്ചവരായിരുന്നു.
ഷെയ്ഖ് തക്കിയും സിക്കന്ദര്‍ലോദിയും കബീറിനെ കപടദിവ്യനെന്നു വിളിച്ചു. തെരുവില്‍ അദ്ദേഹം വേട്ടയാടപ്പെട്ടു. തുക്കാറാമിന്റെ ഭക്തികാവ്യങ്ങള്‍ ബ്രാഹ്മണര്‍ പുഴയിലെറിഞ്ഞു കളഞ്ഞു. മീരക്ക് ഭര്‍തൃകുടുംബക്കാര്‍ വിഷം കൊടുത്തു. അക്ക മഹാദേവിക്ക് പണ്ഡിതരോട് തര്‍ക്കിച്ചു ജയിക്കേണ്ടി വന്നു. ദിഗംബരയായി നടന്നതിന് പഴി കേള്‍ക്കുകയും വേണ്ടി വന്നു. സൂഫികള്‍ക്ക് രണ്ടു മതങ്ങളിലെയും പ്രമാണിമാരുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു.
നവോത്ഥാന കാലത്ത് ജീവിച്ച ശ്രീനാരായണ ഗുരു മതാന്തര ബന്ധം എങ്ങനെയായിത്തീരണമെന്ന് കാണിച്ചു തന്നിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങ് ക്ഷേത്രങ്ങള്‍ മാത്രം പ്രതിഷ്ഠിക്കുന്നത്? മസ്ജിദുകളും ചര്‍ച്ചുകളും നിര്‍മിക്കാത്തതെന്ത്? എന്ന ഒരു ചോദ്യത്തിന് ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ആളുകള്‍ എന്നോട് അമ്പലങ്ങള്‍ പ്രതിഷ്ഠിക്കാനാണ് ആവശ്യപ്പെടുന്നത്. മസ്ജിദും ചര്‍ച്ചുകളും ഉണ്ടാക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാനതും ചെയ്തുകൊടുക്കുമായിരുന്നു.’
ഇസ്‌ലാം മതവുമായി ആഴത്തില്‍ ബന്ധം പുലര്‍ത്തിയ നാരായണ ഗുരുവിനെ ആരും പറയാറില്ല. എല്ലാ മതത്തെയും ബഹുമാനിച്ച തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തിലെ സൂഫികളുമായി അദ്ദേഹം പരസ്യ സംവാദം നടത്തിയിരുന്നു. സദഖത്തുല്ലാഹില്‍ ഖാഹിരി എന്ന സൂഫിവര്യന്‍ സുഹൃത്തിയിരുന്നു. നിരവധി വിരുത്തങ്ങള്‍ എഴുതിയ കണ്ണൂരിലെ ഇച്ചമസ്താനും നാരായണ ഗുരുവുമായുള്ള ചങ്ങാത്തം ശ്രദ്ധയില്‍ വരേണ്ട കാര്യമാണ്.
ദേശീയതയെക്കുറിച്ച് ടാഗോര്‍ പറഞ്ഞതുകൂടി നോക്കാം. ‘എന്താണ് രാഷ്ട്രം?’ ടാഗോര്‍ മറുപടി പറയുന്നു. ‘ഒരു ജനതയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ഐക്യമെന്ന അര്‍ഥത്തില്‍ മുഴുവന്‍ ജനതയും യാന്ത്രികമായി ഒരു കാര്യത്തിനായി സംഘടിക്കപ്പെടുമ്പോഴുണ്ടാകുന്നതാണ് രാഷ്ട്രം. രാഷ്ട്രം നമ്മെ ഭരിക്കാന്‍ വരുന്നതിനു മുമ്പ് നമുക്ക് സര്‍ക്കാറുകളുണ്ടായിരുന്നു. മറ്റെല്ലാ സര്‍ക്കാറുകളെയും പോലെ അവയിലും യന്ത്രത്തിന്റെ ചില ഘടകങ്ങളുണ്ടായിരുന്നു. എന്നാല്‍ അവയും രാഷ്ട്രത്തിന്റെ സര്‍ക്കാറും തമ്മിലുള്ള അന്തരം കൈത്തറിയും പവര്‍ലൂമും പോലെയാണ്. കൈത്തറിയുടെ ഉത്പന്നങ്ങളില്‍ മനുഷ്യന്റെ ജീവനുള്ള വിരലുകളുടെ മാന്ത്രിക സ്ഫുരണമുണ്ട്. അതിന്റെ മൂളലില്‍ ജീവന്റെ സംഗീതമുണ്ട്. പക്ഷേ, പവര്‍ലൂമാകട്ടെ, നിരന്തരം ജന്മമാണ്, ക്രിത്രിമമാണ്. ഉത്പാദനത്തില്‍ വിരസതയുണ്ട്. ചരിത്രാരംഭം മുതല്‍ ഇന്ത്യ നാനാര്‍ഥങ്ങളുടേതായിരുന്നു. ഇന്ത്യ വംശങ്ങളുടെ വ്യത്യസ്തതകള്‍ സഹിഷ്ണുതയോടെ കണ്ട രാജ്യമായിരുന്നു.’
ടാഗോര്‍ സൂചിപ്പിച്ചു: ദേശീയത ഒരു മതമാകുമ്പോള്‍ മനുഷ്യരെ കശാപ്പ് ചെയ്യുന്നു. സത്യത്തിന്റെയും നന്മയുടെയും ശബ്ദങ്ങള്‍ അത് ചെവി കൊള്ളുകയില്ല. രാഷ്ട്രം പൗരനെ വെറും കഴുതയാക്കി അവന്റെ മുതുകത്താണ് ദേശസ്‌നേഹത്തിന്റെ സവാരി നടത്തുന്നത്. മനുഷ്യവംശത്തിലൊന്നാകെ ഭയത്തിന്റെ നിഗൂഢതകള്‍ സൃഷ്ടിക്കുന്നതാണ് അതിന്റെ ചെയ്തികള്‍.’ (ടാഗോറിന്റെ ദേശീയത: കെ അരവിന്ദാക്ഷന്‍)
ലീലാവതി ടീച്ചര്‍ ഗാന്ധിജിയെക്കുറിച്ചെഴുതിയ വരികളും ഇപ്പോള്‍ പ്രസക്തമാണ്. ‘മഹാത്മാഗാന്ധി കൊളുത്തി വെച്ച ദീപം ഭാരതചേതനയിലും വിശ്വമനസിലും കെടാതെ ഇപ്പോഴും ജ്വലിക്കുന്നുണ്ട്. ആ ദീപം ഭാരതചേതനയില്‍ കെട്ടുപോയിട്ടില്ല എന്നതിന് ഏറ്റവും വലിയ തെളിവ് ഈ നാട് ഒരു ഹിന്ദു രാഷ്ട്രമാവണമെന്ന് വാദിക്കുന്നവര്‍ ഇന്നേ വരെ പരമവിജയം നേടിയിട്ടില്ല എന്നതു തന്നെ. ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഈ നാട്ടിലെ ഒരു പൗരനെന്ന നിലക്കുള്ള അവകാശങ്ങള്‍ തുല്യമാണെന്ന തത്വം ഇവിടെ ഇതുവരെ ലംഘിക്കപ്പെട്ടിട്ടില്ല. നമ്മുടെ സങ്കല്‍പത്തിലുള്ള മതേതരത്വത്തിന് അതാണ് അര്‍ഥം. ഗാന്ധിജി കൊളുത്തിയ ദീപം കെടാതിരിക്കാന്‍ വേണ്ടുന്ന സ്‌നേഹം പകരുന്നതില്‍ നമുക്കു താത്പര്യമുണ്ടെങ്കില്‍ ആ അര്‍ഥത്തിലുള്ള മതേതരത്വം ഇവിടെ നിലനില്‍ക്കണം. ഇതൊരു ഹിന്ദുരാഷ്ട്രമല്ല. ഇന്ത്യയാണ് എന്ന വിശ്വാസം ഇവിടെ ജനിച്ചു വളരുന്ന ഓരോ കുഞ്ഞിന്റെ മനസിലും എത്ര കാലം ജീവിക്കുമോ അത്രയും കാലം ഗാന്ധിജി കൊളുത്തിയ ദീപം കെടുന്നില്ല എന്നര്‍ഥം’. (അണയാത്ത ദീപം)
നിത്യചൈതന്യയതി സൂചിപ്പിച്ചതു പോലെ ‘അഖണ്ഡഭാരതത്തില്‍ ജീവിച്ചിരുന്ന ആളുകളില്‍ ഒട്ടുമുക്കാല്‍ പേരും ഈ ഭാരതത്തില്‍ ഇന്നും ശേഷിക്കുന്നു. അവരുടെ ഭാഷ, ദേശീയമായ സംസ്‌കാരം, മതവിശ്വാസം, സാഹിത്യബോധം, കലാമൂല്യങ്ങള്‍, ആധ്യാത്മിക ലക്ഷ്യങ്ങള്‍ എല്ലാം വിഭിന്നമായിരിക്കുമ്പോഴും ഭാരതീയ പൗരന്മാരെന്ന നിലയില്‍ നാം ഭാരതത്തിനു ശ്രേയസുണ്ടാക്കുന്ന കാര്യത്തില്‍ തുല്യ അവകാശമുള്ളവരാണ്. അത് പുരുഷനായാലും സ്ത്രീയായാലും. ഇതുവച്ചു നോക്കുമ്പോള്‍ ഭാരതീയ ജനതക്ക് ഒരു പ്രത്യേക മതത്തോടുള്ള താദാത്മ്യമില്ല. ഏതു പ്രദേശത്തു ജനിച്ചു വളരുന്നവരായാലും ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും ഭാരതീയത ഓരോ പൗരന്റെയും ജന്മാവകാശമാണ്.
ഇത്തരത്തില്‍ കാലഘട്ടത്തിനനുസരിച്ച് മനുഷ്യനെ മാനവിതകയിലേക്ക് നയിക്കുന്ന കണ്ണികള്‍ കണ്ടെടുത്ത് ജനാധിപത്യം ശക്തിപ്പെടുത്തുമ്പോള്‍ മതസാഹോദര്യവും പൊതുജീവിതശാന്തിയുമാണ് നിലനില്‍ക്കുക. അത്തരം ഇടപെടല്‍ തന്നെയാണ് കെട്ട കാലത്ത് മാനവികതക്ക് ആവശ്യം.

Share this article

About സത്യന്‍ മാടാക്കര

sathyanmadakkara@gmail.com

View all posts by സത്യന്‍ മാടാക്കര →

Leave a Reply

Your email address will not be published. Required fields are marked *