തിരുനബി പഠനങ്ങളുടെ ആദികാലങ്ങള്‍

Reading Time: 3 minutes

ഡോ. ഹുസൈന്‍ ഗുബാഷ് ‘മുഹമ്മദ്(സ്വ)’ എന്ന വിഖ്യാത രചനയുടെ ആമുഖത്തില്‍ കുറിച്ചിരിക്കുന്നതിങ്ങനെയാണ്. ‘തിരുനബി(സ്വ)യുടെ ജീവചരിത്രം പലകുറി എഴുതപ്പെട്ടു, ലോകഭാഷകളിലെല്ലാം. രചനയോട് സത്യസന്ധത പുലര്‍ത്തിയവരും അല്ലാത്തവരുമുണ്ട്. നബിയുടെ ജീവചരിത്രം പുതുതായി എഴുതുന്നതിനെക്കുറിച്ച് ആലോചിക്കുന്നവര്‍ക്കെല്ലാം മനസില്‍ തികട്ടിവരുന്ന ചോദ്യമുണ്ട്. ‘ഇനിയുമെന്തിന്? നിനക്കെന്ത് കൂട്ടിചേര്‍ക്കാന്‍ സാധിക്കും? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഞാനീ എഴുത്തിലൂടെ.’ പ്രവാചകനെ എഴുതിയവര്‍ നിരവധിയാണ്. വിവിധഭാഷകളിലായുള്ള പ്രവാചകരചനയുടെ ലോകം വലുതാണ്. കൃത്യമായി നിശ്ചിതപ്പെടുത്താനുള്ള ശ്രമം ഫലം കാണില്ല. പക്ഷേ പ്രസക്തമായ, വിശ്രുതമായ ഏതാനും പുസ്തകങ്ങളെ പരിചയപ്പെടുത്താനുള്ള ഒരു എളിയശ്രമമാണിത്.
നബി തങ്ങളുടെ ജീവിതകാലത്ത് തന്നെ തിരുജീവിതം രേഖപ്പെട്ടു തുടങ്ങിയിരുന്നു. അതു പക്ഷേ ജീവചരിത്രക്രോഡീകരണ സ്വഭാവത്തോടെ എഴുതപ്പെട്ടതായിരുന്നില്ല. തിരുജീവിതത്തിലെ ഓരോ നിമിഷങ്ങളും ഹദീസുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് പണ്ഡിതന്മാര്‍ ഹദീസുകള്‍ ക്രോഡീകരിച്ച് പ്രവാചകജീവിതം എഴുതാന്‍ തുടങ്ങിയതോടെയാണ് നബിജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ വിശദമായ രുപത്തില്‍ അന്വേഷിക്കുന്നത്. ആദ്യകാലത്ത് മുസ്‌ലിം പണ്ഡിതരുടെ രചനകള്‍ മാത്രമേ പ്രസിദ്ധീകൃതമായിരുന്നുള്ളൂ. ഇസ്‌ലാമിക വീക്ഷണകോണുകളിലൂടെ മാത്രം വായിക്കപ്പെട്ടിരുന്ന ശൈലിയില്‍ നിന്നും പൊതുചിന്താധാരയിലേക്ക് പ്രവാചകജീവിതം എഴുതപ്പെട്ടത് ഓറിയന്റലിസ്റ്റുകളുടെ കടന്നുവരവോടെയാണ്. ഇസ്‌ലാമിനെക്കുറിച്ചും പൗരസ്ത്യ ദേശങ്ങളെക്കുറിച്ചുമുള്ള ഗവേഷണ പഠനങ്ങള്‍ക്കായി ആധുനിക ചരിത്രരചനയുടെ ആരംഭകാലത്ത് രൂപപ്പെട്ടുവന്ന പഠനശാഖയാണ് ഓറിയന്റലിസം.
കേരളത്തില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്തോടെ തന്നെ നബി ജീവിതം എഴുതപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതിനകം മൗലികരചനകളായും ഗവേഷണങ്ങളായും വിവര്‍ത്തനങ്ങളായും നിരവധി തവണ പ്രവാചകന്‍ മലയാളത്തില്‍ എഴുതപ്പെട്ടു.

ചരിത്രരചനയുടെ
ആരംഭം
തിരുനബിയുടെ അനുചരര്‍ തന്നെ പറഞ്ഞുവെച്ചിട്ടുള്ള ഹദീസുകളാണ് നബിയുടെ ജീവിതചര്യകളെ നമുക്ക് പറഞ്ഞ് തന്നിട്ടുള്ളത്. പ്രവാചകജീവിതത്തെ ഹദീസുകളില്‍ വര്‍ണിക്കുന്ന ഏതാനും റാവിമാരെ പരിചയപ്പെടാം.
സഹ്ലുബ്നു അബിഹാതിം(ഹി.60) അഹ്മദ് ബലാദരിയുടെ (ഹി.278) അന്‍സാബുല്‍ അശ്റാഫ്, ഇബ്നു സഅദിന്റെ (ഹി.230) ത്വബഖാത്, ഇബ്നു ജരീര്‍ അത്വബ്രി (ഹി.310)യുടെയും അല്‍ വാഖിദിയുടെയും (ഹി.207) ഗ്രന്ഥങ്ങള്‍ എന്നിവയില്‍ സഹ്ല്‍ (റ) നിവേദനം ചെയ്ത ഹദീസുകള്‍ പരാമര്‍ശിക്കുന്നുണ്ട്. മുആവിയ(റ)യുടെ ഭരണകാലത്ത് ഹി.60 ലാണ് സഹ്ല്‍(റ) വഫാത്താകുന്നത്.
അബ്ദുല്ലാഹിബിന്‍ അബ്ബാസ്(റ) ഹി.78: പ്രവാചകാനുചരന്മാരില്‍ പ്രധാനിയായ ഇവര്‍ ഇബ്നു അബ്ബാസ് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. വിവിധ ഹദീസുകളിലും സീറകളിലുമായി പ്രവാചക ജീവിതരീതികള്‍ ഇബ്നു അബ്ബാസ്(റ)വിന്റെ നിവേദനങ്ങളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
സഈദുബിന്‍ സഅ്ദിബിന്‍ ഉബാദ അല്‍ ഖസ്റജി(റ): മുസ്നദു ഇബ്നി ഹന്‍ബലിലും താരീഖുത്ത്വബ്രിയിലും ഉബാദയുടെ ഉദ്ധരണികള്‍ കാണാം.
ഉര്‍വതുബിന്‍ സുബൈര്‍(റ) ഹി.73: അബൂബക്കര്‍(റ)ന്റെ പേരമകനും അബ്ദുല്ലാഹിബ്നു സുബൈര്‍(റ)ന്റെ സഹോദരനുമായ ഇദ്ദേഹം ഉമവി ഖലീഫമാരായ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍, വലീദ് ഒന്നാമന്‍ എന്നീ കാലഘട്ടങ്ങളില്‍ ജീവിച്ചു. പ്രവാചക ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളെ കുറിച്ചുവെച്ചിരുന്നു. പക്ഷേ അബ്ദുല്‍ മലിക് ചരിത്ര രചനയെ പ്രോത്സാഹിപ്പിക്കാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ രചകള്‍ ഗ്രന്ഥങ്ങളായി പുറത്തിറങ്ങിയില്ല.
താബിഇയ്യായ സഈദ് ബിന്‍ മുസയ്യബ് അല്‍ മഖ്സൂമി(റ) ഹി.94: പ്രസിദ്ധ ഹദീസ് പണ്ഡിതന്‍ ഇബ്നു ശിഹാബ് അസ്സുഹ്രിയുടെ ഗുരുവര്യന്‍ കൂടിയാണ്. പ്രശസ്ത ആറ് ഹദീസ് ഗ്രന്ഥങ്ങളിലും ഇബ്നു ഇസ്ഹാഖിന്റെയും ഇബ്നു സയ്യിദിന്നാസിന്റെയും സീറകളിലും മറ്റും സഈദ്(റ)വില്‍ നിന്നുള്ള ഹദീസുകള്‍ ഉദ്ധരിക്കുന്നുണ്ട്.
അബ്ദുല്ലാഹി ബിന്‍ കഅ്ബ് ബിന്‍ അല്‍ അന്‍സാരി(റ) (ഹി. 94) യുടെ ഹദീസുകള്‍ സീറതു ഇബ്നി ഇസ്ഹാഖിലും താരീഖുത്ത്വബ്രിയിലും കാണാം. ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ) വിന്റെ മകനായ അബാന്‍(റ) വില്‍ നിന്നുമുള്ള ഹദീസുകള്‍ മാലിക്(റ) വിന്റെ മുവത്വയിലും ത്വബഖാതു ഇബ്നി സഅ്ദിലും താരീഖുത്ത്വബ്രി, താരീഖുയഅ്ഖൂബി എന്നിവയിലും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
അല്‍ ഖാസിമുബിന്‍ മുഹമ്മദ് ബിന്‍ അബീബക്കര്‍(റ) ഹി. 107 ലാണ് വഫാത്താകുന്നത്. അബൂബക്കര്‍(റ) വിന്റെ പൗത്രനായ ഇവരുടെ ഹദീസുകള്‍ ത്വബ്രി, അല്‍ വാഖിദി, അല്‍ ബലാദരി എന്നിവരുടെ ചരിത്രഗ്രന്ഥങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്.
ഹി. 114ല്‍ മരണപ്പെട്ട വഹ്ബ് ബ്നു മുനബ്ബഹ്(റ) പ്രസിദ്ധനാണ്. ഒട്ടേറെ രചനകള്‍ അദ്ദേഹത്തിന്റെതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഒന്നും നിലവിലില്ല. ഇബ്നു ഇസ്ഹാഖ്, ഇബ്നു ഹിശാം, ഇബ്നു ജരീര്‍ ത്വബ്രി, ഇബ്നു നുഐം അല്‍ ഇസ്ഫഹാനി(റ) തുടങ്ങി പല ഗ്രന്ഥങ്ങളിലും ഏതാനും ഉദ്ധരണികള്‍ എടുത്തുദ്ധരിച്ചിട്ടുണ്ട്.
നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇബ്നു ശിഹാബ് അസ്സുഹ്രി(റ) ഹദീസ് പരമ്പരയിലെ(സനദ്) ആദ്യകണ്ണികളിലൊരാളാണ്. ഉമവീ ഭരണകൂടത്തിനായി അദ്ദേഹം രണ്ട് രചനകള്‍ നിര്‍വഹിക്കുകയുണ്ടായി. അതിലൊന്ന് നിരസിക്കപ്പെട്ടു. മറ്റൊന്ന് നിലവിലില്ലാതാവുകയോ മറ്റോ ചെയ്തു. സുഹ്രി(റ)യുടെ ശിഷ്യനായ മൂസ ബിന്‍ ഉഖ്ബ(റ) കിതാബുല്‍ മഗാസി എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതിലെ ചില ഉദ്ധരണികളെങ്കിലും ഇപ്പോള്‍ നിലനില്‍ക്കുന്നു. സുഹ്രിയുടെ തന്നെ മറ്റൊരു ശിഷ്യനാണ് മുഹമ്മദു ബിന്‍ ഇസ്ഹാഖ്(റ) (ഹി.159) ഇദ്ദേഹമാണ് മുന്‍കാലങ്ങളില്‍ എഴുതപ്പെട്ട രേഖകളെല്ലാം ക്രോഡീകരിച്ച് ആദ്യമായി രചന നിര്‍വഹിച്ചത്. പില്‍ക്കാലത്ത് വന്ന ഇബ്നു ഹിശാം, ഇബ്നു ജരീര്‍ ത്വബ്രി തുടങ്ങിയവരുടെയെല്ലാം ചരിത്ര ഗ്രന്ഥങ്ങള്‍ ഇബ്നു ഇസ്ഹാഖിന്റെ രചന ആസ്പദമാക്കിയാണ്. അബൂ ഇസ്ഹാഖ് അല്‍ ഫാസാരി(ഹി. 186) കിതാബുസ്സിയര്‍ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
വളര്‍ച്ച
ഇത് വരെ പരാമര്‍ശിച്ചത് ആദ്യ രണ്ട് നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട രചനകളാണ്. തുടര്‍ന്നുള്ള മൂന്ന് നൂറ്റാണ്ടുകളില്‍ പ്രവാചകചരിത്രം കുറിച്ചുവെച്ചവരാണ് ഇമാം ശഅ്ബി, ഹമ്മാമുബിന്‍ മുനബ്ബഹ്(റ), മഅ്മര്‍ ബിന്‍ റാഷിദ് അല്‍ അസ്ദി, ഹാശിമു ബിന്‍ ഉര്‍വ ബിന്‍ സുബൈര്‍(റ) തുടങ്ങിയ പ്രമുഖര്‍. ഇക്കൂട്ടത്തില്‍ പ്രസിദ്ധനാണ് അബ്ദുല്‍ മാലിക് ബിന്‍ ഹിശാം. ഇബ്നു ഇസ്ഹാഖിന്റെ രചന കഴിഞ്ഞ് രണ്ടാം സ്ഥാനത്തുള്ള കൃതിയാണ് ഇബ്നു ഹിശാമിന്റെ സീറ. ഇബ്നു ഇസ്ഹാഖിന്റെ രചനയുടെ പുനരവലോകനമായി എഴുതപ്പെട്ട ഈ കൃതി ഇബ്നു ഇസ്ഹാഖിന്റെ രചനയുടെ സ്ഥാനം കൈയടക്കുകയും പിന്നീടു വന്ന ചരിത്രഗ്രന്ഥങ്ങളുടെയെല്ലാം അവലംബ ഗ്രന്ഥമായി മാറുകയും ചെയ്തു. ഹി. 218 ലാണ് ഇബ്നു ഹിശാം(റ) വഫാതാവുന്നത്. അല്‍വാഖിദി (ഹി. 209) ‘കിതാബുതാരീഖ് വല്‍ മഗാസി’യും ‘ഫുതൂഹുശ്ശാം’ എന്ന ഗ്രന്ഥവും പ്രസിദ്ധീകൃതമായിട്ടുണ്ട്. നബി തങ്ങളുടെ മദീനാ ജീവിതവും അക്കാലത്തുണ്ടായ യുദ്ധങ്ങളും വിവരിക്കുന്നതാണ് കിതാബുത്താരീഖ് വല്‍ മഗാസി.
ഇമാം തുര്‍മുദി(റ) ഇക്കാലഘട്ടക്കാരനാണ്. ഹി.279ല്‍ വഫാതായ അദ്ദേഹം മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെ സംബന്ധിച്ച് മാത്രം രചിച്ച ഗ്രന്ഥമാണ് ശമാഇലു മുഹമ്മദിയ്യ. ഇബ്നു സഅ്ദ് എന്നറചയപ്പെടുന്ന മുഹമ്മദുബിന്‍ സഅ്ദ് ബിന്‍ മാനിഅ് അല്‍ ഹാശിമി(ഹി.230) യുടേതാണ് ത്വബഖാതുല്‍ കുബ്റാ. നബി(സ്വ)യുടെയും അനുചരന്മാരുടെയും ജീവിതം വിവരിക്കുന്ന ഈ കൃതിയ്ക്ക എട്ട് വാല്യങ്ങളുണ്ട്. ഇബ്നു സഅ്ദ്(റ) അല്‍ വാഖിദിയുടെ ഒരു ശിഷ്യന്‍ കൂടിയാണിദ്ദേഹം. the book of the major classes എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. എട്ട് വാല്യങ്ങളില്‍ ആദ്യ രണ്ടു വാല്യങ്ങള്‍ പ്രവാചകജീവിതവും 3, 4 വാല്യങ്ങളില്‍ സ്വഹാബികളുടെ ചരിത്രവും 5, 6, 7 വാല്യങ്ങള്‍ താബിഉകള്‍ മുതലുള്ളവരുടെ ചരിത്രവും വാല്യം 8ല്‍ പ്രമുഖ മഹതികളുടെ ചരിത്രവുമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്.
ഇമാം ബൈഹഖി(റ) ഹി.458: യുടെ ദലാഇലുന്നുബുവ്വ എഴുതപ്പെട്ടതും ഇക്കാലയളവിലാണ്. മൂന്ന് വാല്യങ്ങളിലായാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇമാം മുഹമ്മദു ബിന്‍ ജരീര്‍ അത്ത്വബ്രിയുടെ (ഹി.310) താരീഖുര്‍ റസൂലി വല്‍ മുലൂക് എന്ന ഗ്രന്ഥവും പ്രശസ്തമാണ്. താരീഖുത്ത്വബ്രി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ബൃഹത് ഗ്രന്ഥം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നു മാത്രമല്ല, 39 വാല്യങ്ങളായി 1985ല്‍ ന്യൂയോര്‍ക്ക് പ്രസ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇമാം ബഗ്‌വി രചിച്ച അല്‍ അന്‍വാര്‍ ഫീ ശമാഇലിന്നബിയ്യില്‍ മുഖ്താര്‍, ഇമാം അബൂസഅ്ദ് അന്നയ്സാബൂരിയുടെ ശറഫുല്‍ മുസ്ത്വഫ, ഇമാം അസ്ബഹാനിയുടെ ദലാഇലുന്നുബുവ്വ തുടങ്ങി ഏതാനും ഗ്രന്ഥങ്ങള്‍ കൂടി ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ എഴുതപ്പെട്ടു.

Share this article

About കെ വി ഉസ്മാന്‍ പയ്യനാട്

View all posts by കെ വി ഉസ്മാന്‍ പയ്യനാട് →

Leave a Reply

Your email address will not be published. Required fields are marked *