മന്‍മോഹന്‍ മുതല്‍ സീതാരാമന്‍ വരെ

Reading Time: 4 minutes

രാഷ്ട്രമീമാംസയില്‍ ജനാധിപത്യത്തിന് മൂന്ന് തൂണുകളുണ്ടെന്നാണ് പറയപ്പെടുന്നത്. നിയമ നിര്‍മാണസഭയായ പാര്‍ലമെന്റും കാര്യനിര്‍വഹണ വിഭാഗമായ എക്‌സിക്യൂട്ടീവും നീതിന്യായ വിഭാഗമായ കോടതി സംവിധാനങ്ങളുമാണവ. മാധ്യമങ്ങളെ നാലാം തൂണായും പരിഗണിക്കപ്പെടുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതില്‍ ഇവ നാലിനും അവയുടേതായ ധര്‍മവുമുണ്ട്. എന്നാല്‍ ഇന്ത്യനവസ്ഥയില്‍ നാല് തൂണുകളും ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. പാര്‍ലമെന്റുംഎക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഏറെക്കുറെ തകര്‍ച്ചയുടെ വക്കിലാണ്. നാലാം തൂണില്‍ മാത്രമാണ് ഇപ്പോള്‍ ജനാധിപത്യത്തിന്റെ ആത്മാവ് അല്‍പമെങ്കിലും അവശേഷിക്കുന്നത്. ജനാധിപത്യത്തില്‍ നിന്ന് ഭൂരിപക്ഷാധിപത്യത്തിലേക്കുള്ള പ്രയാണത്തിലാണ് രാജ്യം. ഇവിടെ എല്ലാം ഒരു കേന്ദ്രബിദ്ധുവില്‍ സംഗമിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയം മോദിക്ക് മുമ്പും ശേഷവും എന്ന് ചരിത്രത്തില്‍ വേര്‍തിരിച്ച് അടയാളപ്പെടുത്താന്‍ മാത്രം ഭീകരമായൊരു അധികാര ശക്തിയായി മോദി-അമിത്ഷാ ദ്വയം മാറിയിരിക്കുകയാണ്. രാഷ്ട്രീയ ഹിന്ദുത്വമാണോ കോര്‍പ്പറേറ്റിസമാണോ അതോ രണ്ടും ചേര്‍ന്ന മറ്റൊന്നാണോ ഇന്ത്യന്‍ ജനാധിപത്യമെന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ ഹിന്ദുത്വത്തിന് ഇതുവരെ സാംസ്‌കാരിക ആധിപത്യം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ ഇന്ന് അത് കോര്‍പ്പറേറ്റിസത്തെ കൂടി ഗര്‍ഭം ധരിച്ചിരിക്കുകയാണ്. നെഹ്‌റുവിന്റെ ഇന്ത്യയല്ല മോദിയുടെ ഇന്ത്യ എന്ന് പാര്‍ലമെന്റില്‍ ആവര്‍ത്തിച്ച് അക്രോശിക്കുന്ന സംഘപരിവാറിന്റെ ശബ്ദത്തില്‍ ഒരു സംഹാര ഗര്‍ജനത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമാണ്.
നെഹ്‌റുവിന്റെ ഇന്ത്യ എന്നാല്‍ അത് സോഷ്യലിസ്റ്റ് സങ്കല്‍പത്തില്‍ ശിലയിട്ടതാണ്. നെഹ്‌റുവിന്റെ പഞ്ചവത്സര പദ്ധതികളിലാണ് നാം ഈ രാജ്യത്തെ രൂപപ്പെടുത്തിയെടുത്തിയത്. പിന്നീട് മകള്‍ ഇന്ദിര അതിനെ കുറേ കൂടി ശക്തമായ ശിലകളില്‍ ഉറപ്പിച്ചു നിര്‍ത്തുകയായിരുന്നു. വാണിജ്യ ബാങ്കുകളുടെദേശസാല്‍കരണ പ്രക്രിയ ബാംങ്കിംഗ് രംഗത്ത് അദ്ഭുതകരമായ മാറ്റമാണ് വരുത്തിയത്, ബാങ്കിംഗ് സാധാരണക്കാരന് പ്രാപ്യമായിത്തീര്‍ന്നു. നിക്ഷേപം 800 ശതമാനത്തോളം വര്‍ധിച്ചു,1971ല്‍ ഇന്ദിര രണ്ടാം തവണയും അധികാരത്തിലെത്തിയപ്പോള്‍ ഈ ദേശസാല്‍കരണ നയം വ്യാവസായിക മേഖലകളിലേക്കും വ്യാപിപ്പിച്ചു.ഇരുമ്പ്, കല്‍ക്കരി, ഖനി, പരുത്തി തുടങ്ങിയ വ്യവസായമേഖലകളെല്ലാം ദേശസാല്‍കരിച്ചുകൊണ്ട് നമ്മുടെ സാമ്പത്തിക അടിത്തറ കെട്ടുറപ്പുള്ളതാക്കി മാറ്റി. അതേ രാജ്യം പിന്നിട് ഇന്ദിരയുടെ മകന്‍ രാജീവിലും അവിടെ നിന്ന് നരസിംഹ റാഹുവിലുമെത്തിയപ്പോള്‍ മുതലാളിത്തത്തിന്റെ കൂടി ഹബ്ബായി ഇന്ത്യ മാറി. രാജീവിന്റെ പുത്തന്‍ സാമ്പത്തിക നയവും നരസിംഹ റാവുവിന്റെ മന്‍മോഹന്‍ എഫക്ടുംസാമ്പത്തിക വ്യവഹാരത്തില്‍ മിക്‌സ്ഡ് എക്കോണമിക്ക് ഇന്ത്യ ഉജ്വലമായ മാതൃകയായി.
എഴുപതുകളില്‍ തന്നെ ബംഗാളിന്റെ പ്രാദേശിക വികസനത്തിന് വിദേശ മൂലധനം അവിശ്യമാണെന്ന് വാദിച്ച നേതാവായിരുന്നു ജ്യോതി ബസു. ആഗോളീകരണത്തിന്റെ സൗകര്യങ്ങളെ രാഷ്ട്ര നന്മക്ക് ഉപകരിക്കുംവിധം സ്വീകരിക്കാമെന്ന നയമായിരുന്നു ബംഗാളിലെയും കേരളത്തിലേയുമൊക്കെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്ക് പോലും ഉണ്ടായിരുന്നത്. എങ്കിലും സ്വകാര്യവത്കരണത്തെ അവര്‍ ശക്തമായി എതിര്‍ത്തു. തൊണ്ണൂറുകളിലെ മന്‍മോഹന്‍ പരിഷ്‌കാരങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധമായ ഉദാരവത്കരണ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിവേരറുക്കുമെന്നായിരുന്നു ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍ വിശ്വസിച്ചത്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു ആഭ്യന്തര വരുമാനം കുത്തനെ ഉയരുകയും മെച്ചപ്പെട്ട ജീവിത രീതിയിലേക്ക് രാജ്യം മെല്ലെ പിച്ചവെക്കുകയും ചെയ്തു. മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയായിചുമതലയേല്‍ക്കുമ്പോള്‍ ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പയെടുക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. എന്നാല്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ്ഐഎംഎഫ്ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടത്. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗങ്ങളും, വേണ്ടിവന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നടപടികളും കൂടുതല്‍ വേഗത്തിലാക്കിയ മന്‍മോഹന്‍ മുതലാളിത്ത സമ്പദ് വ്യവസ്ഥയിലേക്ക് അതിവേഗം സഞ്ചരിക്കുകയായിരുന്നു.
1992-1993 കാലത്ത്ഇന്ത്യയുടെസാമ്പത്തിക വളര്‍ച്ച 5.1 ശതമാനമായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം തന്നെ ആര്‍എന്‍ മല്‍ഹോത്ര കമ്മിറ്റി റിപ്പോര്‍ട്ട് ഇന്‍ഷുറന്‍സ് മേഖലയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചുസിംഗ് നടപ്പിലാക്കിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ കൊണ്ട് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ജിഡിപി7.3 ശതമാനത്തിലേക്കെത്തിയെങ്കിലും, വിപണിയില്‍ അത് വേണ്ട വിധം പ്രകടമായില്ല. എങ്കിലും ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു. അതോടെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളും അതേ പാത പിന്തുടര്‍ന്നു. വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ പോലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്ക് പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടേണ്ടി വന്നില്ല. രാജ്യം അമേരിക്കയോടും ചൈനയോടും കിടമത്സരത്തിന് വരെ സജ്ജമായി. പിന്നീട് വന്ന വാജ്‌പേയ് സര്‍ക്കാരും സാമ്പത്തിക ഉദാരവത്കരണത്തില്‍ അതിവേഗം മുന്നോട്ട് പോയി. പിന്നീട് മന്‍മോഹന്‍ പ്രധാനമന്ത്രിയായപ്പോള്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ രാജ്യം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മിന്നിത്തുടങ്ങി. ചൈനക്ക് പിന്നാലെ അമേരിക്കയും ഇന്ത്യയെ സംശയത്തോടെ നോക്കിക്കണ്ടു. ഇന്ത്യ പുതിയ ബദലാവുമെന്നും മുതലാളിത്ത ശക്തികള്‍ ഭയപ്പെട്ടു. ഇതോടെ അമേരിക്ക കൂടുതല്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ മുന്നോട്ടുവന്നു. ഇതിന്റെ ഭാഗമായിരുന്നു ആണവകരാര്‍. സാമ്പത്തികമായി വളരുന്ന രാജ്യത്തെ രാഷ്ട്രീയമായി കീഴ്‌പ്പെടുത്തുക എന്ന അമേരിക്കന്‍ രാഷ്ട്രീയ തന്ത്രത്തിനാണ് അന്ന് മന്‍മോഹന്‍ തലവെച്ച് കൊടുത്തത്. ചേരി ചേരാ പ്രസ്ഥാനം മുതല്‍ഇക്കാലമത്രയും ഇന്ത്യയുമായി മികച്ച നയതന്ത്ര ബന്ധം പുലര്‍ത്തിയ ഇറാനുമായി ഇന്ത്യ ഇടഞ്ഞു. ഇന്ത്യ-ഇറാന്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്നായി. പകരം ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യയെ പിന്തുണക്കാമെന്ന് അമേരിക്ക ഉറപ്പു നല്‍കി. അക്കാലത്താണ് അമേരിക്കയിലെയും ബ്രട്ടനിലെയും വലിയ ബാങ്കുകളുടെ തകര്‍ച്ചയില്‍ തുടങ്ങിയ ആഗോള സാമ്പത്തിക പ്രതിസന്ധി ആരംഭിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ലോകരാഷ്ട്രങ്ങള്‍ മിക്കതും തകര്‍ന്നു. പക്ഷേ ഇന്ത്യ അത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചു നിന്നു. ടൈം അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ മന്‍മോഹന്‍ എഫക്ട് കൊട്ടിഘോഷിക്കപ്പെട്ടു. ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാവും എന്ന് വരെ പ്രവചിക്കപ്പെട്ടു.
എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ വന്നപ്പോള്‍ എല്ലാം തകിടം മറിഞ്ഞു തുടങ്ങിയിരുന്നു. തുടര്‍ച്ചയായ അധികാരം കോണ്‍ഗ്രസിനെ ഭ്രമിപ്പിച്ചിട്ടുണ്ടാകണം. രാജ്യം അക്കാലത്താണ് മുതലാളിത്തത്തില്‍ നിന്ന് കോര്‍പ്പറേറ്റിസത്തിലേക്ക് ചുവട് വെക്കുക്കുന്നത്. ഇന്ധന വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് വിട്ട് നല്‍കിയും ചെറുകിട മേഖലയില്‍ വിദേശ നിക്ഷേപം സ്വീകരിച്ചും മന്‍മോഹന്‍ കോര്‍പ്പറേറ്റ് ഭരണത്തിന്റെ എല്ലാ ദുശ്ശീലങ്ങളും പ്രകടിപ്പിച്ചു. ജന ജീവിതം താറുമാറായി. കൂടെ ടു ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് അഴിമതിക്കഥകള്‍ കൂടി പുറത്തു വന്നതോടെ പൊറുതി മുട്ടിയ ജനം കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കി.
2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തി. പക്ഷേ പിടിച്ചതിനെക്കാള്‍ വലിയത് മാളത്തില്‍ എന്ന പോലെ പിന്നീട് രാജ്യം തന്നെ വലിയൊരു കോര്‍പ്പറേറ്റ് കമ്പനിയായി മാറുകയായിരുന്നു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് സമൂഹത്തിന്റെ ആശീര്‍വാദത്തോടെ ഗോദയിലിറങ്ങിയ മോദിയായിരുന്നു തിരഞ്ഞെടുപ്പിലെ താരം. ആപ്‌കോ വേള്‍ഡ് വൈഡ് അടക്കമുള്ള ബഹുരാഷട്ര കമ്പനികളായിരുന്നു മോദിയെ അധികാരത്തിലേക്ക് ആനയിച്ചത്. ഗുജറാത്ത് വികസനത്തിന്റെ ഇല്ലാ കഥകള്‍ വലുതുപക്ഷ മാധ്യങ്ങളിലുടെ ജനങ്ങളിലെത്തി. പോസ്റ്റ് ട്രൂത്ത് കാലത്തെ പെരുംനുണകളില്‍ മോദി എഫക്ട് മായാത്ത ടാഗ് ലൈനായി ഉയര്‍ന്നു വന്നു. അങ്ങനെ നുണയില്‍ കെട്ടിപ്പൊക്കിയ അധികാര കേന്ദ്രത്തിന്റെഅപ്പോസ്തലനായി നരേന്ദ്ര മോദിയെന്ന ഗുജറാത്ത് മുഖ്യമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയായി.
പിന്നീട് ഒരു ചരിത്രത്തെ വെട്ടി മാറ്റാനുള്ള ആസുത്രിതമായ ശ്രമങ്ങളാണ് നടന്നത്. ആദ്യം മായ്ച്ചു കളയേണ്ടത് നെഹ്‌റുവിനെയായിരുന്നു. കാരണം സംഘപരിവാറിന്റെ രാഷ്ട്രീയത്തിന് നെഹ്‌റുവിനോളം വെല്ലുവിളി ഉയര്‍ത്തിയ ഒരു നേതാവിനെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. നെഹ്‌റുവിന്റെ സാമ്പത്തിക നയങ്ങളെ നിരന്തരം വിമര്‍ശിക്കുകയും ഒരു പരിധികൂടി കടന്ന് ചിലപ്പോള്‍ പരിഹസിക്കുകയുമാണ് ചെയ്തത്. മോദിയും അമിത് ഷായും അടക്കമുള്ളവര്‍ വിമര്‍ശനത്തിന്റെ രീതിശാസ്ത്രത്തെ അക്രമണോത്സുകമായ ഒരാനന്ദ നിര്‍വൃതിയിലേക്ക് പരിവര്‍ത്തനപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാവാന്‍ യോഗ്യനായിരുന്നത് സര്‍ദാര്‍ പട്ടേലായിരുന്നു എന്നുവരെ പ്രചാരണങ്ങള്‍ തുടങ്ങി. വലതുപക്ഷ മാധ്യമങ്ങളില്‍ നെഹ്‌റുവിനെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ നിരന്തരം പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ത്യന്‍ റിപബ്ലിക്കിന്റെ മാത്രമല്ല ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കൂടി ശില്പിയാണ് നെഹ്‌റുവെന്ന വസ്തുതമായ്ച്ചുകളയലായിരുന്നു മോദിയുടെ ഈ നെഹ്‌റു വിരോധത്തിന്റെ മൂലകാരണം.
പിന്നീട് മോദി സ്വയം ഒരു ബിംബമായി മാറാനുള്ള മാനറിസങ്ങളില്‍ മതി മറക്കുകയായിരുന്നു. സ്വന്തം ഗിമ്മിക്കുകള്‍ പുറത്തിറക്കാന്‍ തുടങ്ങി, മെയ്ക് ഇന്‍ ഇന്ത്യ, നോട്ടു നിരോധനം, ഡിജിറ്റല്‍ ഇന്ത്യ, ജിഎസ്ടി, സ്മാര്‍ട്ട് സിറ്റീസ്, ബുള്ളറ്റ് ട്രെയിന്‍, നീതി ആയോഗ്, തുടങ്ങി പല പരിഷ്‌കാരങ്ങളും കൊണ്ടുവന്നു. എല്ലാം തുഗ്ലക്ക് പരിഷ്‌കാരങ്ങളായി പരാജയപ്പെട്ടു. നോട്ടു നിരോധനത്തോടെ ഇന്ത്യയിലെ കള്ളപ്പണം ഇല്ലാതാക്കുമെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും മോദി പ്രസംഗിച്ചു. അബദ്ധങ്ങളില്‍ നിന്ന് ഭീമാബദ്ധങ്ങളിലേക്കെന്ന പോലെ, നോട്ട് നിരോധനത്തിന്റെ മുറിവ് ഉണങ്ങുന്നതിന് മുമ്പ് ജിഎസ്ടി കൂടി നടപ്പാക്കിയതോടെ ഇന്ത്യന്‍ കമ്പോളങ്ങള്‍ മെലിഞ്ഞുണങ്ങി. ഗ്രാമീണ മേഖലയുടെ സ്വാഭാവിക വളര്‍ച്ചയാണ് ഇതിലുടെ പുറകോട്ട് പോയത്. അത് രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ക്രമത്തെ തെല്ലെന്നുമല്ല പ്രതിസന്ധിയിലാക്കിയത്. രൂപയുടെ മൂല്യത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടു. ഓഹരി വിപണികളിലെ ചെറിയ മാറ്റങ്ങള്‍ വരെ ജനജീവിതത്തിന്റെ താളം തെറ്റിച്ചു. പ്രതിസന്ധിസാധാരണക്കാരനിലേക്ക് പടരുകയായിരുന്നു. മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ വരാനിരിക്കുന്ന ദുരന്തത്തെ പ്രവചിച്ച മന്‍മോഹനിലെ സാമ്പത്തിക ശാസ്ത്രജ്ഞനില്‍ ഇപ്പോഴും രാജ്യത്തിന് പ്രതീക്ഷ വെക്കാം എന്ന ഓര്‍മപ്പെടുത്തുലുണ്ട്. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് മന്‍മോഹന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രാഷ്ട്രീയ ഇന്നിംഗ്‌സില്‍ ഒന്നായിരിക്കണം. ഭരണപക്ഷത്തെ ചോദ്യം ചെയ്തുകൊണ്ട് പിന്തിരിപ്പന്‍ സാമ്പത്തിക നയങ്ങളില്‍ രോഷം പൂണ്ട് ക്ഷോഭിക്കുന്ന മന്‍മോഹനെ ആദ്യമായും അവസാനമായും ഇന്ത്യന്‍ ജനത കാണുന്നതും കേള്‍ക്കുന്നതും അന്നത്തെ പകലിലാണ്.
2014 മുതല്‍ 2017 വരെ ധനമന്ത്രിയായിരുന്ന അരുണ്‍ ജൈറ്റ്‌ലിയുടെ പെടുന്നനെയുള്ള മരണത്തെ തുടര്‍ന്ന് ധനകാര്യ മന്ത്രിയായി ചുമതലയേറ്റ നിര്‍മലാ സീതാരാമന്‍ ഒരു സെയില്‍സ് ഗേളിനെ അനുസ്മരിപ്പിക്കും വിധം അസാധാരണമായ മെയ് വഴക്കത്തോടെ ഒരു രാജ്യത്തെ തന്നെ വില്‍പനക്ക് വെച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ മുതല്‍ എയര്‍ ഇന്ത്യ വരെ വില്പനക്ക് വെച്ചിരിക്കുന്നു എന്നത് വരാനിരിക്കുന്ന കോര്‍പ്പറേറ്റ് ഭരണത്തിന്റെ ഭീതിയുണര്‍ത്തുന്ന സൂചനയാണ്.
പ്രതിസന്ധി വന്നാല്‍ സമ്പത്ത് വില്‍പനക്ക് വെച്ച് പ്രതിസന്ധി തീര്‍ക്കുക എന്നത് ഒരു സ്വാഭാവിക സാമ്പത്തിക ശാസ്ത്ര പരിഹാരമാണ്. പക്ഷേ അതല്ല ഒരു രാഷ്ട്രത്തിന്റെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന്റെ ശരിയായ സാമ്പത്തിക ശാസ്ത്രം. അവിടെയാണ് മന്‍മോഹനും നിര്‍മലയും ഒരേ ഫിലോസഫിയുടെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നയിച്ചു കൊണ്ട് പോയതിലുണ്ടായ പ്രശ്‌നങ്ങളെ കാണാനാവുക. ഈ വൈരുധ്യങ്ങളില്‍ നിന്നാണ് അടിസ്ഥാനപരമായി മന്‍മോഹന്‍ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് നേട്ടങ്ങളാണ് സമ്മാനിച്ചതെന്നും മോദി ഭരണകൂടത്തിന്റെ പരിഷ്‌കാരങ്ങള്‍ ഒരിക്കലും തിരിച്ച് പിടിക്കാനാവാത്ത വിധം ആഴമേറിയ സാമ്പത്തിക ദുരന്തത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നും വായിച്ചെടുക്കാനാവുന്നത്.
എയര്‍ ഇന്ത്യയുടെ 75 ശതമാനത്തിലധികം ഓഹരി വില്‍പനക്ക് വെച്ചിട്ടും വാങ്ങാനാളില്ല എന്ന് കാണിച്ചാണ് രാജ്യത്തെ ഏക പൊതുമേഖല എയര്‍ലൈന്‍ മുഴുവനായും സ്വകാര്യവത്കരിക്കാന്‍ ഭരണകൂടം തയാറെടുക്കുന്നത്. വില്‍പനയില്‍ ലഭിക്കുന്ന പണം ഖജനാവിലെത്തും എന്നല്ലാതെ പ്രതിസന്ധി മറികടക്കാന്‍ ഇതൊരു പരിഹാര മാര്‍ഗമല്ലെന്ന് സ്വാഭാവിക യുക്തിയില്‍ തന്നെ തെളിയുന്നതാണ്. പുറമേ സര്‍ക്കാര്‍ മൂലധനം സ്വകാര്യവത്കരിക്കപ്പെടും എന്ന വലിയ അപകടം കൂടി ഇതിലുണ്ട്. ഇതാണ് ബിജെപിയുടെ സാമ്പത്തിക നയത്തിന്റെ ഉള്ളടക്കം. രാജ്യത്തിന്റെ വികസനത്തിനാവശ്യമായ മൂലധനം സര്‍ക്കാര്‍ മുടക്കുന്നതിനെക്കാള്‍ നല്ലത് സ്വകാര്യ – വിദേശ സാമ്പത്തിക ശക്തികളെ ഏല്‍പ്പിച്ച് കൊടുക്കുന്നതാണെന്ന ആര്‍എസ്എസ് കഴ്ച്ചപ്പാടാണ് ഇവിടെ നടപ്പാക്കുന്നത്. ഈ സ്വകര്യവത്കരണത്തെ ഓഹരി വിറ്റ് ഖജനാവ് നിറക്കുക എന്ന സാമ്പത്തിക യുക്തിയില്‍ ലളിതവത്കരിക്കരുതെന്ന് പ്രമുഖ സാമ്പത്തിക ചിന്തകനായ പ്രഭാത് പട്‌നായിക്ക് അഭിപ്രായപ്പെടുന്നുണ്ട്.
1991നു ശേഷം നടന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയുടെ 58 ശതമാനവും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ കാലത്താണ് നടന്നിട്ടുള്ളത്. 1991ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓഹരി വില്‍പ്പന തുടങ്ങി വെച്ചതിനു ശേഷം പിന്നീട് വന്ന കേന്ദ്ര സര്‍ക്കാരുകള്‍ നടത്തിയതില്‍ എറ്റവും വലിയ വില്‍പ്പനയാണിത്. 2 ലക്ഷത്തിലധികം കോടി രൂപയുടെ ഓഹരികളാണ് ഈ സര്‍ക്കാര്‍ വില്പന നടത്തിയത്. 2017-18 സാമ്പത്തിക വര്‍ഷം മാത്രം ഒരു ലക്ഷം കോടി രൂപയുടെ പൊതു മേഖല ഓഹരികളാണ് വിറ്റഴിച്ചത്. വാജ്‌പെയ് നേതൃത്വം നല്‍കിയ ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ മൊത്തം വിറ്റ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില 33,000 കോടി രൂപയായിരുന്നു.
റെയില്‍വേ സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ സിഇഒ ആയി നിയമിച്ചതും സ്റ്റാഫ് എന്‍ജിനിയറിങ്, മെറ്റീരിയല്‍സ് മാനേജ്‌മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോര്‍ഡ് അംഗങ്ങളുടെ തസ്തിക റദ്ദാക്കിയതുമൊക്കെ. സ്വകാര്യവത്കരണ നീക്കങ്ങളുടെ ഭാഗമായി ഓഹരിവില്‍പന ഉടന്‍ തുടങ്ങാനിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിലെ റെയില്‍വേ ഭൂമി ദീര്‍ഘകാലത്തേക്ക് പാട്ടത്തിനു നല്‍കാനും സര്‍ക്കാര്‍ തിരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ പൊതുഭൂമി കൂടി സ്വകാര്യവത്കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഒരുപക്ഷേ ഇത്ര ഭീകരമായൊരു സ്വകാര്യവത്കരണം മറ്റൊരു രാജ്യത്തും നടന്നിട്ടുമുണ്ടാവില്ല. ചരിത്രം നിര്‍മലാ സീതാരാമന്‍ എന്ന ധനമന്ത്രിയെ അടയാളപ്പെടുത്തുക പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ച കോര്‍പ്പറേറ്റ് ഏജന്റ് എന്ന തലക്കെട്ടോടെയായിരിക്കും.

Share this article

About ജുനൈദ് ടി പി തെന്നല

junaidthennala@gmail.com

View all posts by ജുനൈദ് ടി പി തെന്നല →

Leave a Reply

Your email address will not be published. Required fields are marked *