പടനിലങ്ങളിലെ പാട്ടുകള്‍

Reading Time: < 1 minutes

കൂട്ടത്തില്‍
ഏറ്റവും ഏകാകിയായ കളിക്കാരന്‍
അവന്‍ ഇട്ടിരിക്കുന്ന
പത്താം നമ്പര്‍ ജേഴ്‌സി.

കല്ലെറിയുന്ന കാണികള്‍
ആ കല്ലുകളുടെ വേദനയില്‍
തട്ടി മുറിയുന്ന നെഞ്ചകം.

പത്തില്‍ നിന്ന്
വലതു വശത്തെ പൂജ്യം
എപ്പോഴും ഒന്നിനെ വീഴ്ത്തി.

തന്റെ ഇണ പൂജ്യമല്ലെന്ന
ബോധ്യത്താല്‍
അവന്‍ ഉണര്‍ച്ച നടിച്ചിരുന്നുവെങ്കിലും
പൂജ്യങ്ങളുടെ ഉപമകള്‍
നിരന്തരം വീഴ്ത്തിക്കൊണ്ടിരുന്നു.

പൊട്ടിയ മുട്ട്
കീറിയ കളിക്കുപ്പായം
അവന്‍ തന്റെ തന്നെ കുട്ടിക്കാലത്തിലേക്കും
അമ്മമാരിലേക്കും എടുത്തറിയപ്പെട്ടു

തോറ്റ് വീട്ടിലേക്കോടിയ
പാടവരമ്പുകളില്‍
അവന്റെ ആദ്യവിജയങ്ങള്‍
കൊറ്റികളായ് പറന്നു.

അവനിലെ എല്ലാ കൂട്ടുകാരും ചേര്‍ന്ന്
ഒന്നായി പടനിലത്തിലെ പാട്ടു പാടി.

അവന്‍ കൂട്ടുകാരെക്കൊണ്ടുണ്ടാക്കിയ
മൈതാനമായി
നിറഞ്ഞ് കളിക്കുന്ന കുഞ്ഞിനെ കണ്ട്
പാല്‍ ചുരത്തുന്ന അമ്മപ്പയ്യിനെപ്പോലെ
കാണികള്‍ അവനെ ഉത്തേജിപ്പിച്ചു.

പിറന്ന ഗോളുകള്‍
എണ്ണുവാനാകാതെ റഫറിയും കുഴഞ്ഞു
അവന്‍ പിന്നെയും
മണ്ണില്‍ തന്നെ മുട്ടുകുത്തി.

അപ്പോളവന്‍
കൂട്ടത്തിലേറ്റവും
ഏകാകി മാത്രമായിരുന്നില്ല
പതിവിലേറെ
ദുഃഖിതനുമായിരുന്നു.

Share this article

About കുഴൂര്‍ വില്‍സന്‍

kuzhoor@gmail.com

View all posts by കുഴൂര്‍ വില്‍സന്‍ →

Leave a Reply

Your email address will not be published. Required fields are marked *