പ്രവാസികളുടെ ദാമ്പത്യത്തില്‍ ഇഴയടുപ്പം കുറയുന്നുണ്ട്

Reading Time: 3 minutes

ഗള്‍ഫ് പ്രവാസികളുടെ ദാമ്പത്യജീവിതത്തിലെ ഇഴയടുപ്പം ഏകദേശം 30 ശതമാനത്തോളവും പൊരുത്തക്കേടുള്ളതാണ്. മിക്ക പ്രവാസികളും ലീവില്‍ വരുന്നത് ഒന്നര വര്‍ഷം കൂടുമ്പോഴാണ്. ഡിജിറ്റലായി പരസ്പരം കണക്റ്റഡ് ആണെങ്കിലും ഇന്റിമസിയെ ബാധിക്കുന്നുണ്ടെന്നാണ് മൂന്നിലൊന്ന് കുടുംബിനികളും പറയുന്നത്. ഇത് ഗള്‍ഫിലുള്ള കല്യാണം കഴിച്ചവരും കഴിക്കാന്‍ പോകുന്നവരുമായവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കത്തുകള്‍ അയച്ചിരുന്ന കാലത്ത് ഏറെക്കുറെ എല്ലാ കുടുംബങ്ങളും ഇതനുഭവിച്ചിരുന്നു. പക്ഷേ വാര്‍ത്താമാധ്യമങ്ങളും സൗകര്യങ്ങളും യഥേഷ്ടം ഉപയോഗിക്കാന്‍ പറ്റുന്ന ഇക്കാലത്ത് ഇങ്ങനെയൊന്നുണ്ടാകുന്നത് ഒരുപാട് പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഈസിയായി കണക്റ്റ്ഡ് ആകാന്‍ പറ്റുന്ന കാലത്ത് കൃത്യമായി പങ്കാളിയെ കണക്ഷനില്‍ ലഭിച്ചിട്ടില്ലെങ്കില്‍ മറ്റു കണക്ഷനിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. മുന്‍കാലങ്ങളില്‍ കമ്യൂണികേഷന്‍ മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും വഴിതെറ്റിപ്പോകാനും മറ്റുമുള്ള ആക്‌സസുകള്‍ കുറവായിരുന്നു. ഇന്ന് ആക്‌സസ് പോയിന്റുകള്‍ വളരെ കൂടുതലാണ്. ഗള്‍ഫിലുള്ള സന്നദ്ധസംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഇക്കാര്യത്തില്‍ പ്രവാസികളെ ബോധവത്കരിക്കാനും പരിഹരിക്കാനും കഴിയേണ്ടതുണ്ട്.

ഭാര്യമാരുടെ വിദ്യാഭ്യാസം
ഗള്‍ഫ് കുടുംബങ്ങളിലെ ഭാര്യഭര്‍ത്തക്കന്മാരുടെ വിദ്യാഭ്യാസനിലവാരത്തില്‍ വ്യത്യാസമുണ്ട്. പ്രവാസികളുടെ വിദ്യാഭ്യാസയോഗ്യതയെക്കാളും ഒരുപാടധികമാണ് ഭാര്യമാരുടേത്. ഇതൊരു സാധ്യതയാണ്. എന്നാല്‍ വെല്ലുവിളിയും. ഭാര്യമാര്‍ വിദ്യാസമ്പന്നരാണെങ്കില്‍ മക്കളുടെ പഠനകാര്യത്തിലും വീടിന്റെ ഉത്തരവാദിത്തങ്ങളേറ്റെടുക്കാനും അവരെ നന്നായി പ്രാപ്തരാക്കാന്‍ കഴിയും. പക്ഷേ പല കുടുംബത്തിനകത്തും ഇത് വലിയ ഈഗോ പ്രശ്‌നങ്ങളുണ്ടാകുന്നതായി ശ്രദ്ധയില്‍പെടുന്നു. വ്യത്യാസം മറികടക്കാനായി പലപ്പോഴും ചില കുടുംബനാഥരുടെ അധികാരപ്രയോഗങ്ങളും മേധാവിത്ത മനോഭാവങ്ങളുമൊക്കെ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അച്ചടക്കമില്ലാത്ത മക്കള്‍
ഗള്‍ഫ് കുടുംബത്തിനകത്തെ നെഗറ്റീവായ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ മിക്ക കുടുംബിനികളും പങ്കുവെച്ചത് കുട്ടികളുടെ അച്ചടക്കമില്ലായ്മയാണ്. അവര്‍ക്ക് ഒരു മെയില്‍ പാരന്റിങ്ങിന്റെ അഭാവം ജീവിതത്തിലുണ്ടാകുന്നുണ്ട്. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന ഒരു സ്ത്രീ വിവിധ മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നുണ്ടാകാം. ഇത് ഏറ്റവുമാദ്യം എത്തുന്നത് കുട്ടികളിലേക്കായിരിക്കും. അത് തിരുത്താന്‍ മറ്റൊരു ഫിഗര്‍ നാട്ടിലില്ലാത്തത് പ്രശ്‌നങ്ങളുണ്ടാക്കുന്നു. ചെറുപ്പത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഇത്തരം കോണ്‍ഫ്‌ളിക്ടുകള്‍ കൗമാരപ്രായത്തില്‍ പുറത്തുവരും. അത്തരം കേസുകള്‍ പല ഗള്‍ഫ് കുടുംബങ്ങളിലുമുണ്ട്. അതിനെ കൗമാരപ്രായത്തില്‍ മാനേജ് ചെയ്യാന്‍ പ്രയാസമാണ്.
65 ശതമാനത്തോളം കുടുംബങ്ങളിലും കൗമാരക്കാരായ കുട്ടികളുടെ പെരുമാറ്റത്തിലും പഠനരീതികളിലും രക്ഷിതാക്കള്‍ സംതൃപ്തരല്ല. പല കാരണങ്ങളാണ് ഇതിന് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് കുട്ടികള്‍ക്കിടയിലുള്ള ലക്ഷ്യബോധമില്ലായ്മയാണ്. മറ്റൊന്ന് പണത്തിന്റെ വിലയറിയാതെ വളര്‍ന്ന കുട്ടികള്‍ കൗമാരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്. വേറൊന്ന് മോശമായ ബന്ധങ്ങളിലേക്കും മോശമായ ശീലങ്ങളിലേക്കും കുട്ടികള്‍ പോകുന്നതാണ്. ഇത് പ്രവാസി കുടുംബങ്ങളുടെ ആഭ്യന്തര ഭദ്രതയെയും സ്വാധീനിക്കുന്നു.

പാരന്റിംഗ്
മലപ്പുറം ജില്ലയില്‍ ഗള്‍ഫ് കുടുംബങ്ങളിലെ കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ചൊരു പഠനം കണ്ടെത്തിയ കാര്യം, ഇതര കുടുംബങ്ങള്‍ക്കില്ലാത്തൊരു റിസ്‌ക് ഫാക്ടര്‍ ഗള്‍ഫ് കുടുംബങ്ങള്‍ക്കുണ്ടെന്നാണ്. കൃത്യമായ ഒരു മെയില്‍ പാരന്റ് ഫിഗറിന്റെ അഭാവമാണത്. ഈ സൗകര്യം ചെറുപ്പം മുതല്‍ അനുഭവിച്ച് വളരുന്നത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തെയും പെരുമാറ്റത്തെയും പഠനത്തിലുള്ള ശ്രദ്ധയെയും മോശമായി ബാധിച്ചതായി പഠനത്തില്‍ പറയുന്നു. ഏറെക്കുറെ അതിനെ ശരിവെക്കുന്ന ഒരു റിസള്‍ട്ടാണ് എന്റെ അന്വേഷണത്തിനും ലഭിച്ചത്. എങ്ങനെയാണ് കൗമാരത്തില്‍ കുട്ടികളെ കൃത്യമായി മെന്ററിങ് നടത്തണമെന്ന് രക്ഷിതാക്കള്‍ക്ക് അറിയില്ല. പരിശീലനമോ അവബോധമോ ലഭിച്ചിട്ടുമില്ല. കൃത്യമായ പാരന്റിങ് ട്രൈനിങും അവേര്‍നസും നാട്ടില്‍ കുട്ടികളെ കൈകാര്യം ചെയ്യുന്ന ഉമ്മമാരായ രക്ഷിതാക്കള്‍ക്ക് ലഭിക്കേണ്ടതുണ്ട്.

കുട്ടികളുടെ ഉപരിപഠനം
ഗള്‍ഫ് കുടുംബങ്ങളിലെ ഭൂരിപക്ഷം കുട്ടികളിലും ഉന്നതപഠനത്തിന് അഡ്മിഷന്‍ നേടുന്നത് എയ്ഡഡ്, ഗവണ്‍മെന്റ് കോളജുകളിലാണ്. ഇത് വളരെ പോസിറ്റീവാണ്. കുട്ടികളുടെ മെറിറ്റാണ് കാണിക്കുന്നത്. ഗള്‍ഫ് കുടുംബങ്ങളിലെ കുട്ടികളില്‍ റിസ്‌ക് ഫാക്ടേഴ്‌സ് കൂടുതലാണ്. സ്വാഭാവികമായും എല്ലാ കുട്ടികളിലുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുറമെ കൃത്യമായ പാരന്റിങ്ങിന്റെ അഭാവം ഇവരിലുണ്ടാകും. എങ്കിലും ഉന്നത വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ മെറിറ്റ് സീറ്റുകളുള്ളത് വലിയ സാധ്യതയാണ്. കൃത്യമായ ഇടപെടലുകളും ആസൂത്രണവുമൊക്കെയുണ്ടെങ്കില്‍ വലിയ മാറ്റം ഈ മേഖലയില്‍ വരുത്താം.

വിദ്യാഭ്യാസം ഉയര്‍ത്തി
ഗള്‍ഫ് സൃഷ്ടിച്ച വിദ്യാഭ്യാസാവസ്ഥ സംബന്ധിച്ച് പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയുടെ ഒരു പഠനമുണ്ട്. മലബാറിലെ കുടുംബങ്ങളിലെ വിദ്യാഭ്യാസപുരോഗതി തകര്‍ക്കുകയാണ് ഗള്‍ഫ് പ്രവാസമെന്നായിരുന്നു പഠനം. സ്‌കൂള്‍ പത്ത് പൂര്‍ത്തിയാക്കുക, ഒരു ഉംറ വിസയെങ്കിലും സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് പോകുക. ഇതായിരുന്നു 1990 വരെയുണ്ടായിരുന്ന പ്രവാസത്തിന്റെ സവിശേഷത. അത് പെണ്‍കുട്ടികളുടെ വിവാഹപ്രായം താഴുന്നതിലേക്കും സ്ത്രീധനം ഉയരുന്നതിലേക്കും നയിച്ചു. പക്ഷേ 1990കള്‍ക്ക് ശേഷമുള്ള വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ മനസിലായത്, ഗള്‍ഫ്മൂലം കുടുംബങ്ങളില്‍ വിദ്യാഭ്യാസ അവസരങ്ങള്‍ വര്‍ധിച്ചുവെന്നാണ്. ഉന്നതപഠനമേഖലയെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെയുള്ള കാഴ്ചപ്പാടുകള്‍ കുടുംബത്തിനകത്ത് നന്നായി വളര്‍ന്നുവരുന്നുണ്ട്. കുട്ടികളിലെ ഉപരിപഠനത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളില്‍ മനസിലായത് മഹാഭൂരിപക്ഷം ഗള്‍ഫ് കുടുംബങ്ങളിലും കുട്ടികള്‍ സ്വന്തം നാട്ടില്‍ തന്നെ ഉയര്‍ന്ന മേഖലകളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് വീട്ടമ്മമാര്‍. വിവാഹത്തെക്കാളും മിക്ക കുടുംബങ്ങളും കുട്ടികളുടെ ഉപരിപഠനത്തെയാണ് സ്വാഗതം ചെയ്യുന്നത്.
തൊണ്ണൂറുകള്‍ക്ക് ശേഷം മലബാറില്‍ പ്രത്യേകിച്ചുണ്ടായ വിദ്യാഭ്യാസകേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ വളര്‍ച്ചയും ഒരുപക്ഷേ ഇതിന് കാരണമായിട്ടുണ്ടാകും. കേരളത്തില്‍ തൊണ്ണൂറുകള്‍ വരെയുള്ള കാലഘട്ടത്തില്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള അണ്‍എയ്ഡഡ്, ഇംഗ്ലീഷ് മീഡിയം, സിബിഎസ്ഇ സ്‌കൂളുകളുടെ എണ്ണം വിരലിലെണ്ണാവുന്നവയായിരുന്നു. ഇന്നത് ആയിരത്തിലധികം വരും. മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന അംഗീകാരമുള്ള സ്‌കൂളുകളില്‍ കൂടുതല്‍ പഠിക്കുന്നത് ഗള്‍ഫുകാരുടെ മക്കളാണ്. ഇത് ഒരുതരത്തില്‍ വലിയ മുന്നേറ്റമാണ്. ഇതും തൊണ്ണൂറുകള്‍ക്ക് ശേഷം സംഭവിച്ച മാറ്റമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ഗള്‍ഫിന്റെ റിസള്‍ട്ട് കുടുംബങ്ങളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം മക്കള്‍ക്ക് കൊടുക്കുക എന്ന സംസ്‌കാരമുണ്ടാക്കി എന്നു കാണാം. ഉപരിപഠന മേഖലകള്‍ സ്വപ്‌നം കാണുന്ന കുടുംബങ്ങളുമുണ്ട്.

പ്രവാസത്തിന്റെ സമുദായം
കുടിയേറ്റങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ സാമുദായികമായ ചില വ്യത്യാസങ്ങള്‍ കാണാം. ആദ്യഘട്ടങ്ങളിലെ രണ്ട് കുടിയേറ്റങ്ങളും പ്രത്യേകിച്ച് അമേരിക്കന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുണ്ടായ കുടിയേറ്റങ്ങള്‍ ക്രിസ്ത്യന്‍ സമുദായമായിരുന്നു കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. ഇപ്പോഴും അങ്ങനെയാണ്. പക്ഷേ ഗള്‍ഫ് കുടിയേറ്റത്തില്‍ കേരളത്തിലെ മുസ്‌ലിംകളുടെ പ്രത്യേകിച്ചും മലബാര്‍ മേഖലയുടെ വലിയ പങ്കാളിത്തമാണുണ്ടായത്. മലപ്പുറം ജില്ലയാണ് ഇതില്‍ മുന്നില്‍. മൂന്ന് മേഖലകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍. ഇതില്‍ ചരിത്രപരമായ കാരണങ്ങളാല്‍ പുറകോട്ട് പോയ പ്രദേശമാണ് മലബാര്‍. ബ്രിട്ടീഷുകാരുടെ മദ്രാസ് സ്റ്റേറ്റിന് കീഴിലുള്ള ഈ ജില്ല മൈസൂര്‍ ഭരണത്തിന് കീഴിലായിരുന്നു. അതുകൊണ്ടു തന്നെ വികസനകാര്യങ്ങളില്‍ പുറകിലായിരുന്നു. പക്ഷേ കേരളത്തിലെ മറ്റു രണ്ടു പ്രവിശ്യകളായ തിരുവിതാംകൂറും കൊച്ചിയും വിദ്യാഭ്യാസത്തിലും സാമൂഹികമായും മുന്നിലായിരുന്നു. എന്നാല്‍ മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ ഗള്‍ഫ് കുടിയേറ്റം മുഖ്യ പങ്കുവഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും ഉയരാന്‍ പ്രവാസികള്‍ കാരണമായി. പ്രാദേശികതലത്തിലും മലബാറിന്റെ വികസനം കുടിയേറ്റത്തിന്റെ സൃഷ്ടിയാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ തന്നെ പറയുന്നു.

കോവിഡാനന്തരം
പ്രവാസികളില്‍ 49% ആളുകളും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ അവിദഗ്ധ മേഖലയിലാണ് ജോലി ചെയ്യുന്നത്. കഫ്റ്റീരിയ, ക്ലീനിങ്, ഷോപ്പ് അസിസ്റ്റന്റ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് പകുതിയോളം പേരും. ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണം വര്‍ധിച്ചുവരികയാണ്. തൊഴില്‍നിയമങ്ങളിലുള്ള മാറ്റങ്ങള്‍മൂലം ആദ്യം തൊഴില്‍ നഷ്ടപ്പെടുന്നത് അവിദഗ്ധ മേഖലയിലുള്ളവര്‍ക്കായിരിക്കും. അതുകൊണ്ടുതന്നെ ഗള്‍ഫിലുള്ള പ്രവാസി സംഘടനകളും നാട്ടിലുള്ളവരും ശ്രദ്ധിക്കേണ്ടത്, തിരിച്ചു വരുന്ന ആളുകളെ നാട്ടില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിലാണ്. നല്ല അനുഭവസമ്പത്തുമായാണ് അവര്‍ വരുന്നത്. മള്‍ട്ടിനാഷനല്‍ എക്‌സ്‌പോഷര്‍ കിട്ടിയവരായിരിക്കും പലരും. ഇവരെ പരിഗണിക്കാനും അപ്‌സ്‌കില്‍ ചെയ്യാനുമൊക്കെയുള്ള ശ്രമങ്ങളുണ്ടാവണം. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് ഉണ്ടായാല്‍ വലിയ സാധ്യതകളുണ്ടാക്കും. ധാരാളം അനുഭവസമ്പത്തുള്ള ഇവര്‍ക്ക് പുതിയ സാങ്കേതികവിദ്യകളും സംവിധാനങ്ങളും പരിചയപ്പെടുത്തണം. കോവിഡാനന്തര കാലത്ത് ഇത്തരം ശ്രമങ്ങള്‍ക്കു പ്രധാന്യമുണ്ട്. ഇനി ഗള്‍ഫിലെ തൊഴില്‍മേഖല ആവശ്യപ്പെടുന്ന മാറ്റങ്ങളും തൊഴില്‍ മേഖലയിലെ ആവശ്യങ്ങളും കൃത്യമായി മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളും പാക്കേജുകളും തയാറാക്കുന്നതില്‍ ശ്രദ്ധിക്കണം. എങ്കില്‍മാത്രമേ ഗള്‍ഫിലേക്കുള്ള മലയാളികളുടെ മടക്കമോ പുനരധിവാസമോ എളുപ്പമാകൂ.

Share this article

About ഡോ. സി പി അഷ്‌റഫ്

drcpashraf@gmail.com

View all posts by ഡോ. സി പി അഷ്‌റഫ് →

Leave a Reply

Your email address will not be published. Required fields are marked *