യുഎഇയിലെ കണ്ണൂര്‍

Reading Time: 1 minute

അബൂദാബിയില്‍ നിന്ന് 245 കിലോമീറ്റര്‍ അകലെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഒരു വിശേഷ പ്രദേശമുണ്ട്. നമ്മുടെ കണ്ണൂരിനോട് സദൃശ്യമുള്ള ഒരു ദേശം. മദീനസായിദ് -ലിവ-ഗയാത്തി റോഡ് ഈ പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ നിന്നും സഊദി അതിര്‍ത്തിയായ അറാഡിലേക്ക് 50 കി.മീ ദൂരം മാത്രമേയുള്ളൂ. കുറഞ്ഞ അംഗം അറബികള്‍ താമസിക്കുന്ന ഈ കൊച്ചു ഗ്രാമത്തിന് ഏറെ വിശേഷങ്ങള്‍ പറയാനുണ്ട്.
ലോകത്തിലെ എറ്റവും വലിയ മണല്‍ കുന്നുകളില്‍ പ്രധാനപ്പെട്ട ഒരു പ്രദേശം ഈ ദേശത്താണ്. യുഎഇയിലെ മറ്റു പ്രദേശങ്ങള്‍ മണല്‍ പരപ്പ് ആണെങ്കില്‍ ഈ പ്രദേശങ്ങള്‍ വലിയ മണല്‍ കുന്നുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാ വര്‍ഷവും ജനുവരിയില്‍ ഈ കണ്ണൂരിനടുത്ത തലമുറീഡില്‍ വെഹിക്ള്‍ റൈസിങ് മത്സരം നടക്കാറുണ്ട്. യുഎഇയിലെ എല്ലാപ്രദേശത്തു നിന്നുമുള്ള വ്യക്തികള്‍ ഈ മത്സരത്തില്‍ പങ്കെടുക്കാറുണ്ട്. നെറുകെയുള്ള മണല്‍ കുന്നില്‍ വാഹനങ്ങള്‍ കയറ്റിയും ഇറക്കിയുമുള്ള മത്സരം ആണ് റൈസിങ്.
യുഎഇയില്‍ ഏറ്റവും കൂടുതല്‍ ഈത്തപ്പഴം ഉത്പാദിപ്പിക്കുന്നതും ഈ പ്രദേശത്താണ്. കിലോമീറ്ററുകള്‍ നീണ്ടുനില്‍ക്കുന്ന ഈത്തപ്പനതോട്ടം ഈ പ്രദേശത്തെ പ്രത്യേകതയാണ്. ഇതിന്റെ വിളവെടുപ്പ് നടക്കുന്നത് ചൂട് അതിന്റെ മൂര്‍ധന്യതയിലെത്തിയാലാണ്. ഈ സമയത്ത് ഇവിടെ ഡേറ്റ് ഫെസ്റ്റിവല്‍ നടക്കാറുണ്ട്. രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും ജിസിസി രാജ്യങ്ങളില്‍ നിന്നും നിരവധി പേര് ഡേറ്റ് ഫെസ്റ്റിവല്‍ കാണാന്‍ എത്താറുണ്ട്. ഈത്തപ്പഴത്തിന് പുറമെ തക്കാളി, ക്ലിയാര്‍, കാബേജ്, മല്ലിയില, മത്തന്‍, വഴുതനങ്ങ, ചുരങ്ങ, വെള്ളരി, കുമ്പളം തുടങ്ങിയ പച്ചക്കറികളും തണ്ണിമത്തന്‍, ഷമാം തുടങ്ങി പഴവര്‍ഗങ്ങളും ഈ പ്രദേശത്ത് കൃഷി ചെയ്യാറുണ്ട്. തണുപ്പ് കാലത്താണ് ഇവ പ്രധാനമായും കൃഷി ചെയ്യാറ്. ബംഗ്ലാദേശില്‍ നിന്ന് ഉള്ളവരാണ് ഈ മേഖലയില്‍ അധികവും ജോലി ചെയ്യുന്നത്. യുഎഇയിലെ പ്രധാനപ്പെട്ട കാര്‍ഷിക തോട്ടം മേഖലയായതിനാലാണ് ഈ പ്രദേശത്തെ മുസഇറ എന്നു വിളിക്കുന്നത്. അറബിയില്‍ മുസഇറക്ക് കൃഷിസ്ഥലം എന്നാണര്‍ഥം. തോട്ടങ്ങള്‍ക്ക് പുറമെ ചെറു കണ്ടല്‍ കാടുകളും മരങ്ങളും ഇതിനിടയില്‍ കാണാം. ഈ തോട്ടങ്ങള്‍ക്കിടയില്‍ കുറേ താമസ വില്ലകളുണ്ട്. തോട്ടം തൊഴിലാളികള്‍ക്ക് പുറമെ ധാരാളം കുടുംബങ്ങളും ഇവിടെ വില്ലകളില്‍ താസിക്കുന്നു. മാനുകളും മയിലുകളും ഈ ഭാഗത്തു സുലഭമായുണ്ട്. ഇതെല്ലാം സഞ്ചാരി കള്‍ക്കും ഇവിടെ താമസിക്കുന്നവര്‍ക്കും നയന മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. കടുത്ത ചൂടില്‍ പോലും തണലും തണുപ്പും സമ്മാനിക്കുന്ന മേഖല കൂടിയാണ് ഈ തോട്ടങ്ങള്‍.
സ്വദേശികള്‍ക്ക് ഇവിടെ നിരവധി ഒട്ടകങ്ങള്‍ സ്വന്തമായിട്ടുണ്ട്. നീണ്ടുമെലിഞ്ഞ കമ്പിത്തൂണുകള്‍ പോലുള്ള കൈകാലുകള്‍, നീണ്ട കഴുത്തുള്ള ചീനഭരണിപോലുള്ള നെഞ്ച്, മച്ചിത്തേങ്ങാപോലുള്ള തല അതാണ് ഒട്ടകക്കാഴ്ച. ഇത്തരം ഒട്ടകക്കൂട്ടമാണ് ഈ പ്രദേശത്തിന്റ മറ്റൊരു പ്രത്യകത. മരുഭൂമിയില്‍ ഒട്ടകങ്ങള്‍ മേഞ്ഞ് നടക്കുന്നതും മേയ്ക്കുന്ന തൊഴിലാളികളും ഈ പ്രദേശത്ത് നിത്യകാഴ്ചയാണ്. ഒട്ടകത്തിന് വേണ്ടിയുള്ള പുല്ലും ഈ ഭാഗത്ത് കൃഷി ചെയ്യുന്നുണ്ട്. മറ്റ് സ്ഥലങ്ങളിലേക്കും ഇവിടെ നിന്ന് തന്നെ പുല്ല് കൊണ്ടുപോകാറുണ്ട്. ഡിസംബറില്‍ മദീനസായിദില്‍ നടക്കുന്ന ഒട്ടക ഫെസ്റ്റിവലിലേക്ക് പ്രത്യേകമുള്ള തീറ്റ തയാറാക്കുന്നതും ഇവിടെ നിന്നാണ്.
ഈ പ്രദേശത്തെ ഗ്രോസറിയിലും അറബി വീടുകളിലും പെട്രോള്‍ സ്റ്റേഷനിലും ജോലി ചെയ്യുന്നവരില്‍ ഏറെയും മലയാളികളാണ്. കുറച്ചു പേര്‍ തോട്ടങ്ങളിലും ജോലി ചെയ്യുന്നുണ്ട്. അബുദാബിയില്‍ നിന്ന് ഇവിടെത്തേക്ക് ബലദിയ്യ ബസ് സൗകര്യം ലഭ്യമാണ്. 30 ദിര്‍ഹമാണ് ഫീസ്.

Share this article

About അലി കട്ടയാട്ട്

alicheruvadi@gmail.com

View all posts by അലി കട്ടയാട്ട് →

Leave a Reply

Your email address will not be published. Required fields are marked *