പൂമഴ പെയ്യുന്ന വഴികള്‍

Reading Time: 2 minutes

വര്‍ഷം 2000, ഡിസംബറില്‍ സഊദി അറേബ്യയില്‍ എത്തിയിട്ട് ഒരു മാസം തികയുന്നതിന് മുമ്പ്, ആദ്യത്തെ തിങ്കളാഴ്ചആയിരുന്നു എന്റെ ആദ്യത്തെ മക്ക-മദീന യാത്ര. ഉംറ കഴിഞ്ഞു മക്കയിലെ ഒരു ദിവസത്തെ വിശ്രമവും കഴിഞ്ഞാണ് മദീനയിലേക്ക് തിരിച്ചത്. ഞങ്ങള്‍ മൂന്നു കുടുംബങ്ങള്‍ ഒരുമിച്ചായിരുന്നു ആ യാത്ര. മദീനത്തുന്നബിയിലേക്കുള്ള യാത്ര ഒരു അനുഭവം തന്നെയാണ് ഓരോ വിശ്വാസിക്കും. മനസില്‍ ചിന്തകള്‍ അടുക്കും ചിട്ടയും ഇല്ലാതെ ഓടി നടക്കുന്നു. ആദ്യത്തെ യാത്രയുടെ കൗതുകവും ആശ്ചര്യവും ഒപ്പം യാത്രയുടെ ലക്ഷ്യ സ്ഥാനവും… മനസില്‍ പൂമഴ പെയ്യുന്നു. ഭൂമിയിലെ സ്വര്‍ഗം മദീനത്താണെന്നുള്ള ചിന്ത ഏതൊരു വിശ്വാസി യാത്രക്കാരനെയും ആനന്ദതുന്തിലനാക്കും.
വിജനമായ മരുഭൂമിയിലൂടെയുള്ള യാത്ര. നോക്കെത്താദൂരത്തോളം മണല്‍ പരപ്പുകള്‍, ഇടക്കിടക്ക് കാണുന്ന ഒട്ടക കൂട്ടങ്ങളും ചീറിപ്പായുന്ന വാഹനങ്ങളും അങ്ങിങ്ങായി പെട്രോള്‍ പമ്പുകളും പള്ളികളും മാത്രം.
ഓര്‍മകള്‍ ബാല്യത്തിലേക്ക് മടങ്ങിപോയി. മദ്‌റസയിലെ ചെറിയ ക്ലാസുകളില്‍ നിറഞ്ഞു നിന്നിരുന്ന അറേബ്യന്‍ കഥകള്‍ ഓര്‍ത്തു. നബിയുടെ ആറാം വയസിലെ മദീന യാത്രയും ആമിന ബീവിയുടെ വഫാതും പ്രവാചകരും അനുയായികളും നടത്തിയ കച്ചവട യാത്രകളും മനസിന്റെ താളില്‍ തെളിഞ്ഞു. ഹിജ്‌റയെക്കുറിച്ച് പ്രസംഗിക്കാത്ത ഒരു നബിദിനവും ഉണ്ടായിരുന്നില്ല, മദ്‌റസയിലെ നബിദിന പ്രഭാഷണങ്ങളില്‍ പറയുന്നതുപോലെ, ഹിജ്‌റയുടെ ഭാരവും ആഴവും അറിയണമെങ്കില്‍ മക്ക-മദീന ഹൈവേയിലൂടെ യാത്ര ചെയ്യണം, മരുക്കാറ്റിന്റെ ആവിപറക്കുന്ന ചൂട് മുഖത്തേക്കടിക്കുമ്പോള്‍ കണ്ണിമ അടഞ്ഞുപോകും. ഈ മരുഭൂമിയിലൂടെ എങ്ങനെയാണ് ഒന്നര സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തിരുറസൂല്‍ ഹിജ്റ പോയിട്ടുണ്ടാവുക!
മദീന അടുത്തു വരുന്നതിന്റെ അടയാളങ്ങള്‍ കണ്ടു തുടങ്ങി. അകലം സൂചിപ്പിക്കുന്ന സൈന്‍ ബോര്‍ഡുകളില്‍ അവ കൃത്യമായി അറിയിക്കുന്നുണ്ട്. Almadina 50KM, Almadina 25KM, എന്നിങ്ങനെ ബോര്‍ഡുകള്‍ ദൂരം പറഞ്ഞുകൊണ്ടേയിരുന്നു. മദീനയില്‍ എത്താറായി. അതാ കണ്ണെത്തും ദൂരത്തു മദീന നഗരം, എല്ലാം ഉപേക്ഷിച്ചിറങ്ങിയ റസൂലുല്ലയെ നിധിപോലെ കാത്തുകൊള്ളാമെന്ന് പറഞ്ഞ് മാറോടണച്ച പുണ്യ നഗരമാണ് കണ്‍മുന്നില്‍, തങ്ങള്‍ക്കുള്ളതെല്ലാം മുഹാജിറുകള്‍ക്കായി പകുത്തു നല്‍കിയ അന്‍സ്വാറുകളുടെ നാട്.
എത്ര എഴുതിയാലും മതി വരാത്ത ചില സ്ഥലങ്ങള്‍ ഉണ്ട്, അതില്‍ പ്രധാനമാണ് മദീന. മണല്‍ തരികള്‍ പോലും ശാന്തതയോടെ കിടക്കുന്ന ആപുണ്യ ഭൂമിയിലേക്ക് ഭവ്യതയോടെ വേണം പാദങ്ങള്‍ ഉറപ്പിക്കാന്‍. ഹബീബുറങ്ങുന്ന മണ്ണില്‍, ചെരിപ്പ് ധരിക്കുകയോ എന്ന് ചിന്തിച്ചു ചെരുപ്പ് ഉപേക്ഷിച്ച ഇമാം മാലിക്(റ)നെ ഓര്‍മ വന്നു, പ്രവാചക അനുരാഗികളായ, അല്ലാമ ഇഖ്ബാല്‍, ഉമര്‍ഖാളി അങ്ങനെ എത്രയെത്ര മഹാന്മാര്‍..
മഗ്‌രിബ് സമയത്താണ് ഞങ്ങള്‍ പള്ളിയിലെത്തിയത്. ഞങ്ങള്‍ (സ്ത്രീകള്‍) ഫ്രഷ് റൂമില്‍ പോയി വുളൂഅ് ചെയ്ത് മടങ്ങി വന്നു. പച്ച ഖുബ്ബ കാണുന്നുണ്ട്. അതിനുതാഴെ ലോകാനുഗ്രഹി കിടക്കുന്നുണ്ട്.
ആകാശഭൂമികളുടെ അധിപന്‍ കൈയൊപ്പിട്ടതുപോലെ ആ പച്ച ഖുബ്ബ റസൂലിന്റെ സാന്നിധ്യം വിളിച്ചോതി തലഉയര്‍ത്തി നില്‍ക്കുന്നു. എന്റെ വഫാത്തിനു ശേഷം എന്നെ കാണാന്‍ വരുന്നവര്‍ ഞാന്‍ ജീവിച്ചിരിക്കെ വരുന്നവരെപ്പോലെയാണെന്ന നബിവചനം ഓര്‍മ വന്നു, അതുമാത്രമല്ല നിങ്ങളുടെ ശബ്ദം പ്രവാചകരുടെ ശബ്ദത്തെക്കാള്‍ ഉയരരുത്, അത് നിങ്ങളുടെ അമലുകളെ നിഷ്പ്രഭ മാക്കും എന്ന ഖുര്‍ആന്‍ താക്കീതും.
ദജ്ജാലിനു പ്രവേശനം ഇല്ലാത്ത വെള്ളക്കൊട്ടാരത്തിന്റെ തിരുമുറ്റത്ത് കുറെ നേരം ഇരുന്നു, ഓട്ടോമന്‍ ശില്പചാരുതയാലാണ് മസ്ജിദുന്നബവിയുടെ അലങ്കാരം എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. മഗ്രിബ് സമയം ആയതിനാല്‍ പള്ളിക്കകത്തു പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാതാവിന്റെ കാലടിയിലാണ് സ്വര്‍ഗം എന്ന് പഠിപ്പിച്ച, അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍, വയര്‍ നിറക്കുന്നവന്‍ വിശ്വാസി അല്ലെന്ന് അരുളിയ, കറുത്തവനും വെളുത്തവനും പാമരനും പണക്കാരനും അല്ലാഹുവിന്റെ സന്നിധിയില്‍ തുല്യമാണെന്ന് പഠിപ്പിച്ച തിരുനബിയുടെ സന്നിധിയാണിത്.
പ്രവാചകരുടെ സുഫ്ഫ, റസൂലുല്ലാഹിയുടെ കുടുംബം, ഭാര്യമാര്‍, പേരമക്കള്‍, അവരൊക്കെ ഇവിടങ്ങളിലൊക്കെയാകാം നടന്നിട്ടുണ്ടാവുക, ആയിഷാ ബീവിയോടൊപ്പം ഓട്ടമത്സരം നടത്തിയത്, ഹസന്‍, ഹുസൈന്‍, ഉസാമ(റ )വുമാരുടെ കളിസ്ഥലം, ഇസ്‌ലാമിക പാഠങ്ങള്‍ മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുണ്യസ്ഥലം, യുദ്ധതന്ത്രങ്ങളും സന്നാഹങ്ങളും ഒരുക്കിയ കര്‍മഭൂമി, അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ടാവുക? ഭര്‍ത്താവായും പിതാവായും പിതാമഹാനയും പള്ളിയിലെ ഇമാമായും സ്വാഹാബികളുടെ ഉസ്താദ് ആയും ജിബിരീലിന്റെ ശിഷ്യനായും മദീനയുടെ രാഷ്ട്ര തലവനായും എങ്ങനെയാവും പ്രവാചകര്‍ തന്റെ ദൈനദിന ജീവിതം ചിട്ടപ്പെടുത്തിയിട്ടുണ്ടാവുക.
തിരക്കൊഴിഞ്ഞു, പള്ളിക്കകത്തു കയറി, പക്ഷേ റൗള സന്ദര്‍ശനം സ്ത്രീകള്‍ക്ക് അനുവദിച്ചിരുന്ന സമയം ആയിരുന്നില്ല. മുസ്ഹഫുകള്‍ ഭംഗിയില്‍ അടുക്കി വച്ചിരിക്കുന്നു. ഇശാബാങ്ക് കേട്ടപ്പോള്‍ ബഹുമാനപ്പെട്ട ബിലാല്‍(റ)നെ ഓര്‍മ വന്നു, മദീനയുടെ ഓരോ ഇടവഴിയിലൂടെ നടക്കുമ്പോഴും മഹാന്മാരുടെ ഓര്‍മകള്‍ നമ്മെ തേടിയെത്തും. ജന്നത്തുല്‍ബഖീഅ്, പണ്ഡിതന്മാരും, മുത്തുനബിയുടെ അടുത്ത അനുയായികളും ഭാര്യമാരില്‍ പലരും അവിടെയാണുള്ളത്.
റൂമിലേക്ക് പോകാം എന്ന് പറഞ്ഞു ഞങ്ങള്‍ക്ക് വിളി വന്നു. സുബ്ഹിക്ക് ശേഷം, ഉഹ്ദ്, ഖുബാ, മദീനത്തെ മറ്റു സ്ഥലങ്ങള്‍ സിയറാത്തിനും ഉദ്ദേശ്യമുണ്ടായിരുന്നു, മാത്രമല്ല എല്ലാവര്‍ക്കും നല്ല ക്ഷീണവും ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും റൂമിലേക്കു പോയി.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പിന്നീട് പലവട്ടം മദീനത്ത് പോകാനുള്ള ഭാഗ്യം ലഭിച്ചു. സര്‍വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും.
ഓരോ യാത്രയും ഓരോ അനുഭവങ്ങള്‍ ആണ് നല്‍കുന്നത്. ഇനിയുമിനിയും ഒരുപാട് പ്രാവശ്യം അവിടം സിയാറത്തിനും സ്വലാത്തും സലാമും പറയാനും അവസാനം ആ മണ്ണില്‍ അലിഞ്ഞു ചേരാനും നാഥന്‍ തുണക്കട്ടെ.

Share this article

About ഉമ്മു യാസീന്‍

View all posts by ഉമ്മു യാസീന്‍ →

Leave a Reply

Your email address will not be published. Required fields are marked *