ഇത് പൊളിക്കും

Reading Time: < 1 minutes

ഭാഷാ പിതാക്കന്മാര്‍ നല്‍കിയ ഔദ്യോഗിക വിവക്ഷയോട് ഒട്ടും നീതി പുലര്‍ത്താത്ത അര്‍ഥങ്ങള്‍ നല്‍കിയാണ് നമ്മുടെ പിള്ളേര്‍ ഇപ്പോള്‍ വാക്കുകള്‍ ‘നിരത്തിലിറക്കുന്നത്’. നേര്‍ വിപരീത അര്‍ഥങ്ങളായിരിക്കും ചിലപ്പോള്‍ നല്‍കുക. ‘പൊളിക്കുക’ എന്ന് പറയുമ്പോള്‍, വര്‍ഷങ്ങളെടുത്ത് കെട്ടിയുയര്‍ത്തിയ വീടോ കടയോ ഒക്കെ ബുള്‍ഡോസര്‍ വെച്ച് തകര്‍ത്തു കളയുന്നതോ വല്ല ഫര്‍ണിച്ചറും പൊളിച്ചു നീക്കുന്നതോ ഒക്കെയായിരിക്കും സാധാരണ മനസിലേക്കെത്തുകയെങ്കില്‍ ഇന്ന് അങ്ങനെയല്ല. അത് ‘പൊളിക്കും’ എന്ന് പയ്യന്‍സ് പറഞ്ഞാല്‍ ഒട്ടും ബേജാറാവണ്ട. അവര്‍ ഒന്നും പൊളിക്കാനോ തകര്‍ക്കാനോ പോകുന്നില്ല. സംഗതി ഗംഭീരമാക്കുമെന്നാണര്‍ഥം.. ‘പൊളി’ രംഗത്തിറങ്ങിയതോടെ കളമൊഴിഞ്ഞു കൊടുക്കേണ്ടി വന്നിരിക്കുന്നത് തരക്കേടില്ല, ഉഷാറായിരുന്നു, മോശമില്ല തുടങ്ങിയ പതിവ് വര്‍ണനാ പദങ്ങള്‍ക്കാണ്.
ചങ്ക്സിന്റെ കൂട്ടത്തില്‍ ഒരെണ്ണത്തിന്റെ കല്യാണം നിശ്ചയിച്ചെന്നിരിക്കട്ടെ, ടീമില്‍ ഉയരുന്ന ആദ്യ പ്രതികരണം എടാ ഇത് നമുക്ക് ‘പൊളിക്കണം’ എന്നായിരിക്കും. സര്‍വ ആചാര അലങ്കാരങ്ങളോടെയും കല്യാണം പൊടിപൊടിക്കണമെന്ന് തന്നെ. ചങ്ക്സിന്റെ ഈ പൊളിക്കല്‍ അതിരു വിടാതെ സൂക്ഷിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണി പാളുമെന്നു മാത്രം.
ഗാങ് ഒന്നിച്ച് വല്ല പിക്‌നികിനും പോയി വന്നെന്നിരിക്കട്ടെ. എങ്ങനെയുണ്ടായിരുന്നു ട്രിപ്പ് എന്ന ചോദ്യത്തിന് പൊളിച്ചു എന്നോ പൊളി ആയിരുന്നെന്നൊ ഒക്കെയേ മറുപടി കിട്ടൂ. ട്രിപ്പ് ഗംഭീരമായിരുന്നെന്നാണ് കവികള്‍ ഉദ്ദേശിച്ചതെന്ന് നമ്മള്‍ മനസിലാക്കിക്കൊള്ളണം.
കല്യാണങ്ങള്‍, കലാ പരിപാടികള്‍, ഉത്സവ മേളങ്ങള്‍ തുടങ്ങിയവയുടെ അറേന്‍ജ്മെന്റുകള്‍ ഗംഭീരമായിരുന്നെന്ന് പറയാന്‍, പൊളി സെറ്റപ്പായിരുന്നെന്നോ പൊളിപ്പന്‍ സെറ്റപ്പായിരുന്നെന്നോ ഒക്കെ പറയുന്നതാണ് പുതിയ സ്‌റ്റൈല്‍.
വരാനിരിക്കുന്ന ഏതെങ്കിലുമൊരു ഇവന്റ് ഞങ്ങള്‍ ഏറ്റെടുത്ത് നന്നായി നടത്തിത്തരാമെന്ന് ഏറ്റവും നന്നായി പറയാന്‍ കഴിയുക നുമ്മ പൊളിക്കും എന്ന് പ്രയോഗിച്ചാലായിരിക്കും.
പൊളിക്കുക എന്ന വാക്കിന്റെ ശരിയായ അര്‍ഥത്തോട് അല്പം നീതി പുലര്‍ത്തുന്ന പൊളി പ്രയോഗം ‘പൊളിച്ചടുക്കല്‍’ ആയിരിക്കും. വ്യക്തികളുടെയും പാര്‍ട്ടികളുടെയും ഒക്കെ വീരവാദങ്ങളെയോ ഭീമാബദ്ധങ്ങളെയോ നന്നായി കൈകാര്യം ചെയ്തു കശക്കിയെറിയുന്നതിനെ ‘പൊളിച്ചടുക്കി’ എന്ന പ്രയോഗം കൊണ്ടായിരിക്കും പിള്ളേര്‍ വിശേഷിപ്പിക്കുക. തലപൊക്കാനാവാത്ത വിധം അയാളെ മൂലക്കിരുത്തി എന്ന് സാരം.
വെറുതെ ഒരു ജിജ്ഞാസ. ഇത്തരം പ്രയോഗ നിര്‍മാണങ്ങള്‍ മലയാളത്തില്‍ മാത്രമേ നടക്കുന്നുള്ളോ ആവോ? ആര്‍ക്കറിയാം?

Share this article

About അബ്ദുല്ല വടകര

enpee_sa@yahoo.com

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *