മതം, ശാസ്ത്രം, ഫിലോസഫി

Reading Time: 3 minutes

സൈന്റിക്കുകളും സ്യൂഡോ ഫിലോസഫര്‍മാരും മതത്തെക്കുറിച്ച് അബദ്ധ ധാരണകള്‍ വെച്ച് പുലര്‍ത്തുന്നവരും അവ പ്രചരിപ്പിക്കുന്നവരുമാണ്. യഥാര്‍ഥത്തില്‍ ഒരേ ഒരു മതമേ മനുഷ്യര്‍ക്ക് സ്വീകാര്യയോഗ്യമായതുണ്ടാവാന്‍ പാടുള്ളൂ. എന്നാല്‍ മതങ്ങള്‍ ഉണ്ടായത് ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടാണ്. ചിന്താ സ്വാതന്ത്ര്യമുള്ള മനുഷ്യര്‍ നിലവിലുള്ള മതത്തെ വെട്ടിമാറ്റിയും കടത്തിക്കൂട്ടിയും പലതാക്കി മാറ്റി. അത് കൊണ്ട് തന്നെ മതങ്ങളില്‍ പലതും ഐതിഹ്യങ്ങളുടെ സൃഷ്ടിയാണ്. എല്ലാ മതങ്ങളുടെയും അങ്ങനെയാണെന്ന് വാദിക്കാന്‍ ഒരു ന്യായവുമില്ല. അത്തരമൊരു സമീകരണം ഭീമാബദ്ധമാവുമെന്നു മതങ്ങളുടെ ചരിത്രവും ഫിലോസഫിയും ബോധ്യപ്പെടുത്തും. യുക്തിഭദ്രതയും വസ്തുനിഷ്ഠതയും കണിശമായി നോക്കുന്ന ശാസ്ത്ര ലോകത്ത് തന്നെ വിശ്വാസ്യത നേടുന്ന മതമേതോ അതാണ് ഒരേ ഒരു മതം. അത് അനിഷേധ്യമായ തിയോളജി അടിസ്ഥാനമാക്കി രൂപപ്പെട്ട മതമാണ്. സമ്പൂര്‍ണ ജീവിതപദ്ധതിയാണ് , സമഗ്രമാണ്. ഇന്ന് കാണുന്ന പല മതങ്ങളും ആ മതത്തിന്റെ പ്രാകൃ രൂപങ്ങളില്‍ മനുഷ്യ കാര്യങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ വേര്‍പിരിഞ്ഞു നിന്നവയാണ്. ഇതാണ് മതത്തിന്റെ ഫിലോസഫി പഠിക്കുമ്പോള്‍ മനസിലാവുക.
മതങ്ങളുടെ തത്വശാസ്ത്ര പഠനം പ്രസക്തിയേറുന്നത്, മതത്തെ മാറ്റിനിര്‍ത്തി സയന്‍സിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്, സയന്‍സ് പുരോഗമിക്കുമ്പോള്‍ മതത്തിനു പ്രസക്തിയില്ലാതെ വരുന്നു എന്നൊക്കെയുള്ള ദുഷ്പ്രചാരങ്ങളുടെ പശ്ചാത്തലത്തിലാണ്. ഒന്ന് മറ്റൊന്നിനെ അപ്രസക്തമാക്കാന്‍, സയന്‍സ് മതത്തെ അപ്രസക്തമാക്കാന്‍, മതം മനുഷ്യ ജീവിതത്തിനു നല്‍കുന്ന ധര്‍മം ശാസ്ത്രം നിര്‍വഹിക്കണം. അതെങ്ങനെ കഴിയുമോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് രണ്ടിന്റെയും ഫിലോസോഫിയെക്കുറിച്ച് നാം പഠിക്കേണ്ടി വരുന്നത്.
അത് കൊണ്ട് സയന്‍സിന്റെയും മതത്തിന്റെയും തത്വശാസ്ത്രം അന്വേഷിക്കുകയാണിവിടെ. മതം കേവലം ഗോത്രീയ ജീവിതത്തിന്റെ ബാക്കിപത്രമാണ്, പരിണാമത്തിതിന്റെ ഒരു ഘട്ടത്തില്‍ കടന്നുകൂടിയ ഒരു മിഥ്യാബോധമാണ്, മതത്തിനു പകരം ശാസ്ത്രം എല്ലാ ധര്‍മവും നിര്‍വഹിക്കും എന്നൊക്കെയുള്ള ബുദ്ധിശൂന്യമായ ജല്‍പനങ്ങള്‍ സ്വതന്ത്ര ചിന്തകരെന്ന് പെരുമ്പാറയടിക്കുന്ന നവനാസ്തികര്‍ പുറം തള്ളുന്നത് കാണാം. ഈ വാദങ്ങളിലെ അന്തഃസാര ശൂന്യത പരിശോധിക്കാന്‍ മതത്തിന്റെയും ശാസ്ത്രത്തിന്റെയും ഫിലോസഫി അറിയണം.
എന്ത് കൊണ്ടാണ് ഇവയുടെ ഫിലോസഫി പഠനവിധേയമാക്കുന്നു എന്ന് ചോദിച്ചാല്‍ , ഓരോ വസ്തുവിന്റെയും വസ്തുതയുടെയും സത്യമെന്ത്, യാഥാര്‍ഥ്യമെന്ത് എന്ന് മനസിലാക്കാന്‍ പോന്ന ധൈഷണിക വഴിയാണ് ഫിലോസഫി. അഥവാ യാഥാര്‍ഥ്യങ്ങളിലേക്കു വ്യവസ്ഥാപിതമായി കടന്നുചൊല്ലുന്നതിനെയാണ് തത്വചിന്ത നടത്തുക എന്ന് പറയുന്നത്.
ചാരുകസേരയിലിരുന്ന് തനിക്കു തോന്നുന്നത് വിളിച്ചു പറയുന്ന ഒരേര്‍പ്പാടായി ഫിലോസോഫിയെ തെറ്റിദ്ധരിച്ചവരുണ്ട്. എന്നാല്‍ എല്ലാ ശാസ്ത്രങ്ങളുടെയും മാതാവായാണ് ചിന്തകര്‍ ഫിലോസോഫിയെ കണ്ടത്.
മുന്നോട്ടുവെക്കുന്ന വാദത്തെ സാധൂകരിക്കുന്ന അനിഷേധ്യമായ പ്രിമൈസുകള്‍, പ്രാമാണിക ഖണ്ഡികകള്‍ അടുക്കി വെച്ചാണ് ഒരു ഫിലോസഫര്‍ ഒരു വാദത്തെ മുന്നോട്ടുവെക്കുന്നത്. വാദമെന്ന കണ്‍ക്ലൂഷന്‍ പ്രമാണങ്ങള്‍ (പ്രിമൈസുകള്‍) വെച്ച് തെളിയിക്കപ്പെടുന്നതായിരിക്കും. അനന്യമായ ചിന്താശേഷിയും ഭാവനാമികവും കാണിക്കുന്ന വ്യവസ്ഥാപിതമായും വസ്തുനിഷ്ഠമായും ചിന്തിക്കുന്ന ഒരാളാണ് ഫിലോസഫര്‍. എല്ലാകാര്യങ്ങളെയും വിമര്‍ശനാത്മകമായി സമീപിക്കുന്ന പഠനമേഖലയാണ് ഫിലോസഫി.
നിലവിലെ ബോധ്യങ്ങളെയും ധാരണകളെയും ചോദ്യം ചെയ്യുകയും വേണമെങ്കില്‍ പുതിയത് സമര്‍പ്പിക്കുകയും ചെയുന്ന വൈജ്ഞാനിക മേഖലയാണ് ഫിലോസഫി. ഇതിന്റെ ഭാഷ ലവ് ഓഫ് വിസ്ഡമെന്നാണ്. അറിവിനെ, വിവേകത്തെ സ്‌നേഹിക്കുക എന്നര്‍ഥം. എല്ലാ വിപ്ലവങ്ങള്‍ക്ക് പിന്നിലും ഒരു തത്വചിന്തകനുണ്ടാവും.
ധൈഷണിക സമീപനം വഴിയും ബുദ്ധിപരമായ അന്വേഷണം വഴിയുമാണ് ഏതു ചിന്തകളെയും തത്വചിന്തകന്‍ ഏറ്റെടുക്കുന്നത്. ഒരാള്‍ക്ക് തന്റെ തത്വചിന്തയെ എത്രത്തോളം വസ്തുനിഷ്ഠമായി തെളിയിക്കാന്‍ കഴിഞ്ഞു, അദ്ദേഹം എന്തു മാത്രം അദ്ദേഹത്തിന്റെ പരിസരം കൊണ്ടും മറ്റു വ്യക്തിപരമായ ബോധ്യങ്ങള്‍ കൊണ്ടും സ്വാധീനിക്കപ്പെട്ടു എന്ന് പരിശോധിക്കുകയാണ് ഫിലോസഫറുടെ അടുത്ത ജോലി. വസ്തുനിഷ്ഠതയില്‍ കുറവ് വന്നാല്‍ പുതിയ ഫിലോസഫി സമര്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. ഏതു വൈജ്ഞാനിക ശാഖയെയും നിര്‍ണയിക്കുന്നത് ഫിലോസഫിയാണ്. ശാസ്ത്രം, മതം, ഭാഷ, ലോജിക്, മാത്തമാറ്റിക്‌സ്, പൊളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നിങ്ങനെ സര്‍വമാന വൈജ്ഞാനിക മേഖലകളെയും അപഗ്രഥിക്കുന്നതും നിര്‍ണയിക്കുന്നതും തത്വശാസ്ത്രമാണ്. ശാസ്ത്രങ്ങളുടെ ശാസ്ത്രമാണ് തത്വശാസ്ത്രം. മതവും ശാസ്ത്രവും പരസ്പര വിരുദ്ധമാവുന്നുണ്ടോ എന്നറിയാന്‍ ഇവയുടെ ഫിലോസോഫികളിലൂടെ കടന്നുപോയാല്‍ മതി.

എന്താണ് ശാസ്ത്രത്തിന്റെ
തത്വശാസ്ത്രം?
ഫിലോസഫി ഓഫ് സയന്‍സ് അഥവാ ശാസ്ത്രത്തിന്റെ തത്വശാസ്ത്രം വഴി , നമുക്ക് സയന്‍സിന്റെ അര്‍ഥവ്യാപ്തി അഥവാ സ്‌കോപ് മനസിലാക്കാം. ഫിലോസോഫിയുടെ ഒരു ശാഖയാണ് ഫിലോസഫി ഓഫ് സയന്‍സ്. എന്തിനെയാണ് സയന്‍സ് എന്ന് പറയുന്നത്, ഒരു കാര്യം സയന്‍സാവാന്‍ എന്തൊക്കെ പ്രത്യേകതകള്‍ ഉണ്ടാവണം, ശാസ്ത്രത്തിന്റെ തിയറികള്‍ എത്രത്തോളം അവലംബനീയമാണ്, സയന്‍സിന്റെ ലക്ഷ്യമെന്ത് എന്നൊക്കെ വിശകലനം നടത്തുകയാണ് ഈ ശാഖയുടെ ധര്‍മം.
ഫിലോസഫി ഓഫ് സയന്‍സ് കൈകാര്യം ചെയ്യുന്ന തത്വചിന്തകര്‍ വിഭിന്ന അഭിപ്രായങ്ങള്‍ സയന്‌സിനെക്കുറിച്ച് വെച്ചുപുലര്‍ത്തുന്നവരാണ്.
ഫിലോസഫി ഓഫ് സയന്‍സിന്റെ ഒരു നിര്‍വചനം കൂടി നമുക്ക് പരിശോധിക്കാം. ‘Philosophy of Science is the study of the assumptions, foundations, and implications of natural science (which is usually taken to mean biology, chemistry, physics, earth science and astronomy, as opposed to social science which deals with human behavior and society).’
നാച്ചുറല്‍ സയന്‍സിനെ മാത്രം സയന്‍സായി കാണുന്ന വ്യാഖ്യാനമാണ് ഇവിടെ ഫിലോസഫി ഓഫ് സയന്‍സിന്റെ നിര്‍വചനത്തില്‍ നമുക്ക് വായിക്കാന്‍ കഴിയുന്നത്. എന്നാല്‍ നമുക്ക് നാച്ചുറല്‍ സയന്‍സ് എന്ന പോലെ സോഷ്യല്‍ സയന്‍സുണ്ട്, ഈ രണ്ടു സയന്‍സിന്റെയും പോയിന്റ് ഓഫ് റഫറന്‍സ് ആയി പ്രവര്‍ത്തിക്കുന്ന ഫോര്‍മല്‍ സയന്‍സുകളും ഉണ്ട്. ഫോര്‍മല്‍ സയന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത് ലോജിക്കും മാത്തമാറ്റിക്സുമാണ്. ഇതിനെയൊക്കെയും ഉള്‍ക്കൊള്ളുന്ന സയന്‍സിന്റെ നിര്‍വചനം വരുമ്പോഴാണ് സയന്‍സിന് സമഗ്രത അവകാശപ്പെടാന്‍ കഴിയൂ.

എന്താണ് ശാസ്ത്രം?
പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം.
”വ്യവസ്ഥാപിതമായ പരീക്ഷണ നിരീക്ഷണങ്ങളാല്‍ പരിശോധിക്കപ്പെടാവുന്ന അനുമാനങ്ങളാണ് ശാസ്ത്രം” എന്നതാണ് ആധുനികശാസ്ത്രത്തിന്റെ ഒരു അംഗീകൃത നിര്‍വചനമായി പൊതുവെ ഉപയോഗിക്കപ്പെടുന്നത്. ആവര്‍ത്തിക്കപ്പെടാവുന്ന പരീക്ഷണ-നിരീക്ഷണങ്ങളാണ് ശാസ്ത്രീയ മാര്‍ഗത്തിന്റെ മുഖമുദ്ര. ആധുനിക ശാസ്ത്ര സൈദ്ധാന്തികന്മാരില്‍ പെട്ട കാള്‍ പോപ്പര്‍ പോലോത്തവര്‍ ‘ഫാള്‍സിഫയബിലിറ്റി’ (ഒരു കാര്യം തെറ്റാണെന്നു തെളിയിക്കാനുള്ള സാധ്യത-ഖണ്ഡനസാധ്യത അല്ലെങ്കില്‍ അസത്യവത്കരണ ക്ഷമത) ഉള്ളതെന്തും ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നതായി കണക്കാക്കുന്നു. അതനുസരിച്ച് നിലവിലെ ശാസ്ത്രീയ അറിവുകളുടെയും ടൂളുകളുടെയും പശ്ചാത്തലത്തില്‍ രൂപംകൊണ്ട ഒരു ശാസ്ത്രീയ നിഗമനം, കൂടുതല്‍ ശാസ്ത്രീയ അറിവുകളും കൂടുതല്‍ സോഫിസ്റ്റിക്കേറ്റഡായ ടൂളുകളും വരുമ്പോള്‍ തിരുത്തപ്പെട്ടേക്കാം, അല്ലെങ്കില്‍ മോഡിഫൈ ചെയ്യപ്പെട്ടേക്കാം.
ഇത്തരം നിര്‍വചനങ്ങള്‍ എല്ലാ ചിന്തകരും അംഗീകരിക്കുന്നില്ല. പക്ഷേ നിര്‍വചനം എന്തുമാകട്ടെ, ആവര്‍ത്തിക്കാവുന്ന പരീക്ഷണനിരീക്ഷണങ്ങള്‍ ശാസ്ത്രത്തിന്റെ ഒരു അടിസ്ഥാന സ്വഭാവമാണ് എന്നത് ഏവരും അംഗീകരിക്കുന്ന ഒന്നാണ്.
ഭൂതകാലത്തില്‍ നടന്നത് ഭാവിയിലും നടക്കും എന്ന ഒരു ഊഹം (assumption of uniformity) ശാസ്ത്രത്തിന്റെ ഒരു മുന്നനുമാനമാണ് (prior assumption). അതുപോലെ, പ്രപഞ്ചനിയമങ്ങള്‍ എല്ലായിടത്തും എല്ലായ്‌പ്പോഴും ബാധകമാണ് എന്നതും മറ്റൊരു മുന്നനുമാനമാണ്.
എന്നാല്‍ സ്‌പേഷ്യോ ടെമ്പൊറല്‍ റഗുലാരിറ്റി ഏതെങ്കിലും സാഹചര്യത്തില്‍ നടക്കാതെ പോയാല്‍ ആ തലത്തിലേക്ക് മറ്റൊരു നിരീക്ഷണവും ഹൈപ്പോതിസിസും ടെസ്റ്റും നിഗമനവുമൊക്കെ കടന്നുവരും. അങ്ങനെയാണ് ശാസ്ത്രം അതിന്റെ വളര്‍ച്ച സാധ്യമാക്കുന്നത്. ശാസ്ത്രം കണ്ടെത്തിയ നിഗമനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുമ്പോഴാണ് പുതിയ ടെക്‌നോളജി രൂപം കൊള്ളുന്നത്. അതു വഴി മനുഷ്യരുടെ നാഗരികത പുത്തന്‍ വിധാനങ്ങളിലേക്ക് കുതിക്കുകയും ചെയ്യും.
ഭൗതിക വസ്തുക്കളില്‍ല്‍ ഒതുക്കപ്പെട്ട ജ്ഞാഞാന മേഖലയാണ് ശാസത്രം. പരീക്ഷണ നിരീക്ഷണങ്ങള്‍ സാധ്യമാകുന്നത് ഭൗതികപ്രതിഭാസങ്ങളില്‍ മാത്രമാണ്. അതിഭൗതികമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവ്, എന്നു വേണ്ട ശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് പോലും ശാസ്ത്രം വഴി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാന്‍ സാധ്യമല്ല. അത് തത്വചിന്താ തലത്തിലാണ് തീര്‍പ്പു കല്പിക്കപ്പെടേണ്ടത്.
മൂന്ന്, പരീക്ഷണനിരീക്ഷണങ്ങളിലൂടെ സാധ്യമായ അറിവുകള്‍ നമ്മുടെ ആകെ അറിവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വിജ്ഞാനശാസ്ത്രമേഖലയുടെ (Epistemology) ഒരു ശാഖ മാത്രമാണ് ശാസ് ത്രം. തത്വചിന്ത, ലോജിക്, ചരിത്രം, ഗണിതം, സൗന്ദര്യശാസ്ത്രം, ധാര്‍മികശാസ്ത്രം എന്നിവയൊക്കെ നിശ്ചിതമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വെളിയിലാണ്. പ്രായോഗികമായ അനേകം അറിവുകള്‍ പരീക്ഷണങ്ങള്‍ക്ക് അപ്രാപ്യമായ തലത്തിലോ അതിലേക്ക് ആവശ്യമില്ലാത്ത തലത്തിലോ ആണ് നിലകൊള്ളുന്നത്. ഇത്തരം അറിവുകള്‍, യുക്തിപൂര്‍ണമായ ചിന്തയില്‍ നിന്നുതന്നെയാണ് നാം രൂപീകരിക്കുന്നത്. അനിഷേധ്യമായ ചരിത്ര സത്യങ്ങള്‍ നാം രൂപപ്പെടുത്തുന്നത് ആധികാരികവും സത്യസന്തതയുമുള്ള വാര്‍ത്തകളിലൂടെയാണ്. വാര്‍ത്തകള്‍ സത്യമാണോ എന്ന് പരിശേധിക്കാനും സത്യതയുടെ ക്രൈറ്റീരിയ നിശ്ചയിക്കാനും മനുഷ്യബുദ്ധിക്ക് കഴിയും. ഗാന്ധിജിയെ നമ്മള്‍ കണ്ടില്ലെങ്കിലും ഗാന്ധിജി ഉണ്ടായിരുന്നു എന്ന സത്യതയുള്ള അറിവ് സോ കാള്‍ഡ് സൈന്റിഫിക് മെത്തേഡിലൂടെയല്ല നമുക്ക് കിട്ടിയത്. മനുഷ്യന്റെ യുക്തിസഹമായ അറിവുകളുടെ ഒരു ഉപഗണം (subset) മാത്രമാണ് ശാസ്ത്രം. അത് ഭൗതിക പദാര്‍ഥത്തില്‍ അധിഷ്ഠിതവുമാണ്.

Share this article

About അബ്ദുല്ല ബുഖാരി കിഴിശ്ശേരി

abdullakbukhari@gmail.com

View all posts by അബ്ദുല്ല ബുഖാരി കിഴിശ്ശേരി →

Leave a Reply

Your email address will not be published. Required fields are marked *