മഞ്ഞിറങ്ങിയ വഴികളില്‍

Reading Time: < 1 minutes

മരുമകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് ഇടക്കാല ലീവിന് കമ്പനിയില്‍ അപേക്ഷ നല്‍കിയത്. ഒപ്പം മാനേജരെ ഒന്ന് സോപ്പിടുകയും ചെയ്തു. അങ്ങനെ കിട്ടിയ പതിനഞ്ചു ദിവസത്തെ ലീവില്‍ സ്വപ്‌നങ്ങളുടെ തേരിലേറി റൂംമേറ്റുമായി എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങി.
മഞ്ഞുകാല രാത്രിയാത്രയായതിനാല്‍ റോഡുകളില്‍ കാഴ്ച്ചക്കുറവ്. തെരുവോര ലൈറ്റുകള്‍ക്ക് മങ്ങിയ പ്രകാശം. അംബര ചുംബികളായ കൂറ്റന്‍ കെട്ടിടങ്ങളെ പാതിയും മഞ്ഞ് വിഴുങ്ങിയിരുന്നു.
പറയത്തക്ക സാധങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും ലഗേജ് മുപ്പത് കിലോയില്‍ കൂടിയതും എക്‌സസ് അടക്കേണ്ടി വരുമെന്നുള്ള ഭയവും മനസില്‍ തളം കെട്ടി നില്‍ക്കെ വാഹനം എയര്‍പോര്‍ട്ടിലെത്തിയത് അറിഞ്ഞില്ല.
ട്രോളിയില്‍ ലഗേജ് വെച്ച് എയര്‍പോര്‍ട്ടിന് അകത്ത് കയറിയപ്പോള്‍ സാധാരണയില്‍ നിന്ന് വിഭിന്നമായി നല്ല തിരക്കുണ്ട്. ചെക്ക് ഇന്‍ കൗണ്ടറിലെത്തി ടിക്കറ്റ് കാണിച്ചപ്പോഴാണ് പറയുന്നത്, ‘യാത്രക്ക് ചെറിയ ബുദ്ധിമുട്ടുണ്ട്. ഞങ്ങളുടെ സൂപ്പര്‍വൈസറെ ഒന്ന് കാണണം.’ ചെന്നപ്പോള്‍ അങ്ങനെ കാണാന്‍ പറഞ്ഞവരുടെ ഒരു സമ്മേളനം തന്നെ അപ്പുറത്തുണ്ട്.
മഞ്ഞുമൂലം വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്തപ്പോള്‍ ആദ്യമാദ്യം കുറച്ച് പാസഞ്ചേഴ്‌സിനെ കയറ്റി വിട്ടു. ചുരുക്കിപ്പറഞ്ഞാല്‍ ഞങ്ങള്‍ പോകേണ്ട ഫ്‌ളൈറ്റില്‍ ആണ്‍കുട്ടികള്‍ കയറിപ്പോയിരിക്കുന്നു. ഉറ്റവരുടെ മരണവുമായി യാത്രക്കൊരുങ്ങിയവര്‍, ഹോസ്പിറ്റല്‍ കേസ്, രണ്ട് ദിവസത്തെ എമര്‍ജന്‍സി ലീവ് തുടങ്ങി എല്ലാവരുടെയും കാര്യം സ്വാഹ..!
ജീവനക്കാര്‍ക്ക് നേരെ കയര്‍ക്കുന്നവര്‍, മറ്റു സര്‍വീസില്‍ ഒരു സീറ്റിന് വേണ്ടി കെഞ്ചുന്നവര്‍, കരഞ്ഞു കാലു പിടിക്കുന്നവര്‍.. അവര്‍ക്ക് കൈ മലര്‍ത്താനേ തരമുള്ളൂ…
കാലാവസ്ഥാ വ്യതിയാനത്തിന് ആരും ആരെയും ആക്ഷേപിച്ചിട്ട് കാര്യമില്ലല്ലോ. മനുഷ്യന്‍ തന്നെ തെറ്റിപ്പോകുന്നു. പിന്നെയെങ്ങനെ യന്ത്രപ്പക്ഷി വിണ്ണിനെ ലക്ഷ്യമാക്കി കുതിക്കും.
സംഘടിത മുന്നേറ്റം മൂലം പിറ്റേ ദിവസം ഇതേ സമയത്തേക്ക് ബോര്‍ഡിങ് പാസും നല്‍കി, ലഗേജും വാങ്ങി അക്കമഡേഷനും നല്‍കി എല്ലാവരെയും നിശബ്ദരാക്കി.
അപ്പോഴേക്കും ഒരു കുടുംബം പോലെ എല്ലാവരും പരിചയത്തിലായി. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാലോയെന്ന് ഒരുത്തന്‍. ഗ്രൂപ്പ് സെല്‍ഫിയില്ലാതെ എന്ത് കൂട്ടായ്മയെന്ന് മറ്റൊരുവന്‍. ത്രീസ്റ്റാര്‍ സൗകര്യം കിട്ടിയപ്പോള്‍ ഇനി രണ്ടു ദിവസം കൂടി ഡിലെയായാലും കുഴപ്പമില്ലെന്ന് ഒരു വിരുതന്‍. നിരാശയുടെ രാത്രിയെ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളാക്കുന്നവര്‍. ഹാന്റ്ബാഗും തൂക്കി പിറ്റേന്ന് എല്ലാവരും അതേ പൊസിഷനിലെത്തി. ആശങ്കയുടെ കാര്‍മേഘങ്ങള്‍ മനസില്‍ വീണ്ടും രൂപപ്പെടുന്നു.
കൊളംബോ, ചെന്നൈ, തിരുവനന്തപുരം പാസഞ്ചേഴ്‌സിനെയൊക്കെ ബസ്റ്റാന്റില്‍ യാത്രക്കാരെ വിളിക്കുന്ന പോലെ വിളിച്ചു കൊണ്ട് പോകുന്നു.
കോഴിക്കോടുകാര്‍ക്ക് അപ്പോഴും കഞ്ഞി കുമ്പിളില്‍ തന്നെ. ഒരു വിരുതന്‍ എല്ലാവരും വരൂ എന്ന് വിളിച്ചപ്പോള്‍ ലഗേജുമായി ഓടിയവര്‍ ഇളിഭ്യരായി. യാത്രക്കാര്‍ക്കിടയില്‍ ചിരിയും പടര്‍ന്നു.
മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് പോകാനുള്ള വിളിയെത്തി. മലബാറിനെ ലക്ഷ്യമാക്കി സ്വപ്നങ്ങളുടെ ചിറകുമായി സമാധാനത്തിന്റെ വെളുത്ത ആകാശങ്ങള്‍ക്ക് മീതെ ആ ഇമ്മിണി ബല്യ പക്ഷി പറന്നകന്നു.

Share this article

About നിസാര്‍ പുത്തന്‍പള്ളി

nizarputhanpally@gmail.com

View all posts by നിസാര്‍ പുത്തന്‍പള്ളി →

Leave a Reply

Your email address will not be published. Required fields are marked *