പ്രണയ സ്വരൂപങ്ങള്‍

Reading Time: 2 minutes

ഇത് വസന്തം വിരുന്നെത്തിയ മാസം. നമുക്ക് പ്രവാചകരുടെ പ്രണയകഥകള്‍ പറയാം. സമയോചിതമായി ജൈവകം പംക്തി പ്രവാചക ജീവിതത്തെ ഓര്‍ക്കുകയാണ്. അതാണ് മര്യാദ. മറ്റേത് മര്യാദക്കേടാണ്.
മനുഷ്യന്‍ അനുകരണ പ്രകൃതനാണ്. അത് ഒരു അനുഗ്രഹമാണ്. അതികാഠിന്യവും അതിലോലവും അകറ്റിനിര്‍ത്തി ഇഷ്ടഭാജനത്തെ മനസിലും കര്‍മത്തിലും വരിച്ചുജീവിക്കാന്‍ കഴിയുന്നത് ഒരനുഗ്രഹമാണ്. അതില്ലായിരുന്നുവെങ്കിലും ജീവിതത്തില്‍ ഒരാളെയും ഒന്നിനെയും കൊള്ളാതെ കഴിയേണ്ടിവരുമായിരുന്നു. അത്രമേല്‍ ഊഷരമായ വേറൊന്ന് എന്തുണ്ട്? മുത്തുനബിയെ ചൂണ്ടി, തുടരുവീന്‍, ഇത് എന്നിലേക്കുള്ള വഴിയാണെന്ന് അല്ലാഹു പറയുമ്പോള്‍ അത് സ്വീകരിക്കാനുള്ള ഹൃദയവിശാലതയാണ് അനുകരണം. അതിനാല്‍ ഇത് ദൈവികാനുഗ്രഹമാണെന്ന് പറയാതെ വയ്യ. ആരെ അനുകരിക്കണമെന്ന ആലോചനയാണ് ഇനി പ്രധാനം. മുത്തുനബിയാണ് അതെന്ന കാര്യം നിസ്തര്‍ക്കമാണ്. ആ അനുഗ്രഹങ്ങളുടെ കേദാരത്തിലൂടെ അല്ലാഹുവിനെ അറിയുക, അടുക്കുക ഇതാണ് അല്ലാഹുവിന്റെ സന്ദേശം. ‘ഫത്തബിഊനീ…’
കൃത്യമായ, നിയതമായ ആചാരാനുഷ്ഠാനങ്ങളാണല്ലോ ഇസ്‌ലാം. നാട്ടുനടപ്പ്/ഉര്‍ഫ് മതം മുഖവിലക്കെടുക്കുന്നു. നമ്മുടെ ചുറ്റുപാടുകള്‍ നമ്മെ സ്വാധീനിക്കുന്നുണ്ടല്ലോ. നബിയുടെ ചര്യയായി വിശേഷിപ്പിച്ചതാണ് വിവാഹം. അതിനാല്‍ വിവാഹത്തെ ചിട്ടപ്പെടുത്തേണ്ടത് നബിയോരെ നോക്കിയാണ്. കന്യകയെയാണ് ഇണയാക്കേണ്ടത് എന്ന് നബി പറയുന്നുണ്ട്. പക്ഷേ നബിയുടേത് നോക്കൂ. ജീവിതാനുഭവങ്ങള്‍ നിറഞ്ഞ മഹതിയാണ് നബിയുടെ ഒന്നാമത്തെ ഭാര്യ. മൂന്ന് മക്കളുടെ ഉമ്മ. തന്റെ ഇരട്ടിയോളം പ്രായം വരുന്ന സ്ത്രീ. അത് നബിയുടെ സമര്‍പ്പിത ജീവിതാനുഭവമാണ്. അറേബ്യന്‍ ബോധ്യത്തെ തിരുത്തുന്നതിനു കൂടിയാണ് നബി അവരെ വിവാഹം ചെയ്തത്. അത് നബിക്കനിവാര്യമായിരുന്നുതാനും. നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണത്. നബിക്ക് കന്യകയുടെ അനുഭവം നല്‍കിയത് ഞാനാണല്ലോ എന്ന് ആയിഷ ബീവി ഫാത്വിമ ബീവിയോട് പറഞ്ഞതറിഞ്ഞ നബി ഇപ്രകാരം ചൊന്നു, എന്റെ ‘കന്യകാത്വം’ പക്ഷേ ഖദീജക്കാണ് ലഭിച്ചത്.’
പുണ്യനബിയുടെ ഈ വിവാഹത്തില്‍ ധാരാളം ഉപപാഠങ്ങളുണ്ട്. മാംസനിബദ്ധമല്ല രാഗം/വിവാഹം എന്ന് പറയുകയാണ് തിരുനബി. തന്റെ ജീവിതത്തിനും ആദര്‍ശങ്ങള്‍ക്കും അനുയോജ്യമായ ഇണയാണ് വേണ്ടതെന്ന് അത് നമ്മോട് പറയുന്നു. ഖദീജ ബീവി സൗന്ദര്യവും കുലീനതയും സദ്‌സ്വഭാവവും നിറഞ്ഞവരായിരുന്നു. സന്ദിഗ്ധഘട്ടങ്ങളില്‍ തിരുനബിയുടെ പാദങ്ങള്‍ക്ക് ശക്തി പകര്‍ന്നു മഹതി ഖദീജ (റ). പക്വതയുള്ള ഒരു ഇണയുടെ സാന്നിധ്യവും സാമീപ്യവും ജീവിതത്തില്‍ അദ്ഭുതം സൃഷ്ടിക്കുമെന്ന് അതിലൂടെ നമ്മള്‍ തിരിച്ചറിഞ്ഞു. അതൊരു വിധവാ വിവാഹമായിരുന്നല്ലോ. രണ്ടാം തരക്കാരായി അക്കാലത്ത് കണ്ടിരുന്ന ഒരു കര്‍മത്തോട് ഇസ്‌ലാമിന്റെ സമീപനം ഇതാണെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് പ്രവാകന്‍, തന്റെ ആദ്യവിവാഹത്തിലൂടെ തന്നെ. വഹ്‌യിന്റെ അനുഭവങ്ങളില്‍ ഖദീജ സമാശ്വസിപ്പിച്ച കഥകള്‍ നമ്മള്‍ കേട്ടുകൊണ്ടേയിരിക്കുന്നു.
53 പ്രായം വരെ ഏക പത്‌നീവ്രതമായിരുന്നു നബിയുടേത്. 28 വര്‍ഷം. ജീവിതത്തിന്റെ സായം സമയം വരെ അങ്ങനെ തുടര്‍ന്നു. ഇതൊരു മകുട മാതൃകയാണെന്ന് ലോകം തിരിച്ചറിയുന്നു.
എത്ര സുന്ദര നിമിഷങ്ങളാണ് ഖദീജ (റ) നല്‍കിയത്. മരണത്തിന് ശേഷം അതെല്ലാം ഓര്‍മയിലെത്തുന്ന രംഗങ്ങള്‍ എത്രയെത്രയാണ്. ആ പ്രണയവായ്പിന്റെ പേരിലല്ലേ നബി ആടറുത്ത് ദാനം നിര്‍വഹിച്ചത്. സ്‌നേഹത്തെ സേവനമായും സുരക്ഷയായും നല്‍കിയ അപൂര്‍വ നാമമാണ് ഖദീജ (റ). സമൂഹത്തിന്, കാലത്തിന് ഇപ്പോഴും സ്‌നേഹ പാഠങ്ങള്‍ പകരുകയാണ് ബീവി ഖദീജ. ഇതുപോലെ നല്ല ഫലങ്ങളാണ് ദാമ്പത്യത്തിന്റെ ശേഷിപ്പുകളാകേണ്ടത്. അത് സ്വര്‍ഗസ്ഥരാവാനുള്ള അവസരമായിത്തീരണം.
പതിനൊന്ന് ഭാര്യമാരില്‍ ആഇഷ ബീവി മാത്രമാണ് കന്യക. പത്ത് വര്‍ഷമാണ് അവര്‍ നബിയോടൊപ്പം കഴിഞ്ഞത്. അതൊരു ആശ്ചര്യ ജീവിതമായിരുന്നു. വിധവയെ സ്വീകരിച്ച പോലെ കന്യകയെ കൂടി സ്വീകരിച്ച് വിജയം തെളിയിച്ചവരാണ് മുത്ത്‌നബി. അവരുടെ പ്രണയദാഹങ്ങള്‍ നബി അറിഞ്ഞു. അവരോടൊപ്പം കളിച്ചു. മറ്റു ഭാര്യമാരുടെ കൂടി ഊഴം നേടി ആഇഷ ബീവി നബിയെ അറിഞ്ഞു. ആസ്വദിച്ചു. അത് സമൂഹത്തിന് പകര്‍ന്നു നല്‍കി. അവരുടെ വെളിച്ചം നമ്മെ വഴി നടത്തട്ടെ.

Share this article

About ഇ.വി അബ്ദുറഹ്മാന്‍

evrahman@gmail.com

View all posts by ഇ.വി അബ്ദുറഹ്മാന്‍ →

Leave a Reply

Your email address will not be published. Required fields are marked *