പ്രവാചകരുടെ പ്രബോധന മാതൃക

Reading Time: 3 minutes

ഇസ്‌ലാമിന്റെ പ്രബോധന രീതിയും മാര്‍ഗങ്ങളും വിശുദ്ധ ഖുര്‍ആന്‍ കാണിച്ചുതന്നിട്ടുണ്ട്. അത് തന്ത്രപൂര്‍വവും സദുപദേശങ്ങള്‍ നല്‍കിയും ആയിരിക്കണമെന്ന് ഖുര്‍ആന്‍ പറയുന്നു. തിരുനബിയുടെ(സ്വ) പ്രബോധന മാര്‍ഗവും ഇതു തന്നെയായിരുന്നു. മിത്തുകളും ഇതിഹാസങ്ങളും ഊഹക്കഥകളും നിരത്തുന്ന മനുഷ്യനിര്‍മിത മതങ്ങളുടെ പാരമ്പര്യ ശൈലിയില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായ രീതിയാണ് തിരുനബി(സ്വ) സ്വീകരിച്ചത്. നബിയുടെ(സ്വ) പ്രഥമ പ്രബോധിതരായ ആറാം നൂറ്റാണ്ടിലെ അറബ് സമൂഹം ഒരു വിധത്തിലുള്ള പ്രബോധനത്തിനും എളുപ്പം വഴങ്ങുന്നവരായിരുന്നില്ല. ക്രിയാത്മകമായ ശൈലിയും പ്രായോഗികമായ മേഖലകളുമാണ് നബി(സ്വ) ഇതിനു വേണ്ടി അവലംബിച്ചത്. ആദ്യമായി, നബിപ്രബോധനം ഉള്‍ക്കൊണ്ടത് സഹധര്‍മിണിയും സഹചാരികളുമാണ്. അതവര്‍ സ്വജീവിതത്തില്‍ പകര്‍ത്തി. തിരുനബി പ്രബോധനം ആരംഭിക്കുന്നത് തന്റെ സന്തതസഹചാരിയായ അബൂബക്കര്‍ സിദ്ദീഖ്(റ)ലൂടെയാണ്. അവര്‍ സംശയലേശമന്യേ ഉള്‍ക്കൊള്ളുകയും നബിയെ(സ്വ) വിശ്വസിക്കുകയും ചെയ്തു. പിന്നീട് കുട്ടിയായ അലിയും(റ) വിശ്വസിച്ചു. തുടര്‍ന്ന് പ്രബോധനം സിദ്ധിച്ചവര്‍ അവരുടെ കൂട്ടുകാര്‍, ബന്ധുക്കള്‍, അടിമകള്‍ എന്നിവരുമായി വ്യക്തിഗത പ്രബോധനം നടത്തി. പ്രബോധന രംഗത്തെ ഏറ്റവും ഫലവത്തായ ശൈലിയാണിത്. വ്യക്തിയില്‍ നിന്നും വ്യക്തിയിലേക്ക് ഇസ്‌ലാമിന്റെ സന്ദേശം കൈമാറുന്ന ഈ രീതി വളരെ പെട്ടെന്ന് പ്രചാരം നേടുകയും ചെയ്തു. വ്യക്തികളെ തേടി തിരുനബി മക്കയിലെ ഗ്രാമാന്തരങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. സൗമ്യവും വിനയപൂര്‍വവുമായിരുന്നു തിരുനബിയുടെ പ്രബോധന ശൈലി.
പ്രാഥമ ഘട്ടത്തില്‍ തിരുനബി(സ്വ) മൂന്നു വര്‍ഷത്തോളം രഹസ്യ പ്രബോധനം നടത്തി. ആവശ്യമായ വിജ്ഞാനങ്ങളും നിയമങ്ങളും ഖുര്‍ആനിക പാഠങ്ങളും രഹസ്യമായി തന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അരങ്ങത്തിറങ്ങുന്നതിനു മുമ്പ് അണിയറയില്‍ സമര്‍പ്പണ സജ്ജരായ ഒരു സംഘത്തെ ഉറപ്പിച്ചു നിര്‍ത്തണം എന്ന നയമാണ് ഇതില്‍ നാം പാഠമാക്കേണ്ടത്. മാത്രമല്ല വളരെയേറെ ആദരണീയമായ പ്രവാചകത്വലബ്ധി അവകാശപ്പെടുമ്പോള്‍ ചിലര്‍ അംഗീകരിക്കുന്നു എന്നത് തന്നെ അര്‍ഹതയുടെ അടയാളമാണ്.
രണ്ടാം ഘട്ടത്തില്‍ തിരുനബി(സ്വ) അനുവര്‍ത്തിച്ചത് സമൂഹത്തെ മൊത്തത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടുള്ള ശൈലിയായിരുന്നു. ജബലു ഖുബൈസ് പര്‍വതത്തിന്റെ താഴ്‌വരയില്‍ മക്കാ നിവാസികളെ വിളിച്ചുചേര്‍ത്ത് ബുദ്ധിപരമായി അവരെ തൗഹീദിലേക്ക് ക്ഷണിക്കുകയായിരുന്നു തിരുനബി. അബൂലഹബിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ജനങ്ങള്‍ പ്രകോപനം സൃഷ്ടിക്കാന്‍ തുനിഞ്ഞെങ്കിലും തിരുനബി തന്റെ ദൗത്യം നിര്‍വഹിക്കുന്നതില്‍ വിജയിച്ചു. ജബലു ഖുബൈസ് വിളംബരത്തോടെയാണ് ഇസ്‌ലാം പരസ്യമായി ചര്‍ച്ചചെയ്യപ്പെടുകയും നിഷ്പക്ഷമതികളുടെ ഹൃദയത്തെ സ്വാധീനിക്കുകയും ചെയ്തത്. തുടര്‍ന്ന് ദുല്‍ഹുലൈഫ, ഉക്കാള് തുടങ്ങിയ ചന്തകളില്‍ പ്രസംഗങ്ങള്‍ നടത്തി ഇസ്‌ലാം വിളംബരം ചെയ്യുകയും ചെയ്തു.
ഒരു സമഗ്ര വിമോചന പ്രസ്ഥാനം എന്ന നിലക്കായിരുന്നു ഇസ്‌ലാമിനെ തിരുനബി(സ്വ) അവതരിപ്പിച്ചത്. തന്റെ നിസ്തുലവും നിര്‍മലവുമായ വ്യക്തിത്വം പ്രബോധകരുടെ മുന്നില്‍ തുറന്നു വെക്കുകയും ആര്‍ക്കും ഒരാക്ഷേപവും ഉന്നയിക്കാനില്ലാത്ത വിശുദ്ധ ജീവിതമാതൃക കാഴ്ചവെക്കുകയുമാണ് തിരുനബി(സ്വ) ചെയ്തത്.
ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടു? ആകാശം എങ്ങനെ ഉയര്‍ത്തപ്പെട്ടു? ഭൂമി എങ്ങനെ വിതാനിക്കപ്പെട്ടു?എന്നവര്‍ ചിന്തിക്കുന്നില്ലേ തുടങ്ങിയ ചിന്താര്‍ഹമായ ഖുര്‍ആനിക പ്രമേയങ്ങള്‍ അത്യാകര്‍ഷകമായ ശൈലിയില്‍ തുറന്ന വേദികളില്‍ തിരുനബി(സ്വ) അവതരിപ്പിച്ചു. മനുഷ്യഹൃദയങ്ങള്‍ സത്യം അന്വേഷിച്ച് കണ്ടെത്താനുള്ള വഴികള്‍ തുറന്നു.
ഇസ്‌ലാം നിര്‍ബന്ധം ചെലുത്തി അടിച്ചേല്‍പ്പിക്കാനുള്ള ഒരു സംവിധാനമല്ല. അത് ഹൃദയത്തിന്റെ തീരുമാനവും ബുദ്ധിയുടെ വിധിയുമാണ്. ഇസ്‌ലാമിക പ്രബോധകരുടെ ധര്‍മം മനുഷ്യനെ ചിന്തിപ്പിക്കുന്നതാണ്. ചിന്തക്കും പഠനത്തിനും വിഘാതമായി കിടക്കുന്ന എല്ലാ ആവരണങ്ങളും മതില്‍ക്കെട്ടുകളും തകര്‍ത്തെറിഞ്ഞു സ്വതന്ത്രത്തിലേക്ക് മനുഷ്യനെ നയിക്കുകയായിരുന്നുഇസ് ലാം. തിരുനബിയുടെ ഉക്കാള്, മിജുന്ന, ദില്‍മജാസ്, അഖബ തുടങ്ങിയ ചന്തകളിലെ പ്രസംഗങ്ങള്‍ ജനഹൃദയത്തെ പിടിച്ചുകുലുക്കി. ശ്രോദ്ധാക്കളുടെ മനസിനു അത് പുത്തനുണര്‍വേകി. മദീന, യമന്‍, ബഹ്‌റൈന്‍ തുടങ്ങിയ നാടുകളില്‍ നിന്നെത്തിയ കച്ചവടക്കാരും വിദേശികളും സാഹിത്യക്കാരുമൊക്കെ ആ പ്രസംഗം ശ്രദ്ധിച്ചു. അവരുടെ ഹൃദയത്തെ അത് വല്ലാതെ സ്വാധീനിച്ചു. മദീനക്കാരായ വ്യാപാരികള്‍ പ്രസംഗം കേട്ട് ഇസ്‌ലാം സ്വീകരിച്ചു. അവര്‍ മദീനയില്‍ തിരിച്ചെത്തി വ്യക്തിഗത സമീപനത്തിലൂടെ എല്ലാ ഭവനങ്ങളിലും ഈ സന്ദേശം എത്തിച്ചു. ശത്രുക്കളുടെ പീഡനം സഹിക്കവയ്യാതെ, വിഷമ ഘട്ടത്തിലും ദൗത്യത്തില്‍ നിന്നു പിന്മാറാന്‍ നബി(സ്വ) തയാറായില്ല. അര്‍ഖമിന്റെ ഭവനത്തില്‍ ഒളിഞ്ഞിരുന്നു അവിടെ അനുയായികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചും അവര്‍ക്ക് പരിശീലനം നല്‍കിയും രഹസ്യമായി ഒരുമിച്ച് കൂടിയ വിശ്വാസികളുടെ മനസ് സ്ഫുടം ചെയ്‌തെടുത്തു. ആദര്‍ശത്തിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അവരെ സന്നദ്ധരാക്കി. യഥാര്‍ഥത്തില്‍ ദാറുല്‍ അര്‍ഖം ഒരു ശില്പശാലയായിരുന്നു.വളരെ രഹസ്യമായി അവിടേക്ക് ആളുകള്‍ എത്തിക്കൊണ്ടിരുന്നു.അവരെ സ്വീകരിച്ചിരുത്തി ആദര്‍ശം പകര്‍ന്നുകൊടുത്തു. പ്രതികൂല സാഹചര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നുള്ള പാഠങ്ങള്‍ ദാറുല്‍ അര്‍ഖമില്‍ നിന്ന് തിരു നബി പകര്‍ന്നു കൊടുത്തു. സുമയ്യ(റ), യാസിര്‍ (റ) ദമ്പതികള്‍ ക്രൂരമായി വധിക്കപ്പെട്ടത് മുഹമ്മദ് നബിയില്‍ വിശ്വസിച്ചു എന്ന ഒറ്റക്കാരണത്താല്‍ മാത്രമായിരുന്നു. ദൃഢ മനസ്‌കരായ ദമ്പതികളുടെ അതിദാരുണമായ അന്ത്യനിമിഷങ്ങള്‍ നിസഹായരായി നോക്കിനില്‍ക്കേണ്ടി വന്ന പ്രവാചക ശിഷ്യന്മാര്‍ പ്രതികാരദാഹിയായി തിരിച്ചടിക്കാന്‍ അനുവാദം ചോദിച്ച് തിരുസന്നിധിയിലെത്തിയപ്പോള്‍ തിരുനബി ഉപദേശിച്ചത് സഹിക്കാനും ക്ഷമിക്കാനും മാത്രമായിരുന്നു. ഒട്ടകത്തിന്റെ കുടല്‍മാല വലിച്ചിട്ടും വഴിയില്‍ മുള്ളു വിതറിയും ത്വാഇഫില്‍ നിന്ന് കല്ലെറിഞ്ഞും ശത്രുക്കള്‍ നബിയെ മര്‍ദിച്ചപ്പോഴും തിരുനബി(സ്വ) ഒരു ശാപവാക്ക് പോലും ഉരുവിടാതെ ആ ജനതയുടെ നന്മക്ക് വേണ്ടി പ്രാര്‍ഥിക്കുകയും അനുയായികളോട് ക്ഷമിക്കാന്‍ കല്‍പിക്കുകയുമായിരുന്നു. പല തവണ സമീപിച്ചിട്ടും ഫലം കാണാത്തവരെ വീണ്ടും വീണ്ടും സമീപിച്ചു ക്ഷണിക്കുക എന്നത് തിരുനബിയുടെ പതിവായിരുന്നു. ആരോടും ഒരിക്കലും ഒരു പരുഷവാക്കു പോലും ഉപയോഗിക്കാതെ പുഞ്ചിരിയുമായി വിമര്‍ശകരെ സമീപിക്കുന്ന നബിയുടെ അസാധാരണ വ്യക്തിമഹത്വവും പെരുമാറ്റവുമാണ് വിജയം നേടി കൊടുത്തത്.
തിരുനബിക്കെതിരെ സര്‍വ തന്ത്രങ്ങളും പയറ്റി ശത്രുക്കള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അവര്‍ ദുരാരോപണങ്ങളുന്നയിച്ചു. കുപ്രചാരണങ്ങള്‍ നടത്തി. ഇസ്‌ലാമിലേക്ക് കടന്നുവന്ന മുസ്‌ലിംകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ശക്തമായ ഉപരോധം വരെ ഏര്‍പ്പെടുത്തി. സമൂഹം ഒന്നാകെ അവരെ ബഹിഷ്‌കരിച്ചു. തിരുനബിയുടെ(സ്വ) പ്രഭാഷണങ്ങള്‍കൊപ്പം ബദല്‍ പരിപാടികളുമായി അബൂലഹബിന്റെ നേതൃത്വത്തിലുള്ള സംഘം നബിയെ പിന്തുടര്‍ന്നു. ഓരോ പ്രഭാഷണം കഴിയുമ്പോഴും പിതൃവ്യനായ അബൂലഹബ് എഴുന്നേറ്റ് നിന്ന് എതിര്‍ പ്രസംഗം നടത്തി. ഇതെന്റെ സഹോദര പുത്രനാണ്. മാനസിക രോഗമാണന്നും പറയുന്നതൊക്കെ കള്ളമാണന്നും ആരും അതൊന്നും ചെവി കൊള്ളരുതന്നും അബൂലഹബ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. പക്ഷേ തിരുനബി (സ്വ) ശാന്തനായി അതിനൊന്നും ചെവി കൊടുക്കാതെ തന്റെ ദൗത്യവുമായി മുന്നേറി.
പ്രബോധിതരില്‍ നിന്ന് തനിക്ക് നേരെ തിന്മകള്‍ മാത്രം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ തിരിച്ചങ്ങോട്ട് എതിര്‍ പ്രതികരണമോ പ്രതികാരമോ അല്ല പ്രബോധകരുടെ വഴി. ഹിജ്‌റ വേളയില്‍ തന്നെ ശത്രുക്കള്‍ക്കു പിടിച്ചുകൊടുത്തു നൂറ് ഒട്ടകം സമ്മാനം നേടാനുള്ള അത്യാര്‍ത്തിയുമായി വന്ന സൂറാഖത്തിനെ നശിപ്പിക്കാന്‍ കിട്ടിയ അവസരം തിരുനബി (സ്വ) ഉപയോഗിക്കാതെ അദ്ദേഹത്തെ ഉപദേശിച്ച് വിട്ടയക്കുകയാണ് ചെയ്തത്. ഖൈബറില്‍ തനിക്കു വിഷം തന്ന ജൂതസ്ത്രീയെ വെറുതെ വിട്ടതും തുടങ്ങി നിരവധി ഒട്ടേറെ സംഭവങ്ങള്‍ ഈ തിരുജീവിതത്തില്‍ കാണാം. തിരുനബി(സ്വ) പ്രബോധന ശൈലി സ്വീകരിക്കുക മാത്രമല്ല തന്റെ സമൂഹത്തോടത് സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രതയും ഭീകരതയും പ്രബോധന വഴിയല്ലെന്നും ശക്തമായിത്തന്നെ അവിടുന്നു പറഞ്ഞിട്ടുണ്ട്. പ്രബോധകന്‍ ആരെയും കാത്തിരിക്കരുത്. അവസരങ്ങള്‍ സൃഷ്ടിക്കുകയും ലഭിക്കുന്ന എല്ലാ അവസരങ്ങളും വിദഗ്ധമായി ഉപയോഗപ്പെടുത്തുകയും വേണം. ആരെയും ഭയക്കാനോ ആശ്രയിക്കാനോ പോകരുത്. പ്രബോധന നിര്‍വഹണത്തിനു ത്യാഗസന്നദ്ധത പ്രകടിപ്പിക്കണം. തുടങ്ങിയ പാഠങ്ങള്‍ തിരുനബിയുടെ പ്രബോധന ജീവിതത്തില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളുക.

Share this article

About ഇബ്‌നു റസാഖ് ഇരുമ്പുഴി

abudurazakku@gmail.com

View all posts by ഇബ്‌നു റസാഖ് ഇരുമ്പുഴി →

Leave a Reply

Your email address will not be published. Required fields are marked *