ഷെയര്‍ ബിസിനസ് ‘വിഡ്ഢികളെ വിശ്വസിക്കരുത്’

Reading Time: 3 minutes

ബിസിനസ് രംഗത്ത് വളരെ പ്രചാരമുള്ള സംവിധാനമാണ് ഷെയര്‍ ബിസിനസ്. ഒരുപക്ഷേ മനുഷ്യോദ്ഭവത്തോളം പഴക്കമുണ്ടാകും ഈ കച്ചവട രീതിക്ക്. മനുഷ്യന്‍ സാമൂഹ്യ ജീവിയായതിനാലും പരസ്പരം സഹകരിക്കാനുള്ള അടിസ്ഥാന വാസന മനുഷ്യനില്‍ അന്തര്‍ലീനമായതിനാലും ഈ രീതിക്ക് വന്‍ പ്രചാരം എക്കാലവും ലഭിച്ചിട്ടുണ്ട്. ഇസ്ലാം അനുവദിച്ച ധാരാളം രീതികളില്‍ ഷെയര്‍ ബിസിനസിന് പ്രത്യേക സ്ഥാനവുമുണ്ട്. ഖിറാള് അല്ലെങ്കില്‍ മുളാറബ, ശിര്‍കത്ത് അഥവാ മുശാറകഃ തുടങ്ങിയവയാണ് ഇസ്‌ലാമില്‍ ഷെയര്‍ കച്ചവടത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍. ഖിറാളും ശിര്‍ക്കത്തും സമ്മിശ്രമായുള്ള രീതിയും നിലവിലുണ്ട്. ഇത്തരം രീതികളില്‍ കച്ചവടം നടത്തുന്നത് അനുവദനീയമാണെന്ന് മാത്രമല്ല പലപ്പോഴും പുണ്യകരവുമാകും. കാരണം മറ്റുള്ളവരുടെ പണം അല്ലെങ്കില്‍ അധ്വാനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നമ്മുടെ അധ്വാനം അല്ലെങ്കില്‍ പണം നല്‍കുന്നത് വളരെ പുണ്യകരമാണല്ലൊ.
ശിര്‍ക്കത്തും ഖിറാളും അടിസ്ഥാനപരമായി തന്നെ വ്യത്യാസപ്പെടുന്നുണ്ട്. ശിര്‍ക്കത്തില്‍ എല്ലാവരും നിശ്ചിത വിഹിതം മൂലധനമെടുക്കല്‍ നിര്‍ബന്ധമാണ്. മൂലധനം എടുത്തവര്‍ മാത്രമാണ് കച്ചവടത്തിന്റെ മുതലാളിമാര്‍ അല്ലെങ്കില്‍ പാര്‍ട്ണര്‍മാര്‍. അതേസമയം ഖിറാളില്‍ ഒരു വ്യക്തി/ വ്യക്തികള്‍ മാത്രമാണ് മൂലധനം നല്‍കുന്നത്. കച്ചവടം നടത്തുന്നതും അധ്വാനിക്കുന്നതുമാവട്ടെ, മറ്റു വ്യക്തികളാണ്. ഇവിടെ ഒരാള്‍ പണവും മറ്റെയാള്‍ അധ്വാനവുമെടുക്കുന്നു. അവര്‍ തമ്മില്‍ ലാഭം നേരത്തെ നിശ്ചയിച്ച അനുപാതത്തില്‍ വീതിക്കുകയും നഷ്ടമാണെങ്കില്‍ പണപരമായ നഷ്ടം പണമെടുത്തവനും മറ്റേ കക്ഷിക്ക് താനിതുവരെ അധ്വാനിച്ചതും നഷ്ടപ്പെടുന്നു. ഇതുവരെ അധ്വാനിച്ചതിനു കൂലി വാങ്ങാന്‍ പാടില്ല. അതേസമയം മറ്റു നഷ്ടങ്ങള്‍ സഹിക്കേണ്ടതുമില്ല ഇദ്ദേഹം. എന്നാല്‍ നഷ്ടം സംഭവിച്ചത് ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വന്ന വ്യക്തമായ വീഴ്ച നിമിത്തമാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഇദ്ദേഹം തന്നെ ഏറ്റെടുക്കേണ്ടതുമാണ്. മൂന്നാമതൊരു രൂപം വളരെ പ്രചാരത്തിലുള്ളതാണ് ഖിറാളിന്റെയും ശിര്‍ക്കത്തിന്റെയും സമ്മിശ്ര രൂപം. ഇവിടെ ഒരു വ്യക്തി മൂലധനം എടുക്കുന്നതോടു കൂടി അധ്വാനവും കൂടി ബിസിനസില്‍ നല്‍കുന്നു. എന്നാല്‍ മറ്റേ വ്യക്തിയാവട്ടെ, വെറും മൂലധനം മാത്രമാണ് നല്‍കുന്നത്.
ഇസ്‌ലാമിക ശരീഅത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്ത ഇത്തരം രൂപങ്ങളുടെ പേരുകള്‍ സ്വീകരിച്ച് ഇസ്‌ലാമിന് നിരക്കാത്ത ധാരാളം പ്രവണതകള്‍ ഇന്ന് സര്‍വ വ്യാപകമാണ്. അഥവാ ഷെയര്‍ ബിസിനസുകള്‍ ഇന്ന് സര്‍വ വ്യാപകമായിരിക്കുന്നു. ഇതില്‍ പലതും ഇസ്ലാം അനുവദിക്കാത്തതാണെന്നതാണ് നേര്. ഉദാഹരണത്തിന് ഇന്ന് ഒട്ടുമിക്കയാളുകളും ഷെയര്‍ വാങ്ങി തിരിച്ചു ചോദിക്കുമ്പോള്‍ അതേ സംഖ്യ തിരിച്ചുകൊടുക്കുന്നവരാണ്. ഇത് ഇസ്ലാം പറഞ്ഞ ഷെയര്‍ ബിസിനസല്ല. ഞാന്‍ ഒരു കച്ചവടത്തില്‍ മറ്റൊരാളോടൊപ്പം കൂടുന്നു. ഞങ്ങള്‍ ഇരുവരും ഓരോ ലക്ഷം വീതമെടുത്ത് കച്ചവടം തുടങ്ങുന്നു. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഞാന്‍ എന്റെ ഷെയര്‍ തിരിച്ചു ചോദിക്കുന്നുവെങ്കില്‍ എന്റെ ഒരു ലക്ഷമല്ല എനിക്ക് തരേണ്ടത്. ഞാന്‍ പിരിയുന്ന സമയത്തുള്ള കച്ചവടത്തിന്റെ ആകെത്തുകയില്‍ നിന്നും എന്റെ ഷെയറിനു ആനുപാതികമായുള്ള സംഖ്യയാണ് തരേണ്ടത്. അന്ന് മൂന്നുലക്ഷമായിട്ടുണ്ടെങ്കില്‍ എനിക്ക് ഒന്നര ലക്ഷം തരണം. ഇനി കമ്പനിയുടെ വിലയിടിഞ്ഞ് ഇപ്പോള്‍ ഒന്നര ലക്ഷം മാത്രമേ ആകെ മൂല്യമുള്ളൂവെങ്കില്‍ എനിക്ക് 75,000 രൂപ മാത്രമാണ് അവകാശപ്പെട്ടിരുന്നത്. അതല്ലാതെ എനിക്ക് ഒരു ലക്ഷം തിരിച്ചുതരുന്നുവെങ്കില്‍ ഞാന്‍ കമ്പനിക്ക് കടം കൊടുത്തതു പോലെയാണ്. അതേ സംഖ്യ എനിക്ക് തിരിച്ചുതരുന്നു. ഒരിക്കലും ഷെയര്‍ ആകില്ല. ഇതിന്മേല്‍ ലാഭമെന്ന പേരില്‍ കിട്ടിയ എല്ലാ പണവും പലിശയുമായിരിക്കും. കാരണം കടം കൊടുത്തവന് അധികമായി കിട്ടുന്നതെന്തും-അത് ഇടപാടില്‍ പറഞ്ഞാണെങ്കില്‍-പലിശയാണ്. അതേസമയം തന്റെ സന്തോഷത്തിനു എന്തെങ്കിലും നല്‍കുന്നത് പുണ്യവുമാണ്. അങ്ങനെ ഉപാധിവെച്ചാല്‍ അത് പലിശയും ഹറാമുമാണ്.
ഇതിനര്‍ഥം, കൊടുത്ത പൈസ പൂര്‍ണമായും തിരിച്ചുകിട്ടുമെന്ന വാഗ്ദാനത്തോടെ ഒരാള്‍ ഷെയര്‍ നല്‍കുന്നുവെങ്കില്‍ അതൊരിക്കലും ഇസ്‌ലാമികമല്ല. കാരണം കച്ചവടം നഷ്ടത്തിലായാല്‍ ആ നഷ്ടം സഹിക്കേണ്ട ബാധ്യത ഇയാള്‍ക്കുണ്ട്. ഈ അടിസ്ഥാന നിയമം മറികടന്നാണ് പലരും ഇന്ന് ഷെയര്‍ ക്ഷണിക്കുന്നതും വാങ്ങുന്നതും.
മറ്റൊരു പ്രധാന പ്രശ്‌നം ഇന്നു കണ്ടുവരുന്നത് ലാഭം സംഖ്യയില്‍ പറയുന്നുവെന്നതാണ്. ലാഭവും നഷ്ടവും എപ്പോഴും അനുപാതത്തില്‍ മാത്രമേ പറയാവൂ. എല്ലാ മാസവും രണ്ടായിരം രൂപ എന്നുപറഞ്ഞാല്‍ അത് പലിശയാണ്. ഒരിക്കലും ലാഭ വിഹിതമാകില്ല. അതേസമയം പത്തു ശതമാനം എന്ന് നിര്‍ണയിക്കുകയും എപ്പോഴും ലാഭത്തിന്റെ പത്തുശതമാനം ലഭിക്കുകയും ചെയ്താല്‍ അത് അനുവദനീയമാണ്. എന്നാല്‍ ഇതിനെ മറികടക്കാന്‍ പലപ്പോഴും ചെറിയ വ്യത്യാസത്തില്‍ ലാഭം നല്‍കുന്നവരുണ്ട്. ഈ ലാഭം വാങ്ങുന്നവര്‍ തങ്ങളെ വഞ്ചിക്കപ്പെടുന്നില്ലന്നു ഉറപ്പുവരുത്താനുള്ള അവകാശം ഇസ്‌ലാം നല്‍കുന്നുണ്ട്. അഥവാ കച്ചവടം നടന്നതും ലാഭം കിട്ടിയതുമെല്ലാം എത്രയാണെന്നും മറ്റും അറിയാനുള്ള അവകാശം ഓരോ പാര്‍ട്ണര്‍ക്കുമുണ്ട്. ഈ അവകാശങ്ങളുപയോഗിച്ച് താന്‍ വഞ്ചിക്കപ്പെട്ടിട്ടില്ലെന്നു ഉറപ്പുവരുത്തണം.
ഇതിലേറെ അപകടകരമായ വസ്തുത പതിഞ്ഞിരിക്കുന്നത് എന്താണ് കച്ചവടം ചെയ്യുന്നതെന്ന് വെളിപ്പെടുത്തില്ല എന്ന ഉപാധിയാണ്. നാം ഷെയറായി പണം നല്‍കുന്നുവെന്നല്ലാതെ ഒരിക്കലും എന്ത് ബിസിനസാണെന്നു നമ്മോട് പറയില്ല. ഇത് ഇസ്‌ലാമിക വിരുദ്ധമാണ്. മാത്രവുമല്ല പതിനായിരങ്ങള്‍ ഇങ്ങനെ വഞ്ചിക്കപ്പെട്ടിട്ടുമുണ്ട്.
പലപ്പോഴും കിടപ്പാടം വിറ്റ് പണം ഇത്തരം കമ്പനികളില്‍ നിക്ഷേപിക്കുകയും ആദ്യമാദ്യം ലാഭം വാങ്ങുകയും ചെയ്യുന്നു. ചിലര്‍ ഈ ലാഭം പോലും വീണ്ടും നിക്ഷേപിക്കുന്നു. അല്‍പം മുന്നോട്ടുപോകുമ്പോള്‍ കമ്പനി പൊളിയുന്നു. കാരണം നിയമവിരുദ്ധമായതോ അല്ലെങ്കില്‍ മറ്റെന്തിങ്കിലുമോ ആയിരിക്കും കച്ചവടം. ഇവയെല്ലാം അല്‍പായുസുള്ളതായിരിക്കും. അങ്ങനെ, ഷെയര്‍ നല്‍കിയവര്‍ പൂര്‍ണമായും വഞ്ചിക്കപ്പെടുന്നു. ഇത് ഇസ്‌ലാം പ്രകാരം ഒരിക്കലും നടക്കാന്‍ പാടില്ല. കാരണം കച്ചവടത്തെക്കുറിച്ച് ശരിക്കും മനസിലാക്കിയതിനും പഠിച്ചതിനും ശേഷം മാത്രമേ ഷെയര്‍ എടുക്കാവൂ എന്ന് ഇസ്‌ലാം അനുശാസിക്കുന്നു.
കച്ചവട-ഷെയര്‍ കാര്യങ്ങളില്‍ മാത്രമല്ല, എല്ലാ സാമ്പത്തിക കാര്യങ്ങളിലും ഇത് ഇസ്ലാമില്‍ വളരെ അടിസ്ഥാനമാണ്. വിശുദ്ധ ഖുര്‍ആന്‍ ഇതാവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിയിട്ടുണ്ട്: ‘നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ വിഡ്ഢികളെ ഏല്പിക്കരുത്’ (നിസാഅ്: 5). വിഡ്ഢികള്‍ എന്ന പ്രയോഗം വളരെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഓരോ മേഖലയിലും വിഡ്ഢിത്തങ്ങള്‍ ഓരോ തരത്തിലായിരിക്കും. ഒരാള്‍ എല്ലാ മേഖലയിലും വിഡ്ഢിയുമായിരിക്കില്ല. സാമ്പത്തിക വിഷയത്തിലെ വിഡ്ഢിത്തങ്ങള്‍ എന്തെല്ലാമാണെന്നാണ് ഈ വചനത്തിന്റെ വെളിച്ചത്തില്‍ നാം പഠന വിധേയമാക്കേണ്ടത്. അത്തരം വിഡ്ഢിത്തങ്ങള്‍ ചെയ്യുന്ന/ ചെയ്യാന്‍ സാധ്യതയുള്ള ഒരാളെപ്പോലും നമ്മുടെ പണം ഏല്പിക്കരുതെന്നാണ് ഖുര്‍ആന്റെ നിര്‍ദേശം. എന്നാല്‍ ഇന്ന് ജനങ്ങള്‍ പ്രലോഭനങ്ങളില്‍ വീഴുകയാണ്. ബിസിനസിന് പണം വാങ്ങുന്ന വ്യക്തിയെക്കുറിച്ചോ ബിസിനസിനെക്കുറിച്ചോ പഠിക്കുന്നില്ല. അവസാനം വഞ്ചിക്കപ്പെടുകയും ചെയ്യുന്നു.
അനാവശ്യവും ഊതിവീര്‍പ്പിച്ച കണക്കുകളും അവതരിപ്പിച്ച് ഷെയര്‍ ക്ഷണിക്കുന്നവരുമുണ്ട്. ഇത് കടുത്ത വഞ്ചനയും ഇങ്ങനെ തുടങ്ങുന്ന വ്യാപാരം അനുവദിക്കപ്പെടാത്തതുമാണ്. വഞ്ചന ഏതു തരത്തിലായാലും ഇസ്‌ലാം അനുവദിക്കുന്നില്ല. അതേസമയം സാധാരണ അവഗണിക്കപ്പെടുന്ന വഞ്ചനകളുണ്ട്. അഥവാ വഞ്ചന വരാന്‍ സാധ്യതയുള്ള ഇടങ്ങള്‍. ഉദാഹരണത്തിന് ഒരാള്‍ വീട് വാങ്ങുന്നുവെങ്കില്‍ ഒരിക്കലും തറയുടെ ഉള്‍ഭാഗം കാണാന്‍ സാധിക്കില്ലല്ലോ. ഇവിടെ ചെറിയ തോതില്‍ വഞ്ചനയിലകപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. കാരണം ഇത്തരം കാര്യങ്ങളില്‍നിന്നും മനുഷ്യന് മാറിനില്‍ക്കാനോ വഞ്ചനയെ പുറത്തുകൊണ്ടുവരാനോ സാധ്യമല്ല. അതേസമയം മനഃപൂര്‍വം ഇങ്ങനെ ചെയ്താല്‍ അഥവാ വഞ്ചിച്ചാല്‍ തീര്‍ച്ചയായും അത് കുറ്റവും കച്ചവടം അസാധുവുമാണ്.
ഇന്ന് കണ്ടുവരുന്ന മറ്റൊരു തെറ്റായ പ്രവണതയാണ് ഷെയര്‍ പണം കൊണ്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇത് മറ്റുള്ളവരുടെ പണം അവിഹിതമായി ഉപയോഗിക്കല്‍ മാത്രമാണ്. ഉദാഹരണത്തിന് ഒരാള്‍ ഷെയര്‍ ബിസിനസ് നടത്താന്‍ ഷെയര്‍ പണം ഉപയോഗിച്ച് ഒരു കാര്‍ വാങ്ങിയെങ്കില്‍ അത് ബിസിനസ് ആവശ്യങ്ങള്‍ക്കേ ഉപയോഗിക്കാവൂ. ഒരിക്കലും വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. ഇതിലേറെ ദൗര്‍ഭാഗ്യകരമാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. അഥവാ ഷെയര്‍ പണം സ്വരൂപിച്ചിട്ടുണ്ടാവും. ബിസിനസ് തുടങ്ങിയിട്ടുണ്ടാവില്ല. ലാഭം കിട്ടിയിട്ടുണ്ടാവുകയുമില്ല. പക്ഷേ ബിസിനസ് നടത്തുന്നവര്‍ വലിയ കാറും ഫ്‌ളാറ്റുമെല്ലാം വാങ്ങി സുന്ദരമായി ജീവിക്കുന്നുണ്ടാവും. ഇതെല്ലം ഈ ഷെയര്‍ കൊണ്ടാണെങ്കില്‍ ഹറാമാണെന്നതിനു മറ്റൊരു തെളിവും ആവശ്യമില്ലല്ലോ. കാരണം അന്യന്റെ പണം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കല്‍ മാത്രമാണ് ഇതെല്ലം.
ഇന്ന പ്രകാരം ബിസിനസ് തുടങ്ങുമെന്ന് പറഞ്ഞു തുടങ്ങാതിരിക്കുന്നവരുമുണ്ട്. ഇതെല്ലം പാര്‍ട്ണര്‍മാരുടെ സമ്മതപ്രകാരമല്ലെങ്കില്‍ കടുത്ത കുറ്റമാണ്. അതേസമയം ഇന്നാലിന്ന തിയ്യതി ലാഭം തരുമെന്ന് ഉറപ്പിച്ച് പറഞ്ഞാല്‍ അന്ന് ലാഭ നഷ്ട കണക്കുകള്‍ നോക്കണം. ലാഭമാണെങ്കില്‍ നല്‍കുകയും വേണം. ലാഭമില്ലെങ്കില്‍ പണം നല്‍കിയാല്‍ അത് ഷെയര്‍ ബിസിനസാവില്ല.
ഇത്തരം ധാരാളം കാര്യങ്ങള്‍ പാലിച്ചു മാത്രമേ ഷെയര്‍ ബിസിനസ് തുടങ്ങാവൂ/ബിസിനസില്‍ ചേരാവൂ. അല്ലെങ്കില്‍ അതൊന്നും ഇസ്‌ലാമികമാകില്ല. കടുത്ത തെറ്റുമാകും. അങ്ങനെ സമ്പാദിക്കുന്ന സമ്പത്ത് ഹറാമാകും. നരകത്തിലേക്കുള്ള വഴി നാം എളുപ്പമാക്കലായിരിക്കും ഫലം.

Share this article

About ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി

farooquemk@gmail.com

View all posts by ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി →

Leave a Reply

Your email address will not be published. Required fields are marked *