പണമയക്കുന്ന യന്ത്രം പണിമുടക്കുമ്പോള്‍

Reading Time: 3 minutes

അഞ്ച് പതിറ്റാണ്ടിലേറെയായി കേരള സാമ്പത്തിക മേഖലയെ പ്രവാസം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പല കാരണങ്ങളാല്‍ പ്രവാസികളായിത്തീര്‍ന്നവരാണ് കേരള ജനതയുടെ വലിയൊരു വിഭാഗം. കേരള ചരിത്രത്തിന്റെ ഏടുകളില്‍ സ്വര്‍ണലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു കാലഘട്ടമാണ് 1970 മുതലുള്ള സമയം. സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്ന് നാം ഇന്ന് കാണുന്ന പ്രൗഢിയിലേക്ക് കേരളത്തെ എത്തിച്ചത് പ്രവാസിയുടെ നാടിനോടുള്ള സ്‌നേഹമാണ്. എന്നാല്‍ ഈയിടെ ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ പ്രതിസന്ധികള്‍ പ്രവാസികളുടെ എണ്ണത്തിലും കേരള സാമ്പത്തിക മേഖലയിലേക്കുള്ള പണ ഒഴുക്കിലും ഗണ്യമായ ഇടിവ് ഉണ്ടാക്കി. പ്രധാനമായും ലോകത്താകമാനം നാശം വിതച്ച കോവിഡ് 19 മഹാമാരി കേരളത്തെയും പ്രവാസികളെയും വളരെ ആഴത്തില്‍ തന്നെ ബാധിച്ചിട്ടുണ്ട്. സാമ്പത്തിക സ്രോതസിനപ്പുറം മനുഷ്യര്‍ എന്ന പരിഗണനയില്‍ കോവിഡ് 19 പ്രവാസികള്‍ക്കുണ്ടാക്കിയ ലാഭനഷ്ട കണക്കുകള്‍ അല്‍പം ഖേദകരം തന്നെയാണ്. ഈയൊരു ചര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്, ശശി തരൂരിന്റെ ‘അസന്തുലിതമായ വികസനം’ എന്ന പ്രയോഗം.

സാമ്പത്തികം
കേരള സാമ്പത്തിക മോഡലിന്റെ ഒരടിത്തറ കേരളത്തിലേക്ക് വരുന്ന വിദേശപണമാണ്. കേരള എസ്ജിഡിപിയുടെ അഞ്ചിലൊന്ന് ഭാഗം വരുമിത്. 50 വര്‍ഷത്തിലേറെയായി കേരള സാമ്പത്തിക മേഖലയുടെ ഉള്‍ബലം തന്നെ വിദേശ പണത്തിന്റെ അരികുപറ്റിയാണെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ 2009ലെ ആഗോള സാമ്പത്തിക മാന്ദ്യം മുതലുള്ള കണക്കുകള്‍ എടുത്തു നോക്കുമ്പോള്‍ വിദേശത്തു നിന്ന് എത്തുന്ന പണത്തില്‍ ഗണ്യമായ കുറവ് കാണാന്‍ കഴിയും. പ്രധാനമായും ഗള്‍ഫ് മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ ഒത്തിരി പ്രവാസി മലയാളികളെ നാട്ടില്‍ എത്തിച്ചിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര മാര്‍കറ്റില്‍ എണ്ണ വിലയിലുണ്ടായ ഇടിവ് കാരണം ഗവണ്‍മെന്റ് സ്വന്തം പൗരന്മാര്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ വെട്ടിച്ചുരുക്കേണ്ടി വന്നു. തന്മൂലം സ്വദേശിവത്കരണത്തിലൂടെ ഗള്‍ഫ് മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ഭരണാധികാരികള്‍. ഇതും കേരള സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
കോവിഡ് കാലത്തേക്ക് വരാം. കൊറോണ ലോകസഞ്ചാരം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങി വരുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. ഗള്‍ഫ് മേഖലയിലെ പല കമ്പനികളും തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ടിരിക്കുകയാണ്. പല തൊഴിലാളികള്‍ക്കും ശരിയായ രീതിയില്‍ ശമ്പളം ലഭിക്കുന്നുമില്ല. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ലോക ബാങ്കിന്റെ കണക്കനുസരിച്ച് കോവിഡ് കാലത്ത് കേരളത്തെ സംബന്ധിച്ചിടത്തോളം ഗള്‍ഫില്‍ നിന്നുള്ള പണം അയക്കല്‍ (remittance) 20 ശതമാനത്തോളം കുറഞ്ഞേക്കാം. 2009 ലെ സാമ്പത്തിക മാന്ദ്യകാലത്തെ കൈയിലുള്ള പണത്തന്റെ കുറവ് വെറും അഞ്ച് ശതമാനം മാത്രമായിരുന്നു എന്ന് കൂടി നാം ഇതിനോട് ചേര്‍ത്തു വായിക്കണം. കൂടാതെ ജിസിസിയിലെ പ്രധാന അംഗമായ യുഎഇയില്‍ നിന്നുള്ള പണം അയക്കല്‍ 35% കുറഞ്ഞേക്കാം എന്നും കരുതപ്പെടുന്നു. യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം അയക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ എന്നുള്ള വസ്തുത നിലനില്‍ക്കെ, ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമായ കേരളം സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ പുതിയ വാതായനങ്ങള്‍ തുറക്കേണ്ടിയിരിക്കുന്നു. ഓരോ പ്രതിസന്ധികളെയും മലയാളികള്‍ അതിജീവിക്കുമ്പോള്‍ ഈ പ്രതിസന്ധിയും നാം അതിജീവിക്കും എന്ന വാക്യം ആശാവഹമാണെങ്കിലും ശശി തരൂര്‍ ഉന്നയിക്കുന്ന, ‘അറബികള്‍ ജോലി ചെയ്യുന്നത് മാത്രമല്ല, ജോലികള്‍ തന്നെ ഇല്ലാതാവുകയാണ്’ എന്ന പ്രസ്താവന മലയാളിയെ ഇത്തിരിയെങ്കിലും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

സാമൂഹികം
കേരള മോഡല്‍ വികസനത്തെ ഒത്തിരി സാമ്പത്തിക വിദഗ്ധര്‍ പ്രശംസിച്ചിട്ടുണ്ട്. പഷേ യഥാവിധി വിലയിരുത്തുകയാണെങ്കില്‍ കേരളാ മോഡല്‍ ഒരു അസന്തുലിത വികസനമാണ്. ശശി തരൂര്‍ കേരളത്തെ മണിയോഡര്‍ സമ്പദ്ഘടന എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രാരാബ്ധങ്ങളുടെ മാറാപ്പും പേറി മനുഷ്യര്‍ സ്വന്തം നാടും വീടും വിട്ട് ഏകാന്തതയില്‍ പണിയെടുക്കുന്നു. അവിടെ അവരുടെ വികാരങ്ങളെ ദാരിദ്ര്യം തല്ലി ചതക്കുകയാണ്. ഗള്‍ഫില്‍ പണിയെടുത്ത് സമ്പന്നരായത് വെറും പത്തു ശതമാനം മാത്രമാണ് എന്ന യാഥാര്‍ഥ്യം മനസിലാക്കുമ്പോള്‍, ബാക്കി 90 ശതമാനത്തോളം വരുന്ന മനുഷ്യരുടെ മാനസികാവസ്ഥയെയും വികാരങ്ങളെയുംകുറിച്ച് നാം ബോധവാന്മാരാകും. എന്നാല്‍ ഗള്‍ഫുകാരന് നാട്ടുകാര്‍ ചാര്‍ത്തി നല്‍കുന്ന പുറംമോടിയില്‍ അവന്റെ ഉള്ളിലെരിയുന്ന കനല്‍ കെടുത്താന്‍ ആരുമില്ല തന്നെ.
പ്രവാസികളില്‍ പലരും വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ 2-3 വര്‍ഷം കൂടുമ്പോഴോ നാട്ടിലേക്ക് വരുന്നവരാണ്. ഇങ്ങനെ ലഭിക്കുന്ന ഒരു മാസത്തെയും രണ്ടുമാസത്തെയും അവധിക്കാലം മാത്രമാണ് ബന്ധുക്കളുമൊത്ത് ചെലവഴിക്കാന്‍ കിട്ടുന്നത്. ഇവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പലരും സുരക്ഷിതമല്ലാത്ത ചുറ്റുപാടില്‍ ജോലിചെയ്യുന്നവരാണ് എന്നു മനസിലാക്കാം. 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു മനുഷ്യനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ഇത്തരം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ പണിയെടുക്കുന്നവരാണ് മിക്ക പ്രവാസികളും. കൂടാതെ നാട്ടിലേക്കയക്കുന്ന കാശിന്റെ തോത് കൂട്ടാന്‍ അവര്‍ കഴിയാവുന്നത്ര ചെലവ് ചുരുക്കി ജീവിതം തള്ളിനീക്കുന്നു. കല്യാണ ശേഷം പ്രവാസ ലോകത്തേക്ക് ചേക്കേറുന്ന ഭാര്യ/ഭര്‍ത്താക്കന്മാരുടെ അവസ്ഥയും പരിതാപകരമാണ്. ഇണയോടൊപ്പം ചെലവഴിക്കേണ്ട സുന്ദരമായ നിമിഷങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് കല്യാണ ശേഷവും ബാച്ചിലര്‍ ആയി ജീവിക്കുകയാണ് പല പ്രവാസികളും. മക്കളുണ്ടായിട്ടും അവരെ ഒന്നു താലോലിക്കാന്‍ പോലും കഴിയാതെ, മാതാപിതാക്കളെയും കുടുംബക്കാരെയും ഒന്ന് ആലിംഗനം ചെയ്യാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നവരും അവരുടെ ഇടയിലുണ്ട്. ഇത്തരം വേര്‍പാടുകള്‍ മാനസികമായി അവരെ തളര്‍ത്തുകയും തുടര്‍ന്ന് ശാരീരിക അസുഖങ്ങളിലേക്ക് ചെന്നെത്തിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രവാസികളുടെ കുടുംബത്തിന്റെ അവസ്ഥയും ഇത് തന്നെയാണ്. പ്രിയപ്പെട്ട ഭര്‍ത്താവിനെ/ഭാര്യയെ പിരിഞ്ഞ് നിന്ന്, അവരില്‍ നിന്ന് ലഭിക്കേണ്ട സ്‌നേഹവും ആശ്വാസ വാക്കുകളും ലഭിക്കാതെ വിഷാദഹൃദയത്തോടെ ജീവിതം തള്ളി നീക്കേണ്ടി വരുന്നു അവര്‍ക്ക്. പല മാതാപിതാക്കള്‍ക്കും മക്കളെ കാണാതെ മണ്മറഞ്ഞു പോകേണ്ടി വരുന്നു. പ്രവാസം വൈകാരികമായി ഒരു നോവു തന്നെയാണെന്ന് ചുരുക്കം.
കൊറോണ സാമ്പത്തികമായി ലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കിയെങ്കിലും ചില ഗുണങ്ങള്‍ മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് പ്രവാസിക്ക്, നല്‍കിയിട്ടുണ്ട്. പണം അയക്കുന്ന യന്ത്രം പണിമുടക്കിയാല്‍ ഇനി എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ഗവണ്‍മെന്റുകള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മാനുഷിക മൂല്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള വികസന മാതൃകകളാണ് ഇനി ആവശ്യം. തൊഴിലില്ലായ്മയാണ് പ്രവാസികളെ സൃഷ്ടിച്ചത് എന്ന് ഉറപ്പാണ്. തൊഴിലില്ലായ്മ കുറച്ചുകൊണ്ട് നാട്ടില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലൂന്നിയ പുത്തന്‍ പദ്ധതികളാണ് നാടിന് ആവശ്യം. കൂടാതെ തിരിച്ചെത്തിയ പ്രവാസികളില്‍ നിന്ന് നിക്ഷേപകരെയും വ്യാപാരികളെയും സൃഷ്ടിച്ചെടുത്താല്‍ കേരള വികസനത്തിന്റെ നവമാതൃക നമുക്ക് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനായേക്കും. അതോടൊപ്പം ലേബര്‍ ഫോഴ്‌സ് ഒത്തിരിയുള്ള നമ്മുടെ സംസ്ഥാനത്ത് സ്‌കില്‍ ഡെവലപ്‌മെന്റിലൂടെ മേല്‍പ്പറഞ്ഞ സാമൂഹിക കോട്ടങ്ങളെ മറികടന്നുകൊണ്ടുള്ള പ്രവാസം ഉത്തേജിപ്പിക്കാനും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തൊഴിലാളികള്‍ക്ക് വന്‍ ഡിമാന്‍ഡ് സൃഷ്ടിക്കാനും സാധിക്കും. ജീവിതത്തിന്റെ മൂല്യത്തെയും മറ്റും സംബന്ധിച്ച് പഠിപ്പിക്കാന്‍ കൊറോണക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിചാരിക്കുന്നു. കൂടാതെ രാജ്യത്തെയും പൗരന്മാരെയും സ്വയംപര്യാപ്തതയുടെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കിയിട്ടുമുണ്ട്. അതിനുദാഹരണമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന aatma nirbhar പോലുള്ള പദ്ധതികള്‍. എല്ലാത്തിലുമുപരി മനുഷ്യവിഭവശേഷിയുടെ/മനുഷ്യത്വത്തിന്റെ കേരളാ മോഡല്‍ ലോക ജനതക്ക് മുന്നില്‍ കാഴ്ച്ച വെക്കുന്നത് കൂടിയാവട്ടെ കൊറോണക്കാലം.

Share this article

About റിഷാദ് ഇഖ്ബാല്‍

rishadcp58@gmail.com

View all posts by റിഷാദ് ഇഖ്ബാല്‍ →

Leave a Reply

Your email address will not be published. Required fields are marked *