സഊദി തൊഴില്‍ വിപണി ചരിത്ര മാറ്റത്തിലേക്ക്

Reading Time: 3 minutes

സഊദി തൊഴില്‍ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് നവംബര്‍ 4ന് മാനവ വിഭവ സാമൂഹിക മന്ത്രാലയം തൊഴില്‍ നിയമ പരിഷ്‌കരണ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സഊദി അറേബ്യയിലെ തൊഴില്‍ വിപണിയില്‍ നടക്കുന്ന ഓരോ പരിഷ്‌കാരങ്ങളും ഇന്ന് വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. നിതാഖാത്ത് എന്ന പദം തിരിച്ചറിയാത്ത ആരും ഇല്ല എന്നതലത്തിലേക്കാണ് കഴിഞ്ഞ വര്‍ഷങ്ങളായി നടപ്പായിക്കൊണ്ടിരിക്കുന്ന സ്വദേശിവത്കരണ പദ്ധതികള്‍ വിദേശങ്ങളില്‍ പോലും ചര്‍ച്ചയായത്. അത്യന്താധുനിക തലത്തിലേക്ക് കരുതലോടെ ചുവടുവെക്കുന്ന സഊദി അറേബ്യ തൊഴില്‍ വിപണിയെ ക്രമീകരിക്കാന്‍ നടത്തുന്ന ആര്‍ജവമുള്ള ചുവടുവെപ്പുകളില്‍ ഒന്നു മാത്രമാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ട പരിഷ്‌കരണവും. സഊദിയിലേക്കുള്ള പ്രവാസ പ്രയാണം ആരംഭിച്ചതുമുതല്‍ ഏതാണ്ട് ഏഴുപതിറ്റാണ്ടിലധികമായി നിലനില്‍ക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിലാണ് ഇത്തവണ പരിഷ്‌കരണം വരുത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധനേടാന്‍ കാരണം. പുതിയ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് സഊദിയുടെ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിന് സഊദിയില്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൃത്യമായി പരിഷ്‌കരണ നിയമങ്ങളെക്കുറിച്ചറിയാത്തവര്‍ കാലങ്ങളായിത്തുടരുന്ന സ്‌പോണ്‍സര്‍ഷിപ് നിയമം അവസാനിച്ചിരിക്കുന്നു എന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ കാലം സൗദിയിലെ തൊഴില്‍ വിപണി ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പരിഷ്‌കരണങ്ങളിലെ ഏറ്റവും പുതിയതും ആകര്‍ഷണവുമായ പ്രഖ്യാപനം മാത്രമാണിത്.

തൊഴില്‍ നിയമ
പരിഷ്‌കരണ പദ്ധതി
വളരെ വ്യക്തമായി ഇതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. തൊഴിലുടമയുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തന്നെ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന ഒന്നാണ് പുതിയ പരിഷ്‌കരണ പദ്ധതിയെന്ന് ഒറ്റനോട്ടത്തില്‍ നമുക്ക് വിലയിരുത്താം.
പ്രവാസത്തിന്റെ കഴിഞ്ഞ കാലങ്ങളില്‍ നടന്നിട്ടുള്ള തൊഴില്‍ അവകാശ നിയമ ലംഘനങ്ങളുടെ തീരാത്ത കഥകള്‍ അറിഞ്ഞിട്ടുള്ളവര്‍ക്കാണ് പുതിയ പരിഷ്‌കരണ പദ്ധതി നല്‍കുന്ന സ്വാതന്ത്ര്യം അദ്ഭുതമാകുന്നത്.
പ്രധാനപ്പെട്ട മൂന്ന് അവകാശങ്ങള്‍ പുതുതായി തൊഴിലാളിക്ക് ലഭിക്കുന്നു എന്നതാണ് ഇതിലെ പ്രധാന ആകര്‍ഷണം.
ആദ്യത്തേത് തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ വ്യക്തമായ കരാര്‍ രൂപപ്പെടുന്നു എന്നതും അത് ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ രഹസ്യ രീതിക്കപ്പുറത്ത് ഇത് കൃത്യമായി പാലിക്കപ്പെടുന്നു എന്നും നിരീക്ഷപ്പെടുന്നു. ഇപ്പോഴും കരാറുകര്‍ രൂപപ്പെടുന്നുണ്ടെങ്കിലും അത് പലപ്പോഴും സ്‌പോണ്‍സറുടെ താത്പര്യത്തിനനുസരിച്ച് മാറ്റപ്പെടാറുണ്ട്. എന്ന് മാത്രമല്ല ഭൂരിപക്ഷം പേര്‍ക്കും ഇങ്ങനെയൊരു കരാര്‍ ഉണ്ടെന്ന് കൂടി ബോധ്യമില്ല എന്നതാണ് വസ്തുത.
കരാര്‍ കാലാവധി കഴിഞ്ഞാല്‍ തനിക്ക് അനുഗുണമായ മെച്ചപ്പെട്ട ജോലി തേടുന്നതിനോ സ്‌പോണ്‍സര്‍ഷിപ് മാറുന്നതിനോ തൊഴിലാളിക്ക് നിലവിലെ സ്‌പോണ്‍സറുടെ അനുവാദം ആവശ്യമില്ല എന്നതാണ് രണ്ടാമത്തെ ഗുണം.
തങ്ങളുടെ കഴിവിനും പ്രാപ്തിക്കും തൊഴില്‍ വൈദഗ്ധ്യമനുസരിച്ച് മെച്ചപ്പെട്ട അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇത് തൊഴിലാളികള്‍ക്ക് അവസരം കൊടുക്കുന്നു.
മാത്രമല്ല, സ്‌പോണ്‍സറുടെ ഭാഗത്ത് നിന്ന് കരാര്‍ ലംഘനങ്ങള്‍ ഉണ്ടായാലും തൊഴിലാളിക്ക് അവസരം ഉപയോഗപ്പെടുത്താനാകും.
കരാര്‍ കാലാവധി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകുന്നതിനോ, സ്‌പോണ്‍സറുടെ അവകാശങ്ങള്‍ ഹനിക്കാതെ കരാര്‍ കാലത്ത് നാട്ടില്‍ പോയി വരുന്നതിനോ തൊഴിലാളിക്ക് സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രധാന ഗുണം.
പുതിയ പരിഷ്‌കരണ പദ്ധതിയെ ആകെ വീക്ഷിക്കുമ്പോള്‍ ലഭ്യമാകുന്ന പ്രധാന മൂന്നു ഗുണങ്ങളാണ് മുകളില്‍ കുറിച്ചത്. സ്‌പോണ്‍സര്‍ഷിപ് സംവിധാനം തന്നെ ഇല്ലാതാകുന്നു എന്നതല്ല നാം ഇതില്‍ നിന്ന് മനസിലാക്കുന്നത്. മറിച്ച് ഇരുവര്‍ക്കുമിടയില്‍ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കി തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു എന്നതാണ്.

പ്രയോജനങ്ങള്‍
കരാര്‍ കലാവധി കഴിഞ്ഞാല്‍ തൊഴിലാളിക്ക് സമാനമായ മറ്റ് തൊഴില്‍ നേടാം എന്ന അവകാശം സമ്മതിക്കുന്നതോടെ തൊഴിലാളികളോട് ഹൃദ്യമായി പെരുമാറാനും അവര്‍ക്ക് മാന്യമായ വേതനം നല്‍കാനും തൊഴിലുടമകള്‍ തയാറാകും. അതേ സമയം തനിക്ക് ആവശ്യമുള്ള പരിഗണന കിട്ടുന്നതോടെ തന്റെ കര്‍തവ്യങ്ങള്‍ കൂടുതല്‍ കരുതലോടെ പൂര്‍ത്തീകരിക്കാന്‍ തൊഴിലാളിയും തയാറകും. പ്രത്യക്ഷത്തില്‍ ഇത് തൊഴില്‍ വിപണിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തും.
ഓരോ തൊഴിലാളിക്കും താന്‍ നേടുന്ന തൊഴില്‍ വൈദഗ്ധ്യമനുസരിച്ച് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ ലഭിക്കുന്ന ഉയര്‍ച്ചയും അവസരങ്ങളും തൊഴിലാളികള്‍ക്ക് മാനസികവും സാമൂഹ്യവുമായ ഉയര്‍ച്ച നല്‍കും.
നാട്ടില്‍ പോകുന്നതിന് സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ലാതെ വരുന്നതോടെ അനാവശ്യമായി നീണ്ടുപോകുന്ന ദീര്‍ഘകാല പ്രവാസങ്ങള്‍ ഇല്ലാതാകും. ഇത് തൊഴിലാളികളുടെ വലിയ തോതിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കും.
കേവലം രണ്ട് വര്‍ഷം എന്ന അര്‍ഥത്തില്‍ തൊഴിലാളികള്‍ക്ക് തങ്ങളുടെ പ്രവാസ കാലാവധി നിശ്ചയിക്കാന്‍ സാധിക്കും. നിര്‍ബന്ധിത രൂപത്തിലുള്ള ദീര്‍ഘ വാസങ്ങള്‍ ഒഴിവാക്കാനാകും. പ്രവാസ ലോകത്തെ സാമൂഹ്യ ജീവിതത്തിലും അതി ശക്തമായ മാറ്റങ്ങളാണ് ഈ പരിഷ്‌കരണങ്ങള്‍ മുന്നോട്ട് വെക്കുന്നത്. മൂന്നും നാലും പതിറ്റാണ്ട് കുടുംബത്തെ പിരിഞ്ഞുള്ള ദീര്‍ഘ പ്രവാസങ്ങള്‍ ഇതോടെ അവസാനിക്കും. കഴിവുള്ളവര്‍ അംഗീകരിക്കപ്പെടുകയും അവര്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ കൈവരികയും ചെയ്യും. പുതിയ പ്രതീക്ഷകള്‍ ഉയര്‍ത്തി സഊദിയില്‍ രൂപപ്പെടുന്ന തൊഴില്‍ സാധ്യതയിലേക്ക് നിശ്ചിത കാലാവധി മാത്രം പ്രവാസം തുടരുന്ന ഒരു തലമുറയാണ് ഇനിയുണ്ടാകാന്‍ പോകുന്നത്. ഇഖാമയില്‍ രേഖപ്പെടുത്തിയ ജോലികള്‍ മാത്രമേ ഇനി സാധ്യമാകൂ എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതിലൂടെ തങ്ങള്‍, നിശ്ചയിക്കപ്പെട്ട ജോലിയുടെ തുടര്‍ച്ചയിലൂടെ അതില്‍ വൈദഗ്ധ്യം നേടാന്‍ തൊഴിലാളികള്‍ക്ക് സാധിക്കും.
അപൂര്‍വമായെങ്കിലും സംഭവിക്കുന്ന കാലങ്ങളായി കൃത്യമായ ജോലിയോ ശമ്പളമോ നല്‍കാതെ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന ശ്രമങ്ങള്‍ക്ക് ഇതോടെ വിരാമമാകും. 2018 മുതലാണ് ഈ പരിഷ്‌കരണങ്ങളുടെ പ്രാഥമിക ഘട്ടത്തിന് മാനവ വിഭവശേഷി മന്ത്രാലയം തുടക്കമിട്ടത്. സഊദിയിലേക്ക് വരുന്ന എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കുകയും അത് ഡിജിറ്റലായി മാറുകയും ചെയ്തു. 2019ല്‍ ഇതുമായി ബന്ധപ്പെട്ട് തൊഴിലുടമയേയും തൊഴിലാളികളേയും ബോധവത്കരിക്കുന്ന ശ്രമങ്ങള്‍ മന്ത്രാലയം നടത്തി. നിയമപരമായി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള കരാറുകള്‍ ഒപ്പിട്ടാണ് എത്തുന്നത്. ഫ്രീ വിസക്കാര്‍ക്ക് വേണ്ടി പലപ്പോഴും അവരു പോലുമറിയാതെ റിക്രൂട്ട്‌മെന്റ്ഏജര്‍സികള്‍ തൊഴില്‍ കരാര്‍ ഒപ്പിട്ട് നല്‍കുകയാണ് പതിവ്. ഇതിന് വിരുദ്ധമായി ഇനിമുതല്‍ കൃത്യമായ തൊഴില്‍ കരാറിനെക്കുറിച്ച് ബോധ്യമുണ്ടാകും.
വര്‍ഷങ്ങളായി നാട്ടില്‍ വിടാതെയും, റീഎന്‍ട്രി ലഭിക്കാതെയുമുള്ള കേസുകള്‍ക്കും ഇത് പരിഹാരം നല്‍കും. വിദഗ്ധ തൊഴിലാളികള്‍ക്ക് അതിന് ആനുപാതികമായ വേതനം നല്‍കി കൂടെനിര്‍ത്താന്‍ കമ്പനികള്‍ തയാറാകുന്നത് തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തും. ചുരുക്കത്തില്‍ സ്വദേശിവത്കരണം ശക്തമാകുമ്പോഴും തൊഴിലാളികള്‍ക്ക് ഏറെ അനുഗുണവും പ്രതീക്ഷയും നല്‍കുന്ന പരിഷ്‌കരണമാണിതെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ സമ്മതിക്കുന്നു.

വ്യവസ്ഥകള്‍
പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമ പ്രകാരം കരാര്‍ കാലാവധിക്കിടെ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറണമെങ്കില്‍ നഷ്ടപരിഹാരം അടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടിവരും. കരാര്‍ കാലാവധി അവസാനിച്ചാല്‍ തൊഴില്‍ മാറ്റത്തിന് സ്‌പോണ്‍സറുെട അനുമതി ആവശ്യമില്ല. എന്നാല്‍ കാലാവധിക്കിടെ തൊഴില്‍ മാറണമെങ്കില്‍ മൂന്നു മാസത്തിന് മുമ്പുള്ള അറിയിപ്പും മറ്റ് നിബന്ധനകളും പാലിക്കല്‍ നിര്‍ബന്ധമാണ്. ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷത്തിന് ശേഷം മാത്രമേ ഇത്തരം നീക്കങ്ങള്‍ക്ക് അനുമതിയുള്ളൂ. ഇതിന് തൊഴില്‍ കരാര്‍ അനുശാസിക്കുന്ന നഷ്ടപരിഹാര വ്യവസ്ഥ പാലിക്കേണ്ടി വരും. രണ്ടാമത്തെ തൊഴില്‍ കരാര്‍ ആണെങ്കില്‍ തൊഴില്‍ മാറ്റത്തിന് ഒരു വര്‍ഷം കാത്തുനില്‍ക്കേണ്ടതില്ല. തൊഴിലുടമയുടേയും തൊഴിലാളിയുടേയും യോഗ്യതക്കനുസരിച്ചായിരിക്കും തൊഴില്‍ മാറ്റം അനുവദിക്കുക. മാനവവിഭവശേഷി, സാമൂഹ്യ വികസ മന്ത്രാലയത്തിന്റെ ‘ഖിവ’ പോര്‍ട്ടല്‍ വഴിയാണ് തൊഴിലാളികള്‍ തൊഴില്‍ മാറ്റത്തിന് അപേക്ഷിക്കേണ്ടത്. പിന്നീട് സമ്മത പത്രം നല്‍കുന്നതിനും അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും തൊഴിലാളികള്‍ക്ക് സന്ദേശമയക്കും.
റീഎന്‍ട്രി ലഭിക്കുന്നതിന് ‘അബ്ഷിര്‍’ വഴി തൊഴിലാളികള്‍ക്ക് അവസരമുണ്ടായിരിക്കും. അതേ സമയം തൊഴില്‍ കരാര്‍ കാലത്ത് തൊഴില്‍ അവസാനിപ്പിച്ച് പോകുന്നതിന് നഷ്ടപരിഹാര വ്യവസ്ഥകള്‍ പാലിച്ച് തൊഴിലാളികള്‍ക്ക് അവസരമുണ്ടാകും.
വീട്ടുകാവല്‍ക്കാരന്‍, ഹൗസ് ഡ്രൈവര്‍, വീട്ടുജോലിക്കാരന്‍, ഇടയന്‍, തോട്ടക്കാരന്‍ എന്നിങ്ങനെയുള്ള അഞ്ച് ഗാര്‍ഹിക തൊഴിലാളി തസ്തികകളെ സ്‌പോണ്‍സര്‍ഷിപ്പ് നിയമ പരിഷ്‌കരണ പരിധിയില്‍ ഉല്‍പെടുത്തിയിട്ടില്ല. അതേ സമയം ഗാര്‍ഹിക തൊഴില്‍ വിസകളില്‍ എത്തി മറ്റ് സംരംഭങ്ങളില്‍ ഏര്‍െപ്പടുന്നത് ഇതോടെ തടയാനാകും എന്നാണ് വിലയിരുത്തുന്നത്. നിയമാനുസൃതമല്ലാത്ത എല്ലാവിധ തൊഴില്‍ കണ്ടെത്തലുകളെയും നിയന്ത്രിക്കുയും വിപണിയിലുള്ള തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാധ്യത ഒരുക്കുകയുമാണ് ഇതില്‍ പ്രധാനം.
സ്വകാര്യ മേഖലയിലെ, മേല്‍ സൂചിപ്പിച്ച അഞ്ച് വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. കൂടാതെ കരാര്‍ പാലനത്തിന് തൊഴിലാളിയുടേയും തൊഴിലുടമയുടേയും അവകാശ സംരക്ഷണത്തിനുള്ള പ്രത്യേക നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരിഷ്‌കരണ നടപടികളില്‍ നിന്ന് ദശലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ സംരംഭം രാജ്യത്തിലെ തൊഴില്‍ അന്തരീക്ഷത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. വേതന സംരക്ഷണ സംവിധാനം, തൊഴില്‍ കരാറുകളുടെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍, തൊഴില്‍ വിദ്യാഭ്യാസം, ബോധവത്കരണം എന്നിവ സാധ്യമാക്കും. കൂടാതെ കരാര്‍ അവസാനിക്കുമ്പോള്‍ പ്രവാസി തൊഴിലാളികളെ തൊഴിലുടമകള്‍ക്കിടയില്‍ കൈമാറാന്‍ അനുവദിക്കുകയും ചെയ്യും.

പ്രതീക്ഷകള്‍
ആറുവര്‍ഷം കഴിഞ്ഞിട്ടും ഭര്‍ത്താവിനെ നാട്ടിലയക്കാതെ സ്‌പോണ്‍സര്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്ന സൗമ്യയുടെ കത്ത് ലഭിച്ചത് പത്തനംതിട്ടയിലെ ഗ്രാമത്തില്‍ നിന്നാണ്. ഇത് പ്രകാരം സൗമ്യയുടെ ഭര്‍ത്താവായ ദമ്മാമിലുള്ള ശ്യാമിനെ ബന്ധപ്പെട്ടപ്പോഴാണ് നിഷ്‌കളങ്കനായ ഒരാളുടെ ദയനീയാവസ്ഥ വ്യക്തമാകുന്നത്. നിലവിലെ നിയമപ്രകാരം സ്‌പോണ്‍സറോട് സംസാരിക്കണമെങ്കില്‍ എംബസ്സിയുടെ അനുമതി പത്രമെങ്കിലും വേണം. ശ്യാം കരയുകയായിരുന്നു. 6 മാസം പ്രായമായപ്പോള്‍ കണ്ടുവന്ന മകള്‍ ആര്യക്ക് അഞ്ച് വയസ് കഴിഞ്ഞിരിക്കുന്നു. ഗ്യാസ് വിതരണ കമ്പനിയിലെ ഡ്രൈവറായ ശ്യാം നാട്ടില്‍ പോകാന്‍ ആവശ്യപ്പെടുേമ്പാഴെല്ലാം സ്‌പോണ്‍സര്‍ ചില ഭീഷണികള്‍ മുഴക്കും. സാമ്പത്തിക ബാധ്യകള്‍ കാണിച്ച് കേസുകൊടുക്കുമെന്ന് പറയും. ശ്യാമിന് കരയാനല്ലാതെ മറ്റൊന്നിനും ആകുമായിരുന്നില്ല. ഇതിനിടയില്‍ എംബസ്സിയുെട ഇടപെടല്‍ പോലും വിജയിച്ചില്ല. ഇപ്പോള്‍ ശ്യാമിന് പ്രതീക്ഷയുണ്ട്. ഇത് ഒരു ശ്യാമിന്റെ മാത്രം ആത്മവിശ്വാസമല്ല. ഈ നിയമം ഇത്തരം ഒരുപാട് നിസഹായര്‍ക്ക് സ്വപ്‌നങ്ങള്‍ നല്‍കുന്നു.

Share this article

About സാജിദ് ആറാട്ടുപുഴ

sajidarattupuzha@gmail.com

View all posts by സാജിദ് ആറാട്ടുപുഴ →

Leave a Reply

Your email address will not be published. Required fields are marked *