ജാമിഅ മില്ലിയ ഇസ്‌ലാമിയ: ആത്മാഭിമാനത്തിന്റെ ജ്ഞാനപാരമ്പര്യം

Reading Time: 3 minutes

ഇന്ത്യയുടെ ദേശീയ സര്‍വകലാശാല എന്നറിയപ്പെടേണ്ട വിശ്വവിദ്യാലയമാണ് ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ. ഇരുനൂറ്റിയമ്പത് ഏക്കറില്‍ പരന്നുകിടക്കുന്ന മനോഹരമായ സര്‍വകലാശാലാ ക്യാംപസ് ഏഷ്യയില്‍ തന്നെ ഏറ്റവും മികച്ച അനവധി ഗവേഷണ പഠന കേന്ദ്രങ്ങളെ ഉള്‍ക്കൊള്ളുന്നു. ഒന്‍പത് ഫാക്കല്‍റ്റികളിയായി മുപ്പത്തിയൊമ്പത് ഡിപ്പാര്‍ട്‌മെന്റുകളും മുപ്പത്തിയൊന്ന് സെന്ററുകളുമുള്ള സര്‍വകലാശാലയില്‍ ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
സ്‌കൂള്‍ മുതല്‍ പി എച് ഡി വരെ നല്‍കുന്ന ജാമിഅ മില്ലിയയുടെ മാസ് കമ്യുണിക്കേഷന്‍, നിയമ പഠനം, സോഷ്യല്‍ വര്‍ക്ക്, ഇന്റര്‍ നാഷനല്‍ റിലേഷന്‍സ്, എം ബി എ, എന്‍ജിനിയറിങ്, ഡെന്റിസ്ട്രി, ജന്‍ഡര്‍ സ്റ്റഡീസ് തുടങ്ങിയ കോഴ്സുകള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചവയാണ്. നൂറുവര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് ഏറ്റവും ശ്രദ്ധേയമായ സര്‍വകലാശാലയായി ജാമിഅ മില്ലിയ മാറിയിരിക്കുന്നത് അക്കാദമിക മികവ് കൊണ്ടും സമരവീര്യമുള്ള വിദ്യാര്‍ഥിത്വം കൊണ്ടുമാണ്.
രണ്ടാം മോദി സര്‍ക്കാരിന്റെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും ക്രിയാത്മകവും സര്‍ഗാത്മകവുമായ സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത് ജാമിഅയുടെ മണ്ണിലായിരുന്നു. ഭരണഘടനാവിരുദ്ധവും ദേശത്തിന്റെ മൂല്യങ്ങള്‍ക്കെതിരുമായ വിഭജന നിയമത്തെ എതിര്‍ക്കേണ്ടത് ജാമിഅയിലെ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു നിയോഗം കൂടിയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധമായ ദേശീയ സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ ബൗദ്ധികമായ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു ജാമിഅ.
അലിഗഢിലായിരുന്നു തുടക്കം. സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ നടന്നുവന്ന അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ബ്രിട്ടീഷ് നയത്തോട് വിയോജിച്ച കോണ്‍ഗ്രസ് നേതാക്കളും അനുഭാവികളായ സാമൂഹിക പ്രവര്‍ത്തകരും ബുദ്ധിജീവികളുമാണ് ജാമിഅ മില്ലിയ എന്ന ബദല്‍ വിദ്യാഭ്യാസ മുന്നേറ്റത്തെ കുറിച്ചാലോചിച്ചത്. ബ്രിട്ടീഷുകാരുടെ ഗ്രാന്റുകള്‍ പരമാവധി സംഘടിപ്പിച്ച് മുസ്‌ലിം വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഒന്നിത്യം ലക്ഷ്യം വെച്ചയാളായിരുന്നു സര്‍ സയ്യിദ്. അലിഗഢിനെ കിഴക്കിന്റെ ഓക്‌സ്‌ഫോര്‍ഡ് ആക്കുകയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. മുസ്‌ലിംകള്‍ക്കിടയില്‍ പ്രമാണിമാരും ധനികരുമായ വലിയൊരു വിഭാഗത്തിന്റെ നിരവധി തലമുറകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാക്കി കൊടുക്കാനും അതിനുള്ള അവസരങ്ങളൊരുക്കാനും അലിഗഢിന് കഴിഞ്ഞിരുന്നു.
അപ്പോഴും അടിസ്ഥാന വിഭാഗങ്ങള്‍ക്ക് അത്രകണ്ട് എളുപ്പമായിരുന്നില്ല അലിഗഢ്. മാത്രവുമല്ല ബ്രിട്ടീഷ് ആഢ്യത്വം അലിഗഡിന്റെ അക്കാദമിക-സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ നിഴലിച്ചു. ദേശീയ പ്രസ്ഥാനത്തിന് പിന്തുണ നല്‍കുന്ന ഒരു വലിയ വിഭാഗം അലിഗഢില്‍ നിന്നുണ്ടാകില്ലെന്ന ആശങ്ക സാമ്രാജ്യത്വ വിരുദ്ധ നേതാക്കള്‍ക്കുണ്ടായിരുന്നു. ആ അഭിപ്രായ ഭിന്നത അലിഗഢ് മുന്നേറ്റത്തിന് ഒരു ബദല്‍ സൃഷ്ടിക്കുന്നതില്‍ കലാശിച്ചു. അലിഗഢില്‍ 1920ല്‍ അങ്ങനെ ജാമിഅ മില്ലിയ പിറവിയെടുത്തു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും നിസഹകരണ പ്രസ്ഥാനത്തിന്റെയും പ്രധാന അജണ്ടകളിലൊന്നായി ജാമിഅ വളരാനും ആരംഭിച്ചു. അന്ന് അലിഗഢില്‍ നിന്നിറങ്ങി ജാമിഅയിലേക്ക് വന്നവരില്‍ കേരളത്തിന്റെ വീരപുത്രന്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഉണ്ടായിരുന്നത്രെ. ധനികരായ മുസ്‌ലിംകളെ പോലെ പാവപ്പെട്ട മുസ്‌ലിംകള്‍ക്കും ജാമിഅ ഒരുപോലെ അവസരങ്ങള്‍ തുറന്നു. അലിഗഢിനേക്കാള്‍ വിശാലമായി തന്നെ ജാമിഅ ബഹുസ്വര സംസ്‌കാരത്തിനും നിലമൊരുക്കി. ദേശീയ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം നല്‍കാന്‍ പോന്ന വിദ്യാസമ്പന്നരായ ഒരു പറ്റം വിദ്യാര്‍ഥികളെ ജാമിഅ പ്രദാനം ചെയ്തുപോന്നു. ജാമിഅയുടെ സാരഥികളായിരുന്ന പലരും നാഷനല്‍ കോണ്‍ഗ്രസിന്റെയോ സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെയോ തലവന്മാരുമായി.
മഹാത്മാ ഗാന്ധിയും അലി സഹോദരന്മാരും മുഖ്താര്‍ അഹ്മദ് അന്‍സാരിയും ഡോ സാകിര്‍ ഹുസൈനും ജവഹര്‍ലാല്‍ നെഹ്റുവും അബുല്‍ കലാം ആസാദും ജാമിഅക്ക് തുണയും പിന്തുണയുമായി നിന്നു. ദേശത്തിന്റെ മതസാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പാരമ്പര്യം കൂടിയാണ് ജാമിഅയുടേത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിലും വിഭജന കാലത്തും മത മൈത്രിയുടെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജാമിഅക്ക് കഴിഞ്ഞു.
സാമ്പത്തികമായി പ്രതിസന്ധി നേരിട്ട കാലത്ത് ജാമിഅയുടെ സാരഥികള്‍ ഇനിയതെങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിനെ കുറിച്ചാലോചിച്ച് ആശങ്കപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ അരികില്‍ പരാതി ബോധിപ്പിക്കപ്പെട്ടു. ജാമിഅ അടച്ചുപൂട്ടേണ്ടി വരുമെന്നായി. സാമ്പത്തികമായി പിന്തുണ ലഭിച്ചില്ലെങ്കില്‍ ഇത് മുന്നോട്ട് പോകില്ലെന്ന് ഗാന്ധിയെ അവര്‍ അറിയിച്ചു. ജാമിഅ മില്ലിയ ഇസ്‌ലാമിയ എന്ന പേരായിരിക്കുമോ സംഭാവനകള്‍ കുറയാനുള്ള കാരണമെന്ന് ആരോ ഗാന്ധിയോട് അടക്കം പറഞ്ഞു. പേര് മാറ്റുന്നതിനെ പറ്റി സംസാരിക്കുകയാണ് അയാള്‍. അന്നേരം ഗാന്ധി പറഞ്ഞു: ‘ഞാനെന്റെ പിഞ്ഞാണമെടുത്ത് ഭിക്ഷ യാചിച്ചിട്ടാണെങ്കിലും ജാമിഅക്കുള്ള പണം കണ്ടെത്തും. എന്നാല്‍ ഈ പേര് മാറ്റാനാണ് ഉദ്ദേശ്യമെങ്കില്‍ പിന്നെ എനിക്കിതുമായി യാതൊരു ബന്ധവും കാണില്ല.’ ഗാന്ധിയുടെയും നെഹ്റുവിന്റെയും ആസാദിന്റെയുമെല്ലാം ആശിര്‍വാദം ജാമിഅയുടെ പാരമ്പര്യത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു.
അതിനാലാണ് ചരിത്രത്തിലിത്രയും കാലം അഹിംസയുടെയും സഹിഷ്ണുതയുടെയും വഴികളിലൂടെ ജാമിഅയിലെ വിദ്യാര്‍ഥികള്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ആരംഭിച്ചത് ജാമിഅയില്‍ നിന്നാണെന്നോ ദേശവ്യാപകമായ സമരങ്ങള്‍ക്ക് ജാമിഅ നേതൃത്വം നല്‍കിയെന്നോ പറയാനില്ല. പക്ഷേ, ലോക ശ്രദ്ധ പിടിച്ചുപറ്റാന്‍ ജാമിഅയിലെ സമരങ്ങളും സംഭവവികാസങ്ങളും കാരണമായിട്ടുണ്ട്. അതിന് ജാമിഅ നല്‍കേണ്ടി വന്ന വിലയാകട്ടെ വളരെ വലുതുമായിരുന്നു. 2019 ഡിസംബര്‍ 15ന്റെ രാത്രി ഒരിക്കലും ഉണങ്ങാത്ത കുറെ മുറിവുകള്‍ ജാമിഅക്ക് നല്‍കി. ഡല്‍ഹി പോലീസിന്റെ കിരാതവാഴ്ച ജാമിഅയിലെ ഓരോ പുല്‍ത്തകിടിനും നല്‍കിയത് നീറുന്ന ഓര്‍മകളാണ്.
ഇന്ത്യയില്‍ മോദിയുടെ അക്രമ ഭരണത്തിനെതിരെ ഏറ്റവും ശക്തമായ വിയോജിപ്പുകള്‍ ഉയര്‍ന്നുവന്നത് ക്യാംപസുകളിലായിരുന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഹൈദരാബാദ് സര്‍വകലാശാലയും പിന്നീട് ജെഎന്‍യുവും ഇപ്പോള്‍ ജാമിഅയും അലിഗഢും. സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളാവട്ടെ ജാമിഅയും അലിഗഢും കടന്ന് ദേശവ്യാപകമായി ക്യാംപസുകളിലേക്ക് പടര്‍ന്നു. ജാമിഅയുടെ ചരിത്രവും പാരമ്പര്യവും മറക്കാതിരിക്കുന്നിടത്തോളം ജാമിഅക്ക് വലിയ പ്രസക്തിയുണ്ട്.
എന്നാല്‍ സര്‍വകലാശാലകളെ മുഴുവന്‍ കൊന്നൊടുക്കാനിറങ്ങിത്തിരിച്ച പോലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍. ഗവേഷകര്‍ക്കുള്ള ഫെലോഷിപ്പുകള്‍ നല്‍കുന്നതിനുള്ള അലംഭാവം മുതല്‍ സര്‍വകലാശാലകള്‍ക്കുള്ള ഗ്രാന്റുകളില്‍ വരെ ഗണ്യമായ കുറവാണ് ഓരോ വര്‍ഷവുമുള്ളത്. ഇതില്‍ മുസ്‌ലിം സര്‍വകലാശാലകള്‍ എന്നറിയപ്പെടുന്ന കേന്ദ്ര സര്‍വകലാശാലകളുടെ കാര്യം അങ്ങേയറ്റം കഷ്ടമാണ്. സര്‍വകലാശാലകളുടെ നടത്തിപ്പിനുള്ള ഫണ്ട് പോലും നേരാംവണ്ണം അനുവദിച്ചുകൊടുക്കുന്നില്ലെന്ന പരാതിയുണ്ട്. കണക്കുകള്‍ നോക്കുമ്പോള്‍ ജാമിയ ഒഴികെയുള്ള മുസ്‌ലിം സര്‍വകലാശാലകള്‍ എന്നറിയപ്പെടുന്ന കേന്ദ്ര സര്‍വകലാശാലകള്‍ക്ക് കേന്ദ്രം കൊടുക്കുന്ന ഗ്രാന്റില്‍ ഓരോ വര്‍ഷവും വലിയ കുറവ് കാണാം. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഒരു ന്യൂനപക്ഷ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട ഈ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാരുകള്‍ പിന്തുണ നല്‍കുന്നില്ലെങ്കില്‍ അത് കടുത്ത അനീതിയല്ലാതെ മറ്റെന്താണ്?
ഇന്ത്യയില്‍ മുസ്‌ലിം വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ നിലയും നിലവാരവും എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. സച്ചാര്‍ റിപ്പോര്‍ട്ട് പ്രകാരം പ്രാഥമിക വിദ്യാഭ്യാസം തന്നെ പരിതാപകരമാണ്. ഈ സാഹചര്യത്തില്‍ സര്‍വകലാശാലകള്‍ക്ക് വേണ്ടത് സാമൂഹിക നീതിയുടെ കണ്ണിലൂടെയുള്ള പിന്തുണയാണ്. രാജ്യത്ത് ന്യൂനപക്ഷ പ്രധാന്യമുള്ള സര്‍വകലാശാലകള്‍ ഇനിയും വരേണ്ടതുണ്ട്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ആകെ സ്ഥാപിക്കപ്പെട്ടത് ഡല്‍ഹിയിലെ ജാമിഅ ഹംദര്‍ദ് മാത്രമാണ്. അലിഗഢിന്റെ ന്യൂനപക്ഷ പദവി ഇതിനകം എടുത്തുകളഞ്ഞു. യുപിഎ സര്‍ക്കാര്‍ ആ പദവി പുനഃസ്ഥാപിച്ചിരുന്നെങ്കിലും മോദി സര്‍ക്കാരിന്റെ കാലത്ത് അത് വീണ്ടും റദ്ദ് ചെയ്യപ്പെട്ടു. ജാമിഅയുടെ ന്യൂനപക്ഷ പദവി ഒഴിവാക്കണമെന്നും ആവശ്യങ്ങളുണ്ടായിരുന്നു. അന്ന് പാര്‍ലമെന്റില്‍ വാജ്പേയി വരെ ജാമിഅക്ക് വേണ്ടി ശബ്ദമുയര്‍ത്തി. പാര്‍ലമെന്റ് ആക്ട് പ്രകാരം കേന്ദ്ര സര്‍വകലാശാലയായി മാറുന്ന സര്‍വകലാശാലകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വിധിയായിരുന്നു വിഷയം. ജാമിഅയെ കേന്ദ്ര സര്‍വകലാശാലയായി ഉയര്‍ത്താനുള്ള രാജീവ് ഗാന്ധി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത വാജ്പേയി ഒരു കാര്യം കൂടി തറപ്പിച്ചു പറഞ്ഞു, ജാമിഅയുടെ ചരിത്രം ആവശ്യപ്പെടുന്നതുപോലെ അതിന്റെ ന്യൂനപക്ഷ പദവി തുടരണം. അലിഗഢിന്റെ വിധി അങ്ങനെ ജാമിഅക്ക് ഉണ്ടായില്ല.
ഇന്ന് ജാമിഅ രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സര്‍വകലാശാലയാണ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ 2020ലെ പട്ടികയിലാണ് ജാമിഅ ഒന്നാമതെത്തിയത്. സമരവും പഠനവും മേളിക്കുന്ന ലക്ഷണമൊത്ത ഒരു സര്‍വകലാശാലയായി ജാമിഅ ഉയര്‍ന്നു നില്‍ക്കുമ്പോഴും പ്രതിസന്ധികളേറെയുണ്ട് മുന്നില്‍. വര്‍ഷാവര്‍ഷം ജാമിഅയുടെ ഫീസ് വര്‍ധനവ് ജാമിഅയുടെ സ്ഥാപിത താല്പര്യങ്ങളെ അട്ടിമറിക്കുന്നതാണെന്ന വസ്തുതയാണ് അതില്‍ പ്രധാനം. സര്‍ക്കാരാണ് ഇതിന് പരിഹാരം കാണേണ്ടത്. വിദ്യഭ്യാസരംഗം ഗൗരവമുള്ള ഒരു വിഷയമായി കാണാത്ത ഈ സര്‍ക്കാരില്‍ നിന്ന് അങ്ങനെയൊരു പ്രതീക്ഷയുമില്ല. ധിഷണാശാലികളായ നേതൃത്വം ജാമിഅയെ നയിക്കുകയാണ് മറ്റൊരു പോംവഴി. എന്നാല്‍ അക്കാര്യവും കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചല്ലേ വരൂ.
രാജ്യത്തിന്റെ ജ്ഞാനപരമ്പര്യത്തില്‍ തന്നെ ഏറ്റവും ഉജ്വലമായ ഒരധ്യായമെന്ന നിലക്ക് ജാമിഅ ഓര്‍മിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. സ്വാതത്ര്യസമര കാലത്തെ ബഹുസ്വര സങ്കല്‍പങ്ങളുടെയും മതനിരപേക്ഷതയുടെയും സ്മാരകം കൂടിയാണ് ജാമിഅ എന്ന്, വരുന്ന തലമുറകളും ഓര്‍ക്കണം. ഒരു വലിയ വിഭാഗം ജനങ്ങളുടെ പ്രതീക്ഷയായി ജാമിഅ ഇനിയുമുയരെ ചെല്ലണം. ജാമിഅയുടെ തരാനയില്‍ (മേൃമിമ) പറയുന്നു: ‘എന്റെ സ്വപ്‌നങ്ങളുടെ ഗേഹവും പ്രതീക്ഷകളുടെ നഗരവുമാണ് ജാമിഅ’.

Share this article

About എന്‍ എസ് അബ്ദുല്‍ ഹമീദ്

nsabdulhameed@gmail.com

View all posts by എന്‍ എസ് അബ്ദുല്‍ ഹമീദ് →

Leave a Reply

Your email address will not be published. Required fields are marked *