ജിഹാദിന്റെ അര്‍ഥവും അനര്‍ഥവും

Reading Time: 3 minutes

പരമ്പരാഗത ഗ്രന്ഥങ്ങളെ മുന്‍നിര്‍ത്തി, ജിഹാദുമായി ബന്ധപ്പെട്ട് പുതിയ കാലത്ത് ഉയര്‍ന്നു വന്ന സമസ്യകള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുന്ന കൃതിയാണ് ശൈഖ് ഡോ. മുഹമ്മദ് സഈദ് റമളാന്‍ അല്‍ ബൂത്വിയുടെ അല്‍ ജിഹാദു ഫില്‍ ഇസ്ലാം. ഈ ഗ്രന്ഥത്തില്‍ ജിഹാദിന്റെ അര്‍ഥവും ലക്ഷ്യവും വിവരിക്കുന്ന ആദ്യഭാഗത്തെ അധികരിച്ചാണ് ഈ എഴുത്ത് മുന്നേറുന്നത്. ഇസ്ലാമിക രാഷ്ട്രത്തിന്റെ നിയമ വ്യവസ്ഥകളെ കൃത്യമായി അപഗ്രഥിച്ച ഈ കൃതി പണ്ഡിത ലോകത്ത് കൂടുതല്‍ ചര്‍ച്ചക്ക് വിധേയമായ കൃതിയാണ്.
ജിഹാദ് എന്ന പദം വ്യപകാര്‍ഥം കുറിക്കുന്നതാണ്. അതിന് കാതലായ ഒരുപാട് ഇനങ്ങളുണ്ട്. എന്നാല്‍ സമകാലീനര്‍ ജിഹാദിനെ കേവലം യുദ്ധത്തില്‍ മാത്രമായി വ്യാഖ്യാനിക്കുന്നു. അത് പൂര്‍ണമായും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്. ഈയൊരര്‍ഥ കല്‍പനയുടെ ഭാഗമായി പലരും ധരിച്ചത് ജിഹാദ് എന്നത് മതകീയ നിയമമായി അവതരിക്കുന്നത് മദീനയിലാണെന്നാണ്. ഈ ധാരണ തിരുത്തപ്പെടേണ്ടതുണ്ട്.
മദീനയില്‍ ജിഹാദിനെ പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ അവതരിച്ചത് പോലെ മക്കയിലും അത്തരം സൂക്തം അവതരിച്ചിട്ടുണ്ട്. ഏറ്റവും വലിയ ജിഹാദ് ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് പ്രവാചകര്‍ തിരുമേനി നിര്‍വഹിച്ച ജിഹാദാണ്. അത് ക്ഷമയാണ്. ജിഹാദ് മൂന്ന് തരത്തിലാണ്. ഒന്ന് ഹൃദയത്തിലൂന്നിയ ജിഹാദ്. രണ്ട് നാവ് മുഖേന. അഥവാ, സംസാരം മുഖേനയുള്ള ജിഹാദ്. മൂന്ന് യുദ്ധം മുഖേനയുള്ള ജിഹാദ്.
മക്കയില്‍ തിരുനബി ജിഹാദ് നിര്‍വഹിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് സൂറത്തുല്‍ ഫുര്‍ഖാനിലൂടെയാണ്. (ഈ സൂറത്ത് പൂര്‍ണമായും അവതരിച്ചത് മക്കയിലാണ്). ‘നിങ്ങള്‍ കാഫിറുകളെ അനുസരിക്കരുത്. അവരോട് ശക്തമായ ജിഹാദ് നിര്‍വഹിക്കുക.’ ഇതേ പ്രകാരം സൂറത്തുന്നഹ്ലിലെ പതിനൊന്നാമത്തെ സൂക്തവും ക്ഷമയിലൂന്നിയ ജിഹാദ് നിര്‍വഹിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സൂറത്ത് മക്കയിലാണെന്നാണ് കൂടുതല്‍ തഫ്സീര്‍ പണ്ഡിതന്മാരും പറയുന്നത്. അവരില്‍ പ്രധാനികളാണ് ഇബ്നു സുബൈര്‍, ഹസനുല്‍ ബസ്വരി, ഇക്രിമ, അത്വാഅ്, ജാബിര്‍(റ) എന്നിവര്‍. (ഇബ്നു അബ്ബാസ് എന്നവരുടെ അഭിപ്രായത്തില്‍ ഈ സൂറത്തിലെ 95,96,97 എന്നീ സൂക്തങ്ങള്‍ മക്കയിലല്ല.) ഇവിടെ ജിഹാദിനെ പറ്റി പരാമര്‍ശിച്ചത് മക്കിയ്യ് സൂക്തത്തിലാണ്. ഈ സൂക്തത്തില്‍ പരാമര്‍ശിച്ച ഹിജ്‌റയുടെ താത്പര്യം ഹബ്സീനിയയിലേക്ക് പോയ ഹിജ്റയെപ്പറ്റിയാണ്.ഈ സൂക്തങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ വ്യക്തമായി ഏറ്റവും മുഖ്യമായ പ്രാമുഖ്യം നല്‍കേണ്ട ജിഹാദ് ഇസ്ലാമിന്റെ പ്രാരംഭ ഘട്ടത്തില്‍ തിരുമേനിയും സ്വഹാബത്തും നിര്‍വഹിച്ച ജിഹാദാണ്. അത് മക്കാ മുശ്‌രിക്കുകളോടുള്ള സംവേദനമാണ്. അവരെ സത്യപാതയിലേക്ക് ക്ഷണിക്കലാണ്. അവരുടെ പിതാക്കന്മാര്‍ ഭജനമിരുന്ന മതകീയ വിശ്വാസങ്ങള്‍ നിരര്‍ഥകമെന്ന് കാണിക്കുന്ന ഏറ്റവും വിശിഷ്ടമായ ഒരു പ്രബോധന ദൗത്യമാണ് തിരുമേനിയുടെ മക്കയിലെ ജിഹാദ്. ആകയാല്‍ സത്യവചനമാണ് ഏറ്റവും കാതലായ ജിഹാദിന്റെ ഇനം. ഈ ജിഹാദിനെപ്പറ്റി അല്ലാഹു വിശേഷിപ്പിച്ചത് ജിഹാദുല്‍ കബീറ എന്നാണ്. അഥവാ അവരോട് ഖുര്‍ആന്‍ കൊണ്ടും ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ബൗദ്ധിക പ്രമാണം കൊണ്ടും ജിഹാദ് നിര്‍വഹിക്കുക എന്നാണത്രെ ഇതിന്നര്‍ഥം.
ഈ ഖുര്‍ആനിക പ്രമാണത്തിന് ബലമേകുന്ന തിരുവചനം കാണാം. അക്രമകാരിയായ രാജാവിങ്കല്‍ സത്യസന്ധമായ വാക്കുച്ചരിക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്. മറ്റൊരു ഹദീസില്‍ കാണാം. അല്ലാഹുവിന്റെ വിഷയത്തില്‍ സ്വന്തം ദേഹേഛയോടു നടത്തുന്ന ജിഹാദാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്. സ്വഹാബി ഈ ചോദ്യമുന്നയിച്ചത് മദീനയിലായിരിക്കുമ്പോഴാണ് (ഏതാണ് ശ്രേഷ്ഠമായ ജിഹാദ്?) സത്യം തുറന്നു പറയുക, ക്ഷമ കൈകൊണ്ട് ജീവിക്കുക, ദേഹേഛയോട് സമരം ചെയ്യുക എന്ന ജിഹാദിനെ പോഷകാഹരത്തോടും, യുദ്ധം മുഖേനയുള്ള ജിഹാദിനെ മരുന്നിനോടും ഉപമിക്കാം. കാരണം, രോഗം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഔഷധം അനിവാര്യമായിത്തീരുന്നത്. അപ്രകാരമാണ് യുദ്ധ ജിഹാദും. എന്നാല്‍ സമകാലീനര്‍ക്കിടയില്‍ ജിഹാദ് എന്ന് പറയുമ്പോള്‍ അവര്‍ മനസിലാക്കുന്നത് അതൊരു യുദ്ധതന്ത്രമാണെന്നാണ്. യുദ്ധത്തിലധിഷ്ഠിതമായ ജിഹാദുണ്ട്. ഒരുപാട് നിബന്ധനകള്‍ മേളിക്കുമ്പോഴുണ്ടാകുന്ന ജിഹാദാണ് ജിഹുദുല്‍ ഖിതാല്‍. ഹദീസില്‍ വളരെ വ്യകത്മായി പറഞ്ഞതാണ്. സത്യം തുറന്നു പറയുക എന്നതാണ് ശ്രേഷ്ഠമായ ജിഹാദ് എന്ന് പറഞ്ഞിട്ടും, ഒരു പ്രാമാണികമായ തെളിവില്ലാതെയാണ് പലരും യുദ്ധത്തിലധിഷ്ഠതമായ ജിഹാദിനെ വ്യാപകമായി തെറ്റായി ഉപയോഗിക്കുന്നത്. മക്കയില്‍ യുദ്ധപരമായൊരു ജിഹാദ് നടന്നിട്ടില്ല. ഉമര്‍(റ) ഹിജ്റ പോകുമ്പോള്‍ വാളുയര്‍ത്തിപ്പിടിച്ചതിനെ ജിഹാദിന്റെ ഭാഗമായി എണ്ണാവുന്നതല്ല. അത് സിയാലിന്റെ ഭാഗമാണ്. അഥവാ ആത്മരക്ഷക്ക് വേണ്ട പോരാട്ടം. തിരുമേനി മദീനയിലെത്തിയപ്പോള്‍ ജിഹാദിന്റെ ഈ രൂപം നിലനിന്നിരുന്നു. അഥവാ ജിഹാദിന്റെ കാതലായ ഇനങ്ങള്‍ തിരുമേനിയുടെ മദീനാ ജീവിതത്തില്‍ മാറ്റം വരാതെ തുടര്‍ന്നു. തിരുമേനിയുടെ മദീനാജീവിതത്തില്‍ ഇസ്ലാമിക സാമൂഹിക അന്തരീക്ഷം ഉണ്ടായിത്തീരുന്നു. മാത്രമല്ല, മുസ്ലിംകളുടെ നിലനില്‍പ്പ് തന്നെ സാധ്യമായ ഒരു വ്യവസ്ഥ മദീനയില്‍ സ്ഥാപിതമായി. അത് സംരക്ഷിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്.

  1. ഇസ്‌ലാമിക സാമൂഹിക
    വ്യവസ്ഥയുടെ രൂപീകരണം
    മുഹാജിറുകള്‍, അന്‍സ്വാറുകള്‍, മുസ്ലിംകളോട് സമാധാനത്തോടെ വസിക്കാമെന്ന് വാഗ്ദത്തം പുലര്‍ത്തിയ ജൂതന്മാര്‍ എന്നിവര്‍ ചേര്‍ന്ന ഒരൊറ്റ സമൂഹമാണ് മദീനാ റിപബ്ലിക്കിലെ ജനത. അവര്‍ക്കിടയില്‍ വ്യവസ്ഥാപിതമായി ഒരു ഭരണഘടന ഉണ്ടായിരുന്നു. അത് പരിരക്ഷിക്കല്‍ ഇവരുടെ എല്ലാവരുടെയും ബാധ്യതയാണ്. ഹിജ്റക്ക് ശേഷം സംജാതമായൊരു സാമുഹിക അന്തരീക്ഷമാണിത്.
  2. ഇസ്‌ലാമിക
    രാഷ്ട്രത്തിന്റെ ഉദ്ഭവം
    ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ എല്ലാ മൂല്യങ്ങള്‍ക്കും മതകീയ നിയമങ്ങള്‍ക്കും പരിഗണന നല്‍കുന്ന വിശിഷ്ടമായൊരു രാഷ്ട്രം സ്ഥാപിതമായി. ഇതോടെ ഈ രാഷ്ട്രത്തിന്റെ സുഖകരമായ നലനില്‍പ്പിനും ചെറുത്തുനില്‍പ്പിനും ആവശ്യമായ (മക്കയിലെ അവസ്ഥക്ക് വിഭിന്നമായ) ഒരു ജിഹാദ് തിരുമേനിയുടെ സൈനികനേതൃത്വത്തില്‍ രൂപകീരിക്കപ്പെട്ടു. പരാമര്‍ശിക്കുന്ന കാര്യങ്ങളുടെ പരിരക്ഷക്ക് വേണ്ടിയാണ് ഈ ജിഹാദ് നിര്‍ബന്ധമായിത്തീരുന്നത്.
    എ. പുതുതായി രൂപീകരിക്കപ്പെട്ട ഇസ്ലാമിക ഭൂമികയുടെ പരിരക്ഷക്ക് വേണ്ടി.
    ബി. രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന വിധത്തില്‍ യുദ്ധതന്ത്രമവുമായി വരുന്നവരെ പ്രതിരോധിക്കുക.
    സി. ഈ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ വിഘാതമായി വര്‍ത്തിക്കുന്നവരോടും യുദ്ധം ചെയ്യുക. ഇതോടെ സാധ്യമായത് നിലനില്‍പ്പിനായുള്ള യുദ്ധത്തിന്റെ അനുവാദമാണ്. ഹിജ്റക്ക് ശേഷമുള്ള പ്രബോധനം മൂല്യങ്ങളെ പരിരക്ഷിക്കുന്ന ഒരു രാഷ്ട്രത്തിന്റെ നിലനില്‍പ്പിന്നാധാരമായിട്ടാണ്. മാനുഷിക വിമോചനം സാധ്യമാക്കുന്ന ഏറ്റവും ബൃഹത്തായ ജീവിത രേഖയിലൂന്നിയ ഭരണഘടനയിലൂടെയാണ് ഈ രാഷ്ട്രം നിലനില്‍ക്കുന്നത്.
    ഡി. അറേബ്യയിലെ വിഗ്രഹാരാധകരോട് യുദ്ധം ചെയ്യുക.
    ബുദ്ധിപരമായോ ചിന്താപരമായോ നിലനില്‍പ്പില്ലാത്ത നികൃഷ്ടമായ ആചാരങ്ങള്‍ വെച്ച് പുലര്‍ത്തി വിശിഷ്ടമായൊരു രാജ്യത്തിനകത്ത് നികൃഷ്ടതക്ക് പ്രാമുഖ്യം കല്‍പ്പിക്കുന്നവരോട് നടത്തുന്ന യുദ്ധം. ഈ അര്‍ഥത്തിലാണ് സത്യവിശ്വാസം വെച്ച് പുലര്‍ത്തുന്നവരെ ഞാന്‍ യുദ്ധം ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ഹദീസില്‍ വ്യക്തമാക്കുന്നത്.
    ഈ അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് യുദ്ധപരമായ ജിഹാദ് അനുവദനീയമായിത്തീരുന്നത്. എന്നാല്‍ സമകാലീന സാഹചര്യത്തില്‍ ജിഹാദ് വാക്കുകള്‍ കൊണ്ട് മാത്രമാണ്. യുദ്ധം കൊണ്ട് നിര്‍വഹിക്കേണ്ട ജിഹാദിനുള്ള അവസ്ഥയല്ല നിലവിലുള്ളത്. മക്കയില്‍ മുസ്ലിംകള്‍ക്ക് ആള്‍ബലമോ ആയുധബലമോ ഇല്ലാത്തതിനാലാണ് യുദ്ധം മുഖേനയുള്ള ജിഹാദ് തിരുമേനി നിര്‍വഹിക്കാത്തത്. എന്നാല്‍ മദീനയിലെത്തിയപ്പോള്‍ അംഗബലവും ആയുധബലവും സുശക്തമായതിനാല്‍ യുദ്ധത്തിലേര്‍പ്പെട്ടു എന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇതിന് പ്രാമാണികമായ ഒരു പിന്തുണയുമില്ല. ചില വ്യക്തികളുടെ മസ്തിഷ്‌കത്തില്‍ നിന്ന് ഉദയം ചെയ്ത് പ്രചാരം നേടിയ നിരര്‍ഥകമായൊരു വാദമാണിത്. മക്കയില്‍ യുദ്ധം മുഖേന നിര്‍വഹിക്കേണ്ട ജിഹാദിന് അനിവാര്യമായ ഒരു സാഹചര്യവുമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. മക്കയില്‍ ഇസ്ലാമിക രാഷ്ട്രമോ, വ്യവസ്ഥാപിതമായ ഭരണഘടനയോ ഉണ്ടായിരുന്നില്ല.
    മനുഷ്യന്‍ സ്വതന്ത്രനാണ്. ഈ സ്വാതന്ത്ര്യമെന്ന അടിസ്ഥാന സവിശേഷത നില്‍ക്കുമ്പോഴാണ് തക്‌ലീഫ് എന്ന ദൈവീക കല്‍പന ഉണ്ടായിത്തീരുന്നത്. ഇതിന് ചില നിബന്ധനകളുണ്ട്.
  3. ദൈവീക കല്‍പന അറിഞ്ഞിരിക്കല്‍.
  4. കല്‍പന നിവര്‍ത്തിക്കാന്‍ പ്രാപ്തമായ അവസ്ഥയുണ്ടാവുക.
  5. നിര്‍വഹിക്കാനും നിര്‍വഹിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടാവുക.
    ഈ നിബന്ധനകള്‍ മേളിക്കുമ്പോള്‍ മാത്രമേ ദൈവീക അഭിസംബോധന (ഖിതാബ്) ഉണ്ടായിത്തീരൂ. പ്രവാചകന്മാര്‍ മുഖേനയാണത്. ദൈവീക കല്‍പ്പനകളെ മനസിലാക്കാന്‍ സാധിക്കാത്ത സമൂഹത്തിനും ജന്മനാകേള്‍വി ഇല്ലാത്തവനും തനിക്ക് സ്വതന്ത്രമായി തടയാനോ ചെയ്യാനോ പറ്റാത്തതിലും തക്ലീഫില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയത് ഈ നിബന്ധനകള്‍ മേളിക്കാത്തതു കൊണ്ടാണ്.
    എന്നാല്‍ യുദ്ധത്തിലൂടെ ഇസ്ലാം അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് വിരുദ്ധമായ ഒന്നാണ്. ഈ കാര്യം സുവ്യക്തമായി മതകീയ പ്രമാണങ്ങള്‍ പറഞ്ഞ് തരുന്നുണ്ട്. ആകയാല്‍ യുദ്ധത്തിലതിഷ്ഠിതമായ ജിഹാദിന്റെ അര്‍ഥം പ്രബോധനമല്ല, പ്രബോധനം സാധ്യമാകുന്നത് സംബോധനത്തിലൂടെയാണ്. യുദ്ധം മുഖേനെ അടിച്ചേല്‍പ്പിക്കുന്നതിന് പ്രബോധനത്തിന്റെ നിറപ്പകിട്ട് നല്‍കി ന്യായീകരിക്കുന്നത് ഇസ്ലാമികമല്ല.
    ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണ പരത്തുന്ന ഹദീസാണ് ‘ഉമിര്‍ത്തു അന്‍ ഉഖാത്തിലന്നാസ ഹത്താ യശ്ഹദ അന്‍ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നത്. ജനങ്ങള്‍ സത്യപ്രതിജ്ഞ നിര്‍വഹിക്കുന്നത് വരെ അവരോട് യുദ്ധം ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടു എന്നാണ് ഈ ഹദീസിന്റെ സാരം. ആകെയാല്‍ യുദ്ധത്തിലൂന്നിയ ജിഹാദ് അനിവാര്യമെന്നും പലരും മനസിലാക്കി. എന്നാല്‍ ഈ ഹദീസില്‍ പ്രയോഗിച്ച വാക്ക് വിശകലന വിധേയമാക്കുമ്പോള്‍ കാര്യം വളരെ സുതാര്യമാണ്. തിരുമേനി പറഞ്ഞത് അഖ്തുലു എന്നല്ല, ഉഖാതിലു എന്നാണ്. അഥവാ മുഫാഅലത്ത് പ്രയോഗമാണ്. (ഈ രൂപത്തില്‍ വരുന്ന അറബി ക്രിയകള്‍ക്ക് പരസ്പരം എന്ന അര്‍ഥമാണ്) പരസ്പരം യുദ്ധം ചെയ്യാനെന്നാണര്‍ഥം. അഥവാ ഇസ്ലാമിക പ്രബോധനത്തിന് തടസമായി നിലകൊണ്ട് മുസ്ലിംകളോട് യുദ്ധത്തിന് തയാറായവരോട് തിരിച്ചും യുദ്ധം ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടു എന്നാണ് ഇതിന്റെ സാരം. അല്ലാതെ പ്രബോധനമെന്ന പേരില്‍ ഇസ്ലാം അടിച്ചേല്‍പ്പിക്കലല്ല, മതത്തില്‍ ബലാല്‍ക്കാരമില്ലെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പറയുന്നു.
Share this article

About മുഹമ്മദ് സഫ്‌വാന്‍ ബി എം

safwanbnp@gmail.com

View all posts by മുഹമ്മദ് സഫ്‌വാന്‍ ബി എം →

Leave a Reply

Your email address will not be published. Required fields are marked *