റോബര്‍ട്ട് ഫിസ്‌ക് മാധ്യമപ്രവര്‍ത്തനത്തിന്റെ സത്യസന്ധത

Reading Time: 2 minutes

പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് വിടപറഞ്ഞതോടെ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തെ ഗൗരവത്തില്‍ സമീപിച്ച ഒരു പ്രതിഭ കൂടിയാണ് ലോകത്തിന് നഷ്ടമായത്. സണ്‍ഡേ എക്സ്പ്രസിലൂടെയാണ് ഫിസ്‌ക് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 1972 മുതല്‍ 1975 വരെ ടൈംസില്‍ ജോലി ചെയ്തു. 1976 ല്‍ ബീററ്റിലേക്ക് ചേക്കേറിയ ഫിസ്‌ക് അവിടെ മിഡില്‍ ഈസ്റ്റ് ലേഖകനായാണ് പ്രവര്‍ത്തിച്ചത്. ലെബനീസ് ആഭ്യന്തര യുദ്ധം, ഇറാന്‍ വിപ്ലവം, ഇറാന്‍-ഇറാഖ് യുദ്ധം, സോവിയറ്റിന്റെ അഫ്ഗാന്‍ അധിനിവേശം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത് റോബര്‍ട്ട് ഫിസ്‌ക് ശ്രദ്ധനേടി.
റോബര്‍ട്ട് ഫിസ്‌കിന്റെ മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടുകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനുമായി മൂന്ന് തവണ ഫിസ്‌ക് അഭിമുഖം നടത്തിയിട്ടുണ്ട്. അറബി ഭാഷ നന്നായി വഴങ്ങിയിരുന്ന ഫിസ്‌കിന് വാര്‍ത്തകളിലെ സത്യസന്ധത കാത്തുസൂക്ഷിക്കുന്നതില്‍ വലിയ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ രാഷ്ട്രീയ നിലപാടുകളും അദ്ദേഹത്തിനുണ്ടായിരുന്നു. ദി ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന് ലഭിച്ച ഏറ്റവും നല്ല മാധ്യമപ്രവര്‍ത്തകരിലൊരാളായി ഫിസ്‌കിനെ കണക്കാക്കാം.
1960 കളുടെ അവസാനത്തില്‍ ലങ്കാസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ബിഎ നേടിയ ഫിസ്‌ക് 1980കളുടെ മധ്യത്തില്‍ ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി നേടി. രണ്ടാം ലോക മഹായുദ്ധസമയത്ത് അയര്‍ലാന്‍ഡിന്റെ നിഷ്പക്ഷതയെക്കുറിച്ച് ഡോക്ടറേറ്റ് തീസിസും നേടുകയുണ്ടായി.
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്ത് ആസ്ഥാനമാക്കി അദ്ദേഹം രാജ്യത്തെ ആഭ്യന്തര യുദ്ധത്തെക്കുറിച്ചും 1979 ലെ ഇറാനിയന്‍ വിപ്ലവത്തെക്കുറിച്ചും അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യുദ്ധത്തെക്കുറിച്ചും ഇറാന്‍-ഇറാഖ് യുദ്ധത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തു. ഇടക്കാലത്ത് പത്രത്തെ മുഴുവനായി റൂപര്‍ട്ട് മര്‍ഡോക്ക് വിഴുങ്ങി. അതുവരെയുണ്ടായിരുന്ന നിഷ്പക്ഷ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ മര്‍ഡോക്ക് നിര്‍ബന്ധം പിടിച്ചതോടെ അദ്ദേഹവുമായി ഫിസ്‌ക് തെറ്റിപ്പിരിഞ്ഞു.
1989ല്‍ അദ്ദേഹം ടൈംസില്‍ നിന്ന് രാജിവച്ചു. ദി ഇന്‍ഡിപെന്‍ഡന്റ് റെഡ് കാര്‍പറ്റ് വിരിച്ച് ഫിസ്‌കിനെ വരവേറ്റു. അവിടെ അദ്ദേഹം തന്റെ ശിഷ്ടകാലം മുടിചൂടാമന്നനായി പ്രവര്‍ത്തിച്ചു. 1990കളിലാണ് ഒസാമ ബിന്‍ ലാദനുമായി അഭിമുഖങ്ങള്‍ നടത്തിയത്. 1993ല്‍ അവരുടെ ആദ്യ അഭിമുഖത്തില്‍ ‘ലജ്ജാശീലനായ മനുഷ്യന്‍’ എന്നാണ് ബില്‍ ലാദനെ അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കയിലെ സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം, ഫിസ്‌ക് അടുത്ത രണ്ട് ദശകങ്ങള്‍ അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലുടനീളം സംഘര്‍ഷങ്ങള്‍ക്കിടയിലൂടെ ജീവിച്ചു. ഒന്നാന്തരം അറബി പ്രഭാഷകനെന്ന നിലയിലും പരിചയസമ്പന്നനായ യുദ്ധകാര്യ ലേഖകന്‍ എന്ന നിലയിലും ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിപുലമായ അറിവും അനുഭവവും കൊണ്ട് ഏറെ ബഹുമാനിതനായി ഫിസ്‌ക്. ഏത് യുദ്ധത്തിലും അനാവശ്യമായി തലയിടുന്ന യുഎസിനെയും ഇസ്രയേലിനെയും നിശിതമായി വിമര്‍ശിക്കാന്‍ റോബര്‍ട്ട് ഫിസ്‌ക് ഒരിക്കലും മടി കാണിച്ചിട്ടില്ല. 2005ല്‍ പ്രസിദ്ധീകരിച്ച ‘ദ് ഗ്രേറ്റ് വാര്‍ ഫോര്‍ സിവിലൈസേഷന്‍: ദി കോണ്‍ക്വസ്റ്റ് ഓഫ് ദി മിഡില്‍ ഈസ്റ്റ്’ എന്ന തന്റെ പുസ്തകത്തില്‍ ഈ പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചും യുഎസ്, യുകെ, ഇസ്രയേല്‍ നയങ്ങളെക്കുറിച്ചുള്ള തന്റെ വിമര്‍ശനവും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
1970 മുതല്‍ മിഡില്‍ ഈസ്റ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിന് ഫിസ്‌ക് നിരവധി അവാര്‍ഡുകള്‍ നേടി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുകെ പ്രസ്സ് പുരസ്‌കാരം(1998), ഇന്റര്‍നാഷനല്‍ ജേണലിസ്റ്റ് ഓഫ് ദ ഇയര്‍ (1998, 2000), ഡേവിഡ് വാറ്റ് പ്രൈസ് (2001), മാര്‍ത്ത ഗെല്‍നോണ്‍ പ്രൈസ് (2002), ലെനന കള്‍ചറല്‍ ഫ്രീഡം പ്രൈസ്(2006) എന്നിവയും ഫിസ്‌കിനെ തേടിയെത്തി. യുകെയിലെ ഏറ്റവും പ്രസിദ്ധനായ വിദേശകാര്യ ലേഖകന്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് 2005ല്‍ ഫിസ്‌ക്കിനെ വിശേഷിപ്പിച്ചത്. 2011ല്‍ അന്നത്തെ സഊദി ആഭ്യന്തര മന്ത്രി നിരായുധരായ പ്രതിഷേധക്കാരെ വെടിവച്ച് കൊല്ലാന്‍ പൊലീസിനോട് ഉത്തരവിട്ടുവെന്ന് ഫിസ്‌ക് റിപ്പോര്‍ട്ടുചെയ്തു. ഈ വാര്‍ത്തയുടെ പേരില്‍ ദി ഇന്‍ഡിപെന്‍ഡന്റിന് ഒരിക്കല്‍ മാപ്പ് പറയേണ്ടിയും വന്നു.
1982ല്‍ ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട സാബ്ര, ഷടില അഭയാര്‍ഥി ക്യാംപുകളില്‍ പ്രവേശിച്ച ആദ്യത്തെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാണ് ഫിസ്‌ക്. അദ്ദേഹം ഒരിക്കല്‍ എഴുതി: ‘കൊലപാതകികള്‍ അക്രമത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെ രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞാന്‍ ക്യാംപുകളില്‍ പ്രവേശിച്ചു. പിന്നെ ഒരു അമേരിക്കന്‍ റിപ്പോര്‍ട്ടറുമൊത്ത് ഒരു കുടിലിന്റെ മുറ്റത്ത് അപ്പോള്‍ വധിക്കപ്പെട്ട ഒരു യുവതിയുടെ അരികില്‍ ഒളിച്ചിരുന്നു. എന്തിന് പറയുന്നു, ശവകൂമ്പാരത്തിന് മുകളിലൂടെ ഞങ്ങള്‍ക്ക് ഇഴഞ്ഞുനീങ്ങേണ്ടി വന്നു. അന്ന് വൈകുന്നേരം, എന്റെ വസ്ത്രങ്ങളില്‍ ചോരയുടെയും വിയര്‍പ്പിന്റെയും കടുത്ത ഗന്ധം (ഇതിനെ മരണഗന്ധം എന്നുതന്നെ പറയാം) നിറഞ്ഞുനിന്നതിനാല്‍ ഞാനത് കത്തിച്ചു കളഞ്ഞു.’
അതേക്കുറിച്ച് മറ്റൊരു സന്ദര്‍ഭത്തില്‍ ഫിസ്‌ക് പറഞ്ഞതിങ്ങനെ: ‘ഞാന്‍ ഓര്‍ക്കുന്നു, ഈ ആളുകള്‍ക്ക് ആത്മാക്കളുണ്ടെങ്കില്‍, ഞാന്‍ അവിടെ ഉണ്ടായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ആ കാരണത്താല്‍ അവര്‍ എന്നെ ഒരു ചങ്ങാതിയായി പരിഗണിക്കുമെന്ന് ഞാന്‍ കരുതി. അതിനാല്‍ ഞാന്‍ പരിഭ്രാന്തനായില്ല. അവര്‍ കൊല്ലപ്പെട്ടതില്‍ ഞാന്‍ ഭയപ്പെട്ടു, അത് സത്യത്തില്‍ എന്നില്‍ കോപം ജനിപ്പിച്ചു.’
അപകടകരമായ പ്രദേശങ്ങളിലേക്ക് കടക്കാനുള്ള സന്നദ്ധതയ്ക്കും എഴുത്തിനും അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. തന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളെക്കുറിച്ച് അദ്ദേഹത്തിന്റെ ഉള്ളിലുള്ള രഹസ്യമൊന്നും ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല – അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വിവാദമുയര്‍ത്തിയ ഒന്നായിരുന്നു. യുഎസിനെയും ഇസ്രയേലിനെയും നിശിതമായി അദ്ദേഹം വിമര്‍ശിച്ചു.
സിറിയയിലെ ആഭ്യന്തര സംഘര്‍ങ്ങളെ കൂടുതല്‍ സത്യസന്ധമായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. ഫിസ്‌ക്കിന്റെ ഈ ശൈലി കൊണ്ട് അദ്ദേഹം എതിരാളികളെ മാത്രമല്ല വിശ്വസ്തരായ നിരവധി വായനക്കാരെയും അമ്പരപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തിട്ടുണ്ട്. മാനവരാശിക്ക് ഒട്ടേറെ അപൂര്‍വ വിവരങ്ങളും ഓര്‍മപ്പെടുത്തലുകളും നല്‍കിയിട്ടാണ് അദ്ദേഹം മണ്‍മറഞ്ഞത്. മനുഷ്യപക്ഷത്ത് നിലകൊണ്ടു എന്നതുകൊണ്ട് തന്നെ മാധ്യമലോകത്തിന് തീരാനഷ്ടമാണ് ഫിസ്‌കിന്റെ വിടവാങ്ങല്‍.
കലുഷമായ ആധുനിക ലോകക്രമത്തെ അടുത്തറിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലക്കാണ് അന്തരിച്ച റോബര്‍ട്ട് ഫിസ്‌ക് അറിയപ്പെടുക. 40 വര്‍ഷത്തിലധികം അറബ് ലോകത്ത് പ്രവര്‍ത്തിച്ച ഫിസ്‌ക് താരതമ്യേന മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്താത്ത പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ഭരണകൂടങ്ങളുടെ ഏകസ്വരമായ വൃത്താന്തങ്ങളെ കിറുകൃത്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞ ഫിസ്‌കിന്റെ ശൈലിയും ധൈര്യവും പുതിയകാല മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാഠപുസ്തകമാണ്. റോബര്‍ട്ട് ഫിസ്‌കിന്റെ ഒഴിവ് നികത്തപ്പെടാതെ കിടക്കുമെന്ന് പറഞ്ഞാല്‍ അത് തീരെ ആലങ്കാരികമാകില്ല എന്നതിന് ഫിസ്‌കിന്റെ റിപ്പോര്‍ട്ടുകളും നിലപാടുകളും തന്നെ തെളിവ്.

Share this article

About യാസര്‍ അറഫാത്ത് നൂറാനി

yaazar.in@gmail.com

View all posts by യാസര്‍ അറഫാത്ത് നൂറാനി →

Leave a Reply

Your email address will not be published. Required fields are marked *