വസന്തം ശരത്കാലത്തോടു ചെയ്തത്

Reading Time: < 1 minutes

വസന്തകാലമേ,
നിന്റെ അക്ഷമ നിറഞ്ഞ കത്തുകിട്ടി.
ഞാന്‍…
ഞാന്‍ പ്രണയത്തിലകപ്പെട്ടു!
അതുകൊണ്ടാണ്
സത്യമായിട്ടും
സമയമായിട്ടും
എനിക്കു വരാന്‍ പറ്റാത്തത്.

നീ പൂക്കളോട് പറയൂ
വാടാതിരിക്കാന്‍..
മരങ്ങളോട് പറയൂ
ഇലപൊഴിക്കാതിരിക്കാന്‍..
തേനീച്ചകളോടും ശലഭങ്ങളോടും
അടക്കാകുരുവികളോടും പറയൂ,
ആവോളം
തേന്‍ കുടിച്ചുന്മത്തരാകുവാന്‍;

മഞ്ഞുകാലത്തേക്കതു
സംഭരിക്കുകയേ വേണ്ട!
എന്തെന്നാല്‍
അങ്ങനെയൊന്ന് ഈ വര്‍ഷം
ഉണ്ടാകാന്‍ പോകുന്നില്ല തന്നെ!

ഹാ! പ്രിയ വസന്തമേ,
എന്റെ കാമുകിയോടൊത്തു ശയിക്കുമ്പോഴും
നിന്റെ ഗന്ധം എന്നെ തരളിതനാക്കുന്നു.

കാറ്റിനോട് ചട്ടംകെട്ടി,
വരുന്ന മാസങ്ങളിലും
(നിന്റെ തുടര്‍മാസങ്ങള്‍)
ഞങ്ങളുടെ താഴ്‌വരയിലേക്ക്
നിന്റെയുന്മാദഗന്ധങ്ങളെ
അനുദിനം എത്തിച്ചാലും !

പ്രണയിച്ചു പ്രണയിച്ചു
ഒടുവില്‍ മരിച്ചു പോകുമോ
എന്നു ഞാന്‍ ഭയപ്പെടുമ്പോഴും,
വസന്തമേ,
നീ പൂത്തുകൊണ്ടേയിരിക്കുക!
കൈവിട്ടുപോയ ശാദ്വലഭൂമികളെ
വീണ്ടെടുക്കുക!
സ്വന്തം
ശരത്കാലം.

Share this article

About സുരേഷ് നാരായണന്‍

psnsuresh@gmail.com

View all posts by സുരേഷ് നാരായണന്‍ →

Leave a Reply

Your email address will not be published. Required fields are marked *