മൊയ്തു കിഴിശ്ശേരി, മകന്റെ ഓര്‍മകള്‍

Reading Time: 2 minutes

പത്താം വയസിലാണ് ഉപ്പ യാത്ര ആരംഭിക്കുന്നത്. പത്ത് മുതല്‍ പതിനേഴ് വയസ് വരെ ഇന്ത്യയുടെ പല സംസ്ഥാനങ്ങളും ചുറ്റിക്കറങ്ങി. കൈയില്‍ കാശുണ്ടായിരുന്നില്ല. ട്രൈയിന്‍ കയറിയായിരുന്നു യാത്ര മുഴുവനും. കൃത്യമായ നേരവും കാലവുമുണ്ടായിരുന്നില്ല. എപ്പോഴെങ്കിലുമൊക്കെ കയറും. എവിടെയെങ്കിലും ചെന്നിറങ്ങും. ‘ഭൂമിയില്‍ സഞ്ചരിക്കൂ..’ എന്ന ദൈവവചനമാണ് ഉപ്പയുടെ യാത്രയുടെ പ്രചോദനം. അല്ലാഹു കൈവിടില്ലെന്ന ഉറച്ച തീരുമാനവും. അതെവിടുന്നു കിട്ടി? പറയാം. ചെറുപ്പത്തില്‍ നല്ല തടിയും മിടുക്കുമുള്ള കുട്ടിയായിരുന്നു ഉപ്പ. വല്യുമ്മ പാതിരാപ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പോകുമ്പോള്‍ ഉപ്പയെ കൂടെക്കൂട്ടും. കിഴിശ്ശേരി അങ്ങാടിയിലേക്ക് വൈലിത്തറയുടെ പ്രാഭാഷണം കേള്‍ക്കാന്‍ രണ്ടു പേരും കുറേ നടന്നുപോയിട്ടുണ്ട്. അങ്ങനെ കേട്ട വഅളുകളില്‍ നിന്നാണ് ഉപ്പക്ക് ആ ഉറപ്പ് കിട്ടിയത്.
വൈലിത്തറയുടെ വഅള് കേട്ട് വീട്ടില്‍ തിരിച്ചെത്തിയ ‘ആ പയ്യന്‍’ അമ്പതും നൂറും വഖ്തുകള്‍ അന്നേ നിസ്‌കരിക്കുമായിരുന്നു. നരകത്തെക്കുറിച്ച് കേട്ട ഒരു ദിവസം വീട്ടില്‍ വിളക്ക് കത്തിച്ച് കൈ പൊള്ളുന്നത് വരെ അതില്‍ തൊട്ടുനില്‍ക്കും. നല്ലോണം ചൂടാകുമ്പോള്‍ കൈ വലിച്ച് നരകത്തീയെ ആലോചിക്കുമത്രേ.
വല്യുപ്പയുടെ ഇഷ്ടം നന്നായി കിട്ടിയ കുട്ടിയാണ് ഉപ്പ. ഇന്ത്യാവിഭജനകാലത്ത് പാകിസ്ഥാനില്‍ കട നടത്തുകയായിരുന്നു വല്യുപ്പ. വിഭജനത്തോടെ കട പൂട്ടേണ്ടിവന്നു. ശേഷം ജീവിതമാര്‍ഗം തേടി സഊദിയിലെത്തി. ഹറമിനടുത്ത് ഒരു കട തരപ്പെടുത്തി. കുറച്ച് കാലം അധ്വാനിച്ച് സമ്പാദ്യങ്ങളുമായി നാട്ടിലെത്തി. പക്ഷേ നാട്ടില്‍ പച്ച പിടിച്ചില്ല. സമ്പത്തെല്ലാം ചോര്‍ന്നുപോയി. നാട്ടില്‍ തന്നെ കഴിഞ്ഞുകൂടാന്‍ തീരുമാനിച്ചു. ആരാധനാകാര്യങ്ങളില്‍ വല്യുപ്പക്ക് കണിശതയുണ്ടായിരുന്നു. വിഷചികിത്സക്ക് പേരുകേട്ടയാളായിരുന്നു. വീട്ടിനടുത്ത് വല്യുപ്പ ഒരു പള്ളിയുണ്ടാക്കിയിരുന്നു. ഒഴിവുനേരത്തൊക്കെ അവിടെ എത്തുമായിരുന്നു ഉപ്പ. വല്യുപ്പ നേരത്തേ മരണപ്പെട്ടു. പിന്നെ വറുതിയുടെ കാലം.
ഈ കുടുംബപശ്ചാത്തലവും വഅള് കാലവും ഉപ്പയെ നന്നായി സ്വാധീനിച്ചു. അതോടെ മതവിജ്ഞാനം തേടിയിറങ്ങി. കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ അടുത്തെത്തി. വിജ്ഞാനകുതികിയായിരുന്നു. എല്ലാം ചോദിച്ചറിയും. അവിടെ നിന്നാണ് സഞ്ചാരമോഹം തലയില്‍ കയറിയത്. ‘അല്ലാഹുവിന്റെ ഭൂമിയില്‍ സഞ്ചരിക്കൂ..’ എന്ന വിശുദ്ധോക്തിയാണ് ഉപ്പയില്‍ ആ മോഹത്തിന്റെ വിത്തിട്ടത്.
ചോദിച്ചറിയുക എന്നത് ഉപ്പയുടെ എപ്പോഴത്തെയും പ്രകൃതമായിരുന്നു. ചെറുപ്പത്തിലും വലുപ്പത്തിലും. ദര്‍സിലായിരുന്നപ്പോള്‍ ചോദ്യങ്ങള്‍ കൂടുന്നുവെന്ന പരാതിയായിരുന്നു കൂട്ടുകാര്‍ക്ക്. പക്ഷേ ചരിത്രകഥകള്‍ അങ്ങനെ പറഞ്ഞു പോകാനും കേട്ടിരിക്കാനും ഒരുക്കമായിരുന്നില്ല. ഓരോന്നും എവിടെയെന്നും എപ്പോഴെന്നും ചോദിച്ചുകൊണ്ടേയിരുന്നു. അതെല്ലാം അല്ലാന്റെ ഭൂമിയിലുണ്ട്, മൊയ്ദു.. ഉസ്താദ് ശിഷ്യന്റെ വഴി തുറക്കുന്നു. ഖുത്ബിയ്യത്തിനോട് ആദ്യകാലത്ത് ചില ആശങ്കകളുണ്ടായിരുന്നു. പിന്നീടത് ചോദിച്ച് ചോദിച്ചു നിവാരണം ചെയ്തു. ആശങ്കയൊഴിഞ്ഞപ്പോള്‍ വീട്ടില്‍ തന്നെ ഖുത്ബിയ്യത്തിന്റെ മജ്‌ലിസ് ഒരുക്കിയിരുന്നു.
ഉമ്മയോട് സമ്മതം ചോദിച്ചായിരുന്നു ഉപ്പയുടെ ഓരോ യാത്രയും. പക്ഷേ ഈ ദീര്‍ഘമായ പുറപ്പെട്ടുപോക്കിന് ഉമ്മ സമ്മതിക്കില്ലെന്നുറപ്പാണല്ലോ. അതിനൊരു വിദ്യ ഉപ്പ കണ്ടെത്തി. ജ്യേഷ്ഠനോട് കാര്യങ്ങള്‍ പറഞ്ഞു. ജ്യേഷ്ഠന്‍ ഉമ്മയോടും. നിങ്ങള്‍ വിസമ്മതിക്കരുത്. അത് മൊയ്തുവിനെ വിഷമത്തിലാക്കും. അവന്‍ പോകാനുറച്ചിരിക്കുന്നു. ഉമ്മ കണ്ണീരോടെ അനുവാദം കൊടുത്തു. മൊയ്തു ഇറങ്ങി.
അല്ലാഹുവിന്റെ ഔലിയാക്കള്‍ കൂടെയുണ്ട് എന്ന ആശ്വാസത്തോടെയാണ് ഇറങ്ങുന്നത്. അന്നേ ആ പരുവത്തിലായിരുന്നു മനസ്.
പ്രായത്തോട് ചേര്‍ന്ന ആകാരമുണ്ടായിരുന്നില്ല. കൃഷഗാത്രം. അത് പലപ്പോഴും അനുഗ്രഹമായിരുന്നു. ചെറിയ കുട്ടിയല്ലേ, സാരമില്ല എന്ന ആനുകൂല്യം പലകുറി കിട്ടി. ഇപ്പോഴത്തെ പോലെ അതിര്‍ത്തികള്‍ അന്നത്ര പ്രശ്‌നരൂക്ഷിതവുമായിരുന്നില്ല. ഇപ്പോഴും അത്തരം ലൂപ്‌ഹോളുകള്‍ പലയിടത്തുമുണ്ടെന്നാണ് അറിയുന്നത്. അതായിരുന്നു അദ്ദേഹത്തിന്റെ വഴി. അങ്ങനെ അമ്പത്തോളം അതിര്‍ത്തികള്‍ അദ്ദേഹം ഭേദിച്ചു. പട്ടാളക്കാരനായും ചാരനായും കോളേജ് വിദ്യാര്‍ഥിയായും കാമുകനായും അതിര്‍ത്തികള്‍ക്കപ്പുറത്ത് ജീവിച്ചു.
ഓരോ രാജ്യത്തെത്തുമ്പോഴും അവിടത്തെ ഭൂപടം വാങ്ങിവെക്കും. അതിരുകളും പ്രധാന ദേശങ്ങളും നോക്കാവെക്കും. പിന്നീട് അത് എത്തിപ്പിടിക്കാനുള്ള വഴികള്‍ തിരയും. ആ വഴിപോകുന്ന വാഹനങ്ങള്‍ക്ക് ഒക്കെ കൈ നീട്ടും. അതാണ് ഈ സഞ്ചാരം മുഴുവനും.
തവക്കുല്‍ മുന്‍നിര്‍ത്തിയാണ് ജീവിതം മുഴുവനും നടന്നുതീര്‍ത്തത്. അതിന് വേണ്ട മുറകളും ഉപ്പാന്റെ കൈയിലുണ്ടായിരുന്നു. തഹജ്ജുദ് ഉപ്പക്ക് കണിശമായിരുന്നു. ചൊട്ടയിലെ ശീലമായിരുന്നു അത്. അവസാന സമയത്ത് പോലും അത് മുറിഞ്ഞില്ല. ആ പാതിരാരാവിലാണ് അല്ലാഹുവിലേക്ക് മനസ് തുറന്നിടുന്നത്. ദീര്‍ഘനേരം ചൊല്ലിപ്പറയും. വേണ്ടതൊക്കെ ചോദിക്കും. ഒരു തൊഴിലും ഇല്ലാത്തപ്പോഴും സമ്പത്തിന്റെ പേരില്‍ ഉപ്പ പരുങ്ങിയിട്ടില്ല. ഒരിക്കല്‍ എന്റെ കണ്ണ് ചികിത്സക്ക് നല്ലൊരു സംഖ്യ ആവശ്യമായി വന്നു. കൈയില്‍ കാശില്ല. ചികിത്സ വേണമെന്ന് ഉപ്പക്ക് നിര്‍ബന്ധം. ആയിടെ ഉപ്പയെ കാണാന്‍ വന്ന ഒന്നു രണ്ടുപേര്‍ നല്ലൊരു സംഖ്യ ഹദ്‌യ കൊടുത്തു. അത് ചികിത്സക്കെടുത്ത് തന്നു. അതാണ് ഉപ്പയുടെ രീതി. ചോദിച്ചാല്‍ അല്ലാഹു മടക്കില്ലെന്ന ദൃഢമായ കരുത്ത്.
ജീവിതത്തില്‍ ഒരു പട്ടാളച്ചിട്ട കൊണ്ടുനടന്നു. സഞ്ചാരത്തിനിടെ പട്ടാളത്തില്‍ ചേര്‍ന്നതു മുതലാണോ അത് കിട്ടിയതെന്നറിയില്ല. കാശ് കൊടുത്താലും വാങ്ങിയാലും പറഞ്ഞ നേരം തെറ്റിക്കില്ല. തെറ്റിച്ചവരോട് അത് പറഞ്ഞ് പിന്നീട് മടക്കിയ കഥകളുമുണ്ട്. കൊണ്ടോട്ടിയില്‍ ഒരു ജ്വല്ലറി ഉദ്ഘാടാനത്തിന് അവര്‍ നിശ്ചയിച്ച സമയത്തിന് തന്നെ എത്തി. പിന്നേയും കുറേ കാത്തിരുന്നിട്ടും ഒരുക്കങ്ങള്‍ കാണാതിരുന്നപ്പോള്‍ വീട്ടിലേക്ക് തിരിച്ചുചെന്ന അനുഭവങ്ങളുണ്ട്. ആ നിഷ്ഠ എനിക്കും ബാധകമായിരുന്നു. കോളേജില്‍ എത്തേണ്ട സമയത്ത് വീട്ടിലുണ്ടാകാന്‍ പാടില്ല. അത് ഉപ്പയുടെ നല്ലാെരു വിജയമാര്‍ഗമെന്ന് മനസിലാകുന്നു.
ഓരോ കാലത്തും ഓരോ ഹരങ്ങളായിരുന്നു. ഒരു കാലത്ത് ചെടികളോട്. മറ്റൊരിക്കല്‍ പുരാവസ്തുക്കളോട്. വേറൊരു സമയത്ത് അത്തര്‍ കുപ്പികളോട്, സ്റ്റാമ്പ് ശേഖരത്തോട്… എല്ലാം ഒന്നു മതിയാകും. എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ മാത്രം മറ്റൊന്ന്.
നല്ല പ്രചോദകനായിരുന്നു. ആരെയും നിരാശപ്പെടുത്തില്ല. ആര്‍ക്കും ധൈര്യം കൊടുക്കും. ഉപ്പയുടെ ഡയാലിസിന് വേണ്ടി ഒരിക്കല്‍ കോട്ടക്കലിലേക്ക് ഓട്ടോ ഓടിച്ചുപോകാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ വിസമ്മതിച്ചു. വേറെയാളെയൊപ്പം പോകില്ലെന്ന് ഉപ്പ. ഇനി രക്ഷയില്ല. തലേന്ന് വൈകുന്നേരം വീട്ടിലെ ഓട്ടോ എടുത്ത് പരിസരത്ത് ഉരുട്ടിക്കളിച്ചാണ് പിറ്റേന്ന് കോട്ടക്കലിലേക്ക് പിടിച്ചത്. തന്റെ ഗുണങ്ങള്‍ കൂടെയുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കാന്‍ മുന്നിലെന്നര്‍ഥം.
മദ്‌റസയില്‍ വര്‍ക്ക് ചെയ്തിരുന്നു യാത്ര കഴിഞ്ഞുള്ള രണ്ടു വര്‍ഷം. തുണിയല്ല, പാന്റസും പ്രത്യേക വെള്ളക്കുപ്പായവുമായിരുന്നു വേഷം. വേഷം കണ്ട് കുട്ടികള്‍ ഡിസ്‌കോ ഉസ്താദ് എന്ന് തമാശക്ക് വിളിക്കും. നന്നായി പറഞ്ഞുകൊടുക്കാന്‍ കഴിയുമായിരുന്നു. സംശയങ്ങള്‍ക്ക് കുശലത്തോടെ മറുപടി നല്‍കും. ചില കൗശലചോദ്യങ്ങള്‍ ചോദിക്കും. ‘വല്ലാഹി അഫ്അലു’ എന്നതിന് ‘അല്ലാഹു സത്യം, ഞാന്‍ ചെയ്യില്ല’ എന്ന അര്‍ഥം ഒരിക്കല്‍ എന്നോട് പരിശോധിച്ചിരുന്നു.
ഉപ്പയുടെ ഒടുവിലത്തെ യാത്രയായിരുന്നു അത്. രാജ്യങ്ങള്‍ മുറിച്ചുകടക്കുമ്പോള്‍ ഉള്ളതുപോലെ ശൂന്യമായ കൈകളോടെയല്ല, നിറഞ്ഞ കൈകളോടെ തന്നെയായിരുന്നു നാഥനിലേക്കുള്ള ഈ ഒടുവിലെ യാത്ര.

Share this article

About നാദിര്‍ ഷാന്‍ ബുഖാരി കിഴിശ്ശേരി

shankizhisseri@gmail.com

View all posts by നാദിര്‍ ഷാന്‍ ബുഖാരി കിഴിശ്ശേരി →

Leave a Reply

Your email address will not be published. Required fields are marked *