അമേരിക്കയില്‍ ചരിത്രമവസാനിച്ച് തുടങ്ങിയിരിക്കുന്നു

Reading Time: 3 minutes

അമേരിക്ക അവസാനിച്ചോ? നമ്മള്‍ പോസ്റ്റ്-അമേരിക്കന്‍ ലോക ക്രമത്തിന്റെ വക്കിലാണോ നിലകൊള്ളുന്നത്? 1980കളുടെ അവസാന കാലത്ത് ഫ്രാന്‍സിസ് ഫുക്കുയാമ എന്ന യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിലെ കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന്‍ വലിയവായില്‍ വിളിച്ചുപറഞ്ഞത് ചരിത്രമിതാ അവസാനിച്ചിരിക്കുന്നു, അമേരിക്ക ഉദാര ജനാധിപത്യത്തിന്റെ വിജയമുദ്രയായി മാറിയിരിക്കുന്നു എന്നായിരുന്നു. യഥാര്‍ഥത്തില്‍, അമേരിക്കയുടെ തന്നെ ചരിത്രമവസാനിക്കുന്നത് അബദ്ധത്തില്‍ അദ്ദേഹമന്ന് സൂചിപ്പിക്കുകയായിരുന്നോ?
കേവലം കാല്‍നൂറ്റാണ്ടിനുശേഷം, ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ അധികാരം കൈയാളുമ്പോള്‍ വിപത്തുകള്‍ ഒന്നിനു ശേഷം മറ്റൊന്നായി ഭവിക്കുന്നത് കാണുന്ന ജനങ്ങള്‍ അമേരിക്ക അവസാനിക്കുന്നുവെന്ന് അനുമാനിക്കാന്‍ തുടങ്ങി. വടക്കന്‍ അമേരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും നിരീക്ഷകര്‍ വളരെ കൗതുകത്തോടെ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ പതനം ഉറ്റുനോക്കുമ്പോള്‍ ലോകത്തിന്റെ മറ്റു ദിക്കുകളിലുള്ളവര്‍ പ്രത്യാശയോടെയും അദ്ഭുതം നിറഞ്ഞ തമാശയോടെയും എന്താണ് ഈ ‘അവസാനം’ കൊണ്ട് അര്‍ഥമാക്കുന്നത് എന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. സ്വതന്ത്ര ലോകത്തിന്റെ നേതൃസ്ഥാനം അലങ്കരിക്കാന്‍ ലോകം മുഴുക്കെ മൃഗീയമായി സൈനിക ശക്തി തെളിയിച്ചവര്‍, മിലിറ്ററി ബേസുകള്‍ സ്ഥാപിച്ചവര്‍ ദയനീയമായി തകര്‍ന്നടിയുകയാണോ?
അടുത്തിടെ, ‘എന്‍ഡ് എഫ് എംപയര്‍’ എന്ന പേരില്‍ ആന്‍ഡ്രൂ ബേസ്സ്വിച്ച് എന്ന ശ്രദ്ധേയനായ അമേരിക്കന്‍ ചരിത്രകാരന്‍ എഴുതിയ ചിന്തോദ്ദീപകമായ ലേഖനത്തില്‍, എന്തുകൊണ്ട് ‘അമേരിക്കന്‍ സാമ്രാജ്യത്തിന് മേല്‍ സൂര്യന്‍ അസ്തമിച്ചു’വെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അമേരിക്കയില്‍, രൂക്ഷമായ ദാരിദ്ര്യത്തിന് എതിരെയുള്ള വ്യാപക പ്രക്ഷോഭങ്ങളും പ്രധാന നഗരപ്രദേശങ്ങളെ അഗ്‌നിക്കിരയാക്കുന്ന പ്രാദേശിക വംശീയതയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശക്തനായ വിമര്‍ശകന്‍ എന്ന നിലയില്‍ ബേസ്സ്വിച്ചിന്റെ അതിസൂക്ഷ്മ നിരീക്ഷണം സത്യമാണെന്ന് സ്ഥിരീകരിക്കുന്നു.
‘അമേരിക്കന്‍ ആധിപത്യത്തിന്റെ യുഗം അവസാനിച്ചിരിക്കുന്നു’ എന്നാണ് ബേസ്സ്വിച്ചിന്റെ നിരീക്ഷണം. ‘അതുകൊണ്ട് അമേരിക്കക്കാര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ അനിവാര്യ സങ്കല്‍പത്തില്‍ പരിലസിക്കാനുള്ള ത്രാണി ഇനി ഉണ്ടാവുകയില്ല. ലോക നേതൃത്വം ഏറ്റെടുക്കാനായി ജനങ്ങളുടെ ക്ഷേമം അപ്രാധാന്യമായി കണ്ടുള്ള വംശീയതയും അസമത്വവും മറ്റു പ്രശ്‌നങ്ങളും രാജ്യത്തെ പിടിമുറുക്കാന്‍ അനുവദിക്കുന്നത് അസഹനീയമാണ്.’
ബേസ്സ്വിച്ച് തന്റെ നിര്‍ണായക ലേഖനത്തിലൂടെ പറഞ്ഞ, രാജ്യത്തെ വംശീയതയും ദാരിദ്ര്യവും ആഗോള മേല്‍ക്കോയ്മ നേടിയെടുക്കാനുള്ള ദാരുണമായ ശ്രമങ്ങളും മിക്ക അമേരിക്കക്കാര്‍ക്കും ലോക ജനതക്കും അറിയാവുന്ന പരസ്പര ബന്ധിതമായ കാര്യങ്ങളാണ്. പുറമേ കോവിഡ്19 മഹാമാരി കൈകാര്യം ചെയ്യുന്നതിലെ കുറ്റകരമായ അവഗണന പരക്കെ ശ്രദ്ധിക്കപ്പെട്ടു. എന്നെങ്കിലും ലോകക്രമത്തിന് അമേരിക്ക നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ടോ? അതോ കേവലം വീമ്പു പറച്ചിലായിരുന്നോ? ഭീതിതമായ ഇടങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കാനുള്ള ധാര്‍മികപരമായ അവകാശം എന്നെങ്കിലും ആ രാജ്യത്തിന് ഉണ്ടായിട്ടുണ്ടോ?
ഫുക്കുയാമയുടെ പൊങ്ങച്ചം നിറഞ്ഞ, യുക്തിരഹിതമായ വിവരണത്തിനും ബേസ്സ്വിച്ചിന്റെ യുക്തിഭദ്രമായ ഉള്‍ക്കാഴ്ചയുടെയും ഇടയില്‍ അമേരിക്ക എപ്പോഴാണ് അതിന്റെ പ്രയാണം തുടങ്ങിയതെന്നും എങ്ങോട്ടാണത് തിരിഞ്ഞു പോകുന്നതെന്നും നമ്മെ അദ്ഭുതപ്പെടുത്തുന്നു.

അമേരിക്കന്‍ നൂറ്റാണ്ടിന് എന്താണ് സംഭവിച്ചത്?
അമേരിക്ക, ഒരു പരീക്ഷണമെന്ന നിലയില്‍ പരാജയപ്പെടുകയാണ്. ഒരുവേള അതിന്റെ പ്രാരംഭം മുതല്‍ തന്നെ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. തദ്ദേശീയരായ അമേരിക്കക്കാരെ കൂട്ടക്കശാപ്പ് ചെയ്തുകൊണ്ട് ആരംഭിച്ച ഒരു ആശയം, ആഫ്രിക്കന്‍ അടിമത്തത്തിന്റെ ദുരനുഭവങ്ങളിലൂടെ വളര്‍ന്ന് വംശഹത്യയും വര്‍ഗീയ അടിത്തറയും കുടിയേറ്റക്കാരായി തങ്ങളുടെ തീരങ്ങളിലേക്ക് പണിയെടുക്കാന്‍ വന്ന തലമുറകളിലേക്ക് വ്യാപിപ്പിച്ച്, വെള്ളക്കാരുടെ കുടിയേറ്റ മേധാവിത്വം ഓരോ തലമുറയിലൂടെ പുഷ്ടിപ്പെടുത്തിയവര്‍ക്ക് പലപ്പോഴായി തങ്ങളുടെ പാപക്കറകള്‍ക്ക് വില കൊടുക്കേണ്ടിവന്നിട്ടുണ്ട്.
അമേരിക്ക പരാജയപ്പെടുന്നു എന്നത് പുതിയ ഒരു ആശയമോ കണ്ടെത്തലോ അല്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി ട്രംപിന്റെ ഭരണകാലത്ത് കൂടുതല്‍ വ്യക്തമായ, ലോകം ദര്‍ശിക്കുന്ന ഒരു യാഥാര്‍ഥ്യമാണത്. പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അശ്ലീലതയും കുറ്റകരമായ കാപട്യവും മാത്രമല്ല തുറന്നുകാണിക്കുന്നത്. മറിച്ച്, അദ്ദേഹം അധികാരത്തിലേറുന്നതിനുമുമ്പ് ആ രാജ്യത്തെ ‘രൂപപ്പെടുത്തുകയും നിര്‍ണയിക്കുകയും’ ചെയ്ത ദുഃശക്തികളെ കൂടി അദ്ദേഹം നിരന്തരം പുറത്തുകൊണ്ടുവന്നു.
ട്രംപ് പരത്തുന്ന വംശീയതയും അതിനോട് അനുകൂലമായി പ്രതികരിക്കുന്ന മില്യന്‍ കണക്കിന് അമേരിക്കക്കാരും അമേരിക്കയെ ശിഥിലമാക്കുകയാണ്. അവിടെ അധിവസിച്ച കുടിയേറ്റക്കാര്‍ കൊണ്ടുവന്ന മറ്റു രോഗങ്ങളെപ്പോലെ യൂറോപ്പില്‍ നിന്ന് തന്നെയാണീ വംശീയതയും അമേരിക്കയില്‍ എത്തുന്നത്.
എല്ലാ ദേശ രാഷ്ട്രങ്ങള്‍ക്കും അതിന്റേതായ പ്രത്യേക രാഷ്ട്രീയ രോഗം ബാധിച്ചിട്ടുണ്ട്. ഈജിപ്ത് ശല്യക്കാരായ അല്‍സിസിക്കും, റഷ്യ പുട്ടിനും, ചൈന സീക്കും, ഇന്ത്യ മോഡിക്കും, ബ്രസീല്‍ ബോത്സനാറോക്കും, മ്യാന്മാര്‍ ആന്‍ സാന്‍ സൂക്കിക്കും, ഇറാന്‍ ഖുമേനിക്കും, സിറിയ അസദിനും ജന്മം നല്‍കി. യുഎസും അതിന്റെ സാമ്രാജ്യത്വ അഴിമതിയും അഹങ്കാരവും ശൂന്യതയിലേക്ക് വിഘടിക്കുന്നതാണ് അമേരിക്കന്‍ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കന്‍ പരീക്ഷണം അവസാനിക്കുന്നുവെന്ന തുറന്ന ചര്‍ച്ചകള്‍ ട്രംപിന് മുമ്പ് തന്നെയുണ്ട്. ഡേവിഡ് എസ് മാസന്റെ ‘ദി എന്‍ഡ് ഓഫ് അമേരിക്കന്‍ സെഞ്ചുറി’ (2009) അത്തരത്തിലുള്ള അപഗ്രഥനത്തിന്റെ ഉദാഹരണമാണ്. രണ്ടാം ലോക മഹായുദ്ധത്തോടെ പരസ്പര ബന്ധിതമായ സാമൂഹിക സാമ്പത്തിക ആഗോള തലങ്ങളിലൂടെ വ്യത്യസ്ത പോംവഴി കണ്ടെത്താന്‍ യുഎസ് ആരംഭിച്ചിരുന്നു. ജോര്‍ജ് പാക്കര്‍ തന്റെ ‘ദി എന്‍ഡ് ഓഫ് അമേരിക്കന്‍ സെഞ്ചുറി’ (2019) എന്ന ലേഖനത്തില്‍, അമേരിക്കന്‍ നയതന്ത്രജ്ഞനായ റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കിന്റെ ജീവിതകാലയളവ് (1941 – 2010) മാത്രമേ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ഉത്കര്‍ഷം സംഭവിക്കുകയുള്ളൂ എന്നും അതിനുശേഷം കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും പറയുന്നുണ്ട്.
അതിനിടെ, അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ നെടുംതൂണുകളായ വഞ്ചകരായ സാമ്രാജ്യത്വ വാദികള്‍ മറ്റുമാര്‍ഗങ്ങള്‍ കിണഞ്ഞാലോചിക്കുകയാണ്. ‘അമേരിക്കന്‍ ആഗോള നേതൃത്വം’ എന്ന പേരില്‍ വാഷിങ്ടണ്‍ ഡിസി കേന്ദ്രീകരിച്ച് 1990കളുടെ അവസാനത്തില്‍ പുതിയ അമേരിക്കന്‍ നൂറ്റാണ്ടിനായുള്ള പ്രൊജക്ട് (Project for the New American Century) വിജയാരവങ്ങളോടെ പ്രഖ്യാപിച്ച് യു.എസ് നേതൃത്വം നല്‍കുന്ന നവയാഥാസ്ഥിതിക, ഉദാര പദ്ധതികളെ പിന്തുണച്ചു. വില്യം ക്രിസ്റ്റോലിന്റെയും റോബര്‍ട്ട് കാഗന്റെയും നേതൃത്വത്തിലുള്ള മുഴുവന്‍ പിഎന്‍എസി കഥാപാത്രങ്ങളും ഇന്ന് പരിഹാസ്യ രൂപേണയാണ് അന്നത്തെ മറിമായങ്ങളെ കാണുന്നത്.
ഇസ്രയേലിന്റെ രോഗാതുരമായ സാമ്രാജ്യത്വ താത്പര്യങ്ങളെ അമേരിക്കയുടെ വിദേശനയമായി ചേര്‍ത്ത് ‘പുതിയ അമേരിക്കന്‍ നൂറ്റാണ്ട്’ എന്നാണ് പല സയണിസ്റ്റുകളും പരിഭാഷപ്പെടുത്തിയത്. അവരുടെ പരിതാപകരമായ വിരസത തുറന്നു കാണിക്കപ്പെടുന്നുതിനുമുമ്പ് അവര്‍ ജോര്‍ജ് ഡബ്ല്യു ബുഷിനെയും ഡിക്ക് ചെന്നയെയും തങ്ങളുടെ ദൗത്യം ധരിപ്പിച്ച് കഴിഞ്ഞിരുന്നു. ‘അമേരിക്കന്‍ നേതൃത്വം’ എന്ന വഞ്ചനാപരമായ കാല്പനിക കഥയുണ്ടാക്കി ഇറാഖ് എന്ന രാഷ്ട്രത്തെ ക്രിമിനല്‍ താത്പര്യത്തോടെ പൂര്‍ണമായി നശിപ്പിച്ചു.
ഇന്ന്, സമചിത്തതയുള്ള മാര്‍ട്ടിന്‍ ക്യാപ്‌ളാനെ പോലെയുള്ള അമേരിക്കക്കാരുണ്ട്, തന്റെ 2017ലെ ‘ട്രംപ് ആന്‍ഡ് ദി എന്‍ഡ് ഓഫ് അമേരിക്കന്‍ സെഞ്ചുറി’ എന്ന ലേഖനത്തില്‍ ‘അമേരിക്കന്‍ നേതൃത്വ’ത്തിന്റെ അധഃപതനത്തില്‍ അദ്ദേഹം വിലപിക്കുന്നുണ്ട്. ട്രംപിനെ തള്ളിപ്പറഞ്ഞുകൊണ്ട് അദ്ദേഹം കുറിക്കുന്നത്: ‘അപ്രതീക്ഷിതവും ദുര്‍ബലമാക്കപ്പെട്ടതുമായ യുഎസിന്റെ ജനാധിപത്യ മനുഷ്യാവകാശ നേതൃത്വത്തെ തള്ളിപ്പറയുന്ന ആഹ്വാനത്തോട് നാമെല്ലാവരും നിര്‍ബന്ധമായും പ്രതികരിക്കണം.’ പക്ഷേ, എന്ത് നേതൃത്വം? എപ്പോള്‍, എങ്ങനെയൊന്നൊക്കെ മറ്റുള്ളവര്‍ അദ്ഭുതപ്പെട്ടേക്കാം.
യുഎസിന്റെ അടിമ- ഉടമക്കാരായ സ്ഥാപക നേതാക്കള്‍ മുതല്‍ ഇന്നത്തെ പ്രസിഡന്റ് വരെയുള്ള ഭരണവര്‍ഗമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ ദുരിതങ്ങള്‍ക്കുമുള്ള നിരുപാധിക സ്രോതസ്. ആ ആപത്കരമായ ചരിത്രത്തിന്റെ മറിമായം അവസാനിക്കുന്നത്തില്‍ വിലപിക്കാനായി യാതൊന്നുമില്ല.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ശേഷമുള്ള ലോകം
20 വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ലീന്‍ ഷേവ് ചെയ്ത നവയാഥാസ്ഥിതിക കൊള്ളസംഘങ്ങള്‍ ഞങ്ങള്‍ ലോകം അടക്കിവാഴുമെന്ന് ചിന്തിച്ചു. ട്രംപിന്റെ ഭരണം മൂന്നുവര്‍ഷം ആയപ്പോഴേക്ക് ദാരുണമായ പൊതു ആരോഗ്യ സംവിധാനങ്ങളുടെ തകര്‍ച്ച മില്യന്‍ കണക്കിന് അമേരിക്കക്കാരെ ഭീകരമായ മഹാമാരിക്ക് മുന്നില്‍ നിസഹായരാക്കി; അവരുടെ റിപബ്ലിക്കിന്റെ സാമ്പത്തികവും മാനവികവുമായ അടിത്തറ തകര്‍ന്നുകൊണ്ടിരിക്കുന്നു. വിപുലമായ സാമൂഹിക പ്രതിഷേധങ്ങള്‍ അമേരിക്കന്‍ വംശീയതയെ പൂര്‍ണമായി തകര്‍ത്തെറിയാന്‍ ലക്ഷ്യമിടുന്നു. ഒറിഗണ്‍, സീറ്റില്‍, ഓക്ലാന്‍ഡ്, ചിക്കാഗോ, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരവീഥികള്‍ ഗോട്മലയിലേയോ ചിലിയിലെയോ മിലിറ്ററി കൂപ്പുകളെ പോലെയായിരിക്കുന്നു. അതേസമയം വിലകുറഞ്ഞ സ്വേച്ഛാധിപതിയായ അമേരിക്കന്‍ വംശീയത ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് വിശ്വസിപിക്കുമ്പോള്‍ തന്നെ, അമേരിക്കയിലെ പോസ്റ്റല്‍ സംവിധാനത്തെ വഞ്ചിക്കപ്പെടാവുന്ന രീതിയില്‍ നശിപ്പിച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള ശ്രമത്തിലാണ് ട്രംപ്.
ലോകജനതയുടെ ജനാധിപത്യ സങ്കല്പങ്ങളെ മാനിക്കാതെ അമേരിക്ക നടത്തിയ ആക്രമണങ്ങളും ക്രൂരമായ സൈനിക മുന്നേറ്റങ്ങളും ഇന്നിപ്പോള്‍ പൂര്‍ണാര്‍ഥത്തില്‍ അമേരിക്കയുടെ അഭ്യന്തര വകുപ്പുകളെ തിരിച്ചടിക്കുകയാണ്. ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ അനുയായികളും വോട്ടുകള്‍ അടിച്ചമര്‍ത്താനും പ്രസിഡന്റിന്റെ പുനര്‍ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുമായി, മുന്‍ പ്രസിഡന്റ് ഒബാമ പറഞ്ഞതുപോലെ, പോസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുമ്പോള്‍ യുഎസിപ്പോള്‍ സിറിയയിലും ഈജിപ്തിലും ഇറാനിലും മുമ്പ് കണ്ട പരിഹാസ്യമായ തിരഞ്ഞെടുപ്പിന്റ വഴിയിലാണ്.
പോസ്റ്റ്-അമേരിക്കന്‍ ലോകം ഒരു വിരോധാഭാസമെന്ന പോലെ അമേരിക്കയെ അതിന്റ അപകടകരമായ മിഥ്യാബോധത്തില്‍ നിന്ന് മോചിപ്പിക്കുകയും അമേരിക്കന്‍ ജനതയെ മാനവികതയുടെ വിശാല തലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. അമേരിക്ക അതിന്റെ വികൃതമായ വര്‍ഗീയ ചരിത്രത്തിന് മുന്നില്‍ കീഴടങ്ങുകയും അതിന്റെ മുഴുവന്‍ വര്‍ഗീയ സ്ഥാപനങ്ങളെയും തകര്‍ത്തെറിയും ചെയ്താല്‍ മാത്രമേ സ്വതന്ത്രമാവുകയുള്ളൂ. രാജ്യത്തുടനീളം അരങ്ങുവാഴുന്ന പ്രതിഷേധങ്ങള്‍ ഈയൊരു ലക്ഷ്യത്തിലുള്ളവയാണ്; നല്ല അമേരിക്കക്കാരുടെ അടിച്ചമര്‍ത്തപ്പെട്ട റിപബ്ലിക്കന്‍ താത്പര്യങ്ങളെ തിരിച്ചുകൊണ്ടുവരിക. അതുപയോഗിച്ച് ഏറ്റവും മോശമായ സാമ്രാജ്യത്വ ധികാരങ്ങളെ പൊളിച്ചു മാറ്റുക.

Share this article

About ഹാമിദ് ദബാഷി, തയാറാക്കിയത്: ലുഖ്മാന്‍ ബുഖാരി

View all posts by ഹാമിദ് ദബാഷി, തയാറാക്കിയത്: ലുഖ്മാന്‍ ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *