ജമാദുല്‍ ഊലയുടെ നിറവസന്തം

Reading Time: 2 minutes

ആധ്യാത്മികതയില്‍ വലിയൊരു ജനസഞ്ചയത്തിന്റെ ഹൃദയത്തുടിപ്പായി മാറിയ നാല് ആത്മീയഗുരുക്കളുണ്ട്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ), ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ), ശൈഖ് ഇബ്‌റാഹീം ദസൂഖി(റ), ശൈഖ് അഹ്മദുല്‍ ബദവി(റ). ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ സമകാലികനായിരുന്നു ശൈഖ് രിഫാഈ(റ). ഹിജ്‌റ 512 മുഹറം മാസം ഇറാഖിലെ ബത്വാഇഹ് എന്ന പ്രദേശത്താണ് ശൈഖ് രിഫാഈ(റ) ജനിച്ചത്. അബുല്‍ അബ്ബാസ് അഹ്മദുബ്‌നു അലിയ്യുബ്‌നു അഹ്മദ് എന്നാണ് പൂര്‍ണനാമം. വിശ്രുത പണ്ഡിതനും ഖാരിഉമായ അബുല്‍ ഹസനാണ്(റ) പിതാവ്. മാതാവ് ഉമ്മുല്‍ ഫള്ല്‍ ഫാത്വിമ അന്‍സാരി. പിതാവ് വഴി ഹുസൈനിലേക്കും(റ) മാതാവ് വഴി ഹസനിലേക്കും(റ) എത്തുന്ന അനുഗൃഹീത പരമ്പരയില്‍ നബിതങ്ങളുടെ ഇരുപതാമത്തെ പുത്രനായിട്ടാണ് ജനനം.

അറിവന്വേഷണം
ചെറുപ്രായത്തിലെ ഉപ്പയുടെ വേര്‍പാടിനു ശേഷം അമ്മാവനായ ശൈഖ് മന്‍സൂര്‍ എന്ന സൂഫിവര്യന്റെ ശിക്ഷണത്തിലാണ് രിഫാഈ (റ)വളര്‍ന്നത്. നബി(സ്വ) സ്വപ്‌നത്തിലൂടെ നിര്‍ദേശിച്ചതനുസരിച്ച് ബസ്വറയിലെ വിശ്രുത ഖാരിഉം ജ്ഞാനിയുമായ ശൈഖ് അബ്ദുല്‍ ഫള്ല്‍ അലിയ്യുല്‍ ഖാരി അല്‍ വാസ്വിതിയുടെ(റ) ദര്‍സില്‍ ചേര്‍ത്തു. ഏഴാം വയസില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. പാരായണ ശാസ്ത്രം, തത്വശാസ്ത്രം, കര്‍മശാസ്ത്രം തുടങ്ങിയ മിക്ക വിജ്ഞാന ശാഖകളിലും അവഗാഹം നേടി. പ്രഭാഷണരംഗത്തും ഗ്രന്ഥരചനാ മേഖലയിലും ശോഭിച്ച ശൈഖ് തഫ്‌സീര്‍, ഹദീസ്, കര്‍മശാസ്ത്രം, തര്‍ക്ക ശാസ്ത്രം, സാഹിത്യം തുടങ്ങിയ വിജ്ഞാന മേഖലകളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ശൈഖ് ഫഖീറുല്ലാഹ് രിഫാഈ(റ) പറയുന്നതിങ്ങനെ: മഹാന്‍ 662ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അല്‍ ബഹ്ജ, അത്ത്വരീഖു ഇലല്ലാഹ്, തഫ്‌സീറു സൂറതുല്‍ ഖദ്ര്‍, അല്‍ഹിക്മതു രിഫാഇയ്യ തുടങ്ങിയവ. കര്‍മശാസ്ത്രത്തില്‍ ശാഫിഈ മദ്ഹബുകാരനായിരുന്നു രിഫാഈ (റ). മദ്ഹബിലെ പ്രസിദ്ധ ഗ്രന്ഥമായ ഇമാം ഷിറാസിയുടെ തന്‍ബീഹ് മനഃപാഠമാക്കുകയും അതിന് വ്യാഖ്യാനം എഴുതുകയും ചെയ്തിട്ടുണ്ട്. ഇരുപതാം വയസില്‍ തന്നെ മുഴുവന്‍ വിജ്ഞാനശാഖകളിലുമുള്ള ഇജാസത്ത് ഗുരുനാഥനായ അലിയ്യുല്‍ വാസ്വിത്വിയില്‍ നിന്ന് ലഭിചു. അധ്യാത്മ ജ്ഞാനത്തിലും പൊതുവിജ്ഞാനത്തിലും അഗ്രേസരനായതു കൊണ്ട് അബുല്‍ ഇല്‍മൈന്‍ (രണ്ട് ജ്ഞാനത്തിന്റെ ഉടമ) എന്ന വിശേഷപ്പേര് ഗുരുമുഖത്തു നിന്നു ലഭിച്ചു.

ആത്മീയ ഗുരുക്കള്‍
മഹത് വ്യക്തികളോടുള്ള സഹവാസത്തെ ഇഷ്ടപ്പെട്ടിരുന്ന ശൈഖ് രിഫാഈയുടെ ആത്മീയ ഗുരുക്കള്‍ ശൈഖ് മന്‍സൂറുഷാഹിദും ശൈഖ് അലിയ്യുല്‍ വാസിത്വിയുമാണ്. രണ്ടു പേരില്‍ നിന്നും സ്ഥാന വസ്ത്രം സ്വീകരിച്ചിട്ടുണ്ട്. ശൈഖ് അബ്ദുല്‍ മാലിക് ഖര്‍നൂബി എന്ന ഗുരുവിനെ വര്‍ഷത്തിലൊരിക്കല്‍ സന്ദര്‍ശിക്കുകയും ദുആ ചെയ്യിപ്പിക്കുകയും ഉപദേശം തേടുകയും ചെയ്തിരുന്നു.

ജീവിതം, വ്യക്തിത്വം
അധ്യാത്മിക ലോകത്തെ ചക്രവര്‍ത്തിയായ ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ) തീര്‍ത്ത സ്വാന്ത്വന മാതൃകകള്‍ നിസ്തുലമാണ്. ‘കരുണ ചെയ്യാത്തവന് കരുണ ചെയ്യപ്പെടുകയില്ല’ എന്ന നബിവചനം പകര്‍ത്തിയതായിരുന്നു അവിടുത്തെ ജീവിതം. പാവങ്ങളെയും രോഗികളെയും സ്‌നേഹിക്കുകയും, മിണ്ടാപ്രാണികളോടും സൂക്ഷ്മജീവികളോടും കാരുണ്യത്തോടെ ഇടപെടുകയും ചെയ്തു. മാറാവ്യാധി പിടിപെട്ട നായയെ ശൈഖ് രിഫാഈ(റ) ശുശ്രൂഷിച്ച് വിട്ടയച്ച കഥ സുപരിചിതമാണ്.
പൂച്ചയെ ഉണര്‍ത്താതെ വസ്ത്ര ഭാഗം മുറിച്ച് മാറ്റി അതിന് സൗകര്യം ചെയ്തുകൊടുക്കുകയും കീറിയ വസ്ത്രം ധരിച്ച് പള്ളിയിലേക്ക് പോവുകയും ചെയ്ത കഥയും വിശ്രുതമാണ്. (നൂറുല്‍ അബ്‌സ്വാര്‍)
ശൈഖിന്റെ ഉല്‍ക്കൃഷ്ട സ്വഭാവം മൂലം ഒട്ടേറെ അവിശ്വാസികള്‍ ഇസ്‌ലാമിന്റെ വക്താക്കളും പ്രചാരകരുമായി മാറിയിട്ടുണ്ട്. തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തവരോട് പോലും സ്‌നേഹത്തോടെ അവിടുന്ന് പെരുമാറി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അല്ലാതെ ഒരു നിമിഷം പോലും കഴിഞ്ഞു കടക്കരുതന്ന് നിര്‍ബന്ധബുദ്ധിയുള്ളവരായിരുന്നു ശൈഖ് രിഫാഈ (റ). തിരുനബി (സ്വ)യുടെ സ്വഭാവ മഹിമ അവിടുത്തെ ജീവിതത്തിലുടനീളം ദൃശ്യമായിരുന്നു. ശൈഖ് മക്കിയ്യുല്‍ വാസ്വിത്വി(റ)പറയുന്നു: ഇറാഖിലെ ഉമ്മു അബീദ പ്രദേശത്ത് ഞാന്‍ ഒരു രാത്രി ശൈഖ് രിഫാഈ (റ)നോടൊപ്പം കഴിഞ്ഞു. ആ ഒരൊറ്റ രാത്രിയില്‍ മാത്രം തിരുനബിയുടെ മഹിത സ്വഭാവങ്ങളില്‍പെട്ട നാല്‍പതോളം കാര്യങ്ങള്‍ ശൈഖില്‍ നിന്ന് ഞാന്‍ കണ്ടു. സുല്‍ത്വാനുല്‍ ആരിഫീന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചതിന് കാരണം തിരുനബിയുടെ ജീവിതം അനുധാവനം ചെയ്തതിനാല്‍ ആയിരുന്നു.
ഗര്‍ഭാശയത്തില്‍ വച്ചുതന്നെ ഉമ്മയോട് സംസാരിച്ച് കറാമത്ത് പ്രകടമാക്കിയ മഹാനാണ് ശൈഖ് രിഫാഈ(റ). ശൈഖ് അലിയ്യുസ്സൂരീ (റ) ഇമാമുദ്ദീന്‍ സിന്‍കിയില്‍ നിന്നും ഉദ്ധരിക്കുന്നതിങ്ങനെ: രിഫാഈ ശൈഖ്(റ)ന്റെ ജനനം വലതുകൈ നെഞ്ചിനുതാഴെ വെച്ചും ഇടതുകൈ കൊണ്ട് പിന്‍ഭാഗം മറച്ചുമായിരുന്നു.
തൊട്ടിലില്‍ വെച്ച് സംസാരിച്ചതും തസ്ബീഹ് ചൊല്ലിയതും വിശുദ്ധ റമളാനിന്റെ പകലുകളില്‍ മുലപ്പാല്‍ കുടിക്കാതിരുന്നതും പ്രസിദ്ധമാണ്. ചെറുപ്രായത്തില്‍ തന്നെ സമപ്രായക്കാരില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട മനസുമായി ഇബാദത്ത് പതിവാക്കിയിരുന്നു. സുയൂത്വി (റ) തന്‍വീര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘ശൈഖ് രിഫാഈ (റ) ക്രി.1160 ല്‍ ഹജ്ജിനു പോയി. മക്കയില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയായതിനുശേഷം മഹാനവര്‍കള്‍ മദീനയില്‍ തിരുനബിയുടെ റൗളാശരീഫിലെത്തി. അവിടെയെത്തിയ ശൈഖ് രിഫാഈ (റ)പാടി. ‘വിദൂരതയിലായിരിക്കെ ഞാനെന്‍ ആത്മാവിനെ പറഞ്ഞയച്ചിരുന്നു. ഞാന്‍ ഇപ്പോള്‍ അങ്ങയുടെ തിരു സവിധത്തിലേക്കു എത്തിയിരിക്കുന്നു. അങ്ങയുടെ കരം ഒന്ന് നീട്ടി തന്നാലും നബിയേ.., അതിനാല്‍ ഞാനെന്‍ അധരങ്ങളെ മധുരമാക്കട്ടെ.’ തിരുനബിയുടെ കരം റൗളയില്‍ നിന്നും പ്രത്യക്ഷപ്പെട്ടു. ശൈഖ് അവര്‍കള്‍ ആ തൃക്കരങ്ങളെ മതിവരോളും ചുംബിച്ചു. ശേഷം അവിടുത്തെ കൈപിടിച്ചു ബൈഅതു ചെയ്തു. തുടര്‍ന്ന് ആത്മീയോപദേശങ്ങള്‍ നല്‍കി. ഈ സംഭവത്തിന് ഒരു ലക്ഷത്തോളം വരുന്ന അവിടുത്തെ അനുചരന്മാര്‍ ദൃക്‌സാക്ഷികളായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.ഈ സംഭവം അവരുടെ മഹത്തായ കറാമത്തായി ഇമാം സുയൂത്വി (റ), മുഹമ്മദ് ആലൂസി (റ), ശൈഖ് അബ്ദുല്‍ഖാദിര്‍ ത്വിബിരി (റ) തുടങ്ങിയവര്‍ രേഖപ്പെടുത്തിവെക്കുന്നുണ്ട്.

വിയോഗം
ജനലക്ഷങ്ങളെ ആത്മീയതയിലേക്ക് ഉയര്‍ത്തി വൈജ്ഞാനിക വിപ്ലവത്തിന് നേതൃത്വം വഹിച്ച ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ (റ)ഹിജ്‌റ 578 ജമാദുല്‍ ആഖിര്‍ 12ന് റബിന്റെ വിളിക്കുത്തരം നല്‍കി. നീണ്ട ആറ് പതിറ്റാണ്ടോളം ഇസ്‌ലാമിക ലോകത്തിന് തുല്യതയില്ലാത്ത സംഭാവനകളര്‍പ്പിച്ച മഹാനവര്‍കള്‍ മരണം മുന്‍കൂട്ടി അറിയുകയും പ്രവചിക്കുകയും ചെയ്തിരുന്നു. ശൈഖ് ജൗഹറുല്‍ യമാനി (റ) പറയുന്നു: രോഗം ഇല്ലാത്ത സമയത്ത് തന്നെ ശൈഖ് മരണ സമയത്തെക്കുറിച്ച് പറഞ്ഞിരുന്നു. രണ്ട് റക്അത്ത് നിസ്‌കരിച്ച ശേഷം ശഹാദത്ത് കലിമ ചൊല്ലിയാണ് റബ്ബിലേക്ക് യാത്രയായത്. ശൈഖ് രിഫാഈ (റ)വിന്റെ ജനാസ കൊണ്ടു പോകുമ്പോള്‍ പ്രകടമായ അദ്ഭുതങ്ങള്‍ മാത്രം കണ്ട് എഴുന്നൂറോളം ജൂതന്മാരും ആയിരത്തോളം ക്രിസ്ത്യാനികളും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. ജനാസയെ മുമ്പൊന്നും കാണാത്ത വിധം പച്ച പക്ഷികള്‍ നാലു ഭാഗങ്ങളില്‍നിന്നും വലയം ചെയ്തിരുന്നു.

Share this article

About അബ്ദു റഹൂഫ് ഇരുമ്പുഴി

azminrani0@gmail.com

View all posts by അബ്ദു റഹൂഫ് ഇരുമ്പുഴി →

Leave a Reply

Your email address will not be published. Required fields are marked *