കലാപ കാലങ്ങളിലെ തഹ്‌രീളിന്റെ ആഹ്വാനം

Reading Time: 4 minutes

ഹിജ്‌റ ഒമ്പതാം ശതകത്തിന്റെ ആരംഭത്തിലാണ് മഖ്ദൂം കുടുംബം യമനിലെ ഹളര്‍മൗത്തില്‍ നിന്നും പൊന്നാനിയില്‍ വന്ന് താമസമാക്കിയത്. ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീം ബ്‌നു അഹ്മദ് ആണ് പൊന്നാനിയില്‍ വന്ന ആദ്യത്തെ മഖ്ദൂം. അറബികളുമായി പൂര്‍വ ബന്ധമുണ്ടായിരുന്ന പൊന്നാനി മഖ്ദൂം കുടുംബത്തിന്റെ മതപരവും വൈജ്ഞാനികവുമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് കേരള മുസ്‌ലിംകളുടെ മക്ക എന്ന അപരനാമം സിദ്ധിക്കാന്‍ അര്‍ഹമായത്. അറബി ഭാഷാ രംഗത്തും അറബി-മലയാള രംഗത്തും വൈജ്ഞാനിക വിപ്ലവം സൃഷ്ടിക്കുന്നതില്‍ മഖ്ദൂം കുടുബത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പങ്കുണ്ട്. ഇതിലെ ആദ്യത്തെ കണ്ണി മഖ്ദൂം ഒന്നാമന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ശൈഖ് സൈനുദ്ദീന്‍ ബ്‌നു അലി
സൈനുദ്ദീന്‍ കുടുംബമായിരുന്നു 1516 നൂറ്റാണ്ടുകാലയളവിലെ സാഹിത്യ/ചരിത്ര രചനകളുടെ ന്യൂക്ലിയസായി അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഇന്നത്തെ കൊച്ചി എന്നറിയപ്പെടുന്ന തീരദേശ പ്രദേശത്ത് ഹിജ്‌റ 871/872, ക്രിസ്താബ്ദം 1466/1467 ലാണ് സൈനുദ്ദീന്‍ ഒന്നാമന്‍ എന്നറിയപ്പെടുന്ന ശൈഖ് സൈനുദ്ദീന്‍ ബ്‌നു അലി ജനിക്കുന്നത്. സൈനുദ്ദീന്‍ ഒന്നാമന്റെ ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ അമ്മാവന്‍ ഖാളി സൈനുദ്ദീന്‍ ഇബ്‌നു അഹ്മദിന്റെ നേതൃത്വത്തിലാണ് പൊന്നാനിയിലേക്ക് അവരുടെ താമസം മാറ്റിയത്. പ്രാഥമിക പഠനങ്ങള്‍ (നഹ്‌വ്, ഫിഖ്ഹ്) പൊന്നായില്‍ നിന്ന് തന്നെ നേടിയെടുക്കുകയും തുടര്‍ന്ന് പഠനത്തിനായി ചാലിയം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ദര്‍സിലെ പങ്കാളിയാവുകയും ചെയ്തു. തഹ്‌രീള് അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബ്ദതി സ്സുല്‍ബാന്‍ (Motivating believers for struggle against cross worshippers) എന്ന ഗ്രന്ഥത്തിന് പുറമേ തസവ്വുഫില്‍ 188- ഓളം വരികളില്‍ രചയിതമായ അദ്കിയ ഇലാ താരീഖാത്തില്‍ ഔലിയ എന്നതിന്റെയും രചയിതാവാണ് സൈനുദ്ദീന്‍ ഒന്നാമന്‍. പ്രസ്തുത ഗ്രന്ഥം പള്ളി അക്കാദമികളില്‍ (Mosque academies) പഠന വിഷയത്തിന് പുറമെ ചില അക്കാദമിക സെമിനാര്‍ കോണ്‍ഫറന്‍സില്‍ പ്രധാന വിഷയമായി വരെ വന്നിട്ടുണ്ട്.

കിതാബു തഹ്‌രീള്
15-ാം നൂറ്റാണ്ടിലാണ് തഹ്‌രീളിന്റെ രചന നടക്കുന്നത്. ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ എന്നറിയപെടുന്ന സൈനുദ്ദീനു ബ്‌നു അലിയാണ് ഇതിന്റെ രചയിതാവ് എന്ന് പറയപ്പെടുന്നു. കിതാബിന്റെ രണ്ടിടത്ത് മാത്രമാണ് പോര്‍ച്ചുഗീസ് എന്ന പദം ഉപയോഗിച്ചത്. ആയതിനാല്‍ 15,16 നൂറ്റാണ്ടുകളില്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് ഉണ്ടായ അതിക്രൂര അക്രമങ്ങളും പീഡനങ്ങളുമാണ് ഇതിലെ പ്രധാന വിഷയം.
സെനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പോര്‍ച്ചുഗീസുകാരുമായുള്ള യുദ്ധ പശ്ചാത്തലവും അതിന്റെ സാമൂഹിക സാംസ്‌കാരിക (Socio Cultural) വശങ്ങളും പരിണതഫലങ്ങളും വിശദമായി പ്രതിപാദിച്ചത് പോലെ തഹ്‌രീളില്‍ ഇല്ലാത്തതാണ് കേരള പശ്ചാത്തലത്തിലെ ആദ്യത്തെ ചരിത്ര ഗ്രന്ഥമായി തഹ്‌രീള് അറിയപ്പെടാതിരുന്നത്.

ഇംഗ്ലീഷ് പരിഭാഷ
മലപ്പുറം ജില്ലയിലെ വെളിയങ്കോട് സ്വദേശി പ്രൊഫസര്‍ കെ എം മുഹമ്മദാണ് തഹരീളിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ആദ്യമായി തഹ്‌രീളിന്റെ അറബി കവിതകള്‍ സി. ഹംസ സമാഹരിക്കുകയും അല്‍ ഹുദ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഫാറൂഖ് കോളേജിലെ അറബിക് ഡിപ്പാര്‍ട്മന്റ് ഇതിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. പക്ഷേ അതില്‍ തഹ്‌രീളിന്റെ 135 വരികള്‍ മാത്രമേ ഉണ്ടായിരുള്ളൂ. ശേഷം പ്രെഫസര്‍ കെ എം മുഹമ്മദ് പ്രെഫസര്‍ വി മുഹമ്മദില്‍ നിന്നും തഹ്‌രീളിന്റെ വിശ്വാസ യോഗ്യമായ 173 വരികള്‍ കണ്ടെത്തുകയും അതിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു.
1833ല്‍ എം ജെ റോളന്‍ഡ്‌സണ്‍ (M.J. Roulandson) തുഹ്ഫത്തുല്‍ മുജാഹിദീനെ ഇംഗ്ലീഷിലേക്കും 1898 ല്‍ ഡാവിഡ് ലോപ്‌സ് (David Lopes) പോര്‍ച്ചുഗീസിലേക്കും ഇത്ര നേരത്തെ പരിഭാഷപ്പെടുത്തിയതും തഹ്‌രീളിന്റെ ഇംഗ്ലീഷ് പരിഭാഷ ഇത്ര വൈകിയതുമാണ് തഹ്‌രീളിന്റെ പ്രശസ്തിക്ക് കുറവ് സംഭവിക്കാന്‍ കാരണമായത്.
സാധാരണ പരമ്പര്യ രീതിയില്‍ അറബി കാവ്യ രചനകളുടെ രീതിശാസ്ത്രമനുസരിച്ച് രചന അവസാനിക്കേണ്ടത് അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും(സ്വ) അവരുടെ കുടുംബത്തിന്റെയും മേലില്‍ സ്വലത്തും സലാമും (ഗുണം – രക്ഷ) ഉണ്ടാവട്ടെ എന്ന് പറഞ്ഞുകൊണ്ടാണ്. പക്ഷേ അല്‍ ഹുദ പ്രസിദ്ധീകരിച്ച അറബി ടെക്സ്റ്റ് ഒറ്റയടിക്ക് 135ാം വരിയില്‍ അവസാനിക്കുകയാണ്. വി മുഹമ്മദ് സാഹിബിന്റെ പക്കലുണ്ടായിരുന്ന ഈ 173 വരികളുള്ള കാവ്യം ആ ഒരു രീതിയില്‍ ആയതിനാല്‍ ഇതാണ് തഹ്‌രീളിന്റെ പൂര്‍ണ രൂപം എന്ന് അനുമാനിക്കാം.
പോര്‍ച്ചുഗീസ് കാലയളവിലെ ചരിത്രത്തെ ലിഖിത രൂപത്തിലാക്കുന്നതിനുള്ള പരിശ്രമത്തില്‍ ഇന്‍ഡീജീനിയസ് സോയ്‌സ് (സ്വദേശ അവലംബം) ഉപയോഗിക്കുന്ന ആദ്യ ചരിത്രക്കാരനാണ് കെ എം പണിക്കര്‍. 1920ന്റെ തുടക്കകാലത്ത് കൊച്ചിന്‍ ഭരാണാധികാരികളുടെ പക്കലുണ്ടായിരുന്ന കേരള ചരിത്ര കൈയെഴുത്ത് പ്രതികള്‍ നേരിട്ട് പോയി വാങ്ങി റെഫര്‍ ചെയ്തായിരുന്നു തന്റെ ചരിത്ര ഗ്രന്ഥങ്ങള്‍ എഴുതിയിരുന്നത്. വളരെ വിഷമകരം എന്ന് പറയട്ടെ, കേരളത്തിലെ മുസ്‌ലിം ചരിത്രം കൂടുതലായും പാശ്ചാത്യന്‍ നരവംശ-ചരിത്ര ഗവേഷകരാണ് രചിച്ചത്. അതുകൊണ്ട് തന്നെ യൂറോ സെന്‍ട്രിക്ക് (Euro Centric) എഴുത്തുകളായിരിക്കും കേരളമുസ്‌ലിം ചരിത്രങ്ങള്‍ വായിക്കുമ്പോള്‍ കാണാന്‍ സാധിക്കുക.
ആധുനിക കാലത്തിന്റെ തുടക്കത്തിലുള്ള കേരള മുസ്‌ലിം ചരിത്രത്തെ പഠിക്കുമ്പോള്‍ കൂടുതലായും അറബി, അറബി- മലയാളം ടെക്സ്റ്റുകളായിരിക്കും അഭിമുഖീകരിക്കേണ്ടിവരിക. അറബി ഭാഷ പാശ്ചാത്യരെ സംബന്ധിച്ചെടുത്തോളം വലിയ ഒരു വെല്ലുവിളി ആയതിനാല്‍ തന്നെ അറബി ഭാഷയിലുള്ള കൈയെഴുത്ത് പ്രതികള്‍ (Manuscritp) റഫര്‍ ചെയ്യാതെയായിരിക്കും പല പാശ്ചാത്യന്‍ എഴുത്തുകളും.
കേരള മുസ്‌ലിം പഠനങ്ങളില്‍ അക്കാദമിക – ഗവേഷണ രംഗത്ത് ഏറെ അംഗീകാരം ലഭിച്ച രണ്ട് പുസ്തകങ്ങളാണ് തുഹ്ഫത്തുല്‍ മുജാഹിദീനും ഫത്ഹുല്‍ മുബീനും. അതേ സമയം തഹരീളിനെ പോലെ അറിയപ്പെടാതിരുന്നതും പബ്ലിഷ് ചെയ്യാതിരുന്നതും ട്രാന്‍സ്‌ലേറ്റ് ചെയ്യപ്പെടാതിരുന്നതുമായ ഒരുപാട് കൃതികള്‍ കേരള പാശ്ചാതലത്തില്‍ ഇന്നും നിലവിലുണ്ട്. അതില്‍ പെട്ടതാണ് കാലിക്കറ്റ് യൂണിവേയ്‌സിറ്റിയിലെ അറബിക് ഡിപ്പാര്‍ട്‌മെന്റ് കണ്ടെത്തിയ ഖാളി മുഹമ്മദിന്റേതെന്ന് പറയപ്പെടുന്ന ഖസീദത്തുല്‍ ജിഹാദിയ്യയും ഖുതുബതു ജിഹാദിയ്യയും.

തഹ്‌രീള് അഹ്‌ലില്‍ ഈമാന്‍
ലെയ്ഡന്‍ യൂണിവേയ്‌സിറ്റി ഗവേഷകര്‍ മഹ്മൂദ് കൂരിയ, തഹരീള് അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബ്ദത്തി സ്വുല്‍ബാനിന് അദര്‍ ബുക്‌സ് അദര്‍ വേര്‍ഡില്‍ പറഞ്ഞതില്‍ നിന്ന് മാറി ‘Inciting the flowers of faith into the holy war against the worshippers of the crosses’ എന്നാണ് പരിഭാഷപ്പെടുത്തുന്നത്.
പുനര്‍ ക്രമീകരിച്ച ഈ പുസ്തകത്തില്‍ 15 സെഷനുകളായിട്ടാണ് തഹ്‌രീളിനെ പരിചയപ്പെടുത്തുന്നത്. ചില സെഷനുകളില്‍ വെറും മൂന്ന് വരികളും അതേ സമയം ചിലതില്‍ മുപ്പത്തിരണ്ട് വരികള്‍ വരെ നീണ്ട് പോകുന്നുണ്ട്. അല്ലാഹുവിനെ സ്തുതികളര്‍പ്പിച്ചും റസൂലിന്റെ(സ്വ) മേല്‍ സ്വലാത്തും സലാമും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിച്ചുമാണ് തഹരീള് ആരാംഭിക്കുന്നത്. തുടര്‍ന്ന് ആ കാലത്ത് പോര്‍ച്ചുഗീസ്‌കാരില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് അനുഭവപ്പെട്ട പല യാതനകളും വേദനകളുമാണ് വിവരിക്കുന്നത്. ഇതില്‍ നിന്നെല്ലാം മോചനം നല്‍കി അക്രമികളെ ശിക്ഷിക്കണം എന്ന പ്രാര്‍ഥനയോടെയാണ് ഈ ഘട്ടം അവസാനിപ്പിക്കുന്നത്.
ജിഹാദിന് പ്രേരണ നല്‍കിക്കൊണ്ടാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഒരു കര്‍മശാസ്ത്ര ഗ്രന്ഥം എന്ന പോലെ ഒരു യജമാനന്റെ കീഴിലുള്ള അടിമയാണ് നിങ്ങളെങ്കിലും മുസ്‌ലിംകളെ പോര്‍ച്ചുഗീസുകാരില്‍ നിന്ന് രക്ഷിക്കാന്‍ നിങ്ങള്‍ ജിഹാദ് ചെയ്യൂ എന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ/നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് ജിഹാദ് എന്ന് പറഞ്ഞ്‌കൊണ്ട് ആരോഗ്യമുള്ള മുസ്‌ലിംകളെ ആവേശത്തിലാക്കുകയാണ് 26-36 വരികളില്‍. പോര്‍ച്ചുഗീസുകാരോടുള്ള ജിഹാദ് വ്യക്തികത ബാധ്യത (ഫര്‍ള് ഐന്‍) ആയിട്ടാണ് പരിചയപ്പെടുത്തുന്നത്.
സൈനുദ്ദീന്‍ മഖ്ദൂം നടത്തുന്ന ഈ രചന അഭിമുഖീകരിക്കുന്നത് ആരെയാണ് കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിലും മരക്കാര്‍ കുടുംബക്കാരോടോ മുസ്‌ലിംകളെ സ്‌നേഹിക്കുന്ന സാമൂതിരിമാരോടോ ആണെന്ന് അനുമാനിക്കാം. ഇതില്‍ രണ്ടാമത്തേതിനാണ് കൂടുതല്‍ സാധ്യത. മൂന്നാം ഘട്ടത്തില്‍ ഇന്ന് നമ്മെ സഹായിക്കുവര്‍ക്ക് തീര്‍ച്ചയായും പരലോകത്ത് വെച്ച് ദൈവം സംരക്ഷിക്കും എന്ന ഉറപ്പാണ് പ്രധാനമായും നല്‍കുന്നത്.
ലോകവും അതിലെ സുന്ദര വസ്തുക്കളും നിങ്ങള്‍ നേടിയെടുത്താലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവനിക്കുള്ള പ്രതിഫലത്തിനു മുന്നില്‍ അതെല്ലാം കടലിലെ ഒരു തുള്ളി വെള്ളം പോലെയായിരിക്കും എന്നാണ് നാലാം ഘട്ടത്തില്‍ വിവരിക്കുന്നത്. മൂന്ന് വരികള്‍ മാത്രമുള്ള അഞ്ചാം ഘട്ടത്തില്‍ ഏഴ് ലക്ഷം പ്രതിഫലം വരെ കിട്ടുന്ന കാര്യമാണ് ചര്‍ച്ച ചെയ്യുന്നത്.
ആറാം ഘട്ടത്തില്‍ ജിഹാദിനെ നിഷേധിക്കുന്നവര്‍ക്കും താത്പര്യമില്ലാതെ ജിഹാദ് ചെയ്യുന്നവര്‍ക്കുമുള്ള വിലക്കിനെയാണ് അവതരിപ്പിക്കുന്നത്. ഇരുപത്തി ആറോളം വരികളിലായിട്ടാണ് ഏഴാം ഘട്ടത്തില്‍ യുദ്ധത്തില്‍ കൊല്ലപെട്ടവര്‍ക്കുള്ള (ശഹീദ്) പ്രതിഫലത്തെ മഖ്ദൂം അവതരിപ്പിക്കുന്നത്. അവര്‍ സ്വര്‍ഗത്തിലെ വാനമ്പാടി പക്ഷികളാണെന്നും ചെറുതും വലുതുമായ വൃക്ഷങ്ങളില്‍ നിന്ന് ഫലം ഭക്ഷിച്ച് സന്തോഷം കണ്ടെത്തുവരായിരിക്കുമെന്നും പറയുന്നു. ഇനി അഥവാ ഈ ലോകത്തേക്ക് അവര്‍ തിരിച്ച് വരികയാണെങ്കില്‍ വീണ്ടും ശഹീദായി മരിക്കുന്നതിലുള്ള അവരുടെ ഉത്സാഹത്തെപ്പറ്റിയും ഇതില്‍ സവിസ്തരം വിശദീകരിക്കുന്നുണ്ട്. ഇതിലെ പല വരികളും ശഹീദായവരെ സബ്ജക്റ്റ് ആക്കിക്കൊണ്ടാണ് അവതരിപ്പിച്ചത്. അവരോട് (ശഹീദ്) ചോദിക്കുമത്രെ ഇനി നിങ്ങള്‍ക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന്. മറുപടിയായി അവര്‍ പറയുന്നത് ഞങ്ങളുടെ ആഗ്രഹങ്ങള്‍ സര്‍വതും പൂര്‍ത്തിയായില്ലേ ഇനി ഞങ്ങള്‍ക്ക് ആഗ്രഹിക്കാന്‍ വല്ലതുമുണ്ടോ എന്നായിരിക്കും. ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ മറുപടിയും ആവര്‍ത്തിക്കപ്പെടും. അവസാനം, ചോദ്യത്തിന് അന്ത്യമില്ലായെന്ന് കാണുമ്പോള്‍ ഞങ്ങളുടെ ആത്മാവ് ശരീരത്തിലേക്ക് തിരിച്ച് നല്‍കാനും വീണ്ടും ശഹീദായി മരിക്കാനുമാണ് ഞങ്ങളുടെ ആഗ്രഹം എന്ന് അവര്‍ വിളിച്ച് പറയും.
ശത്രുക്കളോട് യാതൊരു നിലക്കും നിങ്ങള്‍ സഹകരിക്കരുതെന്നും ജിഹാദില്‍ നിന്നും മാറിനില്‍ക്കരുതെന്നുമാണ് എട്ടും ഒമ്പതും ഘട്ടങ്ങളില്‍ പറയുന്നത്. ഖുര്‍ആനിലൊക്കെയുള്ള പോലെ മുന്‍ഗാമികളുടെ കഥ പറയുന്നത് പിന്‍ഗാമികള്‍ക്ക് പ്രചോദനമേകും എന്നത് പോലെ മൂസാ നബി(അ) തന്റെ ശത്രുക്കളെ കീഴടക്കിയ കഥയാണ് പത്താം സെക്ഷനില്‍ അവതരിപ്പിക്കുന്നത്.
നരകവും അതിന്റെ ഭയാനകതയുമാണ് പതിനൊന്നാം സെക്ഷനില്‍ വിവരിക്കുന്നത്. നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷ മുതല്‍ വലിയ ശിക്ഷ വരെ ഇതില്‍ ഉള്‍പ്പെടുത്തിയതോടൊപ്പം ജിഹാദുമായി ബന്ധപ്പെടുത്തി അതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗവും മഖ്ദൂം പറഞ്ഞ് തരുന്നുണ്ട്. ഖുര്‍ആനിക രീതിശാസ്ത്രമനുസരിച്ച് നരകത്തെക്കുറിച്ച് പ്രതിപാദിക്കുന്നിടത്തെല്ലാം സ്വര്‍ഗത്തെക്കുറിച്ച് പറയുന്നത് പോലെയുള്ള ഒരു രീതിശാസ്ത്രമാണ് നരകത്തെ പ്രദിപാതിച്ചതിനു ശേഷം സ്വര്‍ഗത്തെയും അതിലെ സുഖാഡംബരങ്ങളെയും ദീര്‍ഘമായി അവതരിപ്പിക്കുന്നതിലൂടെ മഖ്ദൂം പന്ത്രണ്ടാം ഘട്ടത്തില്‍ കാണിച്ചു തരുന്നത്. എഴുപത്തിരണ്ട് ഹൂറികള്‍ക്ക്(സ്വര്‍ഗത്തിലെ ഇണ) പുറമേ ഓരോരുത്തര്‍ക്കും സേവകരുണ്ടാകും എന്നും ഇതില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ സ്വര്‍ഗത്തെ വര്‍ണിക്കുന്നതിനു പിന്നിലുള്ള ലക്ഷ്യങ്ങളില്‍പെട്ട ഒന്ന് ജിഹാദിനെ പ്രൊമോട്ട് ചെയ്യുക എന്നതാണ്. അവസാന സെക്ഷനില്‍ ഇസ്‌റായീല്‍ ജനതയുടെ ദൈവത്തോടുള്ള അക്രമവും തുടര്‍ന്നുണ്ടായ അല്ലാഹുവിന്റെ ശിക്ഷയുമാണ്.
ആ കാലത്തുള്ളവരെയും പിന്നീട് വന്ന ഉലമാക്കളെയും മറ്റുള്ളവരേയും തഹ്‌രീള് വളരെയധികം സ്വാധീനം ചെലുത്തിയട്ടുണ്ട് എന്ന് മനസിലാക്കാം. സൈനുദ്ദീന്‍ രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദിന്റെയും ഖാളി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീനിന്റെയും സൈഫുല്‍ ബത്താറിന്റെയും സയ്യിദ് ഫള്ല്‍ തങ്ങളുടെ ഉദ്ദത്തുല്‍ ഉമറാഇന്റെയും ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരുടെ ഉമ്മഹാത്തുല്‍ മുഅ്മിനീന്റെയും ഉള്ളടക്കം പരിശോധിച്ചാല്‍ തഹ്‌രീളിനോട് സാമ്യമുള്ളതിനാല്‍ തന്നെ തഹ്‌രീളില്‍ നിന്ന് പ്രചോദനം കിട്ടിയാണ് ഇത്തരം രചനകള്‍ പുറത്ത് വന്നത് എന്ന് നിരീക്ഷിക്കാം.
അദര്‍ ബുക്‌സ് പ്രസിദ്ധീകരിച്ച തഹ്‌രീളിന്റെ ഈ ട്രാന്‍സ്‌ലേഷന്‍-പുസ്തകത്തിന് ആമുഖം എഴുതിയത് ‘Cities And Intruders The Indian Ocean’ (2003), ‘The Swalihi Coast India and Portugal in The Early Modern Era’ (1998), ‘Pious Passenger: The Hajj In Earlier Times’ (1994)’ എന്നീ കൃതികളുടെ രചയിതാവും ഓസ്‌ട്രേലിയയിലെ പ്രെഫസറുമായ മൈക്കിള്‍ എന്‍ പിയേര്‍സനാണ് (Micheal N Pear-son).

Share this article

About ജുറൈസ് പൂതനാരി

juraispoothanari@gmail.com

View all posts by ജുറൈസ് പൂതനാരി →

Leave a Reply

Your email address will not be published. Required fields are marked *