ഒന്നിലധികം

Reading Time: < 1 minutes

ഏകപത്‌നീവ്രതത്തിന്റെ മഹത്വം കഴിഞ്ഞ ലക്കത്തില്‍ അവതരിപ്പിച്ചു. പക്ഷേ ബഹുഭാര്യത്വം പലപ്പോഴും അനിവാര്യമാകും. പുരുഷന്മാരുടെ ചുരുക്കം, സ്ത്രീകളുടെ പെരുക്കം തുടങ്ങിയ അവസരങ്ങളില്‍ സാമൂഹിക ഘടനയുടെ ഭാഗമായി തന്നെ അത് അനിവാര്യമാകും. യുദ്ധാനന്തരമോ മറ്റോ വലിയ പുരുഷസമൂഹത്തിന്റെ അഭാവംമൂലം വിധവകളാവുകയോ മറ്റോ ചെയ്യുന്ന പക്ഷം ബഹുഭാര്യത്വം കൂടുതല്‍ നൈതികമായിമാറും. അതാണുതാനും ഇസ്‌ലാമിക സമീപനം. യമനില്‍ ബഹുഭാര്യാരീതി അനുവദനീയമാണല്ലോ.
ഒരിണയും ഒരു തുണയും മാത്രമാകുമ്പോള്‍ തന്റെ ഭര്‍ത്താവ് തന്നില്‍ സംതൃപ്തനാണെന്ന് ഭാര്യ കരുതണം. സംതൃപ്തിക്കമ്മിയാണ് പലപ്പോഴും മറ്റൊരിടം തേടിപ്പോകാന്‍ കാരണമാകുന്നത്. ഭക്ഷണം പോലെ പ്രധാനമാണ് ലൈംഗികതയും. ദാഹം തീര്‍ന്നില്ലെങ്കില്‍ ഭ്രാന്തിനുസമാനമായ മനോവൈകല്യം പിടിപെടും. അത് ജീവിതത്തിന്റെ അച്ചടക്കത്തെ ബാധിക്കും. കുടുംബ ഭദ്രതയെ തെറ്റിക്കും. പ്രായമേറുംതോറും പുരുഷന്റെ സംസര്‍ഗദാഹം കൂടുമെന്ന് പഠനങ്ങളുണ്ട്. മെന്‍സസ് നിലക്കുന്നതോടെ ചില സ്ത്രീകള്‍ക്കെങ്കിലും ലൈംഗിക വികാരം മുറിഞ്ഞുപോകാറുണ്ട്. ഇത് ഒരു പ്രതിസന്ധി ഘട്ടമാണ്. ലൈംഗിക തൃപ്തി മാത്രമല്ല, മറ്റു മനപ്പൊരുത്തങ്ങളും ഗൗരവതരം തന്നെയാണ്.
തിരുനബിയെ(സ്വ) നോക്കൂ. ബഹുഭാര്യത്വമായിരുന്നു. എല്ലാവര്‍ക്കും ഊഴം വെച്ചുനല്‍കി മുത്ത്‌നബി(സ്വ). പക്ഷേ പ്രായം ചെന്ന ചില ഭാര്യമാര്‍ തങ്ങളുടെ ഊഴം ചെറുപ്രായക്കാരിയായ ആയിശ ബീവിക്ക് നല്‍കിയ അനുഭവമുണ്ടല്ലോ. അത് അവരുടെ ഹൃദയനൈര്‍മല്യത്തിന്റെ ഭാഗം കൂടിയാണ്. ചുരുക്കത്തില്‍, തങ്ങളുടെ പരിമിതി കൂടി ഭാര്യ അറിയണം. ആവശ്യമെന്ന് ബോധ്യമായെങ്കില്‍ തന്റെ ഭര്‍ത്താവിന് മറ്റൊരു ഇണ കൂടി ഉണ്ടാകുന്നതില്‍ ഭാര്യമാര്‍ വിലങ്ങ് നില്‍ക്കരുത്. അത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്ന ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്.
നീതി മാനദണ്ഡമാക്കി വേണം രണ്ടാം ബന്ധം കെട്ടിപ്പടുക്കാന്‍. രണ്ടു പേര്‍ക്കും പ്രണയവും ശരീരവും പകുത്തു നല്‍കണം. സമൂഹ നിലവാരം പരിഗണിക്കുക കൂടി വേണം. ഏകദാമ്പത്യ ബന്ധമാണ് സമൂഹത്തിന് പലപ്പോഴും കാമ്യം. പക്ഷേ ഭര്‍തൃബോധ്യവും ശേഷിയും തിരിച്ചറിയാന്‍ ഇണക്ക് കഴിയണം. ദാമ്പത്യ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയാവരുത് ഒരു ഇണയും. അസംതൃപ്തി ഒളിപ്പിച്ച് കുറേ മുന്നോട്ട് ഗമിക്കാന്‍ കഴിയില്ല. ദമ്പതികള്‍ തയാറാകുക എന്നതുതന്നെയാണ് പ്രധാനം. സംസര്‍ഗത്തിന് പ്രത്യേകം ദിവസവും നേരവും നിശ്ചയിച്ചിട്ടുണ്ട് ഇസ്‌ലാം. ലൈംഗിക വേഴ്ചയുടെ പ്രാധാന്യമുണ്ട് ഈ നിശ്ചയത്തില്‍. ഇക്കിളിപ്പെടുന്ന കാഴ്ചകളില്‍ അഭിരമിച്ച് വ്യക്തിത്വ- കുടുംബ ഭദ്രത നഷ്ടപ്പെടുന്നത് ഇസ്‌ലാം നിശിതമായി വിസമ്മതിക്കുന്നു. അതുകൂടി പരിഹരിച്ച് ദാമ്പത്യ അവകാശങ്ങള്‍, അഭിലാഷങ്ങള്‍ പരസ്പരം തീര്‍ക്കുകയോ തീര്‍ക്കാന്‍ അവസരം നല്‍കുകയോ വേണം. അതാണ് ദാമ്പത്യ വിജയം.
അല്ലാഹു അനുവദിച്ചതാണ് ബഹുഭാര്യാപങ്കാളിത്തം. അതിനു പക്ഷേ നിബന്ധനകളുണ്ട്. അങ്ങനെയാണേല്‍ അതില്‍ അനര്‍ഥങ്ങളുണ്ടാകില്ല. ഒരുപാട് അര്‍ഥങ്ങളുണ്ടാകുംതാനും. എല്ലായിപ്പോഴും എല്ലാവര്‍ക്കും കയറിയിരിക്കാവുന്ന ഇടമല്ല ബഹുഭാര്യത്വം എന്നതു കൂടി പ്രധാനമാണ്. വളരെ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കേണ്ടതാണത്. അല്ലാഹു അനുവദിച്ചതുകൊണ്ടുതന്നെ ബഹുഭാര്യത്വത്തെ നിരുപാധികം വിമര്‍ശിക്കരുത്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാകരുത് വിമര്‍ശന മാനദണ്ഡം. അല്ലാഹുവിന്റെ തീരുമാനം സര്‍വാത്മനാ അനുസരിച്ചു കഴിയുന്നവരാണല്ലോ നാം.

Share this article

About ഇ.വി അബ്ദുറഹ്മാന്‍

evrahman@gmail.com

View all posts by ഇ.വി അബ്ദുറഹ്മാന്‍ →

Leave a Reply

Your email address will not be published. Required fields are marked *