സയണിസം: കൊല്ലുന്ന പ്രത്യയശാസ്ത്രം

Reading Time: 4 minutes

റമോണ്‍ ഗ്രോസ്ഫുഗലിന്റെ ‘the structure of knowledge in westernized universities’ എന്നൊരു പഠനമുണ്ട്. വ്യത്യസ്ത വംശഹത്യകളെയും ജ്ഞാനഹത്യകളെയുമാണ്1 അതില്‍ ചര്‍ച്ചക്കെടുക്കുന്നത്. ഈ പഠനത്തെ സയണിസ്റ്റ് അധിനിവേശ കൊളോണിയലിസത്തെ അപനിര്‍മിക്കുന്നതിലേക്ക് കൂടി ദീര്‍ഘിപ്പിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പ്രാരംഭം മുതലേ ഫലസ്തീനിന്റെ നേര്‍ക്കാണ് അധീശത്വ സയണിസ്റ്റ് കൊളോണിയലിസം തിരിഞ്ഞിട്ടുള്ളത്. ഗ്രാമങ്ങളെയും നഗരങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കി വംശീയ ഉന്മൂലനം നടത്തിക്കൊണ്ടും ഫലസ്തീന്‍ ജനതക്ക് മേല്‍ ഹിംസകള്‍ സൃഷ്ടിച്ചുകൊണ്ടുമാണ് അത് പരമകാഷ്ഠ പ്രാപിച്ചുകൊണ്ടിരിക്കുന്നതും.
150 വര്‍ഷങ്ങള്‍ക്ക് മുമ്പ് റെനെ ദെക്കാര്‍ത്തെ സിദ്ധാന്തിച്ച ‘ഞാന്‍ ചിന്തിക്കുന്നു അതിനാല്‍ ഞാനുണ്ട്/ഞാന്‍ നിലനില്‍ക്കുന്നു’ എന്നതിന് അനുരൂപമായി ഗ്രോസ്ഫുഗലും എന്റിഖ് ദുസ്സലുമെല്ലാം ‘ഞാന്‍ കീഴടക്കുന്നു അതിനാല്‍ ഞാന്‍ ഉണ്ട്’ എന്നതിനെ നവ അധിനിവേശ സിദ്ധാന്തമായി പറയുന്നുണ്ട്. ഈ വാക്യം സയണിസ്റ്റ് കൊളോണിയലിസത്തോട് ചേര്‍ത്തി വായിക്കുമ്പോള്‍ ‘ഞങ്ങള്‍ വംശ ശുദ്ധീകരണം നടത്തുന്നു, അതിനാല്‍ (ഞങ്ങള്‍) നിലനില്‍ക്കുന്നു’ എന്ന് വിവര്‍ത്തനം ചെയ്യാം. ‘ഞങ്ങള്‍ പോരാടുന്നു അത്‌കൊണ്ട് ഞങ്ങള്‍ നിലനില്‍ക്കുന്നു’ എന്നത് സയണിസത്തിന്റെ ആദര്‍ശ ഘടനയാണെന്ന് ജ്ഞാനശാസ്ത്രപരമായും ഭവശാസ്ത്രപരമായുമെല്ലാം (ontological) മിനഹിം ബിഗിന്‍ സമര്‍ഥിക്കുന്നുണ്ട്. ‘ഒരു സൈനികരാഷ്ട്രം എന്നതാണ് സംസ്ഥാപനം മുതല്‍ നിര്‍മാണ ഘട്ടത്തിലും ശേഷം വികാസ ഘട്ടത്തിലുമെല്ലാം ജൂതരാഷ്ട്ര നിര്‍മാണത്തിന്റെ അടിക്കല്ല്’ എന്ന് ദി റിവോള്‍ട്ട് എന്ന പുസ്തകത്തില്‍ ബിഗിന്‍ അഭിപ്രായപെടുന്നു. ബിഗിനെ തന്നെ ഇങ്ങനെ വായിക്കാം: ‘രക്തത്തിന്റെയും പുകയുടെയും കണ്ണുനീരിന്റെയുമെല്ലാമിടയില്‍ പതിനെട്ടായിരം വര്‍ഷങ്ങളോളമായി ലോകത്തിന് പരിചയമില്ലാത്ത ‘പോരാടുന്ന ജൂതന്‍’ (fighting Jew) എന്ന പുതിയൊരു മനുഷ്യ വിഭാഗം ജനനം കൊണ്ടു. ആദ്യം വെറുക്കണം പിന്നെ പോരാടണം എന്നല്ലേ പ്രമാണം. ഭയപ്പെടുത്തുന്ന, നീതീകരിക്കാനാവാത്ത, യുഗങ്ങള്‍ പഴക്കമുള്ള ജൂതരുടെ പ്രതികരണശേഷിയില്ലായ്മയെയാണ് ഞങ്ങള്‍ക്കാദ്യം വെറുക്കേണ്ടത്. സഹസ്രാബ്ദങ്ങളായി ഈ പ്രതികരണ ശേഷിയില്ലായ്മയുടെ ഫലമായി ലോകത്തിലൂടെ അലഞ്ഞുതിരിഞ്ഞ് ഭൂരിപക്ഷത്തോട് ഞങ്ങളെ കൂട്ടക്കൊല ചെയ്യണേ എന്ന് വിളിച്ചു പറയുന്ന ഒരു സ്തംഭമായി ജൂതന്‍ മാറിയിരിക്കുന്നു.’ (the revolt, Minahim begin)
ഫലസ്തീനില്‍ നവദേശീയവും കൈയൂക്കിലും കരുത്തിലും നിക്ഷിപ്തമായതുമായ ഒരു ആധുനിക ജൂതസ്വത്വം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ വേണം ബിഗിന്റെ ഈ പ്രസ്താവനയെ മനസിലാക്കാന്‍. സമാധാനത്തോടെ ജീവിക്കാന്‍ ഒരിടം എന്നതല്ല ബിഗിനും കൂട്ടരും ഈ ശ്രമത്തിലൂടെ ലക്ഷ്യമാക്കുന്നത്. അതൊരു പക്ഷേ അവര്‍ക്ക് പ്രധാനമായിരിക്കാം. പ്രത്യുത, യൂറോപ്പിലും മറ്റിടങ്ങളിലും സെമിറ്റിക് വിരുദ്ധ ക്രൂരതകള്‍ക്കും നിര്‍ദയക്കും ഇരയായിക്കൊണ്ടിരിക്കുന്ന ‘ദുര്‍ബലനും ശാന്തനുമായ ജൂതന്‍’ എന്നതിനെ ഇല്ലായ്മ ചെയ്യലാണ് അവരുടെ യഥാര്‍ഥ ഉന്നം.
അധികാരവും അവകാശവും ഉള്ള ഒരു ജൂത മാതൃക പ്രതിഷ്ഠിക്കുകയും അതുവഴി ലോകത്തില്‍ ഒരിടം കൈയടക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അവര്‍ താത്പര്യപ്പെടുന്നത്. ബിഗിനെയും അയാളുടെ പ്രസ്ഥാനത്തെയും സംബന്ധിച്ചിടത്തോളം ‘ഞങ്ങള്‍ പോരാടുന്നു’ എന്നത് തങ്ങളുടെ സ്വത്വ രൂപീകരണത്തിന്റെ ഹൃദയമാണ്. സര്‍വരുടെയും അടിച്ചമര്‍ത്തലുകള്‍ക്ക് പാത്രമായി ഗെറ്റോകളില്‍ (യഹൂദ സങ്കേതങ്ങള്‍) ദൈവമോക്ഷവും പ്രതീക്ഷിച്ച് ജീവിക്കുന്ന ദുര്‍ബല ജൂതനെ ഇല്ലാതാക്കി കെഞ്ചുന്നതിനും കേഴുന്നതിനും പകരം പോരാടുന്ന, വിപ്ലവകാരിയായ ഒരു ജൂതനെ തല്‍സ്ഥാനത്ത് യാഥാര്‍ഥ്യമാക്കാനാകും എന്നവര്‍ ഇതിലൂടെ കണക്കു കൂട്ടുന്നു.
നാളിതുവരെ തങ്ങളനുഭവിച്ച വേദനകള്‍ വെച്ചുനോക്കുമ്പോള്‍ ദൈവമോക്ഷം ഉടനൊന്നും ലഭിക്കില്ലെന്നും കൈയൂക്കിനും അധികാരത്തിനും മാത്രമേ ഞങ്ങളുടെ അഭിശപ്ത സാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്താനാകൂ എന്നും വിശ്വസിപ്പിക്കുന്നിടത്തേക്ക് സയണിസം ജൂതരെ എത്തിച്ചിട്ടുണ്ട്.
ഈയര്‍ഥത്തില്‍, തങ്ങള്‍ എന്താവണമെന്ന് തീരുമാനിക്കാനും ആധുനികലോകത്ത് ചോര വീഴ്ത്തിയും കീഴടക്കിയും കോളനിവത്കരണം നടത്തിയുമെല്ലാം ദേശീയതകള്‍ നിര്‍മിക്കുന്ന പടിഞ്ഞാറന്‍ മനുഷ്യനോട് (western man) തുല്യനാകാനുമുള്ള ജ്ഞാനശാസ്ത്ര പദ്ധതിയാണ് സയണിസം എന്നുപറയാം. ജൂതരുടെ അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കാന്‍ ഒരു ദേശീയ വിമോചന പ്രസ്ഥാനം എന്ന നിലക്കായിരുന്നു സയണിസ്റ്റുകള്‍ ആദ്യം ‘പോരാടി’യിരുന്നത്. എന്നാല്‍ ഇസ്രായേലിന്റെ പിറവിക്ക് ശേഷം സയണിസ്റ്റ് ‘പോരാട്ടം’ ഫലസ്തീനിലടക്കമുള്ള തങ്ങളുടെ അധിനിവേശ കൊളോണിയലിസത്തെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുള്ളതായി മാറി.
വാസ്തവത്തില്‍ ‘സയണിസം ജൂതമതത്തില്‍ മതേതര, ദേശീയവത്കരണങ്ങള്‍ നടത്തി. ലക്ഷ്യത്തിലേക്ക് വഴി കാണിക്കുന്ന ഒരു ഗ്രന്ഥമെന്ന നിലക്കായിരുന്നില്ല ഇത്. മറിച്ച്, രാഷ്ട്രീയ സമൂഹത്തെ നിയന്ത്രിക്കാനുള്ള അധികാരദണ്ഡ് എന്ന നിലയിലായിരുന്നു’ എത്‌നിക് ക്ലീന്‍സ് ഓഫ് ഫലസ്തീന്‍ എന്ന പുസ്തകത്തില്‍ ഇലന്‍ പേപ് ആണ് ഇങ്ങനെ അഭിപ്രായപ്പെടുന്നത്.
ദെക്കാര്‍ത്തെ ദൈവത്തിനു പകരം ഞാന്‍ എന്നതിനെ പുതിയ ജ്ഞാനാടിത്തറയായി അവതരിപ്പിക്കുന്നത് പോലെത്തന്നെയാണ് സയണിസ്റ്റുകള്‍ ഫലസ്തീനില്‍ യൂറോ കേന്ദ്രീകൃതവും വര്‍ഗീയ-വംശഹത്യപരവുമായ ഒരു ലോകവീക്ഷണം സ്വീകരിക്കുന്നതും. അധീശത്വാധിഷ്ഠിതമായ, രാഷ്ട്ര സംസ്ഥാപനത്തെ ദൈവമായി കാണുന്ന സയണിസ്റ്റ് ജൂത അധിനിവേശ കൊളോണിയലിസം അടിത്തറയാക്കിയാണ് ആ വീക്ഷണം കെട്ടിപ്പടുക്കുന്നത്. നിഷ്‌ക്രിയനായ ദൈവത്തെ കാത്തുനില്‍ക്കാതെ ഏതുവിധേനയും അധികാരം ഉപയോഗിച്ച് ഭാവിയിലേക്ക് വേരൂന്നാന്‍ വേണ്ടിയുള്ള പ്രവര്‍ത്തന രീതികളിലേക്ക് ഈ വീക്ഷണത്തെ തുടര്‍ന്ന് ‘ആധുനിക ജൂതന്‍’ മാറുകയും ചെയ്തു.
‘2000 വര്‍ഷത്തോളമായി ജൂതന്‍ ഒരായുധവും തൊട്ടിട്ടില്ല. എന്നാല്‍ ആ ശീലത്തെ മാനസികമായും ശാരീരികമായും ഞങ്ങള്‍ നിരാകരിക്കുകയാണ്’ എന്ന് പറയുന്നതിലൂടെ സ്വത്വത്തെ പുനര്‍നിര്‍മിക്കാനുള്ള മാര്‍ഗമാണ് ആക്രമണോത്സുകത എന്നാണ് ബിഗിന്‍ പറഞ്ഞു വെക്കുന്നത്.
‘ഞങ്ങള്‍ ജൂതര്‍’ എന്തെന്ന് വ്യക്തമാക്കുന്നിടത്ത് ബിഗിന്‍ ഇങ്ങനെ പറയുന്നുണ്ട്: ‘സ്വദേശത്തുനിന്നും നാടുകടത്തപ്പെട്ടപ്പോഴാണ് ഞങ്ങള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചത്. അതിനാല്‍ സ്വദേശത്തേക്ക് ഉള്ള മടക്കം തീര്‍ച്ചയായും ആയുധ പ്രയോഗത്തിന്റെയും ശക്തിയുടേയും പുനഃപ്രതിഷ്ഠയിലേക്ക് കൂടിയുള്ള മടക്കമായിരിക്കും.’ അങ്ങനെ, സ്വദേശത്ത് തിരിച്ചെത്തി ആയുധവും അധികാരവും പ്രയോഗിക്കുന്ന ശക്തനായ ജൂത വ്യക്തിത്വത്തിന്റെ പിറവിക്കാണ് ഈ നാടുകടത്തല്‍ വഴിയൊരുക്കിയത്. തല്‍ഫലമായി ദേശീയതാ പദ്ധതികളിലൂടെയും ആയുധപ്രയോഗത്തിലൂടെയും ജൂതരെ പുനരധിവസിപ്പിക്കുന്ന സയണിസ്റ്റുകള്‍ നിഷ്‌ക്രിയനായ ദൈവത്തിന്റെ സ്ഥാനത്ത് രക്ഷാമാര്‍ഗമായി ആയുധത്തെ പ്രതിഷ്ഠിച്ചു.
യാഥാസ്ത്ഥിക രാഷ്ട്രീയ വിരക്തിക്കോ പരമ്പരാഗത ജൂതായിസത്തിനോ ജൂതനെ അക്രമങ്ങളില്‍ നിന്ന് രക്ഷിക്കാനാവില്ലെന്ന് ബോധ്യമുള്ള ശക്തനും അക്രമകാരിയുമായ ആധുനിക ജൂതനെ ലോകത്തേക്ക് ജന്മം നല്‍കാന്‍ യൂറോപ്പിലെ ജൂത പ്രതിസന്ധിയും കാരണമായി. ജൂത സമൂഹങ്ങളുടെ ആവാസവ്യവസ്ഥകള്‍ കൈയേറുന്ന, ഭൂമി കീഴടക്കുന്ന, ജൂതനെ ശിക്ഷിക്കുന്ന യൂറോപ്പിന്റെ ഇരയാവുന്നതില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗമായിരുന്നു ഹെര്‍സലിനും സയണിസ്റ്റുകള്‍ക്കും അക്രമാത്മകത. ഇതിനായി സൈനികപരമായും രാഷ്ട്രീയപരമായും ശക്തവും സമ്പന്നവുമായ ഒരു സഖ്യത്തെയാണ് ഹെര്‍സല്‍ ആഗ്രഹിച്ചത്. ജൂതക്കൂട്ടങ്ങളോട് കുടിയേറല്‍ തന്റേടത്തോടെയുള്ള ഒരു സമരമുറയായി സ്വീകരിക്കാന്‍ ഹെര്‍സല്‍ നിര്‍ദേശിക്കുക പോലും ചെയ്തു.
ആന്തരികമായി, ദേശീയതയെ പുണരുന്നതിലേക്ക് നിലവിലുള്ള ജൂത മനോഭാവത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ജ്ഞാനശാസ്ത്ര പദ്ധതിയാണ് സയണിസമെങ്കില്‍ ബാഹ്യമായി ബ്രിട്ടനില്‍ നിന്നും ഫലസ്തീനെ നേടിയെടുത്തു അവിടെയൊരു അധീശത്വ കൊളോണിയല്‍ സ്റ്റേറ്റ് സ്ഥാപിക്കാനുള്ള പദ്ധതിയാണത്.
രാഷ്ട്ര നിര്‍മാണത്തിനായി വാളെടുക്കുമ്പോള്‍ വിശുദ്ധപുസ്തകം ഒരു വശത്തേക്ക് മാറ്റി വെക്കണം എന്ന് പറയുന്ന മികാ ബെര്‍ഡിഷോസ്‌കിയുടെയും സൗള്‍ ട്രനിഷോസ്‌കിയുടെയും എഴുത്തുകളില്‍ ഈ നവസയണിസ്റ്റ് മനോഭാവം വ്യക്തമാകുന്നുണ്ട്. ബിഗിന്‍ പറയുന്നത് കൊല്ലപ്പെട്ടവരോട് കരുണ കാണിക്കുന്നതിനു പകരം കൊന്നവരെ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യുന്നതാണ് ലോകത്തിന്റെ ശീലം എന്നാണ്. അതുകൊണ്ടാണത്രെ ഒരു ‘നവപോരാളി’ സ്വത്വം രൂപീകരിക്കാന്‍ സയണിസ്റ്റുകള്‍ ഇറങ്ങിപ്പുറപ്പെടുന്നത്.
‘ഒരു വാക്കിന് നാട് കാക്കാനാവില്ല. ഒരു പ്രസംഗത്തിന് രാജ്യം നിര്‍മിക്കാനുമാകില്ല. രക്തത്തിലും തീയിലുമാണ് ജൂതന്‍ വീണുപോയത്. രക്തവും തീയും കൊണ്ട് തന്നെയാണ് ജൂതന്‍ പുനര്‍ജനിക്കാനും പോകുന്നത്’ എന്ന മുദ്രാവാക്യവുമായി യിറ്റ്‌സാക് ബെന്‍സിയും ഡേവിഡ് ഗുര്യനും നയിച്ച രഹസ്യ സംഘത്തിന്റെ വരവോടെയാണ് കൈയൂക്കും കരുത്തും ഒരു വ്യവസ്ഥാപിത ഘടനയെന്ന നിലയില്‍ ഫലസ്തീന് നേരെ കെട്ടഴിച്ചു വിടപ്പെടാന്‍ തുടങ്ങിയത്.
ആധുനികതയും മതേതര ഭൗതികതയുമായിരുന്നു സയണിസ്റ്റ് പദ്ധതിയുടെ മുഖ്യഭാഗം. ഇതാകട്ടെ, മനുഷ്യനെയും അവന്റെ/അവളുടെ പ്രവൃത്തികളെയും യൂറോ കേന്ദ്രീകൃതമായി വിഭാവനം ചെയ്യലിനെ ഉള്‍വഹിക്കുന്നുമുണ്ട് . ഇത് മനുഷ്യനെ പരുവപ്പെടുത്തിയെടുക്കുന്നത് ആധുനികമായ ഒരു തരം പൊരുളുകളുടെ ശൂന്യതയിലേക്കാണ്. ഇതേ യൂറോ കേന്ദ്രീകൃത വംശീയ വര്‍ഗീയ കാഴ്ചപ്പാടുകള്‍ ഉള്‍വഹിച്ചാണ് ഈ ഭൗതിക മനുഷ്യന്‍ പ്രതികരിക്കുകയും മറ്റും ചെയ്യുന്നത്. അധികാരം മാത്രമാണ് നവഭൗതികലോകത്ത് പരിഗണിക്കപ്പെടാനുള്ള ഏക അളവുകോല്‍ എന്ന ബോധവും ബോധ്യവുമുള്ള ‘ആധുനിക സയണിസ്റ്റ് വ്യക്തി’യെ രൂപപ്പെടുത്തിയെടുക്കാനായി യൂറോ കേന്ദ്രീകൃത വംശീയഘടനയെ ഉള്ളിലാവാഹിക്കുകയും വീണ്ടും വീണ്ടും പുനരുത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട് സയണിസം.
ഫലസ്തീനിലേക്ക് മടങ്ങുന്ന വിഷയത്തില്‍ പാരമ്പര്യ യാഥാസ്ഥിതിക ജൂതായിസം ഭൗതിക, ദേശീയ, ആധുനികവല്‍കൃതമായ സയണിസത്തോട് തീര്‍ത്തും എതിരാണ്. ഇത്തരമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പൂര്‍ണമായും ലോകം അംഗീകരിക്കുക പ്രതീക്ഷിത മിശിഹാ വരുമ്പോള്‍ മാത്രമാണെന്നും അതിനു മുമ്പ് ഇത്തരമൊരു സയണിസം മുന്നോട്ടുവെക്കുന്നത് ജൂതാധ്യാപനങ്ങളുടെ പച്ചയായ ലംഘനമാണെന്നുമാണ് അവരുടെ പക്ഷം. ആദ്യകാല ജൂത നവോത്ഥാനത്തിന്റെ നേതൃത്വം സയണിസത്തോട് ആദ്യമായി പ്രതികരിക്കുന്നത് 1885ല്‍ പിറ്റ്‌സ്ബര്‍ഗ് പ്ലാറ്റ്‌ഫോമില്‍ വച്ചാണ്. ഔദ്യോഗിക പ്രസ്താവന ഇങ്ങനെ വായിക്കാം: ‘സ്വന്തമായി ഒരു രാഷ്ട്രം ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല എന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. പക്ഷേ ഒരു മതസമുദായമെന്ന നിലക്ക് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി ഫലസ്തീനിലേക്ക് ഉള്ള മടക്കമോ അല്ലെങ്കില്‍ ഈ ത്യാഗങ്ങളെ ആരാധനയായി കണ്ടു കൊണ്ടുള്ള ജീവിതമോ അതുമല്ലെങ്കില്‍ നിയമങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുകയോ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.’
ഫലസ്തീനിലെ ഈ ജൂതകാഴ്ചപ്പാടും സയണിസ്റ്റ് പരിശ്രമങ്ങളില്‍ പങ്കുചേരാനുള്ള ഹെര്‍സലിന്റെ ക്ഷണം അവര്‍ നിരസിച്ചതുമെല്ലാം ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. റബ്ബി2 ജോസഫ് ഹയ്യിം സോണന്‍ഫെല്‍ത് 1898 ല്‍ പുണ്യ ഭൂമിയെ പ്രതിയുള്ള സംഭ്രമം പ്രകടിപ്പിച്ചുകൊണ്ട് എഴുതിയത് ഇങ്ങനെയാണ്: ‘ലോകം നിയന്ത്രിക്കുന്ന അതുല്യ ശക്തിയെയും അവന്റെ വിശുദ്ധ തോറയെയും നിഷേധിക്കുന്ന വിനാശകാരികളായ ഒരു പറ്റം മനുഷ്യര്‍ ഇസ്രയേല്‍ ജനതയെ മോചിപ്പിക്കാനും ലോകത്തിന്റെ കോണുകളില്‍ ചിതറിക്കിടക്കുന്ന ജൂതരെ ഒരുമിച്ചു കൂട്ടാനുമുള്ള മൊത്തക്കുത്തക അവകാശപ്പെട്ട് പരസ്യമായി രംഗത്ത് വന്നിരിക്കുന്നു.’ മാത്രമല്ല ഇത്ര കൂടി പറഞ്ഞതാണ് റബ്ബി സോനന്‍ഫെല്‍ത് നിര്‍ത്തുന്നത് ‘ഹെര്‍സല്‍ ദൈവത്തിന്റെ ആളല്ല പിശാചിന്റെ വക്താവാണ്. ഞങ്ങള്‍ പറയുന്നു: ‘ഇസ്രയേല്‍ പ്രതിരോധത്തിനായി വാദിക്കുന്ന ഏതൊരാളും ലോകത്ത് ഉന്നതനായത് പരിശുദ്ധാത്മാവായ ദൈവത്തെ കൊണ്ടാണ്-അവന്റെ മേല്‍ വാഴ്ത്തുകള്‍ ഉണ്ടാകട്ടെ.എന്നാല്‍ ഹെര്‍സല്‍ ഈ ഔന്നിത്യത്തോട് നിരക്കാത്ത ആക്ഷേപങ്ങളും അപവാദങ്ങളുമാണ് വാദിക്കുന്നത്.’
സമാന കാഴ്ചപ്പാട് 1897ല്‍ അമേരിക്കയിലെ മുഖ്യ റബ്ബി പുരോഹിതരില്‍ ഒരാളായ ഇസാക്ക് മേയര്‍ വൈസും അവതരിപ്പിക്കുന്നുണ്ട്. ‘ദേശീയതയോ രാഷ്ട്രീയമോ ജൂത മതത്തിന്റെ ലക്ഷ്യമല്ലെന്നും ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള മുഴുവന്‍ ശ്രമങ്ങളേയും ഞങ്ങള്‍ നിരാകരിക്കുന്നുവെന്നും ഇതിനാല്‍ ഖണ്ഡിതമായി പറയുന്നു. ജൂത മതത്തിന്റെ ലക്ഷ്യം മാനവകുലത്തില്‍ സ്‌നേഹം, നീതി, സമാധാനം എന്നിവ വളര്‍ത്തലാണ്. ലോകജനതക്ക് തങ്ങളെല്ലാം ദൈവരാജ്യം സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കേണ്ടവരാണെന്ന് ബോധ്യപ്പെടുന്ന മിശിഹാക്കാലം പുലരും വരെ അതങ്ങനെത്തന്നെ നിലനില്‍ക്കും.’
1930ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും തത്തുല്യ നിലപാട് ഉറപ്പിക്കുന്നുണ്ട്: ‘താത്കാലികമായ അതിരുകളും സൈന്യവും അധികാരവും ഉള്ള ഒരു ജൂത രാഷ്ട്രം എന്ന ആശയം ജൂത മതത്തിലെ സത്താപരമായ പ്രകൃതം മുന്നോട്ടുവെക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിനി എത്ര ഒതുക്കമുള്ള, വിനയമുള്ള രാഷ്ട്രമാണെങ്കിലും ശരി, ഒരു ജൂത രാഷ്ട്രത്തിനു വേണ്ടി പോരാടുന്നതിനേക്കാളുപരി നാമിപ്പോള്‍ പോരാടേണ്ടത് നമ്മില്‍ നിന്നു തന്നെ വളര്‍ന്നുവരുന്ന സങ്കുചിത ദേശീയബോധങ്ങളോടാണ്. അല്ലാത്ത പക്ഷം ജൂത മതത്തിലെ ആന്തരിക കാലുഷ്യങ്ങള്‍ ഇനിയും വര്‍ധിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. നാമിന്നും മക്കബിക്കാലത്തെ3 ജൂതരൊന്നുമല്ല. നമ്മുടെ ഉത്കൃഷ്ടരായ പ്രവാചകരുടെ പാതയില്‍ നിന്നുള്ള വ്യതിചലനമായിട്ടാവും രാഷ്ട്രസംസ്ഥാപനത്തിനുള്ള നമ്മുടെ മുറവിളികളെ ലോകം വീക്ഷിക്കുക.’
തീയും ചോരയൊഴുക്കലുമൊക്കെ പരമ്പരാഗത ജൂതമതത്തെ സംബന്ധിച്ചിടത്തോളം ദൈവനിന്ദയാണ്. ഒരു ദേശീയതയുടെ അടിസ്ഥാനത്തില്‍ ഫലസ്തീനിലേക്ക് മടങ്ങുക എന്ന നിലപാടില്‍ സയണിസം 1930കളുടെ അവസാനം വരെയും ന്യൂനപക്ഷമായിരുന്നു. പിന്നീട് നവലോക ക്രമങ്ങളാണ് അക്രമണോത്സുക സയണിസത്തെ വളര്‍ത്തിയത്. അതേ സയണിസമാണ് ക്രമേണ ഇസ്രയേല്‍ രാഷ്ട്രത്തിന്റെ നെടുംതൂണായി പരിണമിച്ചതും. കേവലം എന്തിനെയെങ്കിലും പ്രതിരോധിക്കാനോ ഫലസ്തീനു മേലുള്ള അവകാശവാദം സ്ഥാപിക്കാനോ മാത്രമുള്ളതല്ല ഈ ഹിംസപ്രയോഗം. അതിനപ്പുറത്ത് ‘നവദേശീയ സയണിസ്റ്റ് ജൂതനെ’ യാഥാര്‍ഥ്യമാക്കാനുള്ള ഒരു ജ്ഞാനശാസ്ത്ര അടിത്തറ സ്ഥാപിക്കല്‍ കൂടിയാണത്. രാഷ്ട്രസംസ്ഥാപനമാകട്ടെ, ഈ ജ്ഞാനശാസ്ത്ര വ്യതിയാനം ഉറപ്പുവരുത്തുകയും ജൂതമതത്തെ സയണിസ്റ്റ് നിലപാടിലേക്ക് മാറ്റിപ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഏറെക്കാലമായി ജൂതനെ രക്ഷിക്കുന്നതില്‍ വന്‍പരാജയമായി മാറിയ ദൈവത്തിനും ഗ്രന്ഥത്തിനും പകരം പുതുരക്ഷാമാര്‍ഗങ്ങളാണ് സയണിസ്റ്റുകള്‍ക്ക് അധികാരവും അതിക്രമവും എന്ന് ചുരുക്കം.
പ്രശസ്ത ഡികൊളോണിയല്‍ ഇസ്‌ലാമിക് ചിന്തകനായ ഡോ.ഹാതിം ബാസിയാന്‍ കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന സൈതൂന കോളേജിന്റെ സഹ സ്ഥാപകന്‍ കൂടിയാണ്. (visit:www.hatimbazian.com)

കുറിപ്പുകള്‍

  1. ജ്ഞാന രീതികള്‍ക്ക് നേരെ നടത്തുന്ന പ്രതികൂല ശ്രമങ്ങളാണ് ജ്ഞാനഹത്യ.ന്യൂയോര്‍ക് ടൈംസിലെ കോളമിസ്റ്റായ ജെ.ഇ ലോറന്‍സാണ് ഈ പദം ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.
  2. ജൂതമത്തിലെ ഉന്നത പുരോഹിതര്‍ക്കാണ് റബ്ബി എന്ന് പറയുന്നത്.
  3. ബിസി 160കളില്‍ നിലനിന്നിരുന്ന പ്രബലരായ ജൂത പരമാധികാര രാജവംശമാണ് (Maccabees)ജൂതരുടെ പ്രഭാവകാലം സൂചിപ്പിക്കാനാണ് ഇതുപയോഗിക്കാറുള്ളത്.
Share this article

About ഡോ. ഹാതിം ബാസിയാന്‍, വിവര്‍ത്തനം: മുഹമ്മദ് എ. ത്വാഹിര്‍

View all posts by ഡോ. ഹാതിം ബാസിയാന്‍, വിവര്‍ത്തനം: മുഹമ്മദ് എ. ത്വാഹിര്‍ →

Leave a Reply

Your email address will not be published. Required fields are marked *